Sunday, February 24, 2013

പെട്ടിവീട്ടിലേക്കവധിയ്ക്കു പോകുമ്പോൾ


കരുതിവയ്ക്കുന്നുണ്ട്,

ചില സുഗന്ധങ്ങൾ.

കാടുപൂക്കുന്നതെങ്ങനെയെന്ന്

കുഞ്ഞുങ്ങളുമൊന്നറിയണം.പെട്ടിയിലാകെ വിതാനിച്ചിടുന്നുണ്ട്

പല വർണങ്ങളും വരകളും.

ഉടഞ്ഞുപോയ മഴവില്ലുകളെയൊക്കെ

ഉണ്മ തേച്ചൊന്നു പുതുക്കണം.ഉള്ളറയിലാകെ അടുക്കിവയ്ക്കുന്നുണ്ട്

പല നാടുകളുടെ രുചികളും.

ക്ഷുധാതുരമായ ചില കൂട്ടുകൾക്ക്

കനിവു ചേർത്തൊന്നു വിളമ്പണം.ഒടുക്കം,

ആളുമനക്കവുമൊതുങ്ങി

നീ മാത്രമാകുന്ന വേളയിൽ

ഉണക്കമുന്തിരിയുടെ വെളിവുമാത്രം

ബാക്കി .വേനലിൽ വെന്തുതീർന്നിട്ടും

മധുരം കെടാതെ സൂക്ഷിച്ചതിന്‌

കരൾപിഴിഞ്ഞെടുത്തൊരു തെളിവുമാത്രം

ബാക്കി.Sunday, February 17, 2013

ഷവർമഇണയോടൊത്ത്


ചുറ്റിനടക്കാൻ കൊതിച്ചതാണ്‌.സമ്മതിച്ചില്ല.ആഴിക്കൂടിനുള്ളിൽ

ചുറ്റിത്തിരിഞ്ഞു കിടന്ന്

നഗരം കാണാനായിരുന്നു കല്പന.തൊടിയിലെ കുറിഞ്ഞിക്കാട്ടിലെങ്ങാനും

പറ്റിക്കൂടാൻ മോഹിച്ചതാണ്‌.നടന്നില്ല.പേരറിയാത്ത പച്ചിലകൾക്കൊപ്പം

വെന്തുകിടക്കാനായിരുന്നു വിധി.എന്നിട്ടും തീർന്നിരുന്നില്ല

കൃതഹസ്തരുടെ കനിവുകൾ.നീളൻകത്തി കൊണ്ടു

നേർമ്മയോടെ നുറുക്കിഫലമൂലങ്ങളുടെ നിശാവസ്ത്രമണിയിച്ച്

രുചിരസികർക്കരികിലേക്ക് പറഞ്ഞുവിട്ടു.സിത്താറിന്റെ നേർത്ത വീചികളിൽ

തലചേർത്തു വച്ച്

അലസം ചവച്ചിറക്കുമ്പോൾകവികളുടെ മുഖമുള്ളൊരാളാണാദ്യം

‘ഷവർമ’ യെന്നവളെ വിളിച്ചത്.

ഷവർമ- പ്രശസ്തമായ അറേബ്യൻ ആഹാരം.Friday, February 8, 2013

അമ്പത്

ഓരോ പിറന്നാളുച്ചയ്ക്കും
പാൽപ്പായസമുണ്ടിരിക്കുമ്പോൾ
ഒരക്ഷരം വീതം മറന്നുപോകുമായിരുന്നു.

മധുരത്തോടൊപ്പം നാവിലലിഞ്ഞലിഞ്ഞ്
അതങ്ങുപോകും
അത്രതന്നെ.

ഒടുക്കം,
അമ്പതുവയസ്സു തികയുന്ന
ദിവസമാണതു ശ്രദ്ധിക്കുന്നത്.

സ്വരവ്യഞ്ജനങ്ങളുടെ ദ്വീപസമൂഹങ്ങൾ
കാണാനില്ലെവിടെയും.

ആകെയുള്ളത്
ഏകാക്ഷരത്തിന്റെയാലില.

അതിനു മേൽ
പാച്ചോറിനു പകരം
കാൽവിരലുണ്ടു വിശ്രമിയ്ക്കുന്നൊരു
നിരക്ഷരകൃഷ്ണൻ.

ഗീതാരഹസ്യം പോകട്ടെ,
പ്രണയമുക്തകങ്ങൾ പോലും
വായിച്ചെടുക്കാനാകാത്തൊരു
നിർഗുണ പരബ്രഹ്മം !

കായൽക്കാഴ്ചകൾ

ആലപ്പുഴ നിന്ന് ചങ്ങനാശ്ശേരിക്ക്
ഇപ്പോൾ പഴയ ദൂരമില്ല !

കൈത്തോടുകൾക്കു മീതെ
മഴത്തുളുമ്പലായ് വീണ്‌,
‘ഇതാ’ എന്നു പറയുമ്പോഴേക്കും
നാമങ്ങെത്തിച്ചേർന്നിരിയ്ക്കും.

ചായ മൊത്തിക്കുടിയ്ക്കുമ്പോഴാണ്‌
വിവരങ്ങളറിയുന്നത്.

പുതുതായി പണിതീർന്നിട്ടുണ്ട്
 ചില പാലങ്ങൾ.

വായിക്കാതിരുന്ന് മറന്നുപോയിട്ടുണ്ടു പോലും
ചില ജലരേഖകൾ.

കാത്തുകാത്തിരുന്നു കാണാതെപോയ
മട്ടായിട്ടുണ്ട്,
ചിത്തിരയും മാർത്താണ്ഡവും.

എങ്കിലും യാത്രപറഞ്ഞിറങ്ങുമ്പോൾ
ശ്രദ്ധിക്കാതിരിയ്ക്കാനായില്ല.

നമുക്കിടയിൽ പിറവികൊള്ളുന്നുണ്ട്
ചില കടലുകൾ !

ഓളങ്ങളടക്കി
പതുങ്ങിനില്പുണ്ടൊരു വേമ്പനാട്ടുദൂരം.

തകർന്നുകിടപ്പുണ്ട് ചില കടവുകളും !!