Sunday, November 30, 2014

അയൽ



പണ്ടു നീ വടക്കെങ്ങാണ്ടായിരുന്നു.

രണ്ടു രാവുകളും
ഒരു പകലും വേണമായിരുന്നു
ചെന്നെത്താൻ.

എന്നാലും
മുടക്കമില്ലാതെ
തേടിയെത്തുമായിരുന്നെഴുത്തുകൾ.

നമുക്കിടയിലന്ന്
നീലമഷിയുടെ ഒരു കടൽ ദൂരം.

എങ്കിൽ‌പ്പോലും നീയടുത്താണെന്ന്
തോന്നിച്ചിരുന്നു.

വിരൽഞൊടിക്കപ്പുറത്ത്
എപ്പോൾ വേണമെങ്കിലും
തൊട്ടെടുക്കാവുന്ന പാകത്തിൽ.

ഒരിക്കൽ ഞാനെഴുതി.

മടങ്ങിവരും കാലം
അരികിൽത്തന്നെ വീടുവയ്ക്കണം.

നിന്നെയെന്നും കണ്ടുകൊണ്ടിരിക്കാനാണ്.

ഇപ്പോഴും നീ വടക്കു തന്നെയാണ്,
രണ്ടുമിനിറ്റു തികച്ചുവേണ്ട ചെന്നെത്താൻ.

എന്നിട്ടും,
മുടക്കം വന്നുകിടപ്പാണ് പലതും.

കാണാനൊന്നിറങ്ങിത്തിരിച്ചാൽ തന്നെ
നടന്നെത്താനാവാത്ത ദൂരം.

തൊട്ടെടുക്കാമെന്നു വച്ചാലോ

നമുക്കിടയിലൊരാൾമറ !!

Sunday, November 9, 2014

കവിതയെപ്പറ്റി രണ്ടുകവിതകൾ


1) കവിതയുടെ ചിത

കുഞ്ഞുശരീരമായിരുന്നു.
എട്ടോ പത്തോ വിറകുമുട്ടി
മതിയായിരുന്നു,
മൂടിയിട്ടുറക്കാൻ.

കത്തിത്തുടങ്ങുമ്പോൾ പോലും
ചില പ്രതീക്ഷകളൊക്കെയുണ്ടായിരുന്നു.

അർത്ഥങ്ങളുടെ ചെറുസ്ഫോടനമോ
അലങ്കാരങ്ങളുടെ ആളിപ്പടരലോ
പോലെ ചിലത്.

അതല്ല,
വാക്കുകളുടെ തോരാക്കരച്ചിലോ
വരികളിലൂടെയുള്ള അഗ്നിമന്ത്രണമോ,
എന്തെങ്കിലും.

ഒക്കെ വെറുതെയായി.
അരനാഴികകൊണ്ടു തന്നെ
വിസ്മൃതപ്പെട്ടു പോകയാണ്
കവിതയുടെ ജീവിതം !

ആളൊഴിഞ്ഞ് ഒറ്റയ്ക്കായപ്പോളാണ്
ഞാനതു ശ്രദ്ധിക്കുന്നത്.

തണുത്തുറഞ്ഞുപോയ ചാരത്തിനുള്ളിൽ
അവിച്ഛിന്നമായിരിപ്പുണ്ട്,
മുക്തഛന്ദസ്സിന്റെ വേപഥു.

എന്നെത്തെന്നെ നോക്കിനോക്കി !!


2) നിസ്വൻ

കവിയല്ലാതിരുന്നൊരു നിസ്വന്
കവിതയെഴുതണമെന്നു തോന്നി.

എന്തു ചെയ്യാനാണ്,
വാക്കുകളുടെ ഒരു മുക്കാലുപോലും
കൈയിലില്ലാത്ത നേരം.

അഥവാ ഉണ്ടെങ്കിൽത്തന്നെയെന്താണ് ?
അർത്ഥങ്ങളുടെ വ്യാപ്തിയുണ്ടോ-
യെന്നാർക്കറിയാം.

ഇനി,
അർത്ഥങ്ങളുണ്ടെങ്കിൽത്തന്നെ
വ്യാകരണപ്പച്ചയ്ക്കെന്താണു വിലയെന്നോ ?

അർത്ഥവ്യാകരണങ്ങൾ തന്നെ പോരല്ലോ
ആകൃതിയ്ക്കൊരു വൃത്തവും വേണ്ടേ ?

സഹികെട്ട്
അയാൾ നിരത്തിലേക്കിറങ്ങി.

ദയ തോന്നിയാകണം
കാട്, അയാൾക്ക് കുറെ
കാതലുള്ള വാക്കുകൾ കൊടുത്തു.

തിരകളാകട്ടെ വ്യാകരണരഹസ്യവും
കിണറൊരു
പൂർണ്ണവൃത്തവും നൽകി.

തൃപ്തിയടഞ്ഞ്, വീടെത്തി
അയാൾ കവിതയെഴുതാനിരുന്നു.

പക്ഷേ,
എന്തു ചെയ്യാൻ !
വാക്കുകൾ കടഞ്ഞ്
വ്യാകരണപ്പച്ച വൃത്തത്തിൽ
തേച്ചിട്ടും
തെളിഞ്ഞുവന്നില്ല,
കവിതയുടെ കനകധാര !

എന്തു ചെയ്യാൻ,
അയാൾക്ക് നിസ്വനായ്ത്തന്നെ

തുടരേണ്ടി വന്നു !!