Wednesday, December 19, 2018

സ്നേഹഗജം

സ്നേഹം എന്തെന്നറിയാൻ
നാലു കുരുടരൊന്നിച്ച് പോയി.

സ്നേഹത്തിന്റെ ബലിഷ്ഠമായ കാലുകളിൽ തലോടവെ
ഒരു കുരുടന് വെളിച്ചപ്പെട്ടു:
ഏതു കാറ്റിലും മഴയിലും
കുലുങ്ങാത്ത വീട് !

തുമ്പിയിൽ തൊട്ടുരുമ്മി നിന്ന്
മറ്റൊരുത്തൻ പറഞ്ഞു:
തോളിൽ ചേർത്തണയ്ക്കുന്ന
ബലിഷ്ഠ പരിരംഭണം.

ആനവാലിൽ വിരലോടിച്ച് മൂന്നാമൻ പറഞ്ഞു:
ഭവഭീതിഹരിക്കു-
മണിവിരൽ മോതിരം
തന്നെ.

മേദുരാകാരത്തിൽ തടവുമ്പോൾ നാലാമനിങ്ങനെയോതി:
സഹ്യന്റെ ആനമുടിയിതാ!

നാനാർത്ഥങ്ങളുടെ നിറമഴയിൽ
നിന്ന്
സ്നേഹഗജം കുളിർത്തു.

മഴ തോർന്ന്
ഉടൽച്ചങ്ങല മുറുക്കുമ്പോൾ
ഉടയോന് ഒരാത്മഗതം

'ഉത്സവം
കൂപ്പിലെ പണികൾ
പലവേലകൾ
മുടക്കുമുതൽ തിരിച്ചു കിട്ടാൻ
എത്ര സീസൺ വേണ്ടി വരും ?'

ഇപ്പോൾ മുറ്റത്ത് സ്നേഹഗജമില്ല

പകരം,
നാലുപേരെക്കൊന്ന
പ്രാന്തൻ മത്തേഭം

പാംസു സ്നാനം നടത്തി
നില്പാണ് !!!



Monday, December 3, 2018

അത്താഴം


നാടുചുറ്റിച്ചുറ്റിയൊടുക്കം

 ഞാൻ വീടണഞ്ഞപ്പോൾ
നീ വിളക്കണച്ചുറങ്ങാൻ കിടന്നിരുന്നു.

തട്ടുമുട്ടു കേട്ട് വാതിൽ തുറന്ന്
 നീ ചിരിച്ചു നിന്നു.

കടുത്ത നിശാനിയമമാണ് നഗരത്തിൽ
വിളക്ക് കൊളുത്തിക്കൂടാ.

സാരമില്ല.
മനസിന്റെ വിളക്ക് നീയുമ്മറത്ത് കൊളുത്തിവച്ചു,
നാം പരസ്പരം കണ്ടു!

"നല്ല  വിശപ്പുണ്ട് "

എന്റെ ശബ്ദം
വിശന്ന കടുവയുടേതു പോലെ തോന്നിച്ചു .

നീ കുശിനിയിലേക്കോടി!

അരി തീർന്നിരിക്കുന്നു
ഉപ്പുമുളകുമല്ലി പലവ്യഞ്ജനങ്ങളും
കായ്കറികളും തീർന്നിരിക്കുന്നു.

നഗരത്തിലാണെങ്കിൽ നിശാനിയമം
കടകളടവ്.

എന്തു ചെയ്യും!
ഞാനസ്വസ്ഥനായി

നീ പെട്ടെന്ന് പ്രകാശിച്ചു !

അടുക്കളപ്പെട്ടിയുടെ അണിയറയിൽ
നിന്ന് പിടിയരിപ്പാത്രം കണ്ടെടുത്തു.

വറുതിമാസങ്ങളിലേക്ക് കരുതിയതാണ്
നാഴൂരി കാണും

നീ ചോദിച്ചു
കവിതയുടെ ഒരു തുണ്ടു മധുരം തരുമോ?
പ്രണയത്തിന്റെ ഒരു പിടി ഉണക്കമുന്തിരിയും!

എനിക്കു ചിരി വന്നു
കവിതയ്ക്കിപ്പോൾ മധുരമില്ല
പ്രണയമുന്തിരികൾ പൂക്കാറുമില്ല
എന്നാലും ശ്രമിച്ചു നോക്കാം.

പരതിപ്പരതിയൊടുക്കം
കിട്ടി.

കവിതയുടെ മധുരവും
പ്രണയം കിനിയുന്ന മുന്തിരിയും.

സ്നാനം ചെയ്ത് ഞാനോടിയെത്തുമ്പോഴേക്കും
മധുരാന്നം വിളമ്പി വെച്ച്
കാത്തിരിപ്പാണു നീ.

ഒറ്റപ്പാത്രത്തിൽ നാമുണ്ണുമ്പോൾ
ജീവിതമാകെ മധുരം.