Wednesday, May 16, 2012

ഉടൽവായനയുടെ ക്രമം



വായിക്കാനെന്തെങ്കിലും


പരതി നടന്നതിന്നൊടുക്കം

കയ്യിൽത്തടഞ്ഞ-

തൊരുടലാണ്‌.



പേടിയുടെ

പുസ്തകമുറികളൊന്നിൽ

പുറഞ്ചട്ടപോലുമില്ലാതെ

കിടപ്പായിരുന്നത്.



വീടെത്തി-

യേകാന്തത്തിൽ

വായന തുടങ്ങുമ്പോൾ

അത്ഭുതം!



അക്ഷരങ്ങളൊന്നുമേ

കാണ്മാനില്ല.



എവിടെപ്പോയിരിക്കുമവരെന്നു

സശ്രദ്ധം

തിരയുമ്പോൾ



തെളിയുന്നുണ്ടോരോ

താളിലും, തളിരിലും

ചില വരകൾ,കുറികളും.



അടുക്കില്ലാതെ ചില ചിന്തകൾ

ഇടയ്ക്കു നിർത്തിപ്പോയ പാഠങ്ങൾ,കണക്കുകൾ

ആർക്കുമേ തിരിയാത്ത ക്യൂണിഫോം വഴക്കങ്ങൾ.



അത്തരം ഭാഷകളെ-

യടുത്തറിയാവുന്നൊരാളാണതു

പറഞ്ഞത്.



" ലിപിയല്ലിത് !

രുചിഭേദത്തിന്റെയളവും മുറിക്കലും

ഋതുഭേദത്തിന്റെ നനവും നിറയ്ക്കലും

മാത്രം.



എന്നാലും സാരമില്ല

വായിക്കാനെളുപ്പമീ കാവ്യം.



ബ്രെയിൽ മാതൃകയെന്നോണം

വിരലോടിച്ചാൽ മതി,

അഴിഞ്ഞേവീണുകിട്ടു-

മക്ഷരരഹസ്യങ്ങൾ "









ക്യൂണിഫോം- അതിപ്രാചീന വരമൊഴി

ബ്രെയിൽ- വിരൽസ്പർശം കൊണ്ടറിയുന്ന, അന്ധരുടെ ഭാഷ,









5 comments:

Unknown said...

ശരിക്കും നന്നായിട്ടുണ്ട്. അടുത്ത കാലത്ത് വായിച്ച ബ്ലോഗ് കവിതകളില്‍ തെറ്റില്ലാത്ത ഒന്ന്. ആദ്യ നാലുവരികള്‍ തൊട്ട് തന്നെ ഒരു കവിതത്തം അനുഭവപ്പെടുത്തുന്നു

ശ്രീനാഥന്‍ said...

പേടിയുടെ പുസ്തകമുറിയിലെ ഉടൽ വായന- ഉടലിൽ നിന്ന് അക്ഷരരഹസ്യങ്ങൾ, വിരൽ മീട്ടുമ്പോൾ ... നല്ല കൌതുകമുണർത്തുന്ന കവിത.

Unknown said...

നല്ല വാക്കുകള്‍... :-)

SASIKUMAR said...

നന്ദി, ശ്രീനാഥനും,രൈഹാനയ്ക്കും,അരുണിനും,അബു ഷിഫയ്ക്കും മറ്റനേകർക്കും.

ഓരോ വായനയും ഓരോ വാതിൽ തുറക്കുന്നു.പിന്നെ ഹൃദയത്തിലേക്ക് ചേർത്ത് ചാരുന്നു.

Unknown said...

എന്നാലും സാരമില്ല

വായിക്കാനെളുപ്പമീ കാവ്യം.



ബ്രെയിൽ മാതൃകയെന്നോണം

വിരലോടിച്ചാൽ മതി,

അഴിഞ്ഞേവീണുകിട്ടു-

മക്ഷരരഹസ്യങ്ങൾ .......
ഉദാത്തമായ ഭാവനകൾ വിടരുന്നുണ്ടിവിടെ...