Monday, June 17, 2013

കവിമരം


നട്ടുവയ്ക്കുമ്പോൾ


അമ്മയ്ക്കൊരേ പ്രാർത്ഥന.



നീണ്ടിടമ്പെട്ട്

ആകാശത്തെത്തൊട്ടിരിയ്ക്കണേ !



പൂക്കാലങ്ങളോടുല്ലസിച്ച്

സ്വർഗവഴികൾ നിറയ്ക്കണേ !



മഴയുടെ നേർപാതിയും

തണലിന്റെ വെളിപാടുമാകണേ!



നനച്ചുനില്ക്കുമ്പോൾ

അച്ഛനൊരേ നിബന്ധന.



കരുത്തരുടെ മാനിഫെസ്റ്റോ മതി

മരുത്തുക്കളോടെതിരിട്ടാൽ മതി



മുറിച്ചുവീഴ്ത്തുകിലും

മല്ലരുടെ ശയ്യയായാൽ മതി.



ആഗ്രഹങ്ങളിലെ

ഈ വൈരുദ്ധ്യം കാരണമാകണം



വളർച്ചനിലച്ച്

ഞാനൊരു കഴുമരം മാത്രമായി !



വാക്കുകളെ

നിത്യവും തൂക്കിലേറ്റി രസിക്കുന്ന

കവിമരം മാത്രമായി.

6 comments:

വിനോദ് said...

കവിമരം വളരെ നന്നായിരിയ്ക്കുന്നു. ആശംസകള്‍

ajith said...

കവിമരം പൂത്തു

AnuRaj.Ks said...

കവിമരം കായ്ചാല്‍ കവിത കിട്ടുമോ.....

സൗഗന്ധികം said...

അജിത് സർ പറഞ്ഞതു പോലെ കവിമരം പൂത്തുലഞ്ഞിരിക്കുന്നു.

നല്ല കവിത

ശുഭാശംസകൾ....

SASIKUMAR said...

പ്രിയ അജിത്,അനുരാജ്,സൗഗന്ധികം,വിനോദ്
ഏറെസ്നേഹം ഈ വരവിനും വായനയ്ക്കും.

ഭാനു കളരിക്കല്‍ said...

കവിമരം വഴിപോക്കരോടും അജ്ഞാതരോടും ഹൃദയ ഭാഷയിൽ സംവദിക്കുന്നു