Sunday, March 24, 2013

ശ്രേഷ്ഠമലയാളം



എഴുത്തച്ഛന്റെ കിളിക്കൂടാണ്‌


ആദ്യമേ അഴിച്ചുമാറ്റിയത്.



തുടർന്ന്,

വീണുപോയെങ്കിലും

സുഗന്ധം പൊഴിച്ചുകൊണ്ടിരുന്നൊരു പൂവിനെ

നിർദ്ദയം തുടച്ചു കളഞ്ഞു.



മധുരം വഴിഞ്ഞ്

ഉൾമുറികളൊന്നിൽ കിടന്നിരുന്ന

പൂവമ്പഴത്തിന്റെ കൂട

കിട്ടിയ വിലയ്ക്ക് കാശാക്കുകയും ചെയ്തു.



അനാവശ്യചെലവുകൾ വേണ്ടെന്നുകരുതി

ഇന്ദുലേഖയെയും തോഴിയെയും

ഒഴിവാക്കി.



രമണനോ അപ്പുക്കിളിയോ

മേലിൽ തൊടിയിൽക്കടന്നു പോകരുതെന്നും

വിലക്കി.



കുറെക്കാലമായി

വെറുതെയിരിക്കുകയായിരുന്ന കളിയച്ഛന്‌

അല്ലറ ചില്ലറ കൊടുത്ത്

കണക്കുതീർത്തു.



‘അരക്ഷണം പോലും കണ്ടുപോകരു’തെന്ന്

അയ്യപ്പനെയാട്ടിയോടിച്ചു.



അക്കാഡമി യോഗം കഴിഞ്ഞ്

ജ്യേഷ്ഠകവിയും ആമിയോപ്പുവും വരുന്നേരം

പടിപ്പുര തുറന്നുപോകരുതെന്നും



ബാലനിനിമേൽ

അന്നം* കൊടുത്തുപോകരുതെന്നും

കല്പിച്ച്,



സ്വസ്ഥനായി.



ഇനിയെന്തുചെയ്യുമെന്ന

താങ്കളുടെ ചോദ്യത്തിൽ

കഴമ്പില്ല സുഹൃത്തേ !



കള്ളന്റെ ആത്മകഥയും

കാമശാസ്ത്രവും കൂട്ടിനുണ്ട്.



അതുമതി !!





(* അതേപേരുള്ള ബാലചന്ദ്രകവിതയിൽ വൈലോപ്പിള്ളിയുടെ സാന്നിദ്ധ്യവുമുണ്ട്.)







Sunday, March 17, 2013

തിരസ്കൃതൻ



എത്രയടി വിശ്വാസം കാണുമെന്നറിയാൻ


മുങ്ങിനോക്കിയതാണ്‌, നിന്നിൽ.



സമ്മതിച്ചില്ലവർ.



അരുമയോടെ കോരിയെടുത്ത്

കരയ്ക്കിട്ടു കളഞ്ഞു.



പ്രാണധാര ബന്ധിച്ച്

നിന്നെത്തന്നെ ധ്യാനിച്ചുനിന്നതാണ്‌.



സഹിച്ചില്ലവർക്ക്.



സൂക്ഷ്മതയോടറുത്ത് നിലത്തിട്ടുകളഞ്ഞു.



എന്തുമാത്രം മധുരിക്കുമെന്നറിയാൻ

രുചിച്ചുനോക്കിയതാണു നിന്നെ.



രസിച്ചില്ലാർക്കും.



കടവായിലൂടൊലിച്ച പ്രണയമത്രയുമൊപ്പി

പച്ചോലകൊണ്ടു പറ്റെ

മറച്ചിട്ടു കളഞ്ഞല്ലോ.



ഇനിയെന്തുചെയ്യുമെന്നറിയാൻ

ശ്വാസമടക്കി-

ക്കിടന്നപ്പോഴല്ലേ രസം.



തിരസ്കരിയ്ക്കപ്പെട്ട സ്നേഹമെന്നോ

മാറാതെ പോയ ചെക്കുകളെന്നോ

മറ്റോ പറഞ്ഞ്



പലതായെന്നെ

കൊത്തിനുറുക്കിക്കളയാൻ

തുടങ്ങിക്കഴിഞ്ഞല്ലോ ചിലർ !!



Sunday, February 24, 2013

പെട്ടി



വീട്ടിലേക്കവധിയ്ക്കു പോകുമ്പോൾ


കരുതിവയ്ക്കുന്നുണ്ട്,

ചില സുഗന്ധങ്ങൾ.

കാടുപൂക്കുന്നതെങ്ങനെയെന്ന്

കുഞ്ഞുങ്ങളുമൊന്നറിയണം.



പെട്ടിയിലാകെ വിതാനിച്ചിടുന്നുണ്ട്

പല വർണങ്ങളും വരകളും.

ഉടഞ്ഞുപോയ മഴവില്ലുകളെയൊക്കെ

ഉണ്മ തേച്ചൊന്നു പുതുക്കണം.



ഉള്ളറയിലാകെ അടുക്കിവയ്ക്കുന്നുണ്ട്

പല നാടുകളുടെ രുചികളും.

ക്ഷുധാതുരമായ ചില കൂട്ടുകൾക്ക്

കനിവു ചേർത്തൊന്നു വിളമ്പണം.



ഒടുക്കം,

ആളുമനക്കവുമൊതുങ്ങി

നീ മാത്രമാകുന്ന വേളയിൽ

ഉണക്കമുന്തിരിയുടെ വെളിവുമാത്രം

ബാക്കി .



വേനലിൽ വെന്തുതീർന്നിട്ടും

മധുരം കെടാതെ സൂക്ഷിച്ചതിന്‌

കരൾപിഴിഞ്ഞെടുത്തൊരു തെളിവുമാത്രം

ബാക്കി.



Sunday, February 17, 2013

ഷവർമ



ഇണയോടൊത്ത്
ചുറ്റിനടക്കാൻ കൊതിച്ചതാണ്‌.

സമ്മതിച്ചില്ല.

ആഴിക്കൂടിനുള്ളിൽ
ചുറ്റിത്തിരിഞ്ഞു കിടന്ന്
നഗരം കാണാനായിരുന്നു കല്പന.


തൊടിയിലെ കുറിഞ്ഞിക്കാട്ടിലെങ്ങാനും
പറ്റിക്കൂടാൻ മോഹിച്ചതാണ്‌.

നടന്നില്ല.

പേരറിയാത്ത പച്ചിലകൾക്കൊപ്പം
വെന്തുകിടക്കാനായിരുന്നു വിധി.

എന്നിട്ടും തീർന്നിരുന്നില്ല
കൃതഹസ്തരുടെ കനിവുകൾ.

നീളൻകത്തി കൊണ്ടു
നേർമ്മയോടെ നുറുക്കി

ഫലമൂലങ്ങളുടെ നിശാവസ്ത്രമണിയിച്ച്
രുചിരസികർക്കരികിലേക്ക് പറഞ്ഞുവിട്ടു.

സിത്താറിന്റെ നേർത്ത വീചികളിൽ
തലചേർത്തു വച്ച്
അലസം ചവച്ചിറക്കുമ്പോൾ

കവികളുടെ മുഖമുള്ളൊരാളാണാദ്യം
'ഷവർമ’ യെന്നവളെ വിളിച്ചത്.





ഷവർമ- പ്രശസ്തമായ അറേബ്യൻ ആഹാരം.







Friday, February 8, 2013

അമ്പത്

ഓരോ പിറന്നാളുച്ചയ്ക്കും
പാൽപ്പായസമുണ്ടിരിക്കുമ്പോൾ
ഒരക്ഷരം വീതം മറന്നുപോകുമായിരുന്നു.

മധുരത്തോടൊപ്പം നാവിലലിഞ്ഞലിഞ്ഞ്
അതങ്ങുപോകും
അത്രതന്നെ.

ഒടുക്കം,
അമ്പതുവയസ്സു തികയുന്ന
ദിവസമാണതു ശ്രദ്ധിക്കുന്നത്.

സ്വരവ്യഞ്ജനങ്ങളുടെ ദ്വീപസമൂഹങ്ങൾ
കാണാനില്ലെവിടെയും.

ആകെയുള്ളത്
ഏകാക്ഷരത്തിന്റെയാലില.

അതിനു മേൽ
പാച്ചോറിനു പകരം
കാൽവിരലുണ്ടു വിശ്രമിയ്ക്കുന്നൊരു
നിരക്ഷരകൃഷ്ണൻ.

ഗീതാരഹസ്യം പോകട്ടെ,
പ്രണയമുക്തകങ്ങൾ പോലും
വായിച്ചെടുക്കാനാകാത്തൊരു
നിർഗുണ പരബ്രഹ്മം !

കായൽക്കാഴ്ചകൾ

ആലപ്പുഴ നിന്ന് ചങ്ങനാശ്ശേരിക്ക്
ഇപ്പോൾ പഴയ ദൂരമില്ല !

കൈത്തോടുകൾക്കു മീതെ
മഴത്തുളുമ്പലായ് വീണ്‌,
‘ഇതാ’ എന്നു പറയുമ്പോഴേക്കും
നാമങ്ങെത്തിച്ചേർന്നിരിയ്ക്കും.

ചായ മൊത്തിക്കുടിയ്ക്കുമ്പോഴാണ്‌
വിവരങ്ങളറിയുന്നത്.

പുതുതായി പണിതീർന്നിട്ടുണ്ട്
 ചില പാലങ്ങൾ.

വായിക്കാതിരുന്ന് മറന്നുപോയിട്ടുണ്ടു പോലും
ചില ജലരേഖകൾ.

കാത്തുകാത്തിരുന്നു കാണാതെപോയ
മട്ടായിട്ടുണ്ട്,
ചിത്തിരയും മാർത്താണ്ഡവും.

എങ്കിലും യാത്രപറഞ്ഞിറങ്ങുമ്പോൾ
ശ്രദ്ധിക്കാതിരിയ്ക്കാനായില്ല.

നമുക്കിടയിൽ പിറവികൊള്ളുന്നുണ്ട്
ചില കടലുകൾ !

ഓളങ്ങളടക്കി
പതുങ്ങിനില്പുണ്ടൊരു വേമ്പനാട്ടുദൂരം.

തകർന്നുകിടപ്പുണ്ട് ചില കടവുകളും !!


Sunday, January 6, 2013

കാശിയ്ക്കു പോകുന്ന കഥയും കവിതയും

(പണ്ടെങ്ങോ കാശിയ്ക്കു പോയിട്ട്‌, ഇനിയും മടങ്ങാത്ത മണ്ണാങ്കട്ടയെയും കരീലയെയുമോർത്ത്‌.)




എന്റെ കവിതയും നിന്റെ കഥകളും


കാശിയ്ക്കു പോകയാണ്‌.



കവിതയ്ക്ക് കാറ്റിനെപ്പേടി.



വാക്കും വരികളും

വരികൾക്കിടയിലെ വരമ്പും

ആറ്റിക്കുറുക്കിയടുക്കി വച്ചിട്ടുള്ള

പ്രാണപർവങ്ങളു,മമ്മ വഴികളും



അയക്കോലിൽ നീട്ടിവിരിച്ചിട്ട മൗനവും

പാട്ടിലെ നീട്ടലും

നീ പോലും



ഒരു പക്ഷേ, കാറ്റിലെങ്ങാനും

പറന്നു പോയെങ്കിലോയെന്നോർത്ത്.



കഥയ്ക്കാണെങ്കിലോ മഴപ്പേടി.



അർത്ഥങ്ങൾ,ചിത്രങ്ങളാ-

യിരം കാന്താരി നീളെപ്പടർന്ന

നിശാഹൃദന്തങ്ങൾ.



അക്ഷരപ്പൂട്ടു തുറക്കുവാനാവാതെ

യെന്നോ മറന്ന വികാരസമുദ്രങ്ങൾ

പാതിപ്രണയിച്ചുപേക്ഷിച്ചതാം പകൽ



എന്റെ നദീമുഖത്തേയ്ക്കു

നീ കോറിയ

നേർത്ത വെട്ടത്തിൻ തൊടുകുറിച്ചായവും



ഒക്കെയൊരു

മഴച്ചീന്തലിലെങ്ങാനും

മാഞ്ഞുപോയെങ്കിലോയെന്നോർത്ത്.



എന്റെ കവിതയും നിന്റെ കഥകളും

കാശിയ്ക്കുപോകയാണ്‌.

കൂടെ കാറ്റുപേടിയും മഴപ്പേടിയും കൂട്ടുപോകയാണ്‌.



മഴപെയ്തൊലിയ്ക്കുമ്പോൾ

നിൻ കഥാചിത്രങ്ങൾ

സ്വരവ്യഞ്ജനങ്ങളാൽ പൊതിഞ്ഞുപിടിയ്ക്കും ഞാൻ.



ആൾപ്പൊക്കമുള്ള ഗുഹാന്തർഗതങ്ങളിൽ

തർജ്ജമ ചെയ്തു

പകർത്തി സൂക്ഷിയ്ക്കും ഞാൻ.



പകരം,

കാറ്റുവരുന്നേരമർത്ഥഭാരം കൊണ്ടെന്റെ

കവിതയെത്താങ്ങിയുറപ്പിച്ചു നിർത്തണേ !



നേർത്ത ഛന്ദസ്സിൻ മണിത്തൂവലാകവേ-

യുൾക്കനിവോടെയടുക്കി സൂക്ഷിക്കണേ !



എന്റെ കവിതയും നിന്റെ കഥയും കാശിയ്ക്കു പോകയാണ്‌

കൂടെ കാറ്റുപേടിയും മഴപ്പേടിയും

കൂട്ടുപോകയാണ്‌.



പിൻപറ്റിയുണ്ടൊരു കുഞ്ഞുപ്രാർത്ഥനയും.



“കാറ്റും മഴയുമൊരുമിച്ചൊരിക്കലും

വരല്ലേ വരല്ലേയെന്ന്“