( കാണെക്കാണെ മറഞ്ഞു പോകുന്ന പ്രണയത്തിന് )
കടലാണ്.
എന്നാലുമത്രയ്ക്കൊരു കടലല്ല താനും.
സാഗരവിചാരമേതുമില്ല.
ആകാശപ്പരപ്പിലെങ്ങുമൊരു വിനയചന്ദ്രികയുമില്ല.
നീണ്ടിടം പെട്ടൊരു നദിയെന്നു വിളിച്ചാലോ?
വിളിയ്ക്കാം.
പക്ഷേയൊരു മുഴുനദിയെന്നങ്ങനെ പറഞ്ഞുകൂടാ.
പിച്ചവച്ചും തെളിഞ്ഞുമൊരു ജലദർപ്പണം.
അരികിലൊരു കടലാസുനൗക.
അത്രതന്നെ.
അപ്പോൾ കിണർമരമായിരിയ്ക്കുമല്ലോ?
ശരിയാണ്, സാമ്യങ്ങളേറെയുണ്ട്.
ചുറ്റിത്തിരിഞ്ഞു്, കാൽച്ചുവട്ടിലേക്കു തന്നെ
കുഴഞ്ഞുവീഴുന്ന മൗനം.
വാഗർത്ഥങ്ങളടക്കം ചെയ്തിരിക്കുന്ന
അതേ ഗർത്തം.
എന്നാൽ തൂമതേടും തൻ പാള കാണാനില്ലെന്നൊരു
വീഴ്ചയുണ്ടെന്നതോർക്കണം.
പിന്നെന്തുവിളിയ്ക്കും നമ്മൾ
മുന്നാഴിവെള്ളത്തിന്റെയീ വെള്ളിക്കിലുക്കത്തെ?
കുപ്പിവെള്ളമെന്നല്ലാതെ.
ഒന്നാലോചിച്ചാൽ,
കൈസഞ്ചിയിലൊതുക്കി
യാത്രപോകയും
തെരുവിലെങ്ങാനും മറന്നുവെക്കയും
ചെയ്യുന്ന
ഇതിനെ
പ്രണയപയോധിയെന്നെങ്ങനെ
വിളിയ്ക്കും നമ്മൾ !!
4 comments:
ഇന്നത്തെ പ്രണയം, മിക്കതും
ഇൻസ്റ്റന്റ് പ്രണയം.....
ഈസി ടു സെർവ്.....
ഫ്ലേവേർഡ് വിത്ത് മിയർ ലസ്റ്റ്..
കലികാലം അല്ലേ?
നല്ല കവിത....
ശുഭാശംസകൾ........
കവിതയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് ഈ ഫോട്ടോ ആയിരുന്നു. സൂപ്പര്‍
ചുറ്റിത്തിരിഞ്ഞു്, കാൽച്ചുവട്ടിലേക്കു തന്നെ
കുഴഞ്ഞുവീഴുന്ന മൗനം...
സുന്ദരം,
ഒരോ വരിയുലുമോരോകവിത...
ക്ലാസ് ആയിട്ടുണ്ട് ശശികുമാര്‍
അതേ സൌഗന്ധികം പറഞ്ഞതുപോലെ...
Post a Comment