Sunday, November 3, 2013

നരഭോജികളുണ്ടാകുന്നത്




കാട്ടിലൊരിടത്തു
കണ്ടതാണ്.

കവിതയുടേതെന്നു തോന്നിച്ച
കുറെ അസ്ഥികൾ

കൈസഞ്ചിയിലുണ്ടായിരുന്ന
ഛന്ദസ്സു കൊണ്ടൊന്നു
മുട്ടിനോക്കിയപ്പോൾ

സന്ധിബന്ധങ്ങളടുത്തു കിട്ടി.

അഴകുമലങ്കാരങ്ങളും കൂടി-
പ്പതിച്ചു ചേർത്തപ്പോഴേക്കും

ഹയ്യ !

ലക്ഷണം തികഞ്ഞൊരു
പുള്ളിക്കവിത മുന്നിൽ !!

പക്ഷേ
അർത്ഥമൂതിയൂതി
ജീവൻ പകർന്നുകൊടുത്തപ്പോഴാണ്
അരുതാത്തതു നടന്നത്.

ഇപ്പോൾ ഞാനില്ല ബാക്കി !

ഉള്ളത്,
നരഭോജനം നടത്തി
വിശ്രമിക്കുന്നൊരു നാൽക്കാലി !!

4 comments:

ബഷീർ said...

ജീവൻ കൊടുത്തവർ തന്നെ ജീവനെടുക്കുന്ന കാലത്തിന്റെ കവിത..

ബൈജു മണിയങ്കാല said...

വളരെ ശരിയാണ് ഭംഗിയായി പറഞ്ഞു പല കവികളെയും കവിത വല്ലാതെ തിന്നു തീര്ക്കുന്നുണ്ട്

മാധവൻ said...

വരണ്ടച്ചുണ്ടുകളിലുറുമ്പരിച്ച്
കാറ്റിനേക്കാളലഞ്ഞ്
കള്ളുകുടിയനേക്കാള്‍ കലഹിച്ച്....എത്രപേര്‍..

കവിത മനോഹരം ശശി..

സൗഗന്ധികം said...

വളരെ നല്ല കവിത

ശുഭാശംസകൾ....