Sunday, July 20, 2014

ഇഷ്ടം




(ഇതിനോടകം മലയാളിയുടെ ഹൃദയതാളമായിത്തീർന്ന ഫേസ്ബുക്കിലെ ‘ലൈക്കു’കളെയും ‘ഡിസ്‌ലൈക്കു’ കളെയുമോർത്ത്)

വിവാഹവാർഷിക ദിനത്തിൽ
ഞങ്ങളുടെ പുതിയൊരു ചിത്രം
‘മുഖപുസ്തക‘ത്തിൽ ചേർത്തുവച്ചു.

വെറുതെ ഒരു രസത്തിന്.

ഒട്ടും അമാന്തിച്ചില്ല,
സുഹൃത്തുക്കളും
പരിചയക്കാരും
എന്നുവേണ്ട
വെറും വഴിപോക്കർ പോലും
‘ഇഷ്ടം‘ കൊണ്ടുപൊതിയാൻ തുടങ്ങി.

‘ഇപ്പോഴും എന്തുചെറുപ്പമെന്ന്’

‘ഈ ആനന്ദരസായനത്തിന്റെ ‘റെസിപ്പി‘
ഒന്നു പറഞ്ഞുതരാമോയെന്ന്’

‘ഇനിയൊരു നൂറുജന്മം കൂടി
ഒന്നിച്ചാകട്ടെയെന്ന്’

സാർത്ഥകമായ
പത്തിരുപതു വർഷങ്ങളെയോർത്ത്
പതിവില്ലാതെ
ഞങ്ങളും തെല്ലൂറ്റം കൊണ്ടു.

അനന്തരം,
കൂട്ടുകാർക്കും വീട്ടുകാർക്കും
മധുരവും സ്നേഹവും
സമാസമം ചേർത്ത്
വിളമ്പി നിന്നു.

സന്ധ്യയ്ക്ക്,
സഭ പിരിഞ്ഞുകഴിഞ്ഞപ്പോഴാണ്
ഞാനതു ശരിക്കും ശ്രദ്ധിക്കുന്നത്.

ആശംസകളുടെ ശാന്തസമുദ്രപ്പരപ്പിൽ
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടപ്പുണ്ട്
‘ഒരനിഷ്ട’ നൌകയും !

അലോസരമോ
കൌതുകമോ
എന്താണു തോന്നിയതെന്നറിയില്ല.

ബോധത്തിന്റെ തിരി നീട്ടി
നോക്കുമ്പോൾ എന്തത്ഭുതം !

‘കളങ്കമില്ലാതെന്തു മുഴുതിങ്കളെന്നു’
ചോദിച്ചുനിൽ‌പ്പാണ്

പടിയിറക്കിവിട്ട പഴയൊരു പ്രണയനാളം !!

4 comments:

Vinodkumar Thallasseri said...

‘കളങ്കമില്ലാതെന്തു മുഴുതിങ്കളെന്നു’
ചോദിച്ചുനിൽ‌പ്പാണ്

പടിയിറക്കിവിട്ട പഴയൊരു പ്രണയനാളം !!

Good.

ajith said...

ഒന്നല്ലേയുള്ളു!
നമ്മള്‍ക്കൊക്കെയാണെങ്കില്‍ പ്രണയനാളങ്ങള്‍ പലതും അനിഷ്ടം പറഞ്ഞോണ്ട് വന്നേനെ.

കവിത നന്നായി ഇഷ്ടപ്പെട്ടു കേട്ടോ

മാധവൻ said...

@ ajith എന്റമ്മച്ച്ച്ചി........ഇമ്മാതിരി പുളുവടിക്കല്ലെന്റജിത്തേട്ടോ...ഒരു പ്രേം നശീറു വന്നിരിക്ക്ണ്..

ശശീ ,കവിത നന്നായി.
...കഥാശേഷം ..കുശിനിഹര്‍ത്താലും ശയ്യാഭ്രഷ്ടും ഉറപ്പ്...

Bipin said...

അന്നാ പ്രണയ നാളം ഊതി ക്കെടുത്തിയത് കൊണ്ട് ഇന്ന് "ഹാപ്പി" ആയി ജീവിക്കുന്നു.

നല്ല കവിത.