Sunday, August 3, 2014

മറുക്





( You are an expatriate. You’ ve lost touch with the soil........
-Ernest Hemingway)

കാലങ്ങൾക്കു ശേഷം
വീടുതുറന്നു കയറുമ്പോൾ
പൂമുഖം ചോദിച്ചു
“ നിന്റെ മണമെങ്ങുപോയി? ”

തെരുവുകളിലെങ്ങോ
കളവുപോയ കാര്യം
ഞാൻ പറഞ്ഞില്ല.

കിടപ്പറ ചോദിക്കയാണ്,
അശ്വവേഗങ്ങളെവിടെയെന്ന് !

പന്തയപ്പുരകളി-
ലെരിഞ്ഞുപോയ വിവരം
പറയാതെ ഞാനൊഴിഞ്ഞു.

രുചികൾക്കെന്തുപറ്റിയെന്നാ‍ണ്
അടുക്കളയ്ക്കറിയേണ്ടത്.

ശീതീകരിച്ച്,
കയറ്റിയയ്ക്കാൻ വച്ച കാര്യം
ഞാനെങ്ങനെ വെളിപ്പെടുത്തും.

തിരക്കുകളു-
മലങ്കാരങ്ങളുമഴിച്ച്

പിറന്നപടി
കണ്ണാടി നോക്കുന്നേരം

എനിക്കും തോന്നുന്നുണ്ട്
ന്യായമായ ചിലതൊക്കെ !

ആരാണു താങ്കൾ ?
പേര് ?
വിലാസം ?
തിരിച്ചറിയാനൊരുപാധി ?

ഓർമ്മയുടെ-
യൊരു മറുകെങ്കിലും !!

9 comments:

മാധവൻ said...

അടയാളങ്ങളൊന്നുമവശേഷിപ്പിക്കാതെ നില്‍ക്കുന്നു എനിക്കുമുന്നിലുമൊരപരിചിതന്‍..എങ്ങുപോയ് തിരയേണ്ടു ഞാനെന്നെ.??

ശരിക്കാസ്വദിച്ചു ശശീ..

AnuRaj.Ks said...


ആരാണു താങ്കൾ ?
പേര് ?
വിലാസം ?
തിരിച്ചറിയാനൊരുപാധി ?
എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും ഇങ്ങനെയൊക്കെ.....

ajith said...

ആരായിരിക്കും??!!

ശ്രീ said...

മനോഹരം, മാഷേ

ബൈജു മണിയങ്കാല said...

ഓരോ ദിവസവും നമ്മളിൽ നിന്നകന്നു പോകുന്ന നമ്മൾ മറ്റുള്ളവരിൽ നിന്നും കാലങ്ങളിൽ നിന്നും
ശീതീകരിച്ച്,
കയറ്റിയയ്ക്കാൻ വച്ച രുചി നാക്കിന്റെ പോലും പ്രവാസം മനോഹരം

Vinodkumar Thallasseri said...

ഓർമ്മയുടെ-
യൊരു മറുകെങ്കിലും !!

അതെ ചോദിക്കാന്‍ തോന്നുന്നു, ഓര്‍മ്മയുടെ ഒരു മറുകെങ്കിലും.. !

Bipin said...

എന്തിനു തിരിച്ചറിയണം.

Bipin said...

എന്തിനു തിരിച്ചറിയണം.

Unknown said...

നാം എന്നത് ഒരു ഓർമ മാത്രമാകാം..
നല്ല ചിന്ത.. ആശംസകൾ !