Sunday, September 6, 2020

നിലക്കണ്ണാടി

 വീണുകിട്ടിയോരിടവേളയിൽ

നിലക്കണ്ണാടി നോക്കുന്നേരം
വീണപൂവുപോലൊരുവൾ
നോക്കി നിൽപ്പാണെന്നെ!

ചിരിച്ചിട്ടും
ചിരി മടക്കാതെ
പേരു ചോദിച്ചിട്ടുമോരാതെ
തോരാതൊഴിയാതൊരു ബാധപോൽ !

ഞാനതിൻ മഷിയെഴാമിഴിയിൽ
വിരൽ ചേർക്കെ-
യാഴത്തിലതിതീവ്രകാലങ്ങൾ വരഞ്ഞിട്ട
പാടുകൾക്കുള്ളിൽ തോരാ-
മഴതൻ ഗാനം കേൾക്കാം.

ആ മഴച്ചാർത്തിലൊറ്റക്കുടയിൽ
നടക്കുമ്പോൾ തോൾവരമ്പുകൾ
ഭേദിച്ചെന്നെ നീ നിറയ്ക്കുന്നു

സ്വച്ഛമാം ജലനൂലിന്നിഴകൾ
ചാർത്തിച്ചാർത്തി
നാം പരസ്പരം നോക്കി
നിൽക്കവേ വരവായി

റൊട്ടിയും നിലാവിൻ്റെ വെണ്ണയും
വീഞ്ഞും താങ്ങി
സ്നേഹത്തിൻ കരകാണാ-
ക്കടലായ് മഹാകാലം!'

Sunday, August 23, 2020

പൊതിച്ചോറ്


പൊതി തുറക്കുമ്പോൾ
മുറിയാകെ പടരുന്നുണ്ട്
രുചിയുടെ കൂട്ടുമണം !

വഴന്ന പച്ചയ്ക്കുള്ളിൽ
അടങ്ങിയിരിപ്പാണ്
വിടർന്ന ചിരി പോലെ
ജീവൻ്റെ വറ്റ്

ഇത്തിരിത്തോരൻ
(കനിവോ കായോ മറ്റോ)
മുളകിൽ നീറി
രസക്കടലാഴങ്ങൾ
താണ്ടും കണ്ണിമാങ്ങ തൻ ജന്മം!

നീ,യതു സമർത്ഥമായനുപാതങ്ങൾ
ചേർത്ത്
ഉരുളച്ചമയത്തിലൂട്ടി നിൽക്കവേ

നാവിൽ
നിറയുന്നില്ലാ
രസപ്പെരുമ

പകരമോ ,
ജീവനിൽ ജീവൻ ചേർത്തു
നീയെന്നെ തുന്നുന്നപോലിത്തിരി -
ക്കണ്ണീർച്ചേലും ചിരിയും
സ്വാദും മാത്രം.

Tuesday, June 23, 2020

പ്രവാസം

ഒന്നര ദിവസത്തെ പറക്കൽ
കഴിഞ്ഞ്, വീടെത്തി
വിമാനക്കടച്ചിൽ *
മാറ്റുന്നേരം

തൊടിയിലാരവം!

അമ്മ പറഞ്ഞു
ദേശാടനക്കിളികളാണ്.

ശൈത്യം പൊറാഞ്ഞ്
പത്തയ്യായിരം മൈൽ പറന്ന്
വിരുന്നെത്തിയവരാണ്.

ഓരോ വർഷവും
ഒരുൾവിളിയുടെ പിൻപറ്റി
ഒരിഞ്ചുപോലും തെറ്റാതെ
അവർ വരാറുണ്ടു പോലും

അവരുടെ ചിറകിനുതാഴെ
പെയ്യാമഴകളുടെ ഈർപ്പവും
കവിതയുടെ പ്രവേഗവും
കൊരുത്തു വെച്ചിട്ടുണ്ടു പോലും.

നാട്ടിടവഴികളിൽ പൂത്തും
മഴത്തണുപ്പിൽ കാത്തും

ചില നേരമൊറ്റയായ്
ചിലപ്പോൾ കൂട്ടരോടൊത്തൊരിമ്പമായ്
അവരങ്ങനെ കഴിയും.

അങ്ങനെയിരിക്കെ
കൃത്യാനന്തര ബഹുലത
തുടരെ വിളിക്കുന്ന ഒരു നാൾ
അവർ തിരിച്ചു പറന്നു പോകും.

മരക്കൊമ്പുകളിൽ നിന്ന്
തൻ്റെ ചിറകുകളടർത്തിയെടുത്ത്
കാവുകളുടെ ധ്യാനം തിരിച്ചേകി
പകലിനോടൊരു വെള്ളി കടം പറ്റി
അവർ കൂടൊഴിയും.

അമ്മയുടെ വിവരണം കേട്ട്
എനിക്ക് ചിരി വന്നു.
താദാത്മ്യപ്പെടലിൻ്റെ സമുദ്രവേഴ്ചയിൽ
ഞാൻ തണുത്തു പനിച്ചു.

അന്നു വൈകിട്ട് പാനോപചാരത്തിനിടെ
പുറത്ത് വെടിയൊച്ച!

ഉറ്റ സ്നേഹിതനാശ്വസിപ്പിച്ചു.

പേടിക്കേണ്ട ചങ്ങാതി !
ഇവറ്റകളുടെ ഇറച്ചിയിലുണ്ട്
ഉത്തേജനത്തിൻ്റെ തുരഗം!

ഒറ്റപ്പെടലിൻ്റെ നരകത്തീയിൽ വീണ്
ഞാൻ വെന്തുതിർന്നു .

* Jet lag

Sunday, June 21, 2020

അച്ഛൻ


( പിതൃകാരകനായ സൂര്യനെ രാഹു ഗ്രസിക്കുന്ന ഈ ദിനം തന്നെ, "Fathers Day " വന്നത് രസാവഹമായ ഒരു ഐറണിയാണ്.
പരേതരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ അച്ഛന്മാരും ചിരം സുഖികളായി ഭവിക്കട്ടെ!)


നിരാകാരനായിരുന്നച്ഛൻ!

വെള്ളകീറും മുമ്പിറങ്ങിപ്പോകുമായിരുന്ന
തോൽചെരുപ്പിൻ്റെ ഛിൽ ...... ഛിൽ

പ്രവാസത്തിൽ നിന്ന് പാർസലിലയച്ചിരുന്ന
പട്ടുടുപ്പുകളുടെ മണം

അതിർത്തിയിലെ കാവൽപ്പുരകളിൽ നിന്ന്
സ്വപ്നം തുഴഞ്ഞു വന്ന്
മൂവർണക്കൊടിയുയർത്തിയ സ്നേഹത്തിൻ്റെ സ്വരാജ്.


കിട്ടാക്കടങ്ങളുടെ
പതിവു നീക്കിയിരിപ്പുകാരൻ.

ഒരു കവിൾപ്പുക
ഇത്തിരിത്താംബൂലം
ഒരിറക്കഗ്നി പകർന്ന
സ്ഥടികചഷകം

ദൂരെ വളവെത്തുവോളം
നീണ്ടുവന്ന നോട്ടം

മാർക്കു കിട്ടിയോ
പനി കുറഞ്ഞോ
എന്ന പതിവു ചോദ്യം

വാരാന്ത്യങ്ങളിൽ
പതിവായ് നിറഞ്ഞ
ഒരാൾപ്പൊക്കമുള്ള മഴ

നൂറു നദികൾക്ക്
നനവും, പനിനീരും
പകർന്ന സഹ്യൻ

ഇന്ന് പ്രചാരത്തിലില്ലാത്തൊരു
ഭാഷയിലെഴുതപ്പെട്ട
വിശുദ്ധ പുസ്തകം.

എനിക്കാണെങ്കിലോ കവിതയുടെ
പരലോകം കാണിച്ചു തന്ന ഗന്ധർവൻ !

അനക്കം നിലച്ച്, അച്ഛനെയിറക്കിക്കിടത്തും
നേരത്താണ്
അവിടുന്നെന്നെ പണ്ട് പഠിപ്പിച്ചൊരു
കവിതയുടെയർത്ഥം ഞാൻ പൂർണമായി ഗ്രഹിച്ചത്!

" ത്വിട്ടോലുമക്ഷികൾ നരച്ചു വളർന്നു മാറിൽ -
ത്തൊട്ടോരു താടി
ചുളിവീണു പരന്ന നെറ്റി
മുട്ടോളമെത്തിയ ഭുജാമുസലങ്ങളെന്നീ
മട്ടോടവൻ വിലസി മേദുരദീർഘകായൻ "

അച്ഛൻ നിരാകാരനായിരുന്നില്ലെന്നും അന്നാണ് ഞാനറിഞ്ഞത് !!!




Sunday, April 12, 2020

കാത്തുനിൽപ് സ്ഥലം



പണ്ട് നാം പ്രണയം പഠിച്ച
കാത്തുനിൽപ് സ്ഥലം
ഇന്നില്ല.

പക്ഷെ, കാണും!

നാമന്നു പൊഴിച്ചിട്ട
തീവ്രസ്നേഹത്തിന്ന-
ടരുകൾ, പൊട്ടുകൾ
നിലാവെട്ടം പോലതി സൂക്ഷ്മമാം
വെളിച്ചപ്പൊടികൾ


കാറ്ററിയാതെ
മഴയൊഴുക്കറിയാതെ
കാൽച്ചവിട്ടേൽക്കാ-
തുറങ്ങാതഹർന്നിശം.




ഓർക്കുന്നുവോ
സമയം നിലച്ചുപോകുമായിരുന്ന
ആ എട്ടിരുപത് മണി നേരം.

എൻ്റെ പ്രഭാത കിരണം
നിരത്തു മുറിച്ചു വരുന്ന
സമയം.

നിന്നിൽ നിന്നെന്നിലേക്കൊരു
പ്രണയ പാഠം നിറയും
നിമിഷത്തിൻ ക്ലാസ് മുറി.

ഒരു കണ്ണുടക്കിൽ
പെട്ട് നമ്മുടെ നൗകയിൽ
കടലേറി നാമൊന്നായ്
നനയുന്ന വിശുദ്ധനേരം!

എൻ്റെ ദിനത്തിലലിവോടെ
സുബ്ബലക്ഷ്മിയമ്മ പാട്ടു നിറയ്ക്കുന്ന നേരം!

എന്നിൽ ഞാൻ വീണ്ടും
പിറക്കും മുഹൂർത്തം !!

അഗ്നി സ്പർശമേറ്റപോലെന്നുള്ളിൽ വീണു,നീ

നിത്യമായടയാളപ്പെട്ടു പോവതാ,മരക്ഷണം.



ഒരു വേള ആൾക്കൂട്ട
ത്തിരക്കിലോ -
മഴയിലൊ
വാഹനപ്പോക്കിന്നിടയിലോ
തട്ടി

നിൻ്റെ നോട്ടം
എന്നിലെത്താതെ
പോകുന്ന നാളുകളിൽ

ഉദയമെത്താദിനം
പോലെ
ഉണ്ണാ വയർ പോലെ
പൂക്കാമരം പോലെ
ഞാനെത്ര ശൂന്യൻ
ഇരുളാർന്നവൻ
ദൈന്യൻ.

അന്നു നാം പരസ്പരം
പഠിച്ച
പഠിപ്പിച്ച
മൗനഭേദത്തിൻ ലിപി

നീർത്തി വച്ച
പ്രണയ വേദത്തിൻ
നിരക്ഷരമാം പുറങ്ങൾ

നാം സ്നാനപ്പെട്ട

ഒഴുക്കു നിലയ്ക്കാത്ത
കവിതപ്പച്ച

സർഗവായന
ഛന്ദസ്സലങ്കാരങ്ങൾ.

മൗന തീക്ഷ്ണമാം
നിമിഷത്തിലഴകോടിണക്കിയ
പറയാതെ പോയോരിഷ്ടം!

പിന്നെ ജീവനിൽ
തുന്നിച്ചേർന്ന
നൂലിഴച്ചാർത്തും
സഖേ!


വീണ്ടും
സ്വയമേ തളിർക്കുന്നു
ഓരില, രണ്ടാമില
മൂവിലച്ചന്തങ്ങളിലു-
ൾപ്രിയമായിട്ടിന്നും

ഞാനതിൻ മൃദു സ്നേഹ-
ഘർഷണം പുതച്ചെൻ്റെ
ജീവരഥ്യയിൽ നിത്യം
പൊന്നുഷസ്സുണർത്തട്ടെ!
................................................