Wednesday, September 26, 2012

സൗഹൃദത്തെപ്പറ്റി ചില ജാതിചിന്തകൾ

സമൂഹത്തിലെപ്പോലെ തന്നെ


സൗഹൃദത്തിലുമുണ്ട്,

ചില ആഢ്യജന്മങ്ങൾ.



ഹസ്തദാനത്തിനിടെ

വിരൽ ഞെക്കിയുടച്ചും



വാരിയെല്ലുകളിറുകെപ്പുണർന്ന്

പേശീബലം കാട്ടിയും



വൃഥാ വാൾവീശിച്ചിരിച്ചും



സദാ ചുറ്റിനുംകാണും

ചില ക്ഷത്രിയർ.



നേർമ്മയോടെ

നമ്മെയിറുത്തെടുത്തും



ക്ഷീരധാരയാൽ പോറ്റിയും



ഇടവേളകളിൽ

വെണ്മണി പോലെ പെയ്തും



നാമജപം കണക്കെ

മൂർച്ഛിച്ചു നില്പ്പുണ്ടാകും



ഇനി വേറെ ചിലർ.



അളവുതൂക്കങ്ങൾ കൊണ്ടു

സൂക്ഷ്മത വരുത്തിയും



മേനിക്കടലാസിൽ പൊതിഞ്ഞും



സൗഹൃദത്തിന്റെ വർണപായ്ക്കറ്റുകളുമായ-

ലയുന്നുണ്ടാകും,

ചില വിശുദ്ധവ്യാപാരികൾ.



കഴിഞ്ഞില്ല.



സമൂഹത്തിലെപ്പോലെ തന്നെ

സൗഹൃദത്തിലുണ്ട്,

ചില ഹീനജന്മങ്ങളും.



ബസ്സിറക്കങ്ങളിൽ കാത്തും



ഒറ്റക്കുടയിലലിഞ്ഞു

ചേർന്നു നടന്നും



മുഖപ്പൂവെടുത്തു ചേർത്ത്

‘വാടിപ്പോയെ’ന്നു പരിതപിച്ചും



മനസ്സിന്റെ വെളിമ്പറമ്പിൽക്കാണും

അവർണരുടെ കോളനി.



ഒരു വിളിയോ

മഴമൂളലോ കാത്ത്,

അഹർന്നിശം.

















Wednesday, September 19, 2012

ഹെയർ ഫിക്സിങ്ങ്

വലത്തേക്ക് മാടിയൊതുക്കി വയ്ക്കുമ്പോൾ
തെളിയുന്നുണ്ട്
അതുവരെക്കാണാതിരുന്നൊരുപദ്വീപ്.

ഇടത്തേക്ക് കോതിയൊതുക്കുമ്പോൾ
തിരിയുന്നത് കാണാം
ആളൊഴിഞ്ഞൊരർദ്ധഗോളം.

നെറ്റിയിലേക്ക് വലിച്ചടുപ്പിച്ചിട്ടാലും നിവൃത്തിയില്ല
തെളിഞ്ഞുനില്പ്പുണ്ടതാ
നെറുകയിലൊരപരലോകം.

ഓരോ ചീകിയൊതുക്കലിലും
അലോസരപ്പെടുത്തി വരുന്നുണ്ട്
മറന്നിട്ട ചില കൂട്ടുകൾ.
മാഞ്ഞുപോയ പല വഴികളും.

ഒടുക്കം
മുടിനാരുകൾ പാകി വീട്ടിലെത്തി
മനംപോലൊക്കെയൊരുക്കിയിടുന്നേരം

എന്തൊരത്ഭുതം !

ചിരിച്ചു തൂകി
കണ്ണാടിയിൽ നില്പ്പുണ്ടൊരു കേശവൻ.

ഞാൻ മാത്രമെങ്ങുമില്ല !!

 

Saturday, September 8, 2012

ഇര

കൊമ്പുള്ളതോ
കുറുമ്പുള്ളതോ എന്നറിയില്ല.

കടമ്പോ
നീലക്കരിമ്പോയെന്നും
കടലോ
കിണർവട്ടമോയെന്നും

തിരിയുന്നില്ല സുഹൃത്തേ !

പൂത്തുലഞ്ഞതോ
ധ്യാനിച്ചുനില്പതോ
അതല്ല

കേഴയോ
കേഴുന്നതോ ആർക്കറിയാം !

ഒരു മിന്നൽപ്പഴുതിലൂടെ-
യാകെക്കണ്ടത്
പേടികൊണ്ടെഴുതിയ കൺകളും
നനഞ്ഞൊട്ടിപ്പോയൊരുടൽ മുഴുപ്പും മാത്രം.

കാട്ടിലേക്കും
വീട്ടിലേക്കും തിരിയുന്ന
കൂട്ടുപാതയിൽ
കൂട്ടുതെറ്റി നില്പാണ്‌.

ആകട്ടെ ! നീയെവിടെയാണിപ്പോൾ?
രാത്രിയല്പം വൈകിയാലും വേണ്ടില്ല
വന്നേക്കണം.

വെടിയിറച്ചി നുണഞ്ഞ നാൾ തന്നെ
മറന്നുപോയല്ലോ നമ്മൾ.

Sunday, September 2, 2012

നദിയുടെ ഒസ്യത്ത്

(പമ്പ,ബാല്യത്തിൽ സുലളിതപദവിന്ന്യാസയായിരുന്നവൾ.ഭാവനയ്ക്ക് ഒഴുക്കും, മിഴിവും പകർന്നവൾ. വീണ്ടുമീയവധിയ്ക്ക് കണ്ടുമുട്ടിയപ്പോൾ സ്വകാര്യം പറഞ്ഞതാണിത്.)




എടുക്കണം നിങ്ങൾ

അനക്കം തീരും മുമ്പ്,

കുസൃതികൾ പൂട്ടി നിറച്ച കണ്ണുകൾ.



അഴിച്ചെടുത്തോണം

മിടിപ്പു വറ്റും മുമ്പേ,

ചുവന്ന സൗഹൃദം പതഞ്ഞ കുമ്പിളും.



മറുകര തീണ്ടി മടങ്ങിവന്നെന്റെ

വ്രണിതയൗവനം നിലച്ചുപോകുമ്പോൾ

കരയരുതാരും !



കരിയില മൂടി മറച്ചിട്ടാൽ മതി

ജലശരീരത്തെ.



മറന്നുപോകുക !

കരിമുകിൽക്കളം നിറഞ്ഞുപെയ്തൊരാ

ജലവഴികളെ.



ഇനിയ സൗഹൃദച്ചിറകുകൾ

നീർത്തി

നിലയറ്റു നിന്ന കുളിപ്പടവിനെ.



നനച്ചു നാം പണ്ടു

ഹൃദയഭിത്തിമേൽ പടർത്തി നീട്ടിയ

ഹരിതസ്നേഹത്തെ.



മറന്നുപോകുക !

മറന്നുപോകുക !!



മറന്നുപോകാതെയെടുക്കണേ-

യെന്റെ കുസൃതിക്കണ്ണുകൾ.



അരുമയോടതു

കരിമഷിതൂകിക്കൊളുത്തി വയ്ക്കണം

കൊടുംനിശകളിൽ.



മറന്നുപോകരുതെടുക്കുവാനെന്റെ

ചുവന്നകുമ്പിളും.



സദയം നിങ്ങളതിണക്കിച്ചേക്കണം

കനിവുചോർന്നതാ-

മകത്തളങ്ങളിൽ.



ഒഴുകിത്തീർന്നിട്ടും

തിരക്കൈകൾ കൂപ്പി-

ത്തെളിഞ്ഞു നിന്നോട്ടെ നദിയും സ്നേഹവും !