Wednesday, September 26, 2012

സൗഹൃദത്തെപ്പറ്റി ചില ജാതിചിന്തകൾ

സമൂഹത്തിലെപ്പോലെ തന്നെ


സൗഹൃദത്തിലുമുണ്ട്,

ചില ആഢ്യജന്മങ്ങൾ.



ഹസ്തദാനത്തിനിടെ

വിരൽ ഞെക്കിയുടച്ചും



വാരിയെല്ലുകളിറുകെപ്പുണർന്ന്

പേശീബലം കാട്ടിയും



വൃഥാ വാൾവീശിച്ചിരിച്ചും



സദാ ചുറ്റിനുംകാണും

ചില ക്ഷത്രിയർ.



നേർമ്മയോടെ

നമ്മെയിറുത്തെടുത്തും



ക്ഷീരധാരയാൽ പോറ്റിയും



ഇടവേളകളിൽ

വെണ്മണി പോലെ പെയ്തും



നാമജപം കണക്കെ

മൂർച്ഛിച്ചു നില്പ്പുണ്ടാകും



ഇനി വേറെ ചിലർ.



അളവുതൂക്കങ്ങൾ കൊണ്ടു

സൂക്ഷ്മത വരുത്തിയും



മേനിക്കടലാസിൽ പൊതിഞ്ഞും



സൗഹൃദത്തിന്റെ വർണപായ്ക്കറ്റുകളുമായ-

ലയുന്നുണ്ടാകും,

ചില വിശുദ്ധവ്യാപാരികൾ.



കഴിഞ്ഞില്ല.



സമൂഹത്തിലെപ്പോലെ തന്നെ

സൗഹൃദത്തിലുണ്ട്,

ചില ഹീനജന്മങ്ങളും.



ബസ്സിറക്കങ്ങളിൽ കാത്തും



ഒറ്റക്കുടയിലലിഞ്ഞു

ചേർന്നു നടന്നും



മുഖപ്പൂവെടുത്തു ചേർത്ത്

‘വാടിപ്പോയെ’ന്നു പരിതപിച്ചും



മനസ്സിന്റെ വെളിമ്പറമ്പിൽക്കാണും

അവർണരുടെ കോളനി.



ഒരു വിളിയോ

മഴമൂളലോ കാത്ത്,

അഹർന്നിശം.

















7 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വിത്യസ്തമായി ഈ വിഷയം,
മനോഹരമായി വരികള്‍ ..
ആറ്റിക്കുറുക്കിയ വാക്കുകള്‍ ..
അഭിനന്ദനങ്ങളോടെ...

Vinodkumar Thallasseri said...

മുകളില്‍ പറഞ്ഞതിന്‍ താഴെ ഞാനും ചാര്‍ത്തുന്നു, ഒരൊപ്പ്‌

Rejeesh Sanathanan said...

ജാതി ചിന്ത നന്നല്ല...:)

Sunil Jose said...

good. really good poetry dear

Sunil Jose said...

good. really good poetry dear

ഭാനു കളരിക്കല്‍ said...

സൌഹൃദങ്ങളുടെ അടരുകള്‍ കൊള്ളാം.


വേലനും ആശാരിയും ഒക്കെ കാണും അല്ലേ

ഭാനു കളരിക്കല്‍ said...

ശശികുമാര്‍, വായിക്കാതെ ഇരുന്ന എല്ലാ കവിതകളും വായിച്ചു. മനസ്സ് നിറഞ്ഞു. ഇനിയും എഴുതുക.പോസ്റ്റിട്ടാല്‍ മെയില്‍ ചെയ്‌താല്‍ ഉപകാരം.