Saturday, August 6, 2011

ഹണി

മകരന്ദമെന്നായിരുന്നു പൂർവ്വാശ്രമത്തിലെ നാമം.

ഇപ്പോൾ
സുതാര്യവസനങ്ങളിലിറുകിയും
തുളുമ്പിയും

ഹണിയെന്നുവിളിപ്പേരുള്ള കറുത്തവർഗ്ഗക്കാരി.

ആംഗലപ്പെട്ട്
പതിവുചഷകങ്ങൾ ചുണ്ടോടടുപ്പിച്ചു കൊടുക്കുന്ന
പെയ്യാമഴ.

ആളുമിരമ്പവുമൊഴിഞ്ഞപ്പോൾ
ഞാനാരാഞ്ഞു.

'ഓർമ്മയുണ്ടോ
ആദ്യകൊഞ്ചലിന്റെ അവ്യക്തപദത്തിനുമേൽ
വെളിച്ചപ്പെട്ടിരുന്നത്.

കിളിപ്പാട്ടുമുറിച്ച്
പൂവുകളിലേയ്ക്ക് തിരിച്ചുനീന്തിയത്

കാടിന്റെയാദ്യ ഗന്ധം.
കടന്നലുകളുടെ ഉള്ളലിയുന്ന പ്രാർത്ഥന.
പ്രണയലേഖനത്തിൽ വിട്ടുപോയ
എന്തോ ഒന്ന്.’

അവൾക്കൊന്നുമോർമ്മയില്ല പോലും.

ഓർമ്മയിലാകെയുള്ളത്

അടിമവേലക്കാരുടെ കപ്പലിലിരുന്ന്
നന്നേചെറുപ്പത്തിൽ
അമ്മയോടൊപ്പം നിലാമധുവുണ്ടതും

മുന്തിയത്
മേൽത്തരം എന്നിങ്ങനെ
കമ്പോളങ്ങളിൽ നിരന്നിരുന്ന്

വിറ്റഴിഞ്ഞുപോയതും മാത്രം.

3 comments:

ശ്രീനാഥന്‍ said...

മകരന്ദം കാടിൽ നിന്ന് ഊറ്റി നഗരച്ചന്തയിൽ ഹണിയായി വിറ്റഴിക്കപ്പെടുമ്പോൾ... അവിടെയെന്ന പോലെ ഇവിടെയും (കേരളത്തിലും) ഏതാണ്ടിങ്ങനെയൊക്കെ എല്ലാർക്കും സുഖ മെന്നാരോ ....

ഒരില വെറുതെ said...

political.

വഴിമരങ്ങള്‍ said...

കഴുത്തോളം ലഹരിപതയുന്നൊരു കവിതയുടെ
വനവഹ്നി-
യെതിരേൽക്കുന്നുണ്ട്., കുറച്ച് നാളുകള്‍ക്ക് ശേഷം ഇവിടെത്തിയപ്പോള്‍
ശശികുമാര്‍,കവിത വളരെ നന്നായി