എഴുത്തച്ഛന്റെ കിളിക്കൂടാണ്
ആദ്യമേ അഴിച്ചുമാറ്റിയത്.
തുടർന്ന്,
വീണുപോയെങ്കിലും
സുഗന്ധം പൊഴിച്ചുകൊണ്ടിരുന്നൊരു പൂവിനെ
നിർദ്ദയം തുടച്ചു കളഞ്ഞു.
മധുരം വഴിഞ്ഞ്
ഉൾമുറികളൊന്നിൽ കിടന്നിരുന്ന
പൂവമ്പഴത്തിന്റെ കൂട
കിട്ടിയ വിലയ്ക്ക് കാശാക്കുകയും ചെയ്തു.
അനാവശ്യചെലവുകൾ വേണ്ടെന്നുകരുതി
ഇന്ദുലേഖയെയും തോഴിയെയും
ഒഴിവാക്കി.
രമണനോ അപ്പുക്കിളിയോ
മേലിൽ തൊടിയിൽക്കടന്നു പോകരുതെന്നും
വിലക്കി.
കുറെക്കാലമായി
വെറുതെയിരിക്കുകയായിരുന്ന കളിയച്ഛന്
അല്ലറ ചില്ലറ കൊടുത്ത്
കണക്കുതീർത്തു.
‘അരക്ഷണം പോലും കണ്ടുപോകരു’തെന്ന്
അയ്യപ്പനെയാട്ടിയോടിച്ചു.
അക്കാഡമി യോഗം കഴിഞ്ഞ്
ജ്യേഷ്ഠകവിയും ആമിയോപ്പുവും വരുന്നേരം
പടിപ്പുര തുറന്നുപോകരുതെന്നും
ബാലനിനിമേൽ
അന്നം* കൊടുത്തുപോകരുതെന്നും
കല്പിച്ച്,
സ്വസ്ഥനായി.
ഇനിയെന്തുചെയ്യുമെന്ന
താങ്കളുടെ ചോദ്യത്തിൽ
കഴമ്പില്ല സുഹൃത്തേ !
കള്ളന്റെ ആത്മകഥയും
കാമശാസ്ത്രവും കൂട്ടിനുണ്ട്.
അതുമതി !!
(* അതേപേരുള്ള ബാലചന്ദ്രകവിതയിൽ വൈലോപ്പിള്ളിയുടെ സാന്നിദ്ധ്യവുമുണ്ട്.)
6 comments:
ആര്‍ക്കുവേണം അവരെയെല്ലാം
നമുക്ക് കള്ളനും ജമീലയുമൊക്കെയാണ് പഥ്യം
ദഹിക്കാത്ത പഥ്യങ്ങൾ..
ശുഭാശംസകൾ...
ഈയിടെ ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത സംഭവം ഓർത്തുപോകുന്നു. സംസ്ക്കാരത്തേയും സാംസ്ക്കാരിക നായകരേയും അടിച്ചു പുറത്താക്കി ആൾ ദൈവങ്ങളെ അവരോധിക്കയാണ് പ്രബുദ്ധ മലയാളി. കവിത കാലിക പ്രസക്തമാണ് . നന്ദി സുഹൃത്തേ.
ഒന്നും ഉറപ്പിച്ചു പറഞ്ഞൂടാ..
ഭാഷാനാശം തടയാന്‍ സംരക്ഷിതമേഖലയും, ന്യായവിപണനത്തിന് താങ്ങുവിലയും ഉടന്‍ പ്രഖ്യാപിയ്ക്കുമായിരിയ്ക്കും..
കളളന് എഴുതുന്ന കഥയ്ക്ക് ജീവിതഗന്ധമുണ്ടെങ്കില് അതങ്ങീകരിക്കപ്പെടുക തന്നെ വേണം
ജ്യേഷ്ഠ മലയാളം ആവാതിരിക്കട്ടെ
Post a Comment