കാണാതിരുന്നു നാം
കണ്ടുമുട്ടുന്നേരം
കാണാതെപോകുന്നു വാക്കുകൾ.
വാക്കിന്റെ നേർത്ത
ഞരമ്പിൽ
കൊരുത്തിട്ട നാനാർത്ഥം.
അർത്ഥപ്പൊലിമയിൽ തൂവും
ചിരിനിലാവാ-
കാശമുറ്റത്തെയൊറ്റ
നക്ഷത്രവും !
എങ്ങുപോയിത്രനാളെന്നോ
എത്രമേൽ സൌഖ്യമെന്നോ
അതല്ല,
കാലംപുതുക്കിപ്പണിഞ്ഞ
മനസ്സിലെങ്ങാനുമെൻ
പാഴുറ്റ സ്നേഹമോ
പാട്ടോ
കിനാക്കളോ
മായാതെ ചുറ്റിപ്പുണരുന്നുവോ-
യെന്നോ ചോദിച്ചതില്ല
ഞാൻ.
(ചോദിപ്പതെങ്ങനെ?)
കൈയകലത്തെത്തി നിൽക്കുന്ന
നീ പോലും
കണ്ണിൽപ്പെടാത്തത്ര
ഘോരതമസ്സൊന്നിൽ
മുട്ടുവടിയൂന്നി മെല്ലെ
മുന്നേറുമ്പോളെ-
ന്തു ചെയ്യേണ്ടു ഞാൻ
?
നീണ്ടു തോളിൽ വീണ
നിന്റെ സ്പർശം പൊതിഞ്ഞങ്ങു
നിൽപ്പല്ലാതെ !
2 comments:
പുന:സമാഗമ ചിന്തകള്‍ ..!
good kavitha
Post a Comment