Wednesday, December 19, 2012

മാംസദൂരം


(ആത്മജയുടെ ഇളംശരീരത്തെപ്പോലും നുള്ളിപ്പകുത്തു തിന്നുന്ന ഈ ഭക്ഷണകാലമേതാണ്‌?)




വാരാന്ത്യത്തിലെ മേളത്തിന്‌

പെണ്ണിറച്ചി മതിയെന്നു

കൂട്ടുകാർ.



ആവിയിൽപ്പുഴുങ്ങിയോ

ലഹരിയിൽ പൊതിഞ്ഞെടുത്തോ

പെണ്ണിറച്ചി മതിയെന്നവർ.



അപ്പോൾ തുടങ്ങിയ ഓട്ടമാണ്‌.



അരമനയു-

മങ്ങാടിയത്രയും തിരഞ്ഞിട്ടും

കണക്കൊത്തു വരുന്നില്ല.



പതിവുകാരും

പഴമക്കാരുമേറ്റിട്ടും

അളവൊത്തു വരുന്നില്ല.



അടുക്കളയുരപ്പുര

കുളിക്കടവുകളൊരുങ്ങീട്ടും

അഴകുമൊത്തു വരുന്നില്ല.



ആശയറ്റു പിൻവാങ്ങുമ്പോൾ

പടിപ്പുര തുറന്നുവരുന്നുണ്ട്

ആദ്യജാതയുടെ ചിരി.



ഇപ്പോൾ ഞങ്ങൾക്കിടയിൽ

കുസൃതിയുടെ തിരക്കില്ല.



ഉള്ളതൊരൈഡിയായുടെ തിളക്കം.




വെറുമൊരു മാംസദൂരത്തിൽ !



Monday, December 17, 2012

പ്രണയപയോധി


( കാണെക്കാണെ മറഞ്ഞു പോകുന്ന പ്രണയത്തിന്‌ )




കടലാണ്‌.

എന്നാലുമത്രയ്ക്കൊരു കടലല്ല താനും.



സാഗരവിചാരമേതുമില്ല.

ആകാശപ്പരപ്പിലെങ്ങുമൊരു വിനയചന്ദ്രികയുമില്ല.



നീണ്ടിടം പെട്ടൊരു നദിയെന്നു വിളിച്ചാലോ?



വിളിയ്ക്കാം.

പക്ഷേയൊരു മുഴുനദിയെന്നങ്ങനെ പറഞ്ഞുകൂടാ.



പിച്ചവച്ചും തെളിഞ്ഞുമൊരു ജലദർപ്പണം.

അരികിലൊരു കടലാസുനൗക.

അത്രതന്നെ.



അപ്പോൾ കിണർമരമായിരിയ്ക്കുമല്ലോ?

ശരിയാണ്‌, സാമ്യങ്ങളേറെയുണ്ട്.



ചുറ്റിത്തിരിഞ്ഞു്, കാൽച്ചുവട്ടിലേക്കു തന്നെ

കുഴഞ്ഞുവീഴുന്ന മൗനം.



വാഗർത്ഥങ്ങളടക്കം ചെയ്തിരിക്കുന്ന

അതേ ഗർത്തം.



എന്നാൽ തൂമതേടും തൻ പാള കാണാനില്ലെന്നൊരു

വീഴ്ചയുണ്ടെന്നതോർക്കണം.



പിന്നെന്തുവിളിയ്ക്കും നമ്മൾ

മുന്നാഴിവെള്ളത്തിന്റെയീ വെള്ളിക്കിലുക്കത്തെ?



കുപ്പിവെള്ളമെന്നല്ലാതെ.



ഒന്നാലോചിച്ചാൽ,

കൈസഞ്ചിയിലൊതുക്കി

യാത്രപോകയും



തെരുവിലെങ്ങാനും മറന്നുവെക്കയും

ചെയ്യുന്ന



ഇതിനെ

പ്രണയപയോധിയെന്നെങ്ങനെ

വിളിയ്ക്കും നമ്മൾ !!





Wednesday, September 26, 2012

സൗഹൃദത്തെപ്പറ്റി ചില ജാതിചിന്തകൾ

സമൂഹത്തിലെപ്പോലെ തന്നെ


സൗഹൃദത്തിലുമുണ്ട്,

ചില ആഢ്യജന്മങ്ങൾ.



ഹസ്തദാനത്തിനിടെ

വിരൽ ഞെക്കിയുടച്ചും



വാരിയെല്ലുകളിറുകെപ്പുണർന്ന്

പേശീബലം കാട്ടിയും



വൃഥാ വാൾവീശിച്ചിരിച്ചും



സദാ ചുറ്റിനുംകാണും

ചില ക്ഷത്രിയർ.



നേർമ്മയോടെ

നമ്മെയിറുത്തെടുത്തും



ക്ഷീരധാരയാൽ പോറ്റിയും



ഇടവേളകളിൽ

വെണ്മണി പോലെ പെയ്തും



നാമജപം കണക്കെ

മൂർച്ഛിച്ചു നില്പ്പുണ്ടാകും



ഇനി വേറെ ചിലർ.



അളവുതൂക്കങ്ങൾ കൊണ്ടു

സൂക്ഷ്മത വരുത്തിയും



മേനിക്കടലാസിൽ പൊതിഞ്ഞും



സൗഹൃദത്തിന്റെ വർണപായ്ക്കറ്റുകളുമായ-

ലയുന്നുണ്ടാകും,

ചില വിശുദ്ധവ്യാപാരികൾ.



കഴിഞ്ഞില്ല.



സമൂഹത്തിലെപ്പോലെ തന്നെ

സൗഹൃദത്തിലുണ്ട്,

ചില ഹീനജന്മങ്ങളും.



ബസ്സിറക്കങ്ങളിൽ കാത്തും



ഒറ്റക്കുടയിലലിഞ്ഞു

ചേർന്നു നടന്നും



മുഖപ്പൂവെടുത്തു ചേർത്ത്

‘വാടിപ്പോയെ’ന്നു പരിതപിച്ചും



മനസ്സിന്റെ വെളിമ്പറമ്പിൽക്കാണും

അവർണരുടെ കോളനി.



ഒരു വിളിയോ

മഴമൂളലോ കാത്ത്,

അഹർന്നിശം.

















Wednesday, September 19, 2012

ഹെയർ ഫിക്സിങ്ങ്

വലത്തേക്ക് മാടിയൊതുക്കി വയ്ക്കുമ്പോൾ
തെളിയുന്നുണ്ട്
അതുവരെക്കാണാതിരുന്നൊരുപദ്വീപ്.

ഇടത്തേക്ക് കോതിയൊതുക്കുമ്പോൾ
തിരിയുന്നത് കാണാം
ആളൊഴിഞ്ഞൊരർദ്ധഗോളം.

നെറ്റിയിലേക്ക് വലിച്ചടുപ്പിച്ചിട്ടാലും നിവൃത്തിയില്ല
തെളിഞ്ഞുനില്പ്പുണ്ടതാ
നെറുകയിലൊരപരലോകം.

ഓരോ ചീകിയൊതുക്കലിലും
അലോസരപ്പെടുത്തി വരുന്നുണ്ട്
മറന്നിട്ട ചില കൂട്ടുകൾ.
മാഞ്ഞുപോയ പല വഴികളും.

ഒടുക്കം
മുടിനാരുകൾ പാകി വീട്ടിലെത്തി
മനംപോലൊക്കെയൊരുക്കിയിടുന്നേരം

എന്തൊരത്ഭുതം !

ചിരിച്ചു തൂകി
കണ്ണാടിയിൽ നില്പ്പുണ്ടൊരു കേശവൻ.

ഞാൻ മാത്രമെങ്ങുമില്ല !!

 

Saturday, September 8, 2012

ഇര

കൊമ്പുള്ളതോ
കുറുമ്പുള്ളതോ എന്നറിയില്ല.

കടമ്പോ
നീലക്കരിമ്പോയെന്നും
കടലോ
കിണർവട്ടമോയെന്നും

തിരിയുന്നില്ല സുഹൃത്തേ !

പൂത്തുലഞ്ഞതോ
ധ്യാനിച്ചുനില്പതോ
അതല്ല

കേഴയോ
കേഴുന്നതോ ആർക്കറിയാം !

ഒരു മിന്നൽപ്പഴുതിലൂടെ-
യാകെക്കണ്ടത്
പേടികൊണ്ടെഴുതിയ കൺകളും
നനഞ്ഞൊട്ടിപ്പോയൊരുടൽ മുഴുപ്പും മാത്രം.

കാട്ടിലേക്കും
വീട്ടിലേക്കും തിരിയുന്ന
കൂട്ടുപാതയിൽ
കൂട്ടുതെറ്റി നില്പാണ്‌.

ആകട്ടെ ! നീയെവിടെയാണിപ്പോൾ?
രാത്രിയല്പം വൈകിയാലും വേണ്ടില്ല
വന്നേക്കണം.

വെടിയിറച്ചി നുണഞ്ഞ നാൾ തന്നെ
മറന്നുപോയല്ലോ നമ്മൾ.

Sunday, September 2, 2012

നദിയുടെ ഒസ്യത്ത്

(പമ്പ,ബാല്യത്തിൽ സുലളിതപദവിന്ന്യാസയായിരുന്നവൾ.ഭാവനയ്ക്ക് ഒഴുക്കും, മിഴിവും പകർന്നവൾ. വീണ്ടുമീയവധിയ്ക്ക് കണ്ടുമുട്ടിയപ്പോൾ സ്വകാര്യം പറഞ്ഞതാണിത്.)




എടുക്കണം നിങ്ങൾ

അനക്കം തീരും മുമ്പ്,

കുസൃതികൾ പൂട്ടി നിറച്ച കണ്ണുകൾ.



അഴിച്ചെടുത്തോണം

മിടിപ്പു വറ്റും മുമ്പേ,

ചുവന്ന സൗഹൃദം പതഞ്ഞ കുമ്പിളും.



മറുകര തീണ്ടി മടങ്ങിവന്നെന്റെ

വ്രണിതയൗവനം നിലച്ചുപോകുമ്പോൾ

കരയരുതാരും !



കരിയില മൂടി മറച്ചിട്ടാൽ മതി

ജലശരീരത്തെ.



മറന്നുപോകുക !

കരിമുകിൽക്കളം നിറഞ്ഞുപെയ്തൊരാ

ജലവഴികളെ.



ഇനിയ സൗഹൃദച്ചിറകുകൾ

നീർത്തി

നിലയറ്റു നിന്ന കുളിപ്പടവിനെ.



നനച്ചു നാം പണ്ടു

ഹൃദയഭിത്തിമേൽ പടർത്തി നീട്ടിയ

ഹരിതസ്നേഹത്തെ.



മറന്നുപോകുക !

മറന്നുപോകുക !!



മറന്നുപോകാതെയെടുക്കണേ-

യെന്റെ കുസൃതിക്കണ്ണുകൾ.



അരുമയോടതു

കരിമഷിതൂകിക്കൊളുത്തി വയ്ക്കണം

കൊടുംനിശകളിൽ.



മറന്നുപോകരുതെടുക്കുവാനെന്റെ

ചുവന്നകുമ്പിളും.



സദയം നിങ്ങളതിണക്കിച്ചേക്കണം

കനിവുചോർന്നതാ-

മകത്തളങ്ങളിൽ.



ഒഴുകിത്തീർന്നിട്ടും

തിരക്കൈകൾ കൂപ്പി-

ത്തെളിഞ്ഞു നിന്നോട്ടെ നദിയും സ്നേഹവും !











Monday, July 30, 2012

ഭാരതപ്പുഴ

സ്മൃതിനാശം ഭവിച്ച പുഴയ്ക്ക്
തിരകൾ തീരെക്കാണില്ല.

തിരക്കയ്യിലിറങ്ങി
‘കാൽ നനച്ചോട്ടെ’യെന്നു
ചോദിക്കുമായിരുന്ന
കരകൾ തീരെയുമില്ല.

കരകളെപ്പൊതിഞ്ഞു
നെഞ്ചിൽച്ചേർത്തു പിടിക്കുമായിരുന്ന
കാട്ടുപച്ചയൊട്ടുമില്ല.

പച്ചയിലമർന്ന്
പാടിയും പറഞ്ഞുമിരിക്കുമായിരുന്ന
കിളിപ്പെണ്ണുങ്ങളുമില്ല

കിളിമോളെക്കൊണ്ടു
തുന്നിച്ചു വച്ചിരുന്ന
കവിതക്കുപ്പായങ്ങളേതുമില്ല.(1)

കവിതക്കുപ്പായം നീട്ടിയിട്ട്
നാട്ടിടവഴിയിലങ്ങോട്ടുമിങ്ങോട്ടും
നടക്കുമായിരുന്ന
കളിയച്ഛനുമില്ല.(2)

ആകെയുള്ളതോ

അലക്കിത്തേച്ചുവച്ചൊരാകാശവിരിപ്പ്.

വിരിപ്പിനു താഴെ
അനേകം കോപ്പകളിൽ
നിറച്ചു വച്ച
പഴയൊരു ജലതരംഗം.(3)

അരികെ

ഒഴുകാതെയും
ഒട്ടും പാടാതെയും

തെക്കോട്ടുള്ള രാത്രിവണ്ടിയും നോക്കി
പാളത്തിൽ
തല ചേർത്തു കിടപ്പാണല്ലോ
ഭാരതപ്പുഴ !

മുങ്ങിച്ചത്തവന്റെ നന്നങ്ങാടിയെ
വീണ്ടും വീണ്ടും
ഓർമ്മിപ്പിച്ചുകൊണ്ട്.



(1) - കിളിപ്പാട്ടോർമ്മ
(2) - ‘പീ’യോർമ്മ
(3) - ഒരു സംഗീതോപകരണം

സ്വർണമത്സ്യപ്പെണ്ണ്‌


കുരുമുളകു നന്നേചേർത്ത്
പാറുവമ്മയരച്ചു വച്ച
കറിക്കൂട്ടിനെ

വലംകണ്ണാൽ നോക്കി-
യൂറിച്ചിരിച്ചും

മീൻകാരൻ റാവുത്തരുടെ
ബെല്ലടി കേൾക്കാഞ്ഞ്
ക്ഷമപ്പൂട്ടു പൊട്ടിപ്പോയ
ചക്കിയമ്മയെ

ഇടംകണ്ണാലുഴിഞ്ഞ്
പരിഹസിച്ചും

നീലജലാശയത്തിന്റെ
സ്ഫടിക സുരക്ഷിതത്ത്വത്തിലാകെ-
യഭിരമിച്ചും പുളഞ്ഞും

നീന്തിത്തുടിച്ചു നില്ക്കുന്നുണ്ട്

ഉണ്ണിക്കുട്ടന്റെ
സ്വർണമത്സ്യപ്പെണ്ണ്‌ !

 

Wednesday, July 11, 2012

സുലൈമാനി

മൂന്നാറിലെ


മഴപ്പടർപ്പിനുള്ളിൽ

പറ്റിച്ചേർന്ന്

പകൽ നോക്കിരസിച്ചിരുന്ന

പച്ചത്തളിർ.



ഓർമ്മയുടെ

ഹെയർപിൻ വളവിറങ്ങി-

യിങ്ങു റോളമാർക്കറ്റിലെ-

ച്ചായപ്പീടികയിലൊന്നിൽ

സൗഹൃദത്തിന്റെ

തിളനിലയളക്കുന്നു.



ഒറ്റനാണയത്തിന്റെ

വെള്ളിത്തിളക്കം നൽകി

നാം മൊത്തിക്കുടിക്കുന്ന

സുലൈമാനിക്ക്

നാടുകടത്തപ്പെട്ട കൂട്ടുകാരന്റെ-

യതേ രുചി.

അതേ കടുപ്പം.

Sunday, June 24, 2012

‘നയൻ വൺ സിക്സ്’


ആദ്യരാത്രിയുടെയുദ്വേഗത്തിൽ നിന്ന്


വിമുക്തമാകാൻ വേണ്ടിയാണ്‌

നാമോരോന്നങ്ങനെ പറഞ്ഞു തുടങ്ങുന്നത്.



എത്രപറഞ്ഞിരുന്നാലും കടക്കാവുന്നതല്ല

ഉൽക്കണ്ഠയുടെ കടലെന്നു

നമുക്കുടൻ തന്നെ ബോദ്ധ്യം വരും.



അപ്പോഴാണ്‌ പരസ്പരം

കണ്ടറിഞ്ഞാലോ-

യെന്നൊരാശയം തലനീട്ടി വരുന്നത്.



അങ്ങനെയങ്ങനെ

വിരുതുറ്റ വിരലുകൾ

ഓരോന്നഴിച്ചുപെറുക്കാൻ തുടങ്ങും.



അമ്മ തുന്നിച്ചതും

അച്ഛൻ കടം കൊണ്ടതും

എന്നുവേണ്ട

ഉടൽമറകളോരോന്നിങ്ങനെ

യഴിഞ്ഞുവീഴാൻ തുടങ്ങുമ്പോൾ


ലജ്ജകൊണ്ടു നീ ചുവന്നുതുടുക്കും


ചുവന്നുചുവന്നു പടർന്നൊഴുകാൻ തുടങ്ങിയാലും

പെണ്ണേ! ഞാനതുതൊട്ടെടുക്കുകയില്ല.



പകരം

ആലക്തികവിളക്കുകളുടെ നൂറുനില മാളിക തുറന്ന്

നിന്നെ ഞാനങ്ങോട്ടു വിളിക്കും.



നിലാത്തിരിയിട്ട് നീട്ടി നീട്ടി-

യോരോ മുഴുപ്പും മടക്കും

കോരിയെടുക്കാൻ തുടങ്ങും.



ഒടുക്കം

മാറ്റും മിനുപ്പുമളന്ന്

പണിത്തരം ബോധിച്ച്

പൊന്നുടലിനൊരു മതിപ്പുവില ചാർത്തിക്കൊടുക്കും.



പക്ഷേ

അതിനുമുമ്പ് കണ്ടെത്തേണ്ടിയിരിക്കുന്നു

ഗുണമേന്മ-

യാലേഖനം ചെയ്ത

‘നയൻ വൺ സിക്സ്’ മുദ്ര !



Monday, May 28, 2012

സഖാവിന്റെ മുഖം

അമ്പത്തൊന്നുരു

വായിച്ചു കഴിഞ്ഞിട്ട്

മൃത്യുവടച്ചു വച്ചിരിക്കയാണ്‌

സഖാവിന്റെ മുഖം.



പുനർവായനകളിലിളകി

ക്രമം തെറ്റിക്കിടപ്പുണ്ട്

വാക്കുകളും

വരകളും.



ആഴമേറിയ അപഗ്രഥനങ്ങളിലുലഞ്ഞ്

അടർന്നു പോയിട്ടുണ്ട്

അലങ്കാരങ്ങളും

സന്ധിയും.



വാരിക്കെട്ടി-

പ്പുറന്തളത്തിലെങ്ങാനും

മറന്നുവച്ചേക്കാമെന്നു കരുതുമ്പോൾ



വരുന്നല്ലോ!

വരികൾപൊട്ടി-

ച്ചെമ്പരത്തിച്ചിന്തകൾ.



തുന്നിക്കൂട്ടി-

യുരപ്പുരയിലെങ്ങാനും

അടച്ചിട്ടേക്കാമെന്നു വയ്ക്കുമ്പോൾ



വിടർന്നല്ലോ!

മുളനീട്ടി

നാനാർത്ഥത്തിന്റെ ചിന്തുകൾ.





Wednesday, May 16, 2012

ഉടൽവായനയുടെ ക്രമം



വായിക്കാനെന്തെങ്കിലും


പരതി നടന്നതിന്നൊടുക്കം

കയ്യിൽത്തടഞ്ഞ-

തൊരുടലാണ്‌.



പേടിയുടെ

പുസ്തകമുറികളൊന്നിൽ

പുറഞ്ചട്ടപോലുമില്ലാതെ

കിടപ്പായിരുന്നത്.



വീടെത്തി-

യേകാന്തത്തിൽ

വായന തുടങ്ങുമ്പോൾ

അത്ഭുതം!



അക്ഷരങ്ങളൊന്നുമേ

കാണ്മാനില്ല.



എവിടെപ്പോയിരിക്കുമവരെന്നു

സശ്രദ്ധം

തിരയുമ്പോൾ



തെളിയുന്നുണ്ടോരോ

താളിലും, തളിരിലും

ചില വരകൾ,കുറികളും.



അടുക്കില്ലാതെ ചില ചിന്തകൾ

ഇടയ്ക്കു നിർത്തിപ്പോയ പാഠങ്ങൾ,കണക്കുകൾ

ആർക്കുമേ തിരിയാത്ത ക്യൂണിഫോം വഴക്കങ്ങൾ.



അത്തരം ഭാഷകളെ-

യടുത്തറിയാവുന്നൊരാളാണതു

പറഞ്ഞത്.



" ലിപിയല്ലിത് !

രുചിഭേദത്തിന്റെയളവും മുറിക്കലും

ഋതുഭേദത്തിന്റെ നനവും നിറയ്ക്കലും

മാത്രം.



എന്നാലും സാരമില്ല

വായിക്കാനെളുപ്പമീ കാവ്യം.



ബ്രെയിൽ മാതൃകയെന്നോണം

വിരലോടിച്ചാൽ മതി,

അഴിഞ്ഞേവീണുകിട്ടു-

മക്ഷരരഹസ്യങ്ങൾ "









ക്യൂണിഫോം- അതിപ്രാചീന വരമൊഴി

ബ്രെയിൽ- വിരൽസ്പർശം കൊണ്ടറിയുന്ന, അന്ധരുടെ ഭാഷ,









Sunday, May 13, 2012

ഒരു വിമാനദുരന്തം



പറന്നുയരാൻ ശ്രമിക്കവെ
വെടിയേറ്റതാണ്‌.

നിലയറ്റ്
താവളത്തിലേക്കു തന്നെ
കൂപ്പുകുത്തുകയാണ്‌,
ഒറ്റയാത്രികനുള്ളൊരു
പോർവിമാനം.

ഓർമ്മകളിൽ നിന്ന് വേർപെട്ടും
കളിചിരികളിൽ നിന്ന് കാൽവഴുതിയും
പ്രശാന്തമായൊരാഴത്തിലേക്ക് വീണ്‌

“ബ്ളും”

എന്നു വിലയപ്പെടുന്നുണ്ട്
മായക്കാഴ്ച്ചകൾ പതിച്ചൊരു പതംഗഗൗരവം.

ഓടിക്കൂടിയ കാഴ്ചക്കാർക്കിടയിലേക്ക്
കോക്പിറ്റ് തുറന്നിറങ്ങി വരുന്നുണ്ടല്ലോ
തൂങ്ങിച്ചത്തവന്റെ കാലുകൾ.

ഏതൊരജ്ഞാത റിപ്പബ്ളിക്കിന്റെ
പതാകയാണാവോ
അവന്റെ കഴുത്തിനെ ചുറ്റിപ്പിണയുന്നത്.

ഏതപൂർണകവിതയുടെ
ലിപിവിന്യാസമാണാവോ
അവന്റെ കടക്കണ്ണു തൂർന്ന്
ചുവന്നൊഴുകുന്നത്.


എന്തായാലും ആശ്വാസത്തിനു വകയുണ്ട്.

നെഞ്ചോടുചേർത്ത്
താങ്ങിപ്പിടിച്ചിട്ടുണ്ടവൻ
സ്മൃതികളുടെ കനത്ത ബ്ളാക്ബോക്സ്.



















Sunday, May 6, 2012

പെയ്യാമഴകളുടെ നഗരം

എന്റെനഗരം കരിമേഘങ്ങളുടെ വലിയൊരു സങ്കേതമാണ്‌.




മഴവില്ലുവിതാനിച്ച

അതിന്റെയോരോ മോടിയിലുമെടുപ്പിലും

മേഘപ്പകർച്ചയുടെ മേലൊപ്പുകാണാം.



പുലർച്ചയുണരുമ്പൊഴേ, മട്ടുപ്പാവിന്നരികിൽ

പെയ്യുംപെയ്യുമെന്ന് പറഞ്ഞ്

ശുഭദിനം നേരാറുണ്ടൊരു നീലവർണൻ.



ലിഫ്റ്റിൽ പതിവായ്കാണാറുണ്ട്

കാരുണ്യത്തിന്റെ നിറഞ്ഞുതുളുമ്പലിൽ

കനപ്പെട്ടുപോയൊരു മേഘരൂപനെ.



ആളൊഴിഞ്ഞ മുക്കിലും മുടുക്കിലുമൊക്കെ

കടക്കണ്ണെറിഞ്ഞ്

വികാരനിർഭരരായ് പിന്തുടരാറുണ്ട്

ഇനി ചിലർ.



എന്റെനഗരം കരിമേഘങ്ങളുടെ വലിയൊരു സങ്കേതമാണ്‌.



നിരത്തിലൂടൊഴുകാറുണ്ട്, നിത്യം

ഗൗരവക്കണ്ണട വച്ച

കാർമുകിലുകളുടെ ഗതാഗതം.



ചിലനേരങ്ങളിൽ

ചില്ലുജാലകംതാഴ്ത്തിക്കൈവീശി

എപ്പോൾ വേണമെങ്കിലും പെയ്തൊഴിയാമല്ലോ-

യെന്നു ചിരിച്ച് കടന്നുപോകാറുണ്ട്, ചിലസ്നേഹങ്ങൾ.



തൊട്ടുരുമ്മിയും പുണർന്നു-

മുടനെത്തുമൊരു വൻമഴയെന്നു മൊഴിഞ്ഞും

ഉള്ളിലേക്കുറ്റുനോക്കി

നില്ക്കാറുണ്ട് ചിലകുറിഞ്ഞിമേഘങ്ങൾ.



ഇതിനിടയിൽ

നാമെങ്ങോവച്ചു മറന്നുപോകുന്നു

പ്രണയക്കുടയും

മഴയുടുപ്പും.



എന്റെനഗരം കരിമേഘങ്ങളുടെ

വലിയൊരു പ്രദർശനശാലയാണ്‌



പെയ്യാമഴകളുടെ ലോകതലസ്ഥാനവും ഇതുതന്നെ.



Tuesday, May 1, 2012

വ്യാധനും വാൻഗോഗും

അവയവങ്ങളുടെ
ആഴ്ചച്ചന്തയിൽ വച്ചാണ്‌
അവരാദ്യം കണ്ടുമുട്ടുന്നത്.
അനാഥമായ ഒരിടംചെവിയും
പെരുവിരലും.

ആശ്ളേഷത്തിനും
ഉപചാരവാക്കുകൾക്കും ശേഷം
അവർ വിശദമായി പരിചയപ്പെട്ടു.

ചെവിയാണ്‌ തുടക്കമിട്ടത്

മഞ്ഞപ്പൂക്കളുടെ ശബ്ദം സഹിക്കവയ്യാഞ്ഞാണ്‌
വിൻസെന്റ് എന്നെ മുറിച്ചു കളഞ്ഞത്.
പിന്നെയങ്ങോട്ടു പോയിട്ടില്ല.

സൂര്യകാന്തികളുടെ നിറക്കൂട്ടുകളഴിച്ചിട്ടും
ബധിരവർഷങ്ങൾക്ക് ബീതോവനെപ്പകർന്നും
ഉപജീവനം നടത്തുന്നു.

ആകട്ടെ, നിന്റെ കാര്യമോ?

പെരുവിരൽ പറഞ്ഞു.

അസ്ത്രവേഗങ്ങൾക്ക് വഴിപറഞ്ഞുകൊടുത്തും
പർജ്ജന്യം കൊണ്ടു പൂവിട്ടും
ഗുരുപൂർണിമയിൽ മാത്രം ഒരിക്കലുണ്ടും
അങ്ങനെ കഴിയുന്നു.

Saturday, April 28, 2012

ആദ്യത്തെ നര



ജന്മത്തിന്റെയിരുൾവഴിയിലേക്ക്
പൂക്കാലം വരുന്നുണ്ടേയെന്നു പറഞ്ഞാണ്‌
ആദ്യത്തെ നര വരുന്നത്.

നോക്കുമ്പോൾ ശരിയാണ്‌.

ഉച്ചിയുടെ ഒത്തമദ്ധ്യത്തിൽ
ഇലഞ്ഞിപ്പൂവിതൾ നീട്ടി
വസന്തത്തിന്റെ തിടുക്കം.

ഏറ്റം നല്ല ഉടുപ്പണിഞ്ഞ്
മധുരം നുള്ളി
വാസന്തീ വാസന്തീയെന്ന്
നാമവളെയെതിരേറ്റുനില്ക്കേണ്ടതാണ്‌.

ചെത്തിചേമന്തികൾക്കൊപ്പ-
മൊരാൾക്കൂട്ടഫോട്ടോയിലേക്ക്
ലജ്ജയില്പ്പൊതിഞ്ഞവളെ
യൊരുക്കിവിടേണ്ടതാണ്‌.

എന്നാൽ
അതൊന്നുമല്ല നടന്നത്.

ചമയക്കോപ്പുകൾ വില്ക്കുന്ന
പീടികയിൽ നിന്നിറ്റ്
കരിഞ്ചായം വാങ്ങിപ്പൂശി
നാമവളെ മറച്ചിട്ടു.

അകാലവസന്തമെന്ന് പിറുപിറുത്ത്
രാപ്പാതിയിലേക്ക്
വരച്ചിട്ടു.

 

Tuesday, January 3, 2012

പതിനേഴുകാരിയെ എഡിറ്റ്‌ ചെയ്യുമ്പോള്‍

ഇത്രയേറെ നിലാച്ചിരിവേണ്ടെന്നു പറഞ്ഞ്‌
ചിറകുമുറിച്ചുകളഞ്ഞത്‌ അച്ഛനാണ്‌.

ജാലകത്തിലൊരു ചതുരക്കടല്‍ മാത്രം തന്ന്
ആകാശമത്രയുമിടിഞ്ഞുപോയതറിയാം.

മരങ്കേറിയുടെ വികൃതിക്കൈയെന്നുപറഞ്ഞ്‌
വല്ലിയത്രയുമഴിച്ചുകളഞ്ഞത്‌ പൊന്നാങ്ങളയാണ്‌.

കാണെക്കാണെപ്പൊഴിഞ്ഞു പോയതറിയാം
കാടോര്‍മ്മയുടെ ചിറ്റം.

വേണ്ട! മഴക്കറുമ്പിയോടൊത്തുള്ള കൂട്ടെന്നു മുരണ്ട്‌
പടിവാതിലടച്ചുകളഞ്ഞതു പാറോതിയാണ്‌.

ആടിയറുതിയ്ക്കു മുമ്പേ പിണങ്ങിപ്പോയതോര്‍ക്കുന്നുണ്ട്‌
മയിലമ്മയും മക്കളും.


ഇനിയെന്തുബാക്കിയെന്നു
സന്ദേഹപ്പെട്ടു പരതുമ്പോള്‍

എന്റെയര്‍ക്കസൂര്യദിവാകരന്മാരേ
അധികമൊന്നുമില്ല ഞാനിനി
അധികമൊന്നുമേയില്ല ഞാനിനി

ഒരുപാതിയിലൊളിഞ്ഞ്‌
തളത്തിലും
ചാവടിയിലും
വെട്ടിയൊരുക്കി വച്ച ബോണ്‍സായ്‌

മറുപാതിയില്‍ത്തെളിഞ്ഞ്‌
നിരഞ്ജന
നിര്‍മ്മല
നിവേദിതയെന്നിങ്ങനെ
ദാവണിയില്‍പ്പൊതിഞ്ഞെടുത്ത പലഹാരം

അത്രതന്നെ.

Monday, January 2, 2012

എഴുത്തുപരീക്ഷയിലെ ചില വെല്ലുവിളികള്‍

വേട്ടക്കാരെത്തേടിയുള്ള
എഴുത്തുപരീക്ഷയില്‍
പെണ്ണിനെക്കുറിച്ചൊരു ചോദ്യം.

കൂടെ നാലുത്തരങ്ങളും.

-ജ്യാമിതീരൂപങ്ങള്‍ക്കിടയില്‍ വീണുപോയ ഒരിതള്‍
- കരുണയറ്റ വീടകങ്ങളില്‍പ്പെട്ടുപോയ ഇമ്പമുള്ള കാറ്റ്‌
- കാലാവസ്ഥകള്‍ തുറക്കാനുള്ള രഹസ്യവാക്ക്‌
- പൂത്തുലഞ്ഞ താഴ്വരയില്‍ ഒട്ടിച്ചുവച്ച കൃഷ്ണമൃഗം

എന്നിങ്ങനെ.

ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ സന്ദേഹമായി
ഇതിലേതാണ്‌ ശരിയുത്തരം?
ഇതിലേതല്ല ശരിയുത്തരം?

എത്ര ചിന്തിച്ചിട്ടും
അവര്‍ക്കാര്‍ക്കും ഒരുനിഗമനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞില്ല.

പാവനമായ ഒരു തിരിച്ചറിവോടെ
അവരതിനെ വെറുതെ വിട്ടു.

ചോദ്യമുയര്‍ത്തിയ രസകരമായ വെല്ലുവിളി
കണ്ടില്ലെന്നിരിക്കാന്‍
ഒരുത്തനു മാത്രം കഴിഞ്ഞില്ല.

പരീക്ഷകഴിഞ്ഞ്‌
തിരിച്ചുപോകുന്ന വഴിയില്‍
അവനിടയ്ക്കൊരിടത്തു ബസ്സിറങ്ങി.

പിന്നെ, തപ്പിത്തടഞ്ഞ്‌
താഴ്വാരത്തിലേക്ക്‌ തനിച്ചുനടന്നു.

അപ്പോഴുമവിടെ നില്‍പ്പുണ്ട്‌
നമ്മുടെ ചോദ്യത്തിലെ കൃഷ്ണമൃഗം.

തോക്കില്‍ ഘടിപ്പിച്ച ദൂരദര്‍ശിനിയിലൂടെ
താഴ്വാരം മുഴുവന്‍ നിവര്‍ത്തിയിട്ടതിനു ശേഷം
ജന്തുകുലത്തെക്കുറിച്ചവന്‍ കൂടുതല്‍ പഠിയ്ക്കാന്‍ തുടങ്ങി.

അത്തരം ചോദ്യങ്ങള്‍ക്കിനിമേല്‍
ഉത്തരം കിട്ടാതെപോകരുത്‌
എന്ന ശാഠ്യത്തോടെ.