Sunday, November 24, 2013

കണ്ടവരുണ്ടോ ?




കുറച്ചു കാലമായി
കാണാതായിരിക്കുന്നു

എനിക്കു പ്രിയപ്പെട്ട
ഓർമ്മകളിലൊന്നിനെ.

നെഞ്ചിലേക്കുന്നം പിടിയ്ക്കുന്ന
വേട്ടക്കണ്ണുകൾ,
തിരിച്ചറിയാനെളുപ്പമുണ്ട്.

ശരവേഗമാർജ്ജിയ്ക്കാൻ പാകത്തിൽ
കോതി വച്ചൊരുടൽ ഭംഗി,
കണ്ണിൽ‌പ്പെടാതിരിയ്ക്കില്ല.

പഴക്കം ചെന്ന
പാണ്ടൻ നിറം.

സർവ്വോപരി,
വിധേയന്റെ
വിനീത പദചാരുത.

പനിമതി വിരുന്നെത്തിയ
രാവുകളൊന്നിൽ
വട്ടംചുറ്റി കരഞ്ഞതോർമ്മയുണ്ട്.

അതുകഴിഞ്ഞ്,
ചങ്ങലയോടഴിഞ്ഞു പോയതാകണം.

എനിക്കു പ്രിയപ്പെട്ട
ഓർമ്മകളിലൊന്നിനെ
കാണാതായിരിക്കുന്നു.

ജീവനോടോ
അല്ലാതെയോ
കണ്ടുപിടിച്ചുതരുന്നവർക്ക്

കൈനിറഞ്ഞു
സമ്മാനം !


Saturday, November 16, 2013

അമീബയുടെ വീട്




അമീബയെക്കുറിച്ച്
പഠനം നടത്തുന്നൊരുവനോട്
അതുചോദിച്ചു.

ഉണ്ണാനുമുറങ്ങാനും
ഉമ്മവച്ചു പടരാനും
ആനയിച്ചിരുത്താനും
അസ്തമയം നിറയ്ക്കാനും
സദിരേറ്റു നനയാനും
വേകാനും
പകുക്കാനും
ഒരുങ്ങാനും
മിനുങ്ങാനും
വഴിക്കണ്ണു നിരത്താനും
പ്രാർത്ഥിച്ചു തുളുമ്പാനും
‘എന്തശാന്ത’ മെന്നൊടുക്കം
ഇറുക്കിയടയ്ക്കാനും

വെവ്വേറെ മുറികളുള്ള
നിനക്ക്
എന്നിലെന്തുകാണാൻ കഴിയും ?

എനിക്കാകെയുള്ളത്
ഉണ്മയുടെ ഒറ്റമുറി !


(അമീബ- ഏകകോശജീവി)

Sunday, November 10, 2013

അടുക്കളവട്ടം





പാറ്റിക്കൊഴിച്ചിട്ടുണ്ട്.

കല്ലും കരടും കവർന്ന്
തിളനിലയിലിറക്കി
വിട്ടിട്ടുണ്ട്.

അരിഞ്ഞു-
മരച്ചെടുത്തും
തനിനിറം കാണിച്ചിട്ടുണ്ട്.

തൂവിയും
തൊട്ടുതിന്നും
വാശിപിടിപ്പിച്ചിട്ടുമുണ്ട്.

ഒടുക്കം,
ഊണുമുറിയിൽത്തള്ളി
വാതിലടച്ചു പോയിട്ടും

കടുകോളം
കുറ്റബോധമില്ല
കുശിനിത്തള്ളയ്ക്ക് 

പകരം,
പുറത്തേക്കൊഴുക്കി
വിടുന്നുണ്ട്

വറുത്തുകോരിയെടുത്ത
കൊതിക്കെറുവിന്റെ മണം!

Sunday, November 3, 2013

നരഭോജികളുണ്ടാകുന്നത്




കാട്ടിലൊരിടത്തു
കണ്ടതാണ്.

കവിതയുടേതെന്നു തോന്നിച്ച
കുറെ അസ്ഥികൾ

കൈസഞ്ചിയിലുണ്ടായിരുന്ന
ഛന്ദസ്സു കൊണ്ടൊന്നു
മുട്ടിനോക്കിയപ്പോൾ

സന്ധിബന്ധങ്ങളടുത്തു കിട്ടി.

അഴകുമലങ്കാരങ്ങളും കൂടി-
പ്പതിച്ചു ചേർത്തപ്പോഴേക്കും

ഹയ്യ !

ലക്ഷണം തികഞ്ഞൊരു
പുള്ളിക്കവിത മുന്നിൽ !!

പക്ഷേ
അർത്ഥമൂതിയൂതി
ജീവൻ പകർന്നുകൊടുത്തപ്പോഴാണ്
അരുതാത്തതു നടന്നത്.

ഇപ്പോൾ ഞാനില്ല ബാക്കി !

ഉള്ളത്,
നരഭോജനം നടത്തി
വിശ്രമിക്കുന്നൊരു നാൽക്കാലി !!