Sunday, September 2, 2012

നദിയുടെ ഒസ്യത്ത്

(പമ്പ,ബാല്യത്തിൽ സുലളിതപദവിന്ന്യാസയായിരുന്നവൾ.ഭാവനയ്ക്ക് ഒഴുക്കും, മിഴിവും പകർന്നവൾ. വീണ്ടുമീയവധിയ്ക്ക് കണ്ടുമുട്ടിയപ്പോൾ സ്വകാര്യം പറഞ്ഞതാണിത്.)




എടുക്കണം നിങ്ങൾ

അനക്കം തീരും മുമ്പ്,

കുസൃതികൾ പൂട്ടി നിറച്ച കണ്ണുകൾ.



അഴിച്ചെടുത്തോണം

മിടിപ്പു വറ്റും മുമ്പേ,

ചുവന്ന സൗഹൃദം പതഞ്ഞ കുമ്പിളും.



മറുകര തീണ്ടി മടങ്ങിവന്നെന്റെ

വ്രണിതയൗവനം നിലച്ചുപോകുമ്പോൾ

കരയരുതാരും !



കരിയില മൂടി മറച്ചിട്ടാൽ മതി

ജലശരീരത്തെ.



മറന്നുപോകുക !

കരിമുകിൽക്കളം നിറഞ്ഞുപെയ്തൊരാ

ജലവഴികളെ.



ഇനിയ സൗഹൃദച്ചിറകുകൾ

നീർത്തി

നിലയറ്റു നിന്ന കുളിപ്പടവിനെ.



നനച്ചു നാം പണ്ടു

ഹൃദയഭിത്തിമേൽ പടർത്തി നീട്ടിയ

ഹരിതസ്നേഹത്തെ.



മറന്നുപോകുക !

മറന്നുപോകുക !!



മറന്നുപോകാതെയെടുക്കണേ-

യെന്റെ കുസൃതിക്കണ്ണുകൾ.



അരുമയോടതു

കരിമഷിതൂകിക്കൊളുത്തി വയ്ക്കണം

കൊടുംനിശകളിൽ.



മറന്നുപോകരുതെടുക്കുവാനെന്റെ

ചുവന്നകുമ്പിളും.



സദയം നിങ്ങളതിണക്കിച്ചേക്കണം

കനിവുചോർന്നതാ-

മകത്തളങ്ങളിൽ.



ഒഴുകിത്തീർന്നിട്ടും

തിരക്കൈകൾ കൂപ്പി-

ത്തെളിഞ്ഞു നിന്നോട്ടെ നദിയും സ്നേഹവും !











4 comments:

Unknown said...

കവിത നന്നായി . നല്ല വരികള്‍

Vinodkumar Thallasseri said...

കരിയില മൂടി മറച്ചിട്ടാൽ മതി
ജലശരീരത്തെ.

മറന്നുപോകുക !
കരിമുകിൽക്കളം നിറഞ്ഞുപെയ്തൊരാ
ജലവഴികളെ.

നല്ല വരികള്‍. നല്ല കവിത.

Unknown said...

മറുകര തീണ്ടി മടങ്ങിവന്നെന്റെ

വ്രണിതയൗവനം നിലച്ചുപോകുമ്പോൾ

കരയരുതാരും !
അതി ഭാവുകത്വമൽ‌പ്പവും തീണ്ടാത്ത ഗൃഹാതുരത്വം!
വറ്റിവരണ്ടു പൊകരുതേ എന്നുള്ള പ്രാർത്ഥന... നന്ദി സുഹൃത്തേ.. ഈ കാൽ‌പ്പനികതക്കു മുന്നിൽ നമോവാകം...

SASIKUMAR said...

നന്ദി വിനോദ്,ഗിരീഷ്,കുഞ്ഞുബി വരവിനും വായനയ്ക്കും അതിലേറെ സ്നേഹത്തിനും.