Monday, July 30, 2012

ഭാരതപ്പുഴ

സ്മൃതിനാശം ഭവിച്ച പുഴയ്ക്ക്
തിരകൾ തീരെക്കാണില്ല.

തിരക്കയ്യിലിറങ്ങി
‘കാൽ നനച്ചോട്ടെ’യെന്നു
ചോദിക്കുമായിരുന്ന
കരകൾ തീരെയുമില്ല.

കരകളെപ്പൊതിഞ്ഞു
നെഞ്ചിൽച്ചേർത്തു പിടിക്കുമായിരുന്ന
കാട്ടുപച്ചയൊട്ടുമില്ല.

പച്ചയിലമർന്ന്
പാടിയും പറഞ്ഞുമിരിക്കുമായിരുന്ന
കിളിപ്പെണ്ണുങ്ങളുമില്ല

കിളിമോളെക്കൊണ്ടു
തുന്നിച്ചു വച്ചിരുന്ന
കവിതക്കുപ്പായങ്ങളേതുമില്ല.(1)

കവിതക്കുപ്പായം നീട്ടിയിട്ട്
നാട്ടിടവഴിയിലങ്ങോട്ടുമിങ്ങോട്ടും
നടക്കുമായിരുന്ന
കളിയച്ഛനുമില്ല.(2)

ആകെയുള്ളതോ

അലക്കിത്തേച്ചുവച്ചൊരാകാശവിരിപ്പ്.

വിരിപ്പിനു താഴെ
അനേകം കോപ്പകളിൽ
നിറച്ചു വച്ച
പഴയൊരു ജലതരംഗം.(3)

അരികെ

ഒഴുകാതെയും
ഒട്ടും പാടാതെയും

തെക്കോട്ടുള്ള രാത്രിവണ്ടിയും നോക്കി
പാളത്തിൽ
തല ചേർത്തു കിടപ്പാണല്ലോ
ഭാരതപ്പുഴ !

മുങ്ങിച്ചത്തവന്റെ നന്നങ്ങാടിയെ
വീണ്ടും വീണ്ടും
ഓർമ്മിപ്പിച്ചുകൊണ്ട്.



(1) - കിളിപ്പാട്ടോർമ്മ
(2) - ‘പീ’യോർമ്മ
(3) - ഒരു സംഗീതോപകരണം

7 comments:

Kalavallabhan said...

ഒഴുകാതെയും
ഒട്ടു പാടാതെയും

മാധവൻ said...

പുഴക്ക് സ്മൃതിനാശം വരമാകട്ടെ ശശികുമാര്‍...
മരണശയ്യയിലുടലാകെപൊട്ടിയളിഞ്ഞ് ഇങ്ങനെ കിടക്കുന്നത് ആരെക്കാത്താണ്..ആരുമില്ല വരാന്‍

സകല പ്രതാപവുമുള്ള വരികളില്‍, പുഴയിലൂടെ നിറഞ്ഞൊഴുകുന്നു കവിത

ഓണത്തിനു നാട്ടില്‍ പോകുന്നുണ്ടോ?

Radha said...

malayalam vakkukalil ezhuthanam ennundu. some technical problems in my machine.

bharatha puzha manassine thottunarthi.
ullinte ullil oru thengalayi bharatha puzhayum ente kochu kidangoorile meenachilarum .
ee puzhakalellam ipplol dayaneeyamayi nishabdamayi namme nokki karayumbol nam athu kanathatho? kandillennu nadikkunnatho?

Radha said...

malayalam vakkukalil ezhuthanam ennundu. some technical problems in my machine.

bharatha puzha manassine thottunarthi.
ullinte ullil oru thengalayi bharatha puzhayum ente kochu kidangoorile meenachilarum .
ee puzhakalellam ipplol dayaneeyamayi nishabdamayi namme nokki karayumbol nam athu kanathatho? kandillennu nadikkunnatho?

ശ്രീനാഥന്‍ said...

പുഴയെ ഓർത്തോർത്ത് സങ്കടങ്ങള് കവിതയായി വിരിയുന്ന കാഴ്ച!

ഷാജി നായരമ്പലം said...

പുഴയോളമുണര്‍ന്നു പാട്ടുപാടാന്‍
കഴിയാതായ് ക്കവികാത്തു നില്‍ക്കയാവാം
സ്വരവീണകള്‍ മീട്ടി നോക്കി,യെന്നാല്‍
കരയുന്നിക്കരയോടു ചേര്‍ന്നു മെല്ലെ!

(വിയോഗിനി)

SASIKUMAR said...

എന്റെ പുഴദുഃഖങ്ങളൊടൊപ്പം ഹൃദയം തൊട്ടുവെച്ചവർക്ക് നന്ദി