( തിരഞ്ഞെടുപ്പു പിറ്റേന്ന്
പൊളിച്ചടുക്കിയ മലാപ്പറമ്പിലെ 140 കൊല്ലം പഴക്കമുള്ള വിദ്യാലയം നമ്മെ നോക്കി ചിരിക്കുന്നു;
അതല്ല, എന്തു സാക്ഷരതയെക്കുറിച്ചാണ് നാമിങ്ങനെ വാ തോരാതെ........?)
നിശ്ചയമായും
ഞെട്ടിത്തരിച്ചു കാണണം
മുൻബഞ്ചിലിരുന്ന കലയും
കമലയും.
കച്ഛപിയുപേക്ഷിച്ച്
അക്ഷരങ്ങളോടൊപ്പം
ഓടിപ്പോയിരിക്കണം
പേടിച്ചരണ്ടുപോയ വാണിട്ടീച്ചർ.
വരാന്തയിൽ
അക്ഷമനായ് നിന്ന പുതുമഴയ്ക്കും
കണക്കിനു കിട്ടിയ
ലക്ഷണമുണ്ട് !
കണ്ടില്ലേ
നേരേ നിൽക്കാനാകാതെ
ചാഞ്ഞും ചരിഞ്ഞുമുള്ള
അവന്റെ പോസുകൾ
വഴിക്കണക്കിൽ നിന്ന്
പിടിച്ചിറക്കി പുറത്തേക്കെറിഞ്ഞിട്ടാകണം,
വിച്ഛിന്നമായ പോലുണ്ട്
സങ്കലനങ്ങളുടെ കൈവിരൽ.
ആദ്യപാഠങ്ങൾ ചോർന്ന്
ഭിത്തി തൂകിക്കിടപ്പാണല്ലോ
‘തറ‘യും ‘തല‘യും മറ്റും
!
പൂരപ്പറമ്പഴിഞ്ഞ്
മണ്ണിലൂർന്ന് കിതപ്പാണല്ലോ
‘വല‘യും ‘വള‘യും മറ്റും
!
ഓർമ്മത്തെറ്റിലിറങ്ങി-
യരക്കാതം നടന്നാൽ
മതി,
വീണിതല്ലോ കിടക്കുന്നു
കാണുക, ജ്ഞാനോദയങ്ങളുടെ
പൂർവ്വികം !!
5 comments:
സാക്ഷരതയുടെ സാച്യുറേഷനെത്തിയെന്നു തോന്നുന്നു. ഒന്നേന്നു തുടങ്ങാൻ 'ഒരുടച്ചുവാർക്കൽ'.. ഇനിയിപ്പൊ വകുപ്പ്തല അന്വേഷണം വരും. പിന്നെ ബന്ധപ്പെട്ടവർ പരിശോധിക്കും. പിന്നെ പഠിക്കും.അതങ്ങനെ നീളും. പാവപ്പെട്ട പിള്ളെരുടെ പഠിപ്പും..
ഓർമ്മത്തെറ്റിലിറങ്ങി-
യരക്കാതം നടന്നാൽ മതി,
വീണിതല്ലോ കിടക്കുന്നു
കാണുക, ജ്ഞാനോദയങ്ങളുടെ പൂർവ്വികം !!
വളരെ മനോഹരമായി എഴുതി.
ശുഭാശംസകൾ...
ലാഭമല്ലെന്ന് പറഞ്ഞ് പൊളിക്കുന്നവര്‍!!!!!!!!
140 വർഷം പഴക്കമില്ലേ ? പൊളിച്ചത് നന്നായി.
ഞാന്‍ പഠിച്ച വിദ്യാലയത്തിന് ഒരിക്കലും ഈ ഗതി വരാതിരിക്കട്ടെ
ഇനി എല്ലായിടത്തും ഇങ്ങിനെ കാണപ്പെടും..
ജ്ഞാനോദയങ്ങളുടെ പൂർവ്വികങ്ങള്
കവിത നന്നായി..
Post a Comment