Monday, May 18, 2015

നഗരമഴ


നഗരമഴയ്ക്ക്
നാടൻ‌മഴയേക്കാൾ
തലയെടുപ്പുണ്ട്.

മടമ്പുയർന്ന സ്ഫടികച്ചെരുപ്പും
കിന്നരിത്തലപ്പാവുമുണ്ട്.

വിദൂരദേശങ്ങളിൽ നിന്ന്
പരിചയിച്ച,
വഴക്കമുള്ള ഭാഷയും
ഉപചാരത്തിന്റെ വടിവുമുണ്ട്.

കോടതിയിലേക്കോ
കമ്പോളത്തിലേക്കോ
പണിശ്ശാലകളിലേക്കോ
യജമാനനോടൊപ്പം
നടന്നുപോകുമ്പോൾ

പറഞ്ഞറിയിക്കാനാകാത്ത
പത്രാസുമുണ്ട്.

കൃത്യമായ സമയവും
കിറുകൃത്യമായ സേവനവുമാണ്
അതിന്റെ മുഖമുദ്ര.

പകൽനേരങ്ങളിൽ,
തെരുവിന്റെ ഏങ്കോണിപ്പിലും
ടെറസ്സിൻ ചതുരങ്ങളിലും
വിശ്രമമില്ലാതെ വേലചെയ്യും.

നിരത്തുമുറിച്ചുകടക്കുന്ന
ജാഥകൾക്ക്,
ഇഴയിട്ടു കൊടുക്കും.

ഒഴിവുവേളയിലാകട്ടെ,
നഗരചത്വരം വരെ
ഒന്നോടിപ്പോയി വരും.

ബോട്ടുജട്ടിയോടോ
വിളക്കുമരത്തോടോ
തൂവനമൊന്നു മൊഴിഞ്ഞെങ്കിലായി.

പന്ത്രണ്ടാം നമ്പ്ര വീട്ടിലെ
ചിറ്റക്കാരി മുല്ലയോട്
കുളിരിൽ‌പ്പൊതിഞ്ഞെന്തോ
പറഞ്ഞെങ്കിലായി.

കൃത്യം പത്തരയ്ക്കു തന്നെ
യജമാനൻ
വിളക്കണയ്ക്കുമ്പോൾ,
പുറത്തു പായ വിരിച്ചുകിടക്കും.

‘എന്റെയെന്റെ‘ യെന്ന് പറഞ്ഞ്
രാ വെളുക്കുവോളം
കരയും.

നഗരമഴ,
ഒരു മഴയല്ല തന്നെ.

പിന്നെയോ,
നാടുപേക്ഷിച്ചുപോന്ന
ഒരു പ്രവാസി !!


Sunday, May 3, 2015

പച്ചകുത്ത്ഈയിടെയായി
കവിതയെഴുതാൻ പേടിയാണെനിക്ക്!

കാരണം മറ്റൊന്നുമല്ല.

ഓരോരോ വരികൾ എഴുതിപ്പിടിപ്പിക്കുമ്പോഴും
എന്റേതെന്റേതെന്നു പറഞ്ഞ്
ചിലർ കടന്നുവരും.
കോടതി കയറ്റുമെന്ന് കണ്ണുരുട്ടും.
      
 ചിന്തകളോരോന്നങ്ങനെ
കാച്ചിക്കുറുക്കിയെടുക്കുമ്പോൾ,
കള്ളനെന്നു വിളിച്ചുകൂവി
വേറൊരുകൂട്ടരെത്തും.
നാടുവിട്ടോളാൻ പറയും.

മടുത്തു.

ആശയങ്ങളും
അലങ്കാരത്തിന്റെ നിറമുള്ള കുപ്പായങ്ങളും
എല്ലാം ഉപയോഗിച്ചുപഴകിയത്.

ആരെങ്കിലുമൊക്കെ
ഉരിഞ്ഞിട്ടത്.

ഓരോരുത്തരുടെ വിയർപ്പും
നെടുവീർപ്പും പതിഞ്ഞവ.

എനിക്കാണെങ്കിൽ,
പുതുമയുള്ള എന്തെങ്കിലും
കുത്തിക്കുറിക്കാഞ്ഞിട്ട്
ഒരിത് !!

സഹികെട്ട് ദൈവത്തെ വിളിച്ചുണർത്തിയപ്പോൾ
പറഞ്ഞുതന്നതു കേൾക്കണോ ?

“കവിതയെഴുത്തൊക്കെ കഴിഞ്ഞുപോയി കുഞ്ഞേ,
ഇതു പച്ചകുത്തിന്റെ കാലം.

ഹൃദയത്തോടു ചേർത്ത്,
സൂചികൊണ്ട്
മഷിമുക്കിയൊരു തുന്നൽ.

നൊന്തുനൊന്തു പോകുമെങ്കിലും
സാരമില്ല.
ആഴത്തിലൊരടയാളം തന്നെ ധാരാളം.”

കവിതയെഴുത്തു നിർത്തുകയാണു ഞാൻ

പകരം, പച്ചകുത്ത് പഠിക്കയും !!

Monday, March 30, 2015

ഇരട്ട


ഒരമ്മ പെറ്റിട്ടതാണ്.

എന്റേത്
മഴയുടെ പകിട്ടുള്ള
സ്നേഹഭാഷ.

അലക്ഷ്യമായ്
പെയ്യുകയും
പറയാതെ
വിട്ടൊഴിയുകയും
ചെയ്യുന്ന
ഒഴുക്കൻ മട്ട്.

അതിൽ
എത്ര വാക്കുണ്ടെന്ന്
ഞാനെന്തിനറിയണം.

അതിനെ
ഉപജീവിച്ച്
എത്രകൃതികളുണ്ടെന്ന്
എനിക്കെങ്ങനെയറിയാം.

ആകെയറിയുന്നത്
നട്ടുനനയ്ക്കലിന്റെ
രീതിശാസ്ത്രം.

മുളച്ചോ
പടർന്നോ
എന്നു തിരക്കുന്ന
ഓരിലയീരിലച്ചന്തം.

നിന്റെ ഭാഷ
വണിക്കുകളുടേത്.

മഴയില്ലാത്ത രാജ്യത്ത്
വിളഞ്ഞ
വ്യഞ്ജനങ്ങളുടെ
പെരുമാറ്റം.

അതേ വീറും
മണവും.

ചേർത്തടച്ചോ
തൂകിയോ
എന്നു തിരയുന്ന
ഇരുത്തം വന്ന
വ്യഗ്രത.

മൂത്തോ
തികഞ്ഞോ
എന്നുള്ള
അളവുതൂക്കച്ചന്തം !

വഴികളും
തുറമുഖങ്ങളും താണ്ടി
നീ ലോകത്തെ നയിക്കും.

ഞാനോ
ഇത്തിരിവട്ടത്തിലിരുന്ന്
പുതുമയും ജീവനും
കിനാവു കാണും.

പുരുഷാരം നിന്നെ
കേൾക്കും.

എന്റെ വാക്കുകളെയോ
നിലാവു പകർത്തിയെഴുതും.

നിർത്തലില്ലാത്ത കരഘോഷത്തിലൂടെ
നിനക്കവർ വഴിതീർക്കും.

ഞാനോ രാവിനോടൊരേകാന്തത
കടം വാങ്ങും.

യുദ്ധത്തെക്കുറിച്ചു നീ വാതോരാതെ പറയും.
ഞാൻ ബുദ്ധനെയോർത്ത് വ്യാകുലപ്പെട്ടിരിക്കും.

ഒടുക്കം,
നിന്റെ ഓർമ്മകൾ സുവർണലിപിയിൽ
നഗരചത്വരത്തിലെഴുതപ്പെടും.

എന്റേതോ,
നിറമെഴാത്ത മഴവിരലിനാൽ
മരങ്ങളെത്തലോടും.

നീ ആൾക്കൂട്ടത്തിനൊപ്പം
ഒഴുകിത്തീരും.

മഴ നിലച്ചാലും

മരമെന്നെ പെയ്തു കൊണ്ടിരിക്കും !!

Tuesday, February 17, 2015

‘വെളഞ്ഞ’ വിത്തും മരങ്കേറിയും-ഒരകവിത


(എത്ര മറന്നുപോകിലും ഒടുക്കം വള്ളിവീശിയെത്തുന്ന പ്രണയവിത്തുകൾക്ക്)


പണ്ടേ ‘വെളഞ്ഞ’ വിത്തായിരുന്നു.

മടിയിലും മുറത്തിലു-
മടങ്ങിക്കിടക്കുമായിരുന്നില്ല.

എത്ര തൂവിയിട്ടും പൊലിച്ചു
തന്നിരുന്നില്ല
പ്രണയത്തിന്റെ പറകൾ.

എത്രയടുക്കിയിട്ടും
നിറച്ചുതന്നിരുന്നില്ല
രുചിയുടെ കലവറ.

തിളനിലയിൽ
അരിക്കലത്തോടിടഞ്ഞും

ഉരപ്പുരയിലാ-
ളിമാരോടു ഞെളിഞ്ഞും

പാതിവെന്തും
പതിരായ് മറഞ്ഞും

പതുങ്ങി നടപ്പായിരുന്നെന്നും.

ഒടുക്കം,
അലോസരത്തിന്റെ-
യമാവാസി രാവൊന്നിൽ

കൈകാലുകൾ
കൂച്ചിക്കെട്ടി

ജീവനോടെ
കുഴിച്ചിട്ടുകളഞ്ഞു,
അസത്തിനെ.

തൃച്ചംബരത്തോ തൃക്കാക്കരയിലോ**
പോയിരിക്കാമെന്ന്
ചോദിച്ചവരോടൊക്കെ പറഞ്ഞു.

ഒട്ടുനാൾ കഴിഞ്ഞ്
ഒക്കെ മറന്നിരിക്കുന്നൊരു
പാതിരാമഴയത്ത്,
വാതിലിൽ മുട്ടോടുമുട്ട്.

ചുവന്നതൊപ്പിക്കാരെന്നു
നിനച്ച്
കീഴടങ്ങാൻ ചെല്ലുന്നേരം

പച്ചദാവണി ചുറ്റി
വള്ളിവീശി നിൽ‌പ്പാണല്ലോ

‘വെളഞ്ഞവിത്തൊ‘രുത്തി !

പോരാഞ്ഞിപ്പോൾ മരങ്കേറിയും !!**( ‘തൃച്ചംബരത്തോ ഭജിക്കുവാൻ പോയി നീ, തൃക്കാക്കരയിലോ...‘ എന്നുള്ള ഓയെൻ‌വി സാറിന്റെ പ്രശസ്ത വരികൾ ഓർത്തുകൊണ്ട്)


Tuesday, February 3, 2015

ചില അലക്കുചിന്തകൾക്ഷാരലായനിയിൽ മുങ്ങി
മരിച്ചുകിടക്കുമ്പോഴും
കാലുറകളിൽ നിന്നൂ-
ർന്നുപോകുന്നില്ല,
യാത്രകൾ തന്ന രസം
കാത്തിരിപ്പിന്റെ
ചുളിവ്,
അശ്വവേഗത്തിന്റെ താളവും.

ശിലയിൽ വീണുടയുമ്പോഴും
പാവുമുണ്ടിൽ നിന്നു
പൊഴിയുന്നില്ലോർമ്മ തൻ
കൂട്ട്
ജാഥകൾ തൻ സംഘശക്തി,
വ്രണിതമാമുടലിൻ സാദവും.

എത്രമുക്കിപ്പിഴിഞ്ഞിട്ടും
വിട്ടുപോകാതെ നിൽ‌പ്പുണ്ട്
സത്രങ്ങൾ ചൂടിത്തന്ന മണങ്ങൾ.
വാടകപ്രണയം.
രാത്രിവണ്ടികൾ തന്ന
നിദ്ര തൻ ‘ഘട ഘട’.

ലജ്ജ ചൂടിയ നേർത്ത
ദാവണിപ്പൂക്കൾക്കു മേൽ
പട്ടുനൂലോടിച്ചാരോ
വരച്ച
കുറുമ്പുകൾ.


എത്ര നിർദ്ദയമലക്കിയിട്ടും
ഏതൊഴുക്കിലെറിഞ്ഞിട്ടും
നിറംചോരാതെ നിൽക്കുമി-
സ്നേഹം
ഏതു മില്ലിൽ

നീ നെയ്തതാകാം ?

Sunday, January 25, 2015

ബിക്കിനി


( Bikini (n)- A two-piece swimming costume for women)


സുന്ദരികൾക്കു നീ
അഴകളവുകളുടെ വേദിയിലെ
അവസാനത്തെ വാക്ക്.

സത്യാന്വേഷികൾക്കാകട്ടെ
പൊരുളിനു മുമ്പിൽ വലിച്ചുകെട്ടിയ
ഏങ്കോണിച്ച തിരശ്ശീല.

വൃത്തഭംഗം വന്ന കവികൾക്കോ
നിരാനന്ദത്തിന്റെ ഈരടി !

കുമാരഗന്ധർവ്വന്മാർക്കാണെങ്കിൽ
സാക്ഷാൽകാരം തുറക്കുന്ന രഹസ്യവാക്ക്.

എത്ര ചിന്തിച്ചിട്ടും പിടികിട്ടാത്ത
അപരീക്ഷിത കാരകം.

സ്ഥിരോത്സാഹികളായ
ചിലർക്കു
മാത്രം കിട്ടും
സ്വപ്നത്തിലൂടെ ഉത്തരം.

അവർക്കന്നേരം കാണാം
പൌർണമി തൂവിയ

ദിഗംബരം.

Monday, January 12, 2015

മുങ്ങാങ്കോഴി


അമ്മ പറഞ്ഞിട്ടു
മുങ്ങിയതാണ്.

നൂറെണ്ണിത്തീരുവോളം
കിടക്കണം
ജലത്തിന്റെ ഊടുപാവുകൾ
കണ്ടു കണ്ട്.

അതാണ് നിയമം
അതുമാറ്റാൻ പഴുതില്ല നമുക്ക്.

അമ്മ പന്തയം വച്ചു പോയതാണ്
ചിലരോട്.

ജയിച്ചാൽ
കിട്ടും പോലും
പഞ്ചായത്തു വക പൊന്നരി.

അതും ഒരു തുണിസഞ്ചി നിറയെ

നോട്ടം കൊണ്ടു
പൊട്ടാറായ നെഞ്ചുമൂടാൻ

അമ്മയ്ക്കും കിട്ടും
തുണിക്കടക്കാരുടെ വക
ഒരു പട്ടുചേല.

തീർന്നില്ല.
ചാനലുകളുടെ
സമ്മാനപ്പെരുമഴ ഇനി വേറെയുമുണ്ടു
പോലും.

എന്തായാലുമമ്മേ
ഞാനങ്ങുവരട്ടെ,
ലോകരായ ലോകർക്കൊക്കെ
നമുക്കൊരു പെരുനാളൊരുക്കിക്കൊടുക്കണം.

അതിരിക്കട്ടെ,
ജലനൂലുകൾ നോക്കി
ഞാനിങ്ങനെ കിടക്കുമ്പോൾ
നീയെന്തിനാണാവോ നെഞ്ചറഞ്ഞു വീഴുന്നത് ?

തൊണ്ണൂറ്റൊമ്പതെണ്ണി കഴിഞ്ഞ്
കമ്മറ്റിക്കാർ നിൽക്കുന്നെങ്കിൽ
നിന്നോട്ടെ !

അതിനു നമുക്കെന്തു ചേതം.

സമ്മാനമുറപ്പിച്ച്
ഞാനങ്ങുവരില്ലേ ?

ഏറിപ്പോയാലൊരു
മൂന്നുനാൾ.

അത്രതന്നെ !