Saturday, October 19, 2013

നെയ്ച്ചോറ്


ഊണുമേശയിലെത്തുമ്പോൾ
രുചിയുടെ പല കടലുകൾ

‘ഇതിലേ ഇതിലേ’ യെന്നിരമ്പി
മണത്തിന്റെ ചില തെരുവുകൾ

അപ്പോളടർത്തി വച്ച‌ കനികൾ
കനവുകൾ

ശ്രദ്ധയോടുപചാരം പാടുന്ന പിയാനോ.

അടഞ്ഞും പാതികൂമ്പിയും
അലങ്കാരപ്പൂക്കളോടൊരു വേള
പേരുചോദിച്ചും

ഒരിലയോ
നാരോ
രുചിച്ചു നോക്കുമ്പോളാകട്ടെ

കടൽ പൊടുന്നനെ നിലച്ചുപോയ പോൽ !
തെരുവുകൾ നേരത്തെയടഞ്ഞുപോയ പോൽ !!

നിലച്ച തിര നീന്തി
നീലിച്ച വഴി താണ്ടി

വീട്ടിലെത്തുമ്പോഴേക്കും
രാവേറിയിരിയ്ക്കുന്നു.

മാർജ്ജാരപദച്ചേലിൽ
കുശിനി തുറക്കുമ്പോൾ

എന്തൊരു ഭാഗ്യം !
അമ്മയുറങ്ങാതിരിപ്പുണ്ട്.

അരികി-
ലോർമ്മയിട്ടു വറ്റിച്ച

നെയ്ച്ചോറല്പം !!

5 comments:

സൗഗന്ധികം said...

അതല്പമായാലും പോരും !
അതു തന്നെയെന്തൊരു ഭാഗ്യം !!


വളരെ നല്ലൊരു കവിത.ഹൃദ്യമായി.


ശുഭാശംസകൾ....

ബൈജു മണിയങ്കാല said...

സ്നേഹം ചോരയിൽ നിന്ന് ചോറിലേക്ക്‌

ajith said...

അമ്മയുറങ്ങാതിരിപ്പുണ്ടല്ലോ
അതാണിഷ്ടപ്പെട്ടത്

മാധവൻ said...

മനോഹരമായ പേരുകളില്‍,അലംകൃത രൂപങ്ങളില്‍,പ്രതിരോധിക്കാനാവാത്ത രസ ഗന്ധങ്ങളില്‍ നിരന്ന്,രുചിമുകുളുങ്ങളെ ഊഷരമാക്കി ഉദരചോദനയെക്കെടുത്തുന്ന വിശിഷ്ട വിരുന്നുകള്‍...സത്യമാണ് ശശി..
ഓര്‍മ്മയിട്ട് വറ്റിച്ച നെയ്ച്ചോറിന് കടലുമാകാശവും കടന്ന് ,അമ്മക്കരികിലേക്ക് ഞ്ഞാനും.

SASIKUMAR said...

പ്രിയ സൌഗന്ധികം,അജിത്, ബൈജു, വഴിമരം നന്ദി, ഈ വരവിനും സ്നേഹത്തിനും. എന്റെ തുച്ഛകവിതകളെ പ്രവാഹിനിയാക്കുന്നത് നിങ്ങൾ തന്നെയാണ്.