ട്രെഡ്മില്ലിലോടുമ്പോൾ
കൂടെവരുന്നില്ല, കൂട്ടുകാർ
നാട്ടുവിശേഷങ്ങൾ
പാതിവിരിഞ്ഞനോട്ടങ്ങൾ
പരിഭവപ്പച്ച പുരട്ടിയ വാക്കുകൾ
വക്കുപൊട്ടിപ്പുഴയോരത്തേക്കു നീളുന്ന
നേർത്ത വഴിനാമ്പുകൾ
മഴവില്ലുചേർത്തു ചാലിച്ച
കുശലങ്ങൾ,
സുകൃതങ്ങളും.
കൂടെയോടുന്നില്ല, മരങ്ങൾ
ഉദയരവി
രവിതൻ സിതാറിൽ മൃദുവീചിപോലുണരും
പകലിൻ തിരുമുഖം.
അപ്പോൾക്കുറിച്ചിട്ട
ജീവന്റെയാദ്യ വരി.
ട്രെഡ്മില്ലിലോടുമ്പോൾ
കൂടെവരുന്നില്ലൊരാളും,
പ്രണയവും.
അല്ലല്ല.
കൂടെവരുന്നുണ്ട്,
ചായംപുരട്ടി മിനുക്കിയ
ഭിത്തികൾ.
ചില്ലലമാരയിൽ
നിന്നുറ്റുനോക്കുന്ന വെങ്കലബുദ്ധൻ.
താളഭംഗപ്പെട്ട്,
പാതിയിൽ വച്ചേ
മുറിച്ചുമാറ്റപ്പെട്ട പാദുകം.
കൂടെയോടുന്നുണ്ട്,
കണക്കുകൾ
ആലംബമറ്റ കിനാവുകൾ
ഒറ്റമരം പോലുമില്ലാതുരുളുന്ന
ജീവന്റെയാദിമ തൃഷ്ണ.
പച്ചകഴിഞ്ഞിറ്റു പീതം,
പിന്നെ നീണ്ടചുവപ്പിന്റെ
ജാഗ്രത.
ട്രെഡ്മില്ലിലോടുമ്പോൾ,
കൂടെയോടുന്നില്ല
കൂട്ടുകാരെങ്കിലും
കൂടെവരുന്നുണ്ട്,
മൃത്യുവിലേക്കുള്ള
ദൂരവും കാണിച്ചൊരജ്ഞാതൻ.
9 comments:
പേടിപ്പെടുത്തുന്ന മനോഹരമായ വരികള്‍
നാലു കെട്ടും,എട്ടു കെട്ടും,താജ്മഹലും വരെ പുനഃസൃഷ്ടിക്കാമിക്കാലത്ത്. എന്നാൽ പ്രകൃതിയെ ഏച്ചുകെട്ടാൻ ഏത് മയൻ
വിചാരിച്ചാലും നടക്കില്ല. അല്ലേ സർ..? വളരെ നല്ല് വീക്ഷണവും, വരികളും.
വാൽക്കഷ്ണം : ട്രെഡ്മില്ലിൽ ഓടുന്നതിനേക്കാൾ ഫലപ്രദം നടക്കുന്നതാണെന്നാ വിദഗ്ധ മതം.ഞാനെവിടെയോ വായിച്ചതാ കേട്ടോ..?
സന്ദർഭ വശാൽ പറഞ്ഞെന്നേയുള്ളൂ.അറിവുള്ളവരോട് അനേഷിച്ചിട്ട് മുഖവിലയ്ക്കെടുത്താൽ മതി.
ശുഭാശംസകൾ....
അതുകൊണ്ട് ഞാനെന്റെ ട്രെഡ് മില്‍ തുണിയുണക്കാനുപയോഗിക്കുന്നു
ട്രെഡ് മില്ല് ..അതെന്താണെന്ന് എനിക്ക് പിടികിട്ടിയില്ല
Njan ottam nirthi
മൃത്യുവിലേക്കുള്ള ദൂരം കൂട്ടുവാനുള്ള ഓട്ടം
ആരോഗ്യത്തെ കുറിച്ചുള്ള ആധിയാണല്ലോ കൂടെ ഓടുന്നത്
കൂടെവരുന്നുണ്ട്,
മൃത്യുവിലേക്കുള്ള
ദൂരവും കാണിച്ചൊരജ്ഞാതൻ.
good
നിരാശയുമാകുലതകളുമുള്ക്കൊണ്ട ആധുനിക കവിതകള്‍ പൊതുവേ കാവ്യ സൗന്ദര്യത്തോടല്പ്പം അയിത്തമാചരിക്കാറുണ്ട്.. പക്ഷേ ഇതൊരു മനോഹരമായ സമന്വയം തന്നെ ശശികുമാര്‍..സൗമ്യമായൊരു മൂര്‍ച്ചയുണ്ട് കവിതക്ക്..
ട്രെഡ്മില്ലിലുണങ്ങുന്ന ജെട്ടികള്‍...ആഹാ സുമോഹനമായ ത്രെഡ്..അജിത്തേട്ടന് നമോവാകം
Post a Comment