Tuesday, June 28, 2011

ജനകൻ

പിറക്കാതെ പോയവൾ
ഇന്നലെ ചോദിച്ചതാണ്.

'ചന്ത തോറും നടന്ന്
ചായവും ചമയവും വാങ്ങി
ചന്തമിയറ്റിച്ച്

കൈയളന്ന്
കാലളന്ന്
മഴ കാട്ടിത്തന്നതാണോ

അതോ

മഴക്കാഴ്ചയിൽ നിന്ന്
മടക്കിവിളിച്ച്

ഉടലുയർച്ചകൾ നുണഞ്ഞ്
ചന്തമഴിച്ച്
ചമയവും ചായവുമുരിഞ്ഞ്

ചന്ത തോറും നടന്ന് വിറ്റതാണോ
നിന്റെ ശരിക്കുള്ള ജന്മം?'

Monday, June 27, 2011

പൊതി

പ്രവാസത്തിൽ നിന്ന് അടുത്തിടെ
അവധിക്കു വന്ന സുഹൃത്ത്
പോകാൻ നേരം
വർണക്കടലാസ്സിൽ പൊതിഞ്ഞ
കുറെ കാരയ്ക്ക* തന്നു.

'പന്ത്രണ്ടു കൊല്ലം വൃഷ്ടിയില്ലാതിരുന്ന ഒരിടത്തു കായ്ച്ചതാണ്.

ഏകാന്തതയിലേക്ക് ഇലകൂപ്പിയുയർന്ന്
വേനൽ മാത്രം കുടിച്ച്
അഹർന്നിശം
ധ്യാനിച്ചുനിന്ന ഒരു മരത്തിൽ നിന്ന്
അടർത്തിയെടുത്തതാണ്.

നുണഞ്ഞു നോക്കുമ്പോൾ
രുചിയുടെ ഒരു സൂര്യകിരണം നാവിൽത്തൊടുന്നതറിയാം.
പ്രാർത്ഥനയുടെ ചന്ദ്രവീഥികളിലേക്ക്
മരുക്കടൽ മൂർച്ഛിക്കുന്നതറിയാം.'

യാത്രചൊല്ലിപ്പിരിയാൻനേരം
ഞാനവനോടു പറഞ്ഞു.

'ഉരുകിയടർന്നു പോയിട്ടും
നിന്റെവിരലുകൾക്കിപ്പോഴുമുണ്ട്
അതേ മുറുക്കം'

അവൻ ചിരിച്ചു മറഞ്ഞു.

മുറിയിൽ വന്ന് പൊതിയഴിച്ചപ്പോഴുണ്ട്
അവന്റെ അതേ വിരൽത്തുമ്പുകൾ
അതുപോലെ തന്നെ-
യുരുകിയടർന്ന്
മധുരം കിനിഞ്ഞ്, നിലാവു പരതുന്നു.

ഞാനതു ഭക്ഷിച്ചില്ല.


* ഉണക്കിയ ഈന്തപ്പഴം

Thursday, June 16, 2011

ലത

ഉണ്ട്, ചില വള്ളികൾ
നെഞ്ചകത്തേക്കിറ്റ് ചാഞ്ഞു പടർന്ന്
'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ.

ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്
അഴൽപരത്തി ചിലപ്പോൾ
നിദ്രതൻ മേൽമൂടി തെല്ലുമാറ്റി
നമ്മെയാകെ ഭ്രമിപ്പിക്കു-
മാടിമഴപ്പൂക്കൾ.

ഇനിയുണ്ട്, മറ്റുചിലർ
പച്ചവേനൽ പോലെ
നമ്മെദ്ദഹിപ്പിച്ച്
എത്രപുണർന്നിട്ടുമെത്രയോ
കണ്ടിട്ടുമൊഴിയാതെ തുള്ളുന്ന ബാധകൾ.

എത്രപുനർജ്ജനി നൂഴ്ന്നിട്ടുമു-
ള്ളിനെ ചുറ്റിവരിഞ്ഞുകിടക്കുന്ന നൂലുകൾ.

ഏതുഹൃദന്തത്തിൽ നിന്നാണിവയുടെ
വരവെന്നു-
മേതു ഗദ്ഗദത്തികവാണിവയുടെ
യിത്തിരിപ്പൂങ്കുലയെന്നും

നാമത്ഭുതം കൊണ്ടുതുളുമ്പുന്നനേരവും

വേലിത്തലപ്പിനെ-
യരമതിൽക്കോണിനെ-
യാനന്ദനിർഝരി കൊണ്ടുപൊതിഞ്ഞിവർ.

Wednesday, June 15, 2011

ചുവപ്പുകാർഡ്

(ഭ്രൂണത്തിലേ നുള്ളിയെടുത്തുകളയുന്ന പെൺപൂക്കൾക്ക്)

വവ്വാലിനെപ്പോലെ-
യധോമുഖിയാ-
യർദ്ധതാര്യമാമൊരുറക്കത്തിലാടി
അമ്മയോടിടയ്ക്കിടെക്കൊഞ്ചി
കാലമെണ്ണുന്ന കുഞ്ഞിനോട്

ഒരാൾ ചോദിച്ചു.

വരുന്നുണ്ടോ ?
പ്രശാന്തമായ തെരുവുകളിലേക്ക്
ധ്യാനസുന്ദരമായ മലമടക്കുകളിലേക്ക്
കിളികളും പൂക്കളും നിറഞ്ഞൊരതിശയ ലോകത്തേക്ക്.

അതൊന്നും പറഞ്ഞില്ല.

തന്റെയഞ്ചാം പിറന്നാളിന്
മഴയുടെ വഴിയും
വളവുകളും കടന്ന്
പാഠശാലയിൽ പോകുന്നതും
തന്റെ കുടക്കീഴിലേക്ക്
ആദ്യമായൊരു സൗഹൃദമൊഴുകിയെത്തുന്നതും
മുൻകൂട്ടിയറിഞ്ഞ്

അതിനു രസംപിടിച്ചു തുടങ്ങി.

ഏതാണ്ട് അതേ സമയത്തു തന്നെയാണ്
അയാൾ വീണ്ടും വന്നത്.

ഇത്തവണ കനിവിന്റെ ഒലിവിലച്ചില്ല
കയ്യിലില്ല.

പകരം ഒളിച്ചുപിടിച്ചൊരു ചുവപ്പുകാർഡ്‌
അതിൽ അനാമിക(മൂന്നുമാസ) മെന്നൊരു പേര്‌.

Monday, June 6, 2011

വീടുപോയ വഴി

പണ്ടൊക്കെ വീടുകൾ

ഓർമകൾ കണക്കെ-
യടുക്കി വയ്ക്കാതെ
നദിയിലേക്കു തുറന്നും
മഴ നോക്കിനിന്നും

വേനലുച്ചകൾക്ക്
കുടിനീരൊഴിച്ചും കടുമാങ്ങ പകർന്നും
അടക്കം പറഞ്ഞും
അയൽവഴക്കുകൂടിയും
ആകാശനീലത്തെ
യടുത്തുമ്മ വച്ചും

തീരാത്ത കൗതുകക്കെട്ടുകളഴിച്ചിട്ട്
കൂൺ പോലെ
കുട പോലെ
നിരനിര നിന്നവർ.

ചാഞ്ഞും ചരിഞ്ഞും
നാട്ടിടവഴിയിലൊട്ടെത്തിനോക്കിയും
നുണ കൊറിച്ചും
നിന്നവർ.

നിലാപ്പൊന്തയിലലിഞ്ഞ്
രാവുതിരുവോളം
വെള്ളിനൂൽ നൂറ്റവർ.

ഉദയരവിയോടൊത്തു വിളക്കുപകർന്നവർ.

വഴിക്കണ്ണുചാരാതെ
പടിയടക്കാതെ
പറഞ്ഞും കരഞ്ഞും
പരിഭവം പുണർന്നും
'മഷി കൂടിയോ'യെന്നു കൺകോണെറിഞ്ഞും

നിലയെഴാ സ്നേഹത്തിനക്കരെയിക്കരെ-
യൊരുപാടുകാലം നിലപാടുകൊണ്ടവർ.

ഇന്ന്

ചതുരങ്ങൾ
അർദ്ധവൃത്തങ്ങൾ
സ്തൂപികകൾ എന്നിങ്ങനെ
ക്ഷേത്രഗണിതപ്രധാനമായ സൂചകങ്ങൾ കൊണ്ട്
കൃത്യമായടയാളപ്പെടുത്തി

ഇരുപതു ഡിഗ്രിയൂഷ്മാവില-
ടക്കം ചെയ്ത ദീർഘനിശ്ശബ്ദത.

വീടെവിടെപ്പോയിരിക്കും ?

Saturday, June 4, 2011

കൈത്തൊഴിലുകൾ

ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നതു നല്ലതാണ്.

നടുപ്പാതിരയ്ക്ക്
പിഞ്ഞിപ്പോയ മേൽവസ്ത്രവുമായൊരുവൾ
പൂമുഖവാതിൽ തള്ളിത്തുറന്ന്
ഉപചാരത്തിനോ
അനുവാദത്തിനോ
സമയം കളയാതെ
പരോശപ്പെട്ടു കടന്നുവന്നെന്നിരിക്കും.

മറ്റുചില സന്ദിഗ്ദ്ധഘട്ടങ്ങളിൽ
പാതിവെന്ത മുഖമുള്ളൊരു
ചാരുകവിത
നഗ്നയായോടിക്കിതച്ച്
എന്റെ പേരുവിളിച്ച്
പേർത്തും പേർത്തും കരഞ്ഞ്
കിടപ്പുമുറിയിലോ സ്വാസ്ഥ്യത്തിലേക്കു തന്നെയോ
വന്നുവീണെന്നിരിക്കും.

പ്രാചീനമുഖമുള്ള ചില സന്ധ്യകളിൽ
കാവേരി കടന്ന്
ഒറ്റപ്പൊൻചിലമ്പിട്ടൊരു വസൂരിമാല-
യുറഞ്ഞു വന്നെന്നിരിക്കും.

സഹശയനോദ്യുക്തയായി
ത്രികാലങ്ങളുടെ വാതിൽ ചാരി-
യവൾ കാഴ്ച മറച്ചെന്നുമിരിക്കും.

ഏതു പൗരുഷവും സ്തബ്ധമായ് പോകുന്ന
ഈവിധ വേളകളിൽ
ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കരുണയോടെ നൂറ്റ പരുത്തിനൂൽ കൊണ്ട്
ഹൃദയം ചേർത്തൊന്നു തുന്നിക്കൊടുക്കാൻ

തൊടിയിൽ നിന്നിറ്റ് കുഴമണ്ണെടുത്തൊരു
പാതിമുഖരൂപം ചമയിച്ചെടുക്കാൻ

വിസ്മൃതമായൊരു പൂത്താലിത്തിളക്കത്തെ-
യുമിയടുപ്പൂതിയൂതി തെളുതെളെ വിളക്കാൻ

ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതു തന്നെയാണ്.