Monday, June 24, 2013

ട്രെഡ്മില്ലിലോടുമ്പോൾ



ട്രെഡ്മില്ലിലോടുമ്പോൾ




കൂടെവരുന്നില്ല, കൂട്ടുകാർ

നാട്ടുവിശേഷങ്ങൾ

പാതിവിരിഞ്ഞനോട്ടങ്ങൾ



പരിഭവപ്പച്ച പുരട്ടിയ വാക്കുകൾ

വക്കുപൊട്ടിപ്പുഴയോരത്തേക്കു നീളുന്ന

നേർത്ത വഴിനാമ്പുകൾ



മഴവില്ലുചേർത്തു ചാലിച്ച

കുശലങ്ങൾ,

സുകൃതങ്ങളും.



കൂടെയോടുന്നില്ല, മരങ്ങൾ

ഉദയരവി

രവിതൻ സിതാറിൽ മൃദുവീചിപോലുണരും

പകലിൻ തിരുമുഖം.



അപ്പോൾക്കുറിച്ചിട്ട

ജീവന്റെയാദ്യ വരി.



ട്രെഡ്മില്ലിലോടുമ്പോൾ

കൂടെവരുന്നില്ലൊരാളും,

പ്രണയവും.



അല്ലല്ല.



കൂടെവരുന്നുണ്ട്,

ചായംപുരട്ടി മിനുക്കിയ

ഭിത്തികൾ.



ചില്ലലമാരയിൽ

നിന്നുറ്റുനോക്കുന്ന വെങ്കലബുദ്ധൻ.



താളഭംഗപ്പെട്ട്,

പാതിയിൽ വച്ചേ

മുറിച്ചുമാറ്റപ്പെട്ട പാദുകം.



കൂടെയോടുന്നുണ്ട്,

കണക്കുകൾ



ആലംബമറ്റ കിനാവുകൾ



ഒറ്റമരം പോലുമില്ലാതുരുളുന്ന

ജീവന്റെയാദിമ തൃഷ്ണ.



പച്ചകഴിഞ്ഞിറ്റു പീതം,

പിന്നെ നീണ്ടചുവപ്പിന്റെ

ജാഗ്രത.



ട്രെഡ്മില്ലിലോടുമ്പോൾ,

കൂടെയോടുന്നില്ല

കൂട്ടുകാരെങ്കിലും



കൂടെവരുന്നുണ്ട്,

മൃത്യുവിലേക്കുള്ള

ദൂരവും കാണിച്ചൊരജ്ഞാതൻ.



Monday, June 17, 2013

കവിമരം


നട്ടുവയ്ക്കുമ്പോൾ


അമ്മയ്ക്കൊരേ പ്രാർത്ഥന.



നീണ്ടിടമ്പെട്ട്

ആകാശത്തെത്തൊട്ടിരിയ്ക്കണേ !



പൂക്കാലങ്ങളോടുല്ലസിച്ച്

സ്വർഗവഴികൾ നിറയ്ക്കണേ !



മഴയുടെ നേർപാതിയും

തണലിന്റെ വെളിപാടുമാകണേ!



നനച്ചുനില്ക്കുമ്പോൾ

അച്ഛനൊരേ നിബന്ധന.



കരുത്തരുടെ മാനിഫെസ്റ്റോ മതി

മരുത്തുക്കളോടെതിരിട്ടാൽ മതി



മുറിച്ചുവീഴ്ത്തുകിലും

മല്ലരുടെ ശയ്യയായാൽ മതി.



ആഗ്രഹങ്ങളിലെ

ഈ വൈരുദ്ധ്യം കാരണമാകണം



വളർച്ചനിലച്ച്

ഞാനൊരു കഴുമരം മാത്രമായി !



വാക്കുകളെ

നിത്യവും തൂക്കിലേറ്റി രസിക്കുന്ന

കവിമരം മാത്രമായി.