Tuesday, April 12, 2011

വീടുപണി

വീടുപണിയും
കവിതയെഴുത്തുമൊക്കെ
പ്രയാസം കുറഞ്ഞ ജോലികളാണ്.

ഊൺമുറിയും തളവുമിവിടെ
മഴജാലകമവിടെ
സൂര്യനെദ്ധ്യാനിക്കുമൊരു മനസ്സതാ-
ആ ചുവരിൽ

എന്നിങ്ങനെ
അളന്നും
പറഞ്ഞും

അനായാസേന നാം
പണിയാറുണ്ട് കവിതകൾ.
എഴുതാറുണ്ട് വീടുകളും.

എഡിറ്റ് ചെയ്ത്,
ലേശം ഭാവമാറ്റം വരുത്താൻ
നോക്കുമ്പോഴാണു പ്രശ്നം.

ഛന്ദസ്സുകൾ ക്ഷോഭിക്കും.
അടുക്കുകളുമർത്ഥങ്ങളും
അലമുറയിടും.

ചിറ്റുളികളടർത്തുന്നത്
വാക്കോ
ചുവരോ
മച്ചോ
മസൃണമനസ്സോ ആയിരിയ്ക്കില്ല.

എന്നെത്തന്നെയാണ്.

അംഗോപാംഗങ്ങളുടെ
തുടിക്കുന്ന പൊട്ടുകൾ
വീണ്
മുറിയിൽ ചോര മണക്കും.

ഒടുക്കം
മുറവിളിയുടെ ഗസൽവെട്ടത്തിലേക്ക്
കവിതയുടെ ഭവനം
അവക്ഷിപ്തപ്പെടും.

വീടുപണിയുന്നതും
കവിതയെഴുതുന്നതും
എളുപ്പമാണ്,
ഹൃദ്യമല്ലെന്നു മാത്രം.

5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളിലെല്ലാം ഉറപ്പുള്ള ബീമുകള്‍! മനോഹരമായ ബിംബങ്ങളില്‍.
ആശംസകള്‍

രഘുനാഥന്‍ said...

നന്നായിട്ടുണ്ട്

സാപ്പി said...

വീടു പണിയോ കവിതയെഴുത്തോ എളുപ്പം...
കവിത തന്നെ
വാക്കുകൾ പെറുക്കി വെക്കുമ്പോൾ
ആരും
പ്ലാനും ചുമട്ട് കൂലിയും ചോദിക്കില്ലല്ലോ...

ഒരില വെറുതെ said...

നല്ല രസം. വീടിനും കവിതക്കും ഇടയിലെ
ഈ സമാന്തര യാത്ര.
നല്ലൊരു തച്ചനുണ്ട് ഈ വാക്കുകളില്‍.

അനില്‍ ജിയെ said...

ഒടുവില്‍ കവിത ആലംബമില്ലാത്തവന് ഒരു വീട് പോലെ