ക്ഷാരലായനിയിൽ മുങ്ങി
മരിച്ചുകിടക്കുമ്പോഴും
കാലുറകളിൽ നിന്നൂ-
ർന്നുപോകുന്നില്ല,
യാത്രകൾ തന്ന രസം
കാത്തിരിപ്പിന്റെ
ചുളിവ്,
അശ്വവേഗത്തിന്റെ താളവും.
ശിലയിൽ വീണുടയുമ്പോഴും
പാവുമുണ്ടിൽ നിന്നു
പൊഴിയുന്നില്ലോർമ്മ
തൻ
കൂട്ട്
ജാഥകൾ തൻ സംഘശക്തി,
വ്രണിതമാമുടലിൻ സാദവും.
എത്രമുക്കിപ്പിഴിഞ്ഞിട്ടും
വിട്ടുപോകാതെ നിൽപ്പുണ്ട്
സത്രങ്ങൾ ചൂടിത്തന്ന
മണങ്ങൾ.
വാടകപ്രണയം.
രാത്രിവണ്ടികൾ തന്ന
നിദ്ര തൻ ‘ഘട ഘട’.
ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു
മേൽ
പട്ടുനൂലോടിച്ചാരോ
വരച്ച
കുറുമ്പുകൾ.
എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം
ഏതു മില്ലിൽ
നീ നെയ്തതാകാം ?