Monday, December 22, 2014

വെളിവ്

കനകത്തിലോ
ശിലയിലോ
ദാരുമനസ്സിലോ
കുറഞ്ഞപക്ഷം
കുഴമണ്ണിലെങ്കിലുമോ

പകർത്തിസൂക്ഷിക്കണമെന്നു
കരുതിയതാണ്,
നമ്മുടെ കൂട്ടിനെ.

അവസാനം
അതുമാറ്റി.

സ്ഥാവരങ്ങളെപ്പൊതിയുന്ന
അവിരാമനിശ്ശബ്ദതയിൽ
പരസ്പരം
നാം
മറന്നുപോയെങ്കിലോയെന്നു പേടി.

അതുവേണ്ട.

ഒടുക്കം,
ഒഴുക്കുനീറ്റിന്റെ
ശുഭ്രപാളികളൊന്നിൽ

വെടിപ്പോടെ
വരഞ്ഞിട്ടു.

എന്നെങ്കിലും
നമ്മളെത്താതിരിക്കുമോ

സമുദ്രാന്തർഗ്ഗതത്തിലെ
വീട്ടിലും

വെളിവിലും.

നെയ്യപ്പൻ

അയ്യപ്പന്റമ്മ
നെയ്യപ്പം ചുട്ട മണം വരുമ്പം
എനിക്കൊരു കവിയെയോർമ്മ വരും.

ചീകിവെക്കാത്ത മുടിപോലുള്ള
ചിലതെരുവുകളോർമ്മ വരും.

തെരുവിലൂടെ,
എപ്പോൾ വേണമെങ്കിലും
കടന്നു വരാവുന്ന

പാദരക്ഷയില്ലാത്ത
വരികളോർമ്മ വരും.

വരികൾക്കിടയ്ക്കെങ്ങാനും
പുലിപ്പാലുകിട്ടുമോയെന്നു
തേടുന്ന കവിതയുടെ
ദൈവത്തെയോർമ്മ വരും.

ഓർമ്മവന്നോർമ്മ വന്ന്
ഞാനങ്ങനിരിക്കുമ്പം
കാക്ക കൊത്തി-
ക്കടലിലിട്ടു കളഞ്ഞല്ലോ

നെയ്യപ്പത്തിന്റെ വരികൾ !

Sunday, November 30, 2014

അയൽപണ്ടു നീ വടക്കെങ്ങാണ്ടായിരുന്നു.

രണ്ടു രാവുകളും
ഒരു പകലും വേണമായിരുന്നു
ചെന്നെത്താൻ.

എന്നാലും
മുടക്കമില്ലാതെ
തേടിയെത്തുമായിരുന്നെഴുത്തുകൾ.

നമുക്കിടയിലന്ന്
നീലമഷിയുടെ ഒരു കടൽ ദൂരം.

എങ്കിൽ‌പ്പോലും നീയടുത്താണെന്ന്
തോന്നിച്ചിരുന്നു.

വിരൽഞൊടിക്കപ്പുറത്ത്
എപ്പോൾ വേണമെങ്കിലും
തൊട്ടെടുക്കാവുന്ന പാകത്തിൽ.

ഒരിക്കൽ ഞാനെഴുതി.

മടങ്ങിവരും കാലം
അരികിൽത്തന്നെ വീടുവയ്ക്കണം.

നിന്നെയെന്നും കണ്ടുകൊണ്ടിരിക്കാനാണ്.

ഇപ്പോഴും നീ വടക്കു തന്നെയാണ്,
രണ്ടുമിനിറ്റു തികച്ചുവേണ്ട ചെന്നെത്താൻ.

എന്നിട്ടും,
മുടക്കം വന്നുകിടപ്പാണ് പലതും.

കാണാനൊന്നിറങ്ങിത്തിരിച്ചാൽ തന്നെ
നടന്നെത്താനാവാത്ത ദൂരം.

തൊട്ടെടുക്കാമെന്നു വച്ചാലോ

നമുക്കിടയിലൊരാൾമറ !!

Sunday, November 9, 2014

കവിതയെപ്പറ്റി രണ്ടുകവിതകൾ


1) കവിതയുടെ ചിത

കുഞ്ഞുശരീരമായിരുന്നു.
എട്ടോ പത്തോ വിറകുമുട്ടി
മതിയായിരുന്നു,
മൂടിയിട്ടുറക്കാൻ.

കത്തിത്തുടങ്ങുമ്പോൾ പോലും
ചില പ്രതീക്ഷകളൊക്കെയുണ്ടായിരുന്നു.

അർത്ഥങ്ങളുടെ ചെറുസ്ഫോടനമോ
അലങ്കാരങ്ങളുടെ ആളിപ്പടരലോ
പോലെ ചിലത്.

അതല്ല,
വാക്കുകളുടെ തോരാക്കരച്ചിലോ
വരികളിലൂടെയുള്ള അഗ്നിമന്ത്രണമോ,
എന്തെങ്കിലും.

ഒക്കെ വെറുതെയായി.
അരനാഴികകൊണ്ടു തന്നെ
വിസ്മൃതപ്പെട്ടു പോകയാണ്
കവിതയുടെ ജീവിതം !

ആളൊഴിഞ്ഞ് ഒറ്റയ്ക്കായപ്പോളാണ്
ഞാനതു ശ്രദ്ധിക്കുന്നത്.

തണുത്തുറഞ്ഞുപോയ ചാരത്തിനുള്ളിൽ
അവിച്ഛിന്നമായിരിപ്പുണ്ട്,
മുക്തഛന്ദസ്സിന്റെ വേപഥു.

എന്നെത്തെന്നെ നോക്കിനോക്കി !!


2) നിസ്വൻ

കവിയല്ലാതിരുന്നൊരു നിസ്വന്
കവിതയെഴുതണമെന്നു തോന്നി.

എന്തു ചെയ്യാനാണ്,
വാക്കുകളുടെ ഒരു മുക്കാലുപോലും
കൈയിലില്ലാത്ത നേരം.

അഥവാ ഉണ്ടെങ്കിൽത്തന്നെയെന്താണ് ?
അർത്ഥങ്ങളുടെ വ്യാപ്തിയുണ്ടോ-
യെന്നാർക്കറിയാം.

ഇനി,
അർത്ഥങ്ങളുണ്ടെങ്കിൽത്തന്നെ
വ്യാകരണപ്പച്ചയ്ക്കെന്താണു വിലയെന്നോ ?

അർത്ഥവ്യാകരണങ്ങൾ തന്നെ പോരല്ലോ
ആകൃതിയ്ക്കൊരു വൃത്തവും വേണ്ടേ ?

സഹികെട്ട്
അയാൾ നിരത്തിലേക്കിറങ്ങി.

ദയ തോന്നിയാകണം
കാട്, അയാൾക്ക് കുറെ
കാതലുള്ള വാക്കുകൾ കൊടുത്തു.

തിരകളാകട്ടെ വ്യാകരണരഹസ്യവും
കിണറൊരു
പൂർണ്ണവൃത്തവും നൽകി.

തൃപ്തിയടഞ്ഞ്, വീടെത്തി
അയാൾ കവിതയെഴുതാനിരുന്നു.

പക്ഷേ,
എന്തു ചെയ്യാൻ !
വാക്കുകൾ കടഞ്ഞ്
വ്യാകരണപ്പച്ച വൃത്തത്തിൽ
തേച്ചിട്ടും
തെളിഞ്ഞുവന്നില്ല,
കവിതയുടെ കനകധാര !

എന്തു ചെയ്യാൻ,
അയാൾക്ക് നിസ്വനായ്ത്തന്നെ

തുടരേണ്ടി വന്നു !!

Monday, October 20, 2014

പേര്
കുഞ്ഞുമോൾക്കിടാൻ
ഒരു പേര് വേണമായിരുന്നു.

വെറും പേരല്ല.

നീട്ടിവിളിയ്ക്കുമ്പോൾ
പാട്ടുപോലെ വിടരുകയും
അല്ലാത്ത നേരം,
നാവോരമലിയുകയും ചെയ്യുന്ന
ഒന്ന്.

ചില നദികളുടെയും
നക്ഷത്രങ്ങളുടെയും
പൂക്കളുടെയുമായി
ഒരു കൂട്ടം
മനസ്സിലുണ്ട്.
എന്നാലുമൊരു
തൃപ്തി തോന്നിയില്ലെനിക്ക്.

ഒരുവേള,
വൃഷ്ടിയില്ലാതെ വന്നെങ്കിലോയെന്ന്
വീണപൂക്കളായെങ്കിലോയെന്ന്
ചിലപ്പോൾ ചക്രവാതങ്ങളിൽ‌പ്പെട്ട്
തിരിയെങ്ങാനുമണഞ്ഞെങ്കിലോയെന്ന്
പേടിച്ച്
ഞാനതൊക്കെ മാറ്റിവച്ചു.

എനിക്കുവേണ്ടത്,
ഓർക്കുന്തോറുമർത്ഥമേറുന്ന
കനമെഴാത്തതാമൊന്ന്

മറന്നുപോകിലു-
മാൾക്കൂട്ടവഴിയിൽ വച്ച്
തോളിൽത്തൊടുന്ന പോലൊന്ന്

മരിച്ചുപോകിലു-
മോർമ്മകളിറ്റിറ്റ്
പ്രാണൻ തിരിച്ചേകുമൊന്ന്.

കുഞ്ഞുമോൾക്കിടാനൊരു
പേരുവേണമായിരുന്നു,
നിന്റെ പേരുപോലൊന്ന് !

Tuesday, September 30, 2014

സ്പർശം

കാണാതിരുന്നു നാം
കണ്ടുമുട്ടുന്നേരം
കാണാതെപോകുന്നു വാക്കുകൾ.

വാക്കിന്റെ നേർത്ത ഞരമ്പിൽ
കൊരുത്തിട്ട നാനാർത്ഥം.

അർത്ഥപ്പൊലിമയിൽ തൂവും
ചിരിനിലാവാ-
കാശമുറ്റത്തെയൊറ്റ നക്ഷത്രവും !

എങ്ങുപോയിത്രനാളെന്നോ
എത്രമേൽ സൌഖ്യമെന്നോ
അതല്ല,

കാലം‌പുതുക്കിപ്പണിഞ്ഞ
മനസ്സിലെങ്ങാനുമെൻ
പാഴുറ്റ സ്നേഹമോ
പാട്ടോ
കിനാക്കളോ

മായാതെ ചുറ്റിപ്പുണരുന്നുവോ-
യെന്നോ ചോദിച്ചതില്ല ഞാൻ.
(ചോദിപ്പതെങ്ങനെ?)

കൈയകലത്തെത്തി നിൽക്കുന്ന
നീ പോലും
കണ്ണിൽ‌പ്പെടാത്തത്ര
ഘോരതമസ്സൊന്നിൽ
മുട്ടുവടിയൂന്നി മെല്ലെ മുന്നേറുമ്പോളെ-
ന്തു ചെയ്യേണ്ടു ഞാൻ ?

നീണ്ടു തോളിൽ വീണ
നിന്റെ സ്പർശം പൊതിഞ്ഞങ്ങു
നിൽ‌പ്പല്ലാതെ !

Sunday, September 7, 2014

അന്തർദ്ദേശീയംഅയൽ‌രാജ്യങ്ങളാണ്.

അതിർത്തിവഴക്കുകളും
ഉടമ്പടികളും
ആവോളം നടത്തിയിട്ടുണ്ട്.

ഒന്നും ഫലം കണ്ട മട്ടില്ല.

എങ്ങും വിന്യസിച്ചിട്ടുണ്ട്,
സ്പർശമാത്രയിൽ പൊട്ടുന്ന
ക്ഷോഭങ്ങൾ.

എവിടെയും ലാക്കുനോക്കിയിരിപ്പാണ്
സംശയത്തിന്റെ തീക്കണ്ണ്.

ആളില്ലാ വിമാനമോ
അന്തർവാഹിനികളോ
എപ്പോൾ വേണമെങ്കിലും അതിക്രമിച്ചുവരാം.

തകർന്നുപോയെന്നിരിക്കും,
അഖണ്ഡതയുടെ ഗോപുരം.

അങ്ങനെയിരിക്കെ,
അവിചാരിതമായാണ് തീരുമാനം വന്നത്,
പന്ത്രണ്ടുമണിക്കൂർ നീളുന്ന
വെടിനിർത്തലിന്.

ഒരുകണക്കിന്,
ഇടവേളകൾ നല്ലതാണെ-
ന്നെനിക്കും തോന്നി.

കണ്ടില്ലേ,
പുത്തൻപടവും
ഡിന്നറും കഴിഞ്ഞുവന്ന്
ഒറ്റപ്പുതപ്പിലുറങ്ങുന്ന
നയതന്ത്രം.

സയാമീസ് കുരുന്നുകളെന്നേ

ആരും പെട്ടെന്നു പറയൂ !!

Sunday, August 3, 2014

മറുക്

( You are an expatriate. You’ ve lost touch with the soil........
-Ernest Hemingway)

കാലങ്ങൾക്കു ശേഷം
വീടുതുറന്നു കയറുമ്പോൾ
പൂമുഖം ചോദിച്ചു
“ നിന്റെ മണമെങ്ങുപോയി? ”

തെരുവുകളിലെങ്ങോ
കളവുപോയ കാര്യം
ഞാൻ പറഞ്ഞില്ല.

കിടപ്പറ ചോദിക്കയാണ്,
അശ്വവേഗങ്ങളെവിടെയെന്ന് !

പന്തയപ്പുരകളി-
ലെരിഞ്ഞുപോയ വിവരം
പറയാതെ ഞാനൊഴിഞ്ഞു.

രുചികൾക്കെന്തുപറ്റിയെന്നാ‍ണ്
അടുക്കളയ്ക്കറിയേണ്ടത്.

ശീതീകരിച്ച്,
കയറ്റിയയ്ക്കാൻ വച്ച കാര്യം
ഞാനെങ്ങനെ വെളിപ്പെടുത്തും.

തിരക്കുകളു-
മലങ്കാരങ്ങളുമഴിച്ച്

പിറന്നപടി
കണ്ണാടി നോക്കുന്നേരം

എനിക്കും തോന്നുന്നുണ്ട്
ന്യായമായ ചിലതൊക്കെ !

ആരാണു താങ്കൾ ?
പേര് ?
വിലാസം ?
തിരിച്ചറിയാനൊരുപാധി ?

ഓർമ്മയുടെ-
യൊരു മറുകെങ്കിലും !!

Sunday, July 20, 2014

ഇഷ്ടം
(ഇതിനോടകം മലയാളിയുടെ ഹൃദയതാളമായിത്തീർന്ന ഫേസ്ബുക്കിലെ ‘ലൈക്കു’കളെയും ‘ഡിസ്‌ലൈക്കു’ കളെയുമോർത്ത്)

വിവാഹവാർഷിക ദിനത്തിൽ
ഞങ്ങളുടെ പുതിയൊരു ചിത്രം
‘മുഖപുസ്തക‘ത്തിൽ ചേർത്തുവച്ചു.

വെറുതെ ഒരു രസത്തിന്.

ഒട്ടും അമാന്തിച്ചില്ല,
സുഹൃത്തുക്കളും
പരിചയക്കാരും
എന്നുവേണ്ട
വെറും വഴിപോക്കർ പോലും
‘ഇഷ്ടം‘ കൊണ്ടുപൊതിയാൻ തുടങ്ങി.

‘ഇപ്പോഴും എന്തുചെറുപ്പമെന്ന്’

‘ഈ ആനന്ദരസായനത്തിന്റെ ‘റെസിപ്പി‘
ഒന്നു പറഞ്ഞുതരാമോയെന്ന്’

‘ഇനിയൊരു നൂറുജന്മം കൂടി
ഒന്നിച്ചാകട്ടെയെന്ന്’

സാർത്ഥകമായ
പത്തിരുപതു വർഷങ്ങളെയോർത്ത്
പതിവില്ലാതെ
ഞങ്ങളും തെല്ലൂറ്റം കൊണ്ടു.

അനന്തരം,
കൂട്ടുകാർക്കും വീട്ടുകാർക്കും
മധുരവും സ്നേഹവും
സമാസമം ചേർത്ത്
വിളമ്പി നിന്നു.

സന്ധ്യയ്ക്ക്,
സഭ പിരിഞ്ഞുകഴിഞ്ഞപ്പോഴാണ്
ഞാനതു ശരിക്കും ശ്രദ്ധിക്കുന്നത്.

ആശംസകളുടെ ശാന്തസമുദ്രപ്പരപ്പിൽ
ആരാലും ശ്രദ്ധിക്കപ്പെടാതെ കിടപ്പുണ്ട്
‘ഒരനിഷ്ട’ നൌകയും !

അലോസരമോ
കൌതുകമോ
എന്താണു തോന്നിയതെന്നറിയില്ല.

ബോധത്തിന്റെ തിരി നീട്ടി
നോക്കുമ്പോൾ എന്തത്ഭുതം !

‘കളങ്കമില്ലാതെന്തു മുഴുതിങ്കളെന്നു’
ചോദിച്ചുനിൽ‌പ്പാണ്

പടിയിറക്കിവിട്ട പഴയൊരു പ്രണയനാളം !!