ഈയിടെയായി
കവിതയെഴുതാൻ പേടിയാണെനിക്ക്!
കാരണം മറ്റൊന്നുമല്ല.
ഓരോരോ വരികൾ എഴുതിപ്പിടിപ്പിക്കുമ്പോഴും
എന്റേതെന്റേതെന്നു
പറഞ്ഞ്
ചിലർ കടന്നുവരും.
കോടതി കയറ്റുമെന്ന്
കണ്ണുരുട്ടും.
ചിന്തകളോരോന്നങ്ങനെ
കാച്ചിക്കുറുക്കിയെടുക്കുമ്പോൾ,
കള്ളനെന്നു വിളിച്ചുകൂവി
വേറൊരുകൂട്ടരെത്തും.
നാടുവിട്ടോളാൻ പറയും.
മടുത്തു.
ആശയങ്ങളും
അലങ്കാരത്തിന്റെ നിറമുള്ള
കുപ്പായങ്ങളും
എല്ലാം ഉപയോഗിച്ചുപഴകിയത്.
ആരെങ്കിലുമൊക്കെ
ഉരിഞ്ഞിട്ടത്.
ഓരോരുത്തരുടെ വിയർപ്പും
നെടുവീർപ്പും പതിഞ്ഞവ.
എനിക്കാണെങ്കിൽ,
പുതുമയുള്ള എന്തെങ്കിലും
കുത്തിക്കുറിക്കാഞ്ഞിട്ട്
ഒരിത് !!
സഹികെട്ട് ദൈവത്തെ
വിളിച്ചുണർത്തിയപ്പോൾ
പറഞ്ഞുതന്നതു കേൾക്കണോ
?
“കവിതയെഴുത്തൊക്കെ
കഴിഞ്ഞുപോയി കുഞ്ഞേ,
ഇതു പച്ചകുത്തിന്റെ
കാലം.
ഹൃദയത്തോടു ചേർത്ത്,
സൂചികൊണ്ട്
മഷിമുക്കിയൊരു തുന്നൽ.
നൊന്തുനൊന്തു പോകുമെങ്കിലും
സാരമില്ല.
ആഴത്തിലൊരടയാളം തന്നെ
ധാരാളം.”
കവിതയെഴുത്തു നിർത്തുകയാണു
ഞാൻ
പകരം, പച്ചകുത്ത്
പഠിക്കയും !!
9 comments:
നടക്കട്ടെ
ഇനിയുമിടമില്ലാത്ത വിധം ഹൃദയത്തെ പച്ചകുത്തിയ എത്രകവിതകളാണ് ശശീ ,,ഈ ഒരിലയുടെ അപാരതയിൽനിന്ന് വാർന്നിട്ടുള്ളത്.
സങ്കടം തോന്നുന്നു.....
സത്യം .....ചിലപ്പോഴൊക്കെ എനിക്കും ഇങ്ങനെയൊക്കെ തോന്നാറുണ്ട്...
പുതിയത് എന്ന് പറയാൻ ആശയങ്ങൾ ഒന്നുമില്ല. ആരൊക്കെയോ പണ്ട് പറഞ്ഞ,ആൾക്കാർ മറന്നു പോയ, അല്ലെങ്കിൽ കേൾക്കാത്ത കുറെ കാര്യങ്ങൾ സ്വന്തം എന്ന് പറഞ്ഞു നാം പറയുന്നു. അവകാശം ഇല്ലാത്തവർ അവകാശം പറഞ്ഞു വരുന്നു. ഇനി ഹൃദയത്തിൽ പച്ച കുത്തിയാലും അത് ഒരു അടയാളമായി അവശേഷിയ്ക്കും എന്ന് എന്താണൊരുറപ്പ്. അങ്ങിനെ കുത്തിയ അടയാളങ്ങൾ ഉള്ള മറ്റു ഹൃദയങ്ങൾ അല്ലെങ്കിൽ ആ ഹൃദയത്തിന് ഒരു അവകാശി!
എഴുത്ത് നന്നായി.

ഹൃദയത്തോട് ചേർത്തു
സൂചി കൊണ്ട്
മഷിമുക്കിയൊരു തുന്നല്‍
ഇതില്‍ കൂടുതൽ എന്തു വേണം ഭായ് കവിതക്ക് .....ഹൃദയത്തില്‍ നിന്ന് ആശംസകൾ
Good
Post a Comment