Tuesday, February 3, 2015

ചില അലക്കുചിന്തകൾ



ക്ഷാരലായനിയിൽ മുങ്ങി
മരിച്ചുകിടക്കുമ്പോഴും
കാലുറകളിൽ നിന്നൂ-
ർന്നുപോകുന്നില്ല,
യാത്രകൾ തന്ന രസം
കാത്തിരിപ്പിന്റെ
ചുളിവ്,
അശ്വവേഗത്തിന്റെ താളവും.

ശിലയിൽ വീണുടയുമ്പോഴും
പാവുമുണ്ടിൽ നിന്നു
പൊഴിയുന്നില്ലോർമ്മ തൻ
കൂട്ട്
ജാഥകൾ തൻ സംഘശക്തി,
വ്രണിതമാമുടലിൻ സാദവും.

എത്രമുക്കിപ്പിഴിഞ്ഞിട്ടും
വിട്ടുപോകാതെ നിൽ‌പ്പുണ്ട്
സത്രങ്ങൾ ചൂടിത്തന്ന മണങ്ങൾ.
വാടകപ്രണയം.
രാത്രിവണ്ടികൾ തന്ന
നിദ്ര തൻ ‘ഘട ഘട’.

ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു മേൽ
പട്ടുനൂലോടിച്ചാരോ
വരച്ച
കുറുമ്പുകൾ.


എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം
ഏതു മില്ലിൽ

നീ നെയ്തതാകാം ?

6 comments:

മാധവൻ said...

ലജ്ജ ചൂടിയ നേർത്ത

ദാവണിപ്പൂക്കൾക്കു മേൽ

പട്ടുനൂലോടിച്ചാരോ

വരച്ച

കുറുമ്പുകൾ.

ഹൃദ്യം ശശീ ..

Vinodkumar Thallasseri said...

എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം

Plese do not wash it away

Bipin said...

എത്ര അലക്കിയാലും മാഞ്ഞു പോകാത്ത വർണങ്ങൾ നിറഞ്ഞ സ്നേഹം. മരിച്ചു കിടക്കുമ്പോൾ എന്ന പ്രയോഗം അത്ര യോജിച്ചില്ല.അർത്ഥത്തിലും സന്ദർഭത്തിലും. ഏതു മില്ലിൽ ... മില്ല് മുഴച്ചു നിൽക്കുന്നു. പകരം തറി എന്ന വാക്ക് ഉപയോഗിച്ചി രുന്നുവെങ്കിൽ ഭംഗി ഏ റിയേനെ.

നല്ല കവിത.

SASIKUMAR said...

പ്രിയവഴിമരം,വിനോദ് തലശ്ശേരി,ബിപിൻ നന്ദി ! സന്ദർശനത്തിനും കമന്റിനും. ബിപിൻ താങ്കളുടെ നിരൂപകമനസ്സിന് സ്വാഗതം.എഴുത്തിനെ കവിതയോ, കഥയോ ഒക്കെ ആക്കുന്നത് ഇതുപോലുള്ള കമന്റുകളും സ്നേഹവുമാണ്.

ബൈജു മണിയങ്കാല said...

വെളുപ്പ്‌ എങ്ങും പറയാതെ വരികൾ എടുത്തു വയ്ക്കുന്നു അതാണ്‌ എഴുത്തിന്റെ ശക്തി പറയാതെ പറയുന്ന തന്ത്രം വസ്ത്രം പോലെ
സുന്ദരം

കല്ലോലിനി said...

സ്നേഹത്തിന്‍റെ കറയും ഓര്‍മ്മകളുടെ മണവും......
കവിത ഭംഗിയായിട്ടുണ്ട്.
ഏതു മില്ലില്‍ എന്നത് ചേരുന്നില്ലെന്നു തന്നെ എനിക്കുംതോന്നുന്നു....