Monday, May 18, 2015

നഗരമഴ


നഗരമഴയ്ക്ക്
നാടൻ‌മഴയേക്കാൾ
തലയെടുപ്പുണ്ട്.

മടമ്പുയർന്ന സ്ഫടികച്ചെരുപ്പും
കിന്നരിത്തലപ്പാവുമുണ്ട്.

വിദൂരദേശങ്ങളിൽ നിന്ന്
പരിചയിച്ച,
വഴക്കമുള്ള ഭാഷയും
ഉപചാരത്തിന്റെ വടിവുമുണ്ട്.

കോടതിയിലേക്കോ
കമ്പോളത്തിലേക്കോ
പണിശ്ശാലകളിലേക്കോ
യജമാനനോടൊപ്പം
നടന്നുപോകുമ്പോൾ

പറഞ്ഞറിയിക്കാനാകാത്ത
പത്രാസുമുണ്ട്.

കൃത്യമായ സമയവും
കിറുകൃത്യമായ സേവനവുമാണ്
അതിന്റെ മുഖമുദ്ര.

പകൽനേരങ്ങളിൽ,
തെരുവിന്റെ ഏങ്കോണിപ്പിലും
ടെറസ്സിൻ ചതുരങ്ങളിലും
വിശ്രമമില്ലാതെ വേലചെയ്യും.

നിരത്തുമുറിച്ചുകടക്കുന്ന
ജാഥകൾക്ക്,
ഇഴയിട്ടു കൊടുക്കും.

ഒഴിവുവേളയിലാകട്ടെ,
നഗരചത്വരം വരെ
ഒന്നോടിപ്പോയി വരും.

ബോട്ടുജട്ടിയോടോ
വിളക്കുമരത്തോടോ
തൂവനമൊന്നു മൊഴിഞ്ഞെങ്കിലായി.

പന്ത്രണ്ടാം നമ്പ്ര വീട്ടിലെ
ചിറ്റക്കാരി മുല്ലയോട്
കുളിരിൽ‌പ്പൊതിഞ്ഞെന്തോ
പറഞ്ഞെങ്കിലായി.

കൃത്യം പത്തരയ്ക്കു തന്നെ
യജമാനൻ
വിളക്കണയ്ക്കുമ്പോൾ,
പുറത്തു പായ വിരിച്ചുകിടക്കും.

‘എന്റെയെന്റെ‘ യെന്ന് പറഞ്ഞ്
രാ വെളുക്കുവോളം
കരയും.

നഗരമഴ,
ഒരു മഴയല്ല തന്നെ.

പിന്നെയോ,
നാടുപേക്ഷിച്ചുപോന്ന
ഒരു പ്രവാസി !!


6 comments:

മാധവൻ said...

നഗരമഴയുടെ ഗണിതം എത്രനന്നായ് നിര്‍ധാരണം ചെയ്യുന്നു ശശീ താങ്കള്‍.
മഴയുടെ പ്രവാസഭാവം നന്നായി.

Bipin said...

മഴയെ ഇങ്ങിനെ നഗരവൽക്കരിച്ചത് ശരിയായില്ല. നഗരത്തിൽ വരാൻ മടി കാണിയ്ക്കുന്നു എന്നല്ലാതെ മറ്റൊരു പക്ഷ പാതവും ഇല്ല. വരുമ്പോൾ പൂർണമായും തനി സ്വഭാവം തന്നെ. നഗരമെന്നോ നാടോ എന്നില്ലാതെ തകർത്ത് പെയ്യുന്നു.

Vinodkumar Thallasseri said...

നഗരമഴ,
ഒരു മഴയല്ല തന്നെ.

പിന്നെയോ,
നാടുപേക്ഷിച്ചുപോന്ന
ഒരു പ്രവാസി !!

Good dear

വിനോദ് കുട്ടത്ത് said...

നഗര മഴക്ക് നാട്യമേറെ.......
എങ്കിലും മഴയില്ലാത്തിടങ്ങളില്‍ കുളിരുപകരും.......
നാട്ടുമഴ മഴയിടങ്ങളില്‍ വിശപ്പുണക്കും
ആശംസകൾ......

കല്ലോലിനി said...

നഗരമഴ ഒരു മഴയല്ല തന്നെ...
നാട്ടുമഴയുടെ ഒരോര്‍മപ്പതിപ്പ്.!!!
കവിത വളരെ ഹൃദ്യമായി.. ആസ്വദിച്ചൂ..!!

രാജാവ് said...

nice..really enjoyed!!