Monday, March 24, 2014

മെയ്ഡ് ഇൻ ചൈന




( "ഇന്ത്യ ഇന്ത്യയുടേതെന്നും, ചൈന ചൈനയുടേതെന്നും ..... " എന്നു തുടങ്ങുന്ന പ്രസിദ്ധ വാചകം നാം കണ്ട രാഷ്ട്രീയപ്രതിഭകളിലൊരാളിന്റേതാണ്. അത്തരം ശൈലീവല്ലഭന്മാരെ നമുക്ക് മിക്കവാറും നഷ്ടപ്പെട്ടു കഴിഞ്ഞല്ലോ എന്ന ആകുലതയിൽ നിന്ന് ഉരുവം കൊണ്ടതാണ് ഈ വരികൾ.)


പണ്ട്,
അവർ അവരുടേതെന്നും
നാം നമ്മുടേതെന്നും
പറയുമായിരുന്ന
ചില വിഷയങ്ങളുണ്ടായിരുന്നു.


അതിരുകളിലും ചിന്തകളിലും
ആളിപ്പടർന്നു പിടിയ്ക്കുമായിരുന്നു
ചുവന്ന നിറമുള്ള
ചിലതൊക്കെ.


ഇപ്പോളതൊക്കെ മാറി


ഷെൽഫുകളിൽ
അടുക്കടുക്കായി വച്ചിരിക്കുന്ന,
അവരുടെ
കളിപ്പാട്ടങ്ങൾ
ഉപാധികൾ
ഉപകരണങ്ങൾ
എളുപ്പവഴികൾ


എല്ലാം വാരിവലിച്ചെടുത്ത്
കൂട നിറയ്ക്കുന്നേരം,
"ഒക്കെ ചൈനയാണെ" ന്ന്
ഞാനോർമ്മിപ്പിച്ചു കൊണ്ടിരുന്നു !!


ഒടുക്കം ബില്ലടച്ച്,
പുറത്തേക്കിറങ്ങുമ്പോളാണ്
നീ മറുപടി തന്നത്.


"ശരിയാണ്,
അവർ നമ്മുടേതെന്നും
നാം അവരുടേതെന്നും പറയുന്ന
സമത്വ സുന്ദര ലോകം,
എത്ര മിതവിലയ്ക്ക്
എന്തുനല്ല ഫിനിഷിങ്ങിൽ" !!

3 comments:

ajith said...

china is a wonderful country!!

സൗഗന്ധികം said...

നമ്മൾ, നമ്മുടേതെന്ന പറച്ചിലിലൊതുക്കി. അവർ പ്രവൃത്തിയിലൂടെ, അതവരുടേതാണെന്നു കാണിച്ചുതന്നു കൊണ്ടിരിക്കുന്നു.!

നല്ല കവിത


തികച്ചും നാടനായ,കലർപ്പില്ലാത്ത ശുഭാശംസകൾ.....

Sangeeth K said...

ഇപ്പോള്‍ എല്ലാം 'ചൈനമയം' ആണല്ലോ... :-)
കവിത നന്നായി... :-)