Monday, December 30, 2013

ഇപ്പോൾ പിറന്നുവീണവർ

ഏറെക്കാലമായുള്ളൊരാഗ്രഹമാണ്,
ഒന്നിച്ചിരിക്കുന്നൊരു ഫോട്ടോ.

തനിക്കറുപ്പിലും
വെളുപ്പിലും വിടർന്ന്
ഓർമ്മകൊണ്ടു ചില്ലിട്ടത്.

പട്ടണത്തിലെ സ്റ്റുഡിയോയിൽ
മുട്ടിയുരുമ്മിയിരുന്ന്
ലെൻസിലേക്കുറ്റു നോക്കുമ്പോൾ

‘ചിരിയെങ്ങുപോയെ’ന്നു
ചിത്രമെടുക്കുന്നവന്റെ ചോദ്യം.

അപ്പോഴാണ്
നമ്മളുമതോർക്കുന്നത്.

ചിരിയെവിടെപ്പോയിരിക്കും ?

വീട്ടിലുമ്മറപ്പടിയിലോ
ബസ്സകത്തോ
അറിയാതെവച്ചുമറന്നതാകാം.

അതല്ല,
യാത്രയ്ക്കിടയിലാരാനും
കൈസഞ്ചി കുത്തിക്കവർന്നിരിക്കാം.

സന്ദേഹമിങ്ങനെ
കൊട്ടിക്കയറുമ്പോൾ
ഫ്ലാഷിൻ ക്ഷണപ്രഭ !
സഹസ്രകിരണന്മാരൊന്നിച്ചുണരുന്ന
ജ്ഞാനോദയത്തിൽ
പിറക്കുന്ന നമ്മൾ !!

Sunday, December 22, 2013

പശുവമ്മ( അനാഥ വാർദ്ധക്യങ്ങളെയോർത്ത്)


പശുവിനെക്കുറിച്ചാണ്
പഠിച്ചു വച്ചതത്രയും.

പരീക്ഷയിൽ
ചോദിച്ചതോ
അമ്മയെപ്പറ്റിയെഴുതാനും.

ആദ്യമൊന്നു പകച്ചെങ്കിലും
വിട്ടുകൊടുക്കാൻ
മനസ്സു വന്നില്ല.

എഴുതി.

ആർദ്രതയിൽ മുക്കി
അക്ഷരത്തെറ്റു കൂടാതെ.

-അമ്മയൊരു വീട്ടുമൃഗമാണ്
-അമ്മ നമുക്ക് ദുഗ്ദ്ധം തരുന്നു
-അമ്മ ഐശ്വര്യത്തിന്റെ പ്രതീകമാണ്.
-അമ്മയെന്തു ശാന്തപ്രകൃതമെന്നോ
-അമ്മയെപ്പൂജിക്കുന്ന ഇടങ്ങൾ ഇപ്പോഴുമുണ്ട്.
എന്നിങ്ങനെ.

ഒരു പ്രതീക്ഷയുമില്ലായിരുന്നു.

എന്നിട്ടും,
പത്തിൽ‌പ്പത്തു തന്ന്
പാസ്സാക്കി വിട്ടതെന്തിനെന്ന്
പിടികിട്ടുന്നില്ല പ്രഭോ !

Monday, December 16, 2013

കാണാപ്പൊന്ന്

(പ്രവാസിയ്ക്ക് ഹൃദയപൂർവ്വം)

യാത്രതീരും മുമ്പ്
എഴുതിക്കൊടുക്കേണ്ടിയിരിക്കുന്നു,
അക്കമിട്ടുവച്ച ചോദ്യാവലിക്കുത്തരങ്ങൾ.

നികുതിയ്ക്കു വിധേയമാക്കേണ്ട
പൊന്നെത്ര?
വെള്ളി
മറ്റ് അനുസാരികൾ
എന്നിങ്ങനെ.

കൃത്യമാകണം.
സത്യമെന്നു സാക്ഷ്യപ്പെടുത്തണം.

ഞാനോർത്തു.

പെട്ടിയിൽക്കാണും
പരിതാപകാലത്തിൻ
പതാകമരങ്ങൾ പോൽ

വിലചോർന്ന ഗന്ധങ്ങൾ
നാവിലൂടലിയാൻ മടിക്കും മധുരങ്ങൾ
പൊട്ടിത്തരിയ്ക്കാത്ത വർണങ്ങൾ.

എന്നിട്ടുമെഴുതിക്കൊടുത്തിങ്ങനെ.

“സർ, കേൾക്കണം
പതിറ്റാണ്ടു ചെന്ന സുവർണമോഹമൊന്നുണ്ട്
പെട്ടിയിൽ.

പത്തുനൂറ്റമ്പതു റാത്തൽ തൂക്കം വരും.

നിറമൊട്ടു മാഞ്ഞുപോയെങ്കിലും
താങ്കൾക്കു
മാറ്റുറപ്പിച്ചു കാര്യം ഗ്രഹിച്ചിടാം.

ഉള്ളിലിണക്കിയുറപ്പിച്ചതെങ്ങനെ
കൊട്ടിയടർത്തുമെന്നുള്ളതൊന്നേ പ്രശ്നം!“

Monday, December 9, 2013

ചുവന്നമുളക്


തെലുങ്കാനയിൽ പൂത്തു
വിളഞ്ഞതാണ്.

കട്ടിച്ചുവപ്പിന്നടിയിൽ
കരചരണങ്ങളടക്കി
കിടപ്പുണ്ട്

എരിപൊരികൊള്ളുന്ന വീറ്‌.

തീവണ്ടിയിലോ
പാണ്ടിലോറിയിലോ
ഒളിച്ചുകിടന്ന്

സഹ്യൻ‌കടന്നപ്പോൾ
മുതൽ
തോന്നിത്തുടങ്ങിയതാണ്

“സർവ്വരാജ്യത്തൊഴിലാളികളേ..”-
യെന്നൊന്നു
നീട്ടിവിളിക്കാൻ.

അടക്കിവച്ചു.

ഒടുവിൽ,
പിടിക്കപ്പെട്ട്
അധികാരത്തിന്റെ മില്ലുചുറ്റികയിലമർന്ന്
നാഡിഞരമ്പുകൾ
പൊടിഞ്ഞുപോയെങ്കിലും

കെട്ടുപോയിരുന്നില്ല
ചുവന്നമുളകിന്റെ ശൌര്യം.

ഇപ്പോൾ,
അടുക്കളയലമാരയിലിരുന്ന്
രുചിയുടെ
രക്തരഹിതവിപ്ലവം നയിക്കുന്നു.