ഒരമ്മ പെറ്റിട്ടതാണ്.
എന്റേത്
മഴയുടെ പകിട്ടുള്ള
സ്നേഹഭാഷ.
അലക്ഷ്യമായ്
പെയ്യുകയും
പറയാതെ
വിട്ടൊഴിയുകയും
ചെയ്യുന്ന
ഒഴുക്കൻ മട്ട്.
അതിൽ
എത്ര വാക്കുണ്ടെന്ന്
ഞാനെന്തിനറിയണം.
അതിനെ
ഉപജീവിച്ച്
എത്രകൃതികളുണ്ടെന്ന്
എനിക്കെങ്ങനെയറിയാം.
ആകെയറിയുന്നത്
നട്ടുനനയ്ക്കലിന്റെ
രീതിശാസ്ത്രം.
മുളച്ചോ
പടർന്നോ
എന്നു തിരക്കുന്ന
ഓരിലയീരിലച്ചന്തം.
നിന്റെ ഭാഷ
വണിക്കുകളുടേത്.
മഴയില്ലാത്ത രാജ്യത്ത്
വിളഞ്ഞ
വ്യഞ്ജനങ്ങളുടെ
പെരുമാറ്റം.
അതേ വീറും
മണവും.
ചേർത്തടച്ചോ
തൂകിയോ
എന്നു തിരയുന്ന
ഇരുത്തം വന്ന
വ്യഗ്രത.
മൂത്തോ
തികഞ്ഞോ
എന്നുള്ള
അളവുതൂക്കച്ചന്തം
!
വഴികളും
തുറമുഖങ്ങളും താണ്ടി
നീ ലോകത്തെ നയിക്കും.
ഞാനോ
ഇത്തിരിവട്ടത്തിലിരുന്ന്
പുതുമയും ജീവനും
കിനാവു കാണും.
പുരുഷാരം നിന്നെ
കേൾക്കും.
എന്റെ വാക്കുകളെയോ
നിലാവു പകർത്തിയെഴുതും.
നിർത്തലില്ലാത്ത കരഘോഷത്തിലൂടെ
നിനക്കവർ വഴിതീർക്കും.
ഞാനോ രാവിനോടൊരേകാന്തത
കടം വാങ്ങും.
യുദ്ധത്തെക്കുറിച്ചു
നീ വാതോരാതെ പറയും.
ഞാൻ ബുദ്ധനെയോർത്ത്
വ്യാകുലപ്പെട്ടിരിക്കും.
ഒടുക്കം,
നിന്റെ ഓർമ്മകൾ സുവർണലിപിയിൽ
നഗരചത്വരത്തിലെഴുതപ്പെടും.
എന്റേതോ,
നിറമെഴാത്ത മഴവിരലിനാൽ
മരങ്ങളെത്തലോടും.
നീ ആൾക്കൂട്ടത്തിനൊപ്പം
ഒഴുകിത്തീരും.
മഴ നിലച്ചാലും
മരമെന്നെ പെയ്തു കൊണ്ടിരിക്കും
!!
5 comments:
ശശീ എന്തൊരു വരികളാണ് ..
വിടുതലിനരനൊടി മിഴിയുയർത്തുമ്പോളൊക്കെയും ആകാശം പോൽ ഉൾക്കൊണ്ട് നിൽപ്പുണ്ട് ,,മഴപ്പകിട്ടുള്ള ഈ സ്നേഹഭാഷ ..
നന്നായുട്ടുണ്ട്!!
അതെ. കാലത്തെ അതി ജീവിക്കും. കവിതയെ ഗദ്യം വിഴുങ്ങിയോ?
സൂപ്പര്‍
രണ്ടാവര്‍ത്തി വായുക്കേണ്ടി വന്നു.....
ഗദ്യത്തിലെ കവിതയ്ക്ക്.....എന്‍റെ ഇഷ്ടം അറിയിക്കുന്നു......
Post a Comment