Sunday, November 9, 2014

കവിതയെപ്പറ്റി രണ്ടുകവിതകൾ


1) കവിതയുടെ ചിത

കുഞ്ഞുശരീരമായിരുന്നു.
എട്ടോ പത്തോ വിറകുമുട്ടി
മതിയായിരുന്നു,
മൂടിയിട്ടുറക്കാൻ.

കത്തിത്തുടങ്ങുമ്പോൾ പോലും
ചില പ്രതീക്ഷകളൊക്കെയുണ്ടായിരുന്നു.

അർത്ഥങ്ങളുടെ ചെറുസ്ഫോടനമോ
അലങ്കാരങ്ങളുടെ ആളിപ്പടരലോ
പോലെ ചിലത്.

അതല്ല,
വാക്കുകളുടെ തോരാക്കരച്ചിലോ
വരികളിലൂടെയുള്ള അഗ്നിമന്ത്രണമോ,
എന്തെങ്കിലും.

ഒക്കെ വെറുതെയായി.
അരനാഴികകൊണ്ടു തന്നെ
വിസ്മൃതപ്പെട്ടു പോകയാണ്
കവിതയുടെ ജീവിതം !

ആളൊഴിഞ്ഞ് ഒറ്റയ്ക്കായപ്പോളാണ്
ഞാനതു ശ്രദ്ധിക്കുന്നത്.

തണുത്തുറഞ്ഞുപോയ ചാരത്തിനുള്ളിൽ
അവിച്ഛിന്നമായിരിപ്പുണ്ട്,
മുക്തഛന്ദസ്സിന്റെ വേപഥു.

എന്നെത്തെന്നെ നോക്കിനോക്കി !!


2) നിസ്വൻ

കവിയല്ലാതിരുന്നൊരു നിസ്വന്
കവിതയെഴുതണമെന്നു തോന്നി.

എന്തു ചെയ്യാനാണ്,
വാക്കുകളുടെ ഒരു മുക്കാലുപോലും
കൈയിലില്ലാത്ത നേരം.

അഥവാ ഉണ്ടെങ്കിൽത്തന്നെയെന്താണ് ?
അർത്ഥങ്ങളുടെ വ്യാപ്തിയുണ്ടോ-
യെന്നാർക്കറിയാം.

ഇനി,
അർത്ഥങ്ങളുണ്ടെങ്കിൽത്തന്നെ
വ്യാകരണപ്പച്ചയ്ക്കെന്താണു വിലയെന്നോ ?

അർത്ഥവ്യാകരണങ്ങൾ തന്നെ പോരല്ലോ
ആകൃതിയ്ക്കൊരു വൃത്തവും വേണ്ടേ ?

സഹികെട്ട്
അയാൾ നിരത്തിലേക്കിറങ്ങി.

ദയ തോന്നിയാകണം
കാട്, അയാൾക്ക് കുറെ
കാതലുള്ള വാക്കുകൾ കൊടുത്തു.

തിരകളാകട്ടെ വ്യാകരണരഹസ്യവും
കിണറൊരു
പൂർണ്ണവൃത്തവും നൽകി.

തൃപ്തിയടഞ്ഞ്, വീടെത്തി
അയാൾ കവിതയെഴുതാനിരുന്നു.

പക്ഷേ,
എന്തു ചെയ്യാൻ !
വാക്കുകൾ കടഞ്ഞ്
വ്യാകരണപ്പച്ച വൃത്തത്തിൽ
തേച്ചിട്ടും
തെളിഞ്ഞുവന്നില്ല,
കവിതയുടെ കനകധാര !

എന്തു ചെയ്യാൻ,
അയാൾക്ക് നിസ്വനായ്ത്തന്നെ

തുടരേണ്ടി വന്നു !!

8 comments:

സൗഗന്ധികം said...

"ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ"... എന്നൊരു പാട്ടുണ്ട്‌. ശ്യാം സാറിന്റെ. ആദ്യകവിത വായിച്ചപ്പോൾ, മനസ്സ്‌ "ചിതയിൽ നിന്നുയരും, കാവ്യശലഭങ്ങളേ"... എന്നറിയാതെ മൂളിപ്പോയി. :)

രണ്ടാമത്തെ കവിത വായിച്ചു കഴിഞ്ഞപ്പൊ, അൽപസ്വൽപം കള്ളം പറയുന്ന കൂട്ടത്തിലാന്നും മനസ്സിലായി. കാരണം, കവിത്വത്തിന്റെ കാര്യത്തിൽ നി സ്വനായ ഒരാളെങ്ങിനെ ഇങ്ങനെ കവിതയെഴുതും..? :)


നല്ല കവിതകളാ രണ്ടും.



ശുഭാശംസകൾ....








drkaladharantp said...

ആദ്യ കവിത വല്ലാതെ സ്വാധീനിച്ചു.നന്ദി

ajith said...

നന്നായിട്ടുണ്ട്

AnuRaj.Ks said...

സംഗതി സമകാലീന കവികളെ ആക്ഷേപിക്കുന്നതാണെങ്കിലും കവിതയെപ്പറ്റിയുള്ള കവിത അസ്സലായിട്ടുണ്ട്....ആശംസകള്‌‍

Anonymous said...

അർത്ഥങ്ങളുടെ ചെറുസ്ഫോടനമോ
അലങ്കാരങ്ങളുടെ ആളിപ്പടരലോ
പോലെ ചിലത്...

ബൈജു മണിയങ്കാല said...

തണുത്തുറഞ്ഞുപോയ ചാരത്തിനുള്ളിൽ
അവിച്ഛിന്നമായിരിപ്പുണ്ട്,
മുക്തഛന്ദസ്സിന്റെ വേപഥു എത്ര സുന്ദരം

Bipin said...

കാലങ്ങളെ അതി ജീവിയ്ക്കും എന്ന പ്രതീക്ഷ അസ്ഥാനത്ത് ആയി. അല്പ്പായുസ്സായിരുന്നു എന്ന് സമാധാനിക്കാം. ആ ചാരത്തിൽ നിന്നും പുതിയ കവിതകൾ നാമ്പിടട്ടെ.

അയാൾ നിസ്വനായി തുടരട്ടെ. കവിതയും ആസ്വാദകരും രക്ഷപ്പെടട്ടെ.

നല്ല ആശയം. നല്ല കവിത.

kanakkoor said...

മനോഹരം രണ്ടു കവിതകളും. നിസ്വന്‍ കൂടുതല്‍ നന്നായി . ആശംസകള്‍