Tuesday, September 18, 2018

വായന

നിന്നെ വായിക്കേണ്ടത് ദേവനാഗരി പോലെ
ഇടത്തു നിന്ന് വലത്തേക്കല്ല.

അറബിക്കഥ പോലെ ഇടത്തേക്കുമല്ല.

ക്യൂണിഫോമിന്റെ ദുരൂഹ ചിത്രങ്ങളിലോ
ദ്രാവിഡന്റെ വട്ടെഴുത്തിലോ
നീ തെളിയുന്നില്ല.

നിന്നെ എഴുതിയിരിക്കുന്ന ഭാഷയുടെ
ലിപികൾ
സന്ധികൾ സമാസങ്ങൾ
അലങ്കാരപ്പെരുമകൾ

അതിന്റെ സമഞ്ജസമായ
പൊരുൾ

ഒന്നും ആർക്കും
മനസിലാകുന്നില്ല

ഒടുക്കം
മാറാപ്പിനുളളിൽ
കനകമുന്തിരിയും കുന്തിരിക്കവുമായി
മഴ മേഘത്തിന്റെ നിറമുള്ള
ഒരു യാത്രികൻ വന്നണഞ്ഞു.

മഴയുടെ താളത്തിൽ
ഖരഹരപ്രിയ കൊണ്ട് വിസ്തരിച്ച്
അവൻ നിന്നെ വായിച്ചെടുത്തു,
അനായാസേന.

പൂ വിടരുന്നത്

ഒരു പൂ വിടരുന്നത്
പതുക്കെ
പ്പതുക്കെ

ഓരിതൾ
ഈരിതൾ
മൂവിതളെന്ന്

അടിയളന്ന്
ധ്യാന സൂക്ഷ്മമായ്
ആകാശ വിശാലതയിലേക്ക്
മിഴി തുറക്കുമ്പോലെ
യാണെന്നുള്ളത്

നമ്മുടെ ധാരണ മാത്രമാണ്.

ചില കവികളുടെ ഭാവന മാത്രമാണത്.

തിരസ്കരിക്കപ്പെട്ട തങ്ങളുടെ പ്രണയകവിതകൾ
പത്രാധിപർ തിരിച്ചയക്കുമ്പോൾ

അവർ ഓരോ കഥകൾ സൃഷ്ടിക്കും.

നാട്ടുവേലിപച്ചകളെ സ്വപ്നം കാണാൻ
പഠിപ്പിച്ചതിന്
ചെമ്പരത്തിയെ അവർ ഭ്രാന്തിയാക്കിക്കളഞ്ഞു.

അകാലത്ത് അണിഞ്ഞൊരുങ്ങിയ
പാലപ്പൂവിനെ അഭിസാരികയാക്കി
ക്കളഞ്ഞവർ.

പോരാത്തതിന് ഒരു യക്ഷിക്കഥയും!

ഇംഗിതത്തിന് വഴങ്ങാതിരുന്ന നിത്യ കല്യാണിയെ
ശവനാറിയെന്ന് മുദ്രകുത്തി നാടുകടത്തിയതും

ആമ്പൽ മലരിനെ ചന്ദ്രനോട് ചേർത്ത്
അപവാദം മെനഞ്ഞതും ഇവർ തന്നെ.

പൂ വിരിയുന്നതെങ്ങനെയെന്നല്ലേ
നാം പറഞ്ഞു വരുന്നത്?

ഇനി കേട്ടോളൂ


ത്രിസന്ധ്യയ്‌ക്കോ
ഇരുൾ പരന്നിട്ടോ

പേടിയുടെ മുഖപടം നീക്കി
യൊരു ഒളിഞ്ഞു നോട്ടമാണാദ്യം.

ആരെങ്കിലും?
ഒരു നിഴലോ
ഗന്ധർവ്വനോ ആരെങ്കിലും?

നോക്കിലും നടപ്പിലും
ശ്രദ്ധ വേണമെന്നുള്ള
അമ്മ തന്ന ആദ്യ പാഠം
അപ്പാടെ അനുസരിക്കും.

പിന്നെ ഹരിത നിശബ്ദതയിൽ
നിന്ന് ഒരു നേർത്ത വർണ്ണ രേണു.

ആരാധകന്റെ മനസിലേക്ക്
പൊടുന്നനെയൊരു വെളിപ്പെടൽ.

ഇതളഴിഞ്ഞഴിഞ്ഞ്

ആദ്യ പ്രണയത്തിന്റെ
വെമ്പൽ പോലെ
അവിരാമം!.

ആദ്യമായി മിണ്ടുമ്പോലെ
ആപാദചൂഡ മധുരം !!


Thursday, June 8, 2017

തരുണൻ

( നമ്മൾ മറക്കാനിടയില്ലാത്ത ഒരച്ഛനെയും മഴയത്തു നിൽക്കുന്ന അയാളുടെ മകനെയും ഓർത്ത് )


കവിയെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞു
ഇനി ഒരു കവിത ചൊല്ലണമെന്നായി സദസ്.

കവി ആലപിച്ചു,
കാണാതെ പോയ തന്റെ ചോരയെപ്പറ്റി
ഒരു എട്ടുവരിക്കവിത.

സദസ് മിഴിനീരുറഞ്ഞ ഏകശിലയായി മാറി

ഒടുക്കം ആഘോഷപരമായി കവിയെ
യാത്രയാക്കി.

വേദിയിൽ നിന്നേ കരം ഗ്രഹിച്ച്
കാറോളമെത്തിച്ചത്
നെഞ്ചിലും തോളിലും അധികാരനക്ഷത്രങ്ങളുള്ള
ഒരാൾ.

വണ്ടിയുടെ വാതിൽ ചേർത്തടച്ച് വിനയവാനായി
അയാൾ പറഞ്ഞു.

“ സർ, കവിതയൊന്നും പിടികിട്ടിയില്ല
എന്നാലും അങ്ങയുടെ കൈ പിടിച്ചു നടന്നപ്പോൾ
ഞാനൊരു പഴയ കാര്യം ഓർത്തു പോയി.

പണ്ടൊരു ക്യാമ്പ് മുറിയിൽ
അരുതേയെന്ന് അവസാനമായ്
തൊഴുതുയർന്ന
ഒരു തരുണന്റെ കൈപ്പത്തി.

ഇതേ മാർദ്ദവം !  ഇതുപോലെ ഭയചകിതം !! "


Friday, June 3, 2016

കിളിമകൾ


‘വരികരികിലിരി‘ യെന്ന്
നല്ലതു
പറഞ്ഞു നോക്കി

വരിനെല്ലു പകുത്ത്
വഴിനീളെ
തൂകി നോക്കി.

ബാലേ ! ശുകപ്പൈതലേയെന്ന്
നല്ലൊരീണത്തിൽ
പുകഴ്ന്നു നോക്കി.

വന്നില്ലവൾ !

വാക്കുകൾ കൊത്താതെ
വരികളെടുക്കാതെ
കാഞ്ഞിരച്ചില്ലയിലൊരേയിരുപ്പ്.

സഹിച്ചില്ലെനിക്ക് !!

കനിവിന്റെ സൂര്യനുദിക്കാത്തൊരു
പകലിരട്ടക്കുഴൽ നീട്ടി
വീഴ്ത്തിക്കളഞ്ഞു ഞാൻ

കവിതയുടെ കിളിമകളെ.

തൊങ്ങലും
പൂവു-
മലങ്കാരവും കിഴിച്ചപ്പോൾ

ത്രാസ്സിൽ കിടപ്പുണ്ടെ-
ഴുത്താണി വലിപ്പത്തിലൊരു
പൊന്നുടൽ.

അതിലാകെയാരോ
വരച്ചിട്ടിരിപ്പുണ്ട്

രാമായണത്തിന്റെ ചിത്രം.

Monday, May 18, 2015

നഗരമഴ


നഗരമഴയ്ക്ക്
നാടൻ‌മഴയേക്കാൾ
തലയെടുപ്പുണ്ട്.

മടമ്പുയർന്ന സ്ഫടികച്ചെരുപ്പും
കിന്നരിത്തലപ്പാവുമുണ്ട്.

വിദൂരദേശങ്ങളിൽ നിന്ന്
പരിചയിച്ച,
വഴക്കമുള്ള ഭാഷയും
ഉപചാരത്തിന്റെ വടിവുമുണ്ട്.

കോടതിയിലേക്കോ
കമ്പോളത്തിലേക്കോ
പണിശ്ശാലകളിലേക്കോ
യജമാനനോടൊപ്പം
നടന്നുപോകുമ്പോൾ

പറഞ്ഞറിയിക്കാനാകാത്ത
പത്രാസുമുണ്ട്.

കൃത്യമായ സമയവും
കിറുകൃത്യമായ സേവനവുമാണ്
അതിന്റെ മുഖമുദ്ര.

പകൽനേരങ്ങളിൽ,
തെരുവിന്റെ ഏങ്കോണിപ്പിലും
ടെറസ്സിൻ ചതുരങ്ങളിലും
വിശ്രമമില്ലാതെ വേലചെയ്യും.

നിരത്തുമുറിച്ചുകടക്കുന്ന
ജാഥകൾക്ക്,
ഇഴയിട്ടു കൊടുക്കും.

ഒഴിവുവേളയിലാകട്ടെ,
നഗരചത്വരം വരെ
ഒന്നോടിപ്പോയി വരും.

ബോട്ടുജട്ടിയോടോ
വിളക്കുമരത്തോടോ
തൂവനമൊന്നു മൊഴിഞ്ഞെങ്കിലായി.

പന്ത്രണ്ടാം നമ്പ്ര വീട്ടിലെ
ചിറ്റക്കാരി മുല്ലയോട്
കുളിരിൽ‌പ്പൊതിഞ്ഞെന്തോ
പറഞ്ഞെങ്കിലായി.

കൃത്യം പത്തരയ്ക്കു തന്നെ
യജമാനൻ
വിളക്കണയ്ക്കുമ്പോൾ,
പുറത്തു പായ വിരിച്ചുകിടക്കും.

‘എന്റെയെന്റെ‘ യെന്ന് പറഞ്ഞ്
രാ വെളുക്കുവോളം
കരയും.

നഗരമഴ,
ഒരു മഴയല്ല തന്നെ.

പിന്നെയോ,
നാടുപേക്ഷിച്ചുപോന്ന
ഒരു പ്രവാസി !!


Sunday, May 3, 2015

പച്ചകുത്ത്



ഈയിടെയായി
കവിതയെഴുതാൻ പേടിയാണെനിക്ക്!

കാരണം മറ്റൊന്നുമല്ല.

ഓരോരോ വരികൾ എഴുതിപ്പിടിപ്പിക്കുമ്പോഴും
എന്റേതെന്റേതെന്നു പറഞ്ഞ്
ചിലർ കടന്നുവരും.
കോടതി കയറ്റുമെന്ന് കണ്ണുരുട്ടും.
      
 ചിന്തകളോരോന്നങ്ങനെ
കാച്ചിക്കുറുക്കിയെടുക്കുമ്പോൾ,
കള്ളനെന്നു വിളിച്ചുകൂവി
വേറൊരുകൂട്ടരെത്തും.
നാടുവിട്ടോളാൻ പറയും.

മടുത്തു.

ആശയങ്ങളും
അലങ്കാരത്തിന്റെ നിറമുള്ള കുപ്പായങ്ങളും
എല്ലാം ഉപയോഗിച്ചുപഴകിയത്.

ആരെങ്കിലുമൊക്കെ
ഉരിഞ്ഞിട്ടത്.

ഓരോരുത്തരുടെ വിയർപ്പും
നെടുവീർപ്പും പതിഞ്ഞവ.

എനിക്കാണെങ്കിൽ,
പുതുമയുള്ള എന്തെങ്കിലും
കുത്തിക്കുറിക്കാഞ്ഞിട്ട്
ഒരിത് !!

സഹികെട്ട് ദൈവത്തെ വിളിച്ചുണർത്തിയപ്പോൾ
പറഞ്ഞുതന്നതു കേൾക്കണോ ?

“കവിതയെഴുത്തൊക്കെ കഴിഞ്ഞുപോയി കുഞ്ഞേ,
ഇതു പച്ചകുത്തിന്റെ കാലം.

ഹൃദയത്തോടു ചേർത്ത്,
സൂചികൊണ്ട്
മഷിമുക്കിയൊരു തുന്നൽ.

നൊന്തുനൊന്തു പോകുമെങ്കിലും
സാരമില്ല.
ആഴത്തിലൊരടയാളം തന്നെ ധാരാളം.”

കവിതയെഴുത്തു നിർത്തുകയാണു ഞാൻ

പകരം, പച്ചകുത്ത് പഠിക്കയും !!

Monday, March 30, 2015

ഇരട്ട


ഒരമ്മ പെറ്റിട്ടതാണ്.

എന്റേത്
മഴയുടെ പകിട്ടുള്ള
സ്നേഹഭാഷ.

അലക്ഷ്യമായ്
പെയ്യുകയും
പറയാതെ
വിട്ടൊഴിയുകയും
ചെയ്യുന്ന
ഒഴുക്കൻ മട്ട്.

അതിൽ
എത്ര വാക്കുണ്ടെന്ന്
ഞാനെന്തിനറിയണം.

അതിനെ
ഉപജീവിച്ച്
എത്രകൃതികളുണ്ടെന്ന്
എനിക്കെങ്ങനെയറിയാം.

ആകെയറിയുന്നത്
നട്ടുനനയ്ക്കലിന്റെ
രീതിശാസ്ത്രം.

മുളച്ചോ
പടർന്നോ
എന്നു തിരക്കുന്ന
ഓരിലയീരിലച്ചന്തം.

നിന്റെ ഭാഷ
വണിക്കുകളുടേത്.

മഴയില്ലാത്ത രാജ്യത്ത്
വിളഞ്ഞ
വ്യഞ്ജനങ്ങളുടെ
പെരുമാറ്റം.

അതേ വീറും
മണവും.

ചേർത്തടച്ചോ
തൂകിയോ
എന്നു തിരയുന്ന
ഇരുത്തം വന്ന
വ്യഗ്രത.

മൂത്തോ
തികഞ്ഞോ
എന്നുള്ള
അളവുതൂക്കച്ചന്തം !

വഴികളും
തുറമുഖങ്ങളും താണ്ടി
നീ ലോകത്തെ നയിക്കും.

ഞാനോ
ഇത്തിരിവട്ടത്തിലിരുന്ന്
പുതുമയും ജീവനും
കിനാവു കാണും.

പുരുഷാരം നിന്നെ
കേൾക്കും.

എന്റെ വാക്കുകളെയോ
നിലാവു പകർത്തിയെഴുതും.

നിർത്തലില്ലാത്ത കരഘോഷത്തിലൂടെ
നിനക്കവർ വഴിതീർക്കും.

ഞാനോ രാവിനോടൊരേകാന്തത
കടം വാങ്ങും.

യുദ്ധത്തെക്കുറിച്ചു നീ വാതോരാതെ പറയും.
ഞാൻ ബുദ്ധനെയോർത്ത് വ്യാകുലപ്പെട്ടിരിക്കും.

ഒടുക്കം,
നിന്റെ ഓർമ്മകൾ സുവർണലിപിയിൽ
നഗരചത്വരത്തിലെഴുതപ്പെടും.

എന്റേതോ,
നിറമെഴാത്ത മഴവിരലിനാൽ
മരങ്ങളെത്തലോടും.

നീ ആൾക്കൂട്ടത്തിനൊപ്പം
ഒഴുകിത്തീരും.

മഴ നിലച്ചാലും

മരമെന്നെ പെയ്തു കൊണ്ടിരിക്കും !!