Tuesday, June 4, 2019

നിന്റെ വീട്ടിലേക്കുള്ള വഴി

നിന്റെ വീട്ടിലേക്കുള്ള വഴി
എനിക്കറിയില്ല

പക്ഷെ മഴയ്ക്കറിയാം

ഞാൻ മഴയുടെ വീട്ടിൽ ചെന്ന് കാര്യം
പറഞ്ഞു.

മഴ ചില തടസ്സവാദങ്ങൾ നിരത്തി

പത്മനാഭനെ ഒരു പത്തു മണിക്ക് കാണേണ്ട കാര്യമുണ്ട്.

പിന്നെ പാളയത്തും
കനകക്കുന്നിലും പോകണം

മുകിൽച്ചാർത്തിന് ഒരു പുതിയ ശീല
വാങ്ങണം
ചാലയിലെ ചിദംബരയ്യരുടെ കടയിലേ അതു കിട്ടൂ.

പിന്നെങ്ങനാ?

ഞാൻ ക്ഷമയോടെ പറഞ്ഞു
കാത്തിരിക്കാം.

മഴയൊടുക്കം സമ്മതിച്ചു
ഒരു ആറു മണിക്ക് നോക്കാം

ഞാൻ മഴയുടെ നിസ്വതയാർന്ന
കൂരയിൽ വെറുതെയിരുന്നു.

പഴയ ചില പത്രമാസികകൾ
ആമസോണിൽ നിന്നാരോ
അയച്ച കത്തിന്റെ ഒഴിഞ്ഞ ലക്കോട്ട്
മഴവില്ലിന്റെ ഒടിഞ്ഞ തുണ്ട്

കടലപാരത തളം കെട്ടിയ മുറിക്കുള്ളിലിരുന്ന് ഞാനിറ്റ് മയങ്ങി.

നാലിന് ഓടിക്കിതച്ച് വന്ന്
മഴയാരാഞ്ഞു.

മുഷിഞ്ഞോ? നമുക്ക് തിരിക്കണ്ടേ

ഞാൻ വെറുതെ പുഞ്ചിരിച്ചു.

നനഞ്ഞു പോയ ഉടുപ്പുകൾ
മാറ്റി
മുടി ചീകിയൊതുക്കി തന്റെ ഭാണ്ഡങ്ങൾ തോളിലിട്ട്
മഴ പറഞ്ഞു

"പോകാം"

ഞാൻ മഴയുടെ പഴയ
വണ്ടിയിൽ കയറി.

ഞങ്ങൾ പ്രധാന നിരത്ത്
വിട്ട് മെല്ലെ ഓടാൻ തുടങ്ങി

മഴ വണ്ടി വരുന്നത് കണ്ട്
നിരത്തുകൾ കുട നിവർത്തിപ്പിടിച്ചു

കുട വാങ്ങാൻ കെല്പില്ലാത്ത
മനുഷ്യരും മരങ്ങളും
പച്ചയ്ക്ക് നനഞ്ഞു കുതിർന്നു നടന്നു

മെലിഞ്ഞ കരങ്ങൾ വീശി
നഗരത്തിലെ പഴയ വീടുകൾ
ഞങ്ങളെ എതിരേറ്റു

അനാഥവും അസ്വസ്ഥവുമായ
സ്നേഹത്തിന് ഇടയ്ക്കിടെ
ഒരു മിന്നൽക്കൊടിയുടെ
പുഞ്ചിരി സമ്മാനിച്ച്
മഴ അവനെ
ഉല്ലാസ ഭരിതനാക്കാൻ നോക്കി.

എന്തു ഫലം?

പഴയ പരാതികളുടെ ഒരു കോണിലിരുന്ന്
തന്നെയാരും തിരിച്ചറിയുന്നില്ലെന്ന് അവൻ
വിങ്ങിപ്പൊട്ടി.

നിന്റെ തെരുവിലെത്തുമ്പോൾ
പരിഭവം പോലെ നേർത്ത ഇരുട്ട്

ചില വിളക്കു കാലുകൾക്ക് പ്രകാശമില്ല.

ഇരുട്ടും തണുപ്പും
ഇഴയിട്ട സന്ധ്യയ്ക്ക്
പ്രയാസപ്പെട്ട് ഞാൻ നിന്റെ
വീട് കണ്ടു പിടിച്ചു

അഞ്ജനശ്രീധരന്റെ നാമാങ്കിത -
മായ ഉമ്മറം

മഴ തന്റെ വണ്ടി നിർത്തി
ഞാൻ മഴയെ ക്ഷണിച്ചു
ഒരു ചൂടു കാപ്പി കുടിച്ചിട്ടു പോകാം.

മഴ സമ്മതിച്ചു
വണ്ടിയൊന്ന് തിരിച്ചിട്ട്
വരാമെന്നേറ്റു

ഞാൻ മുൻവാതിൽ തുറന്ന്
അകത്തു കയറുമ്പോൾ
നിനക്ക് വിസ്മയം
പരിഭവം
എത്ര നാളായി ശബ്ദം കേട്ടിട്ട്

ഞാൻ പറഞ്ഞു
ക്ഷമിക്കുക
സ്വപ്നങ്ങളുടെ ഈ ചെറിയ വില്പനക്കാരനോട്

നല്ല ക്ഷീണം
രണ്ടു കപ്പു കാപ്പി വേണം

രണ്ടാമനെക്കാണാൻ
വാതിൽ തുറന്ന നിന്നെ
പ്പൊതിഞ്ഞ് മഴയാർത്തു!

മൺസൂൺ വന്നെന്ന്
നീ.

ഇപ്പോൾ നാം മഴ നനഞ്ഞു നില്പാണ്
ഏതൊ ജന്മത്തിലെ ഒരു പ്രദോഷത്തിൽ.

Friday, January 18, 2019

ആഗോള താപനം




ക്ലാസ് മുറിയിൽ
ഉച്ചമയക്കത്തിന്റെ ചായ് വ്

ആഗോള താപനത്തെപ്പറ്റി
ഉരുകി നിൽക്കയാണ് ടീച്ചർ

'ആർട്ടിക്കിലെ മഞ്ഞുമലകൾ
ഉരുകിയുരുകി

ദ്വീപുകൾ
തുരുത്തുകൾ
തീരങ്ങളുടെ നേർമ്മയേറിയ കവിളുകൾ
സ്നേഹത്തിന്റെ മാമരങ്ങൾ
വൻകരകളുടെ സ്വാസ്ഥ്യം

ഒക്കെ
മെല്ലെ മെല്ലെ
അപ്രത്യക്ഷമാകും'

ക്ലാസൊന്ന് ഉലഞ്ഞമർന്നു.

'നമ്മുടെ ഇടങ്ങളിലേക്ക്
ഒരു നാൾ
ഒരശാന്തസമുദ്രം കടന്നു വരും.

ജനപഥങ്ങൾ
തൊടികൾ
വീടകങ്ങൾ
ദയാർദ്രമായ മനസ്സുകൾ

ഒക്കെ കടലെടുക്കും'

കുഞ്ഞുങ്ങൾ പെട്ടെന്ന് അസ്വസ്ഥരായി.

ക്ലാസ് ഒന്നടങ്കം ആരാഞ്ഞു
" എന്നിട്ട് ?"

ടീച്ചർ തുടർന്നു:

'എന്നിട്ടെന്താകാൻ
ഒടുക്കം രണ്ടു പേർ മാത്രം
അവശേഷിക്കും.

ദിശാ സൂചിയില്ലാത്തൊരു
പ്രണയ നൗകയിൽ
ഒട്ടിച്ചേർന്ന പോലെ
ഒരാണും പെണ്ണും '.

കുഞ്ഞുങ്ങൾക്ക് ആശ്വാസമായി

അതു താനാണെന്ന് ഓരോ ആൺകുട്ടിയും
ഓരോ പെൺകുട്ടിയും വിശ്വസിച്ചു.

അവർക്ക് വീണ്ടും എന്തോ
ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ,
പീരിഡ് കഴിയുന്ന മണിയൊച്ചയിൽ
ക്ലാസ് മുറി കടലെടുത്തു പോയി.

ഗോളതാപനം കഴിഞ്ഞു!

ഇനി കുമാരസംഭവത്തിന്റെ
നവീന വർഷ ബിന്ദു !!