Monday, May 30, 2011

ഡീൽ

ശുദ്ധമായ സ്വർണത്തിൽ തീർത്ത
ഈ പഞ്ജരം
വിൽപനയ്ക്കാണ്.

മുത്തച്ഛന്റെ കാലത്തേ ഉള്ളത്.

പുതിയ വീട്ടിലെ സ്ഥലപരിമിതി കാരണം
വിൽക്കാമെന്നു വച്ചു.

ശിൽപചാരുതയുടെ പൂർണത കൈവന്ന ഇതിന്
മോഹവിലയൊന്നുമില്ല.

സ്വർണത്തൂക്കത്തിന്റെ,
നടപ്പുനിരക്കു പ്രകാരമുള്ള
വില തന്നാൽ മതി.

ഒന്നുപറയാൻ വിട്ടു.

രാമായണം ഹൃദിസ്ഥമാക്കിയൊരു
പെൺകിളി ഇതിലുണ്ട്.

അതു തികച്ചും സൗജന്യമാണു നിങ്ങൾക്ക്.

ഒരിടപാടായാൽ ചില നീക്കുപോക്കുകൾ വേണ്ടേ ?

Sunday, May 22, 2011

വീട്ടമ്മ

(മയങ്ങാറുണ്ടാവില്ലവളോളം വൈകിയൊരു നക്ഷത്രവും
ഒരൊറ്റ സൂര്യനുമവളേക്കാൾ നേർത്തേ പിടഞ്ഞെണീറ്റീലാ.

-ആറ്റൂർ)വർഷങ്ങൾക്കു മുമ്പ്
ലളിതപദവിന്യാസയായവൾ വന്നുകയറിയപ്പോൾ
വീട്ടിലെല്ലാവർക്കും സന്ദേഹമായിരുന്നു,
എനിയ്ക്കൊഴിച്ച്.

അവളെ,യോരോ കാൽവെയ്പ്പിലും
വഴുകി വീഴ്ത്താൻ ശ്രമിച്ചിരുന്നു,
ചുറ്റുവരാന്ത.

അവളുടെ മണമുൾക്കൊള്ളാൻ മടിച്ച്
കരിമ്പനയുടെ ധാർഷ്ട്യം പോലെ നിന്നു,
കുളിപ്പുര.

അവളുടെ പാടവങ്ങളെ പരീക്ഷിക്കാനൊരുങ്ങാതെ
കരിച്ചും തൂവിയും കളഞ്ഞു
പൊട്ടിച്ചിരുത, ഞങ്ങളുടെ അടുക്കള.

ഭൂതാവിഷ്ടരെപ്പോലെ ചറപറ പറഞ്ഞ്
തൊടി.

അവളുടെ നീർപ്പാളയിൽ നിറഞ്ഞുതുളുമ്പാതെ-
യൊഴിഞ്ഞൊഴിഞ്ഞ്
കിണർവട്ടം.

അശാന്തമായ ഈ വിലോപങ്ങളുടെ
പരിണതിയെന്താകുമെന്നു ഭയന്ന്
ഞാനവൾക്ക്
മഴയുടെ മൂലമന്ത്രമുപദേശിച്ചു.

അന്നുതുടങ്ങിയതാണ്
വീടകങ്ങളിൽ നിന്ന് തൊടിയോളവും
തിരിച്ചും
അഞ്ചടിപ്പൊക്കം പോന്നൊരു മഴയുടെ പെരുമാറ്റം.

നട്ടിട്ടും നനച്ചിട്ടും മതിവരാതെ
ജലത്തിന്റെ തിരസ്കരിണി വകഞ്ഞ്
എപ്പോൾ വേണമെങ്കിലും വിടരാവുന്നൊ-
രഭിജാതകുശലം.

ഗൾഫ് സ്കെച്ച്- ഒരകവിത

(ആർക്കോ വേണ്ടി എന്നും പൂവിട്ടുനിന്ന് അകാലത്തു കൊഴിയുന്ന ചില മരങ്ങളുണ്ടിവിടെ, അവരെയോർത്ത്)

ഷാർജയിലെ ഞങ്ങളുടെ
എണ്ണൂറു ചതുരശ്രയടി സ്വർഗത്തിൽ
ഒരു വസന്തത്തിനും കൂടി ഇടം പോരായിരുന്നു.

എന്നിട്ടും സമൃദ്ധമായി മഞ്ഞപ്പൂക്കൾ വിടരുന്ന
ഒരു വള്ളിച്ചെടി
ബാൽക്കണിയിൽ ഞാൻ നട്ടുവച്ചു.

വിദൂര ദേശങ്ങളിലെ വസന്തചിന്തകളുമായി
അത് സർഗവിനിമയം നടത്തുന്നത്
ഞങ്ങൾ കിനാവ് കാണുമായിരുന്നു.

പൂവിടുന്നവയുടെ വംശവഴിയിലെ-
യപൂർവജനുസ്സായതിനാലാകാം
നിറവും തൃഷ്ണയുമേറിയ പൂക്കൾ കൊണ്ട്
ഞങ്ങളുടെ പുലർച്ചകളലങ്കരിക്കപ്പെട്ടു.

ഇതരലോകങ്ങളിൽ
മഞ്ഞും
മഴയും
വെയിലുമേറ്റ്
ഋതുവിചാരങ്ങൾ കിറുണിപ്പെടുമ്പോൾ

ഞങ്ങളുടെ വീട്ടിൽ മാത്രം
പൂക്കാലത്തിന്റെ
പ്രസാദമധുരമായ തുടർച്ച.

വാതിൽപ്പടിയിൽ നിന്ന്
'വന്നോട്ടെ'യെന്ന് ചോദിക്കുന്ന സൗഹൃദം.
മരുഭൂക്കളുടെ പുഷ്പവേണി.


ഒടുക്കം
നാട്ടിലേക്കു മടങ്ങേണ്ടിവന്ന അനിവാര്യതയിൽ
ഞങ്ങളൊന്നു തീരുമാനിച്ചുറച്ചു.

സ്നേഹോൽക്കടമായ-
ഈ സസ്യ ശരീരത്തെക്കൂടി
സസൂക്ഷ്മം പൊതിഞ്ഞെടുത്ത്
കൂടെക്കൂട്ടിയേക്കാമെന്ന്.

നാട്ടിൽ
കോളാമ്പിയുടെയും
കൊന്നപ്പൂവിന്റെയും കൂടെ
ഒരേ സ്ഥായിയിൽ
അതു തുടർന്നും സ്പന്ദിക്കട്ടെയെന്നു കരുതി

പ്രവാസത്തിന്റെ
ധൂസരവർഷങ്ങളിലുടനീളം
മമതയും മഞ്ഞപ്പൂവും സൂക്ഷിച്ചുവച്ചതിനൊരു
തെളിവാകട്ടെയെന്നും കരുതി

എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്.
പുനരധിവാസത്തിന്റെ ആദ്യവാർത്തയിൽത്തന്നെ
അതിന്റെ ചേതോഹരമായ മഞ്ഞനിറം മാഞ്ഞുപോയി.

അടുത്ത പുലർച്ചയ്ക്ക്
പൂക്കളഴിഞ്ഞുപോയ പച്ചപ്പർദ്ദയിലൊതുങ്ങി-
യതു ഞങ്ങളെ വിളിച്ചുണർത്തി.

"സുപ്രഭാതം സുകൃതികളേ !
ജീനുകളുടെയസാധാരണ വഴികൾ
നിങ്ങൾക്കറിയില്ല.

ഞാൻ മണലിലെഴുതപ്പെട്ടു പോയ ധ്യാനം.
കഠിനവസന്തത്തിൽ മാത്രം പൂക്കുന്നവൾ.
ഏകാകിയുടെ പീതവസനം."

അനന്തരം നരച്ചു തൂവിയ
തെരുവിലേക്കതപ്രത്യക്ഷമായി.

ഇന്നും വഴിയോര നഴ്സറികളിലെങ്ങാനും
ഒരു മഞ്ഞപ്പൂവള്ളികണ്ടാൽ
ഞാനെന്തൊക്കെയോ ഓർത്തുപോകാറുണ്ട്.

Monday, May 16, 2011

നരി

ശിക്ഷയുടെ വിരസമായ പുസ്തകം
ഒരാവർത്തി
വായിച്ചു കേൾപ്പിച്ച്

ദൈവത്തിന്റെ അതേ ഛായയുള്ള
ന്യായാധിപൻ ചോദിച്ചു.

എന്തെങ്കിലും ?
ഇതു വരെ വായിച്ചറിയാത്ത ഒരു പുസ്തകം
ഒരു സിനിമ
ഇന്നേവരെ നനയാത്ത ഒരു പ്രാർത്ഥന
ഒരു രുചി
എന്തെങ്കിലും ?

എത്രയും ശമിച്ച്
ഗർജ്ജനങ്ങളുടെ അവസാന കാടും വെടിഞ്ഞ്
നരി പറഞ്ഞു.

മൈലോർഡ് !
വേട്ടക്കാരനുമായുള്ള മാരത്തണിന്റെ
അവസാന ലാപ്പിൽ
തോറ്റുപോയൊരു മാലാഖയുണ്ട്.

അതിന്റെ നേർത്തഭുജങ്ങൾക്കിടയിൽ
ഇനിയുമോടിത്തീരാത്തൊരു
കുഞ്ഞുപേശി കാണും.

അതു നിഷ്കർഷയൊടെ വേർപെടുത്തി
അത്താഴത്തിനു വിളമ്പണം.

കരുണയുടെ സ്വർഗവാതിൽ തുറക്കുന്ന
രഹസ്യവാക്കൊന്നു രുചിച്ചറിയാനാണ് .

Monday, May 9, 2011

നീലകണ്ഠം

( വടക്കൻ കേരളത്തിലെ 'വിഷം തീനി'കൾക്ക് ഹൃദയപൂർവം.)


കുറച്ചു ദിവസങ്ങളായി
കൂട്ടുകാർ ചോദിക്കുന്നതാണ്
'നിനക്കതിനെക്കുറിച്ചെന്തെങ്കിലുമെഴുതിക്കൂടേ'യെന്ന്.

പതിവുപോലെ
ഞാനവരോട് കടലുകളുടെ വൈഭവത്തെക്കുറിച്ചും
ശർമിഷ്ടയെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.

'അതിനെ'ക്കുറിച്ചു പറയാൻ തുടങ്ങുമ്പോൾ
ആരെങ്കിലും പിൻവിളിക്കും
അതുമാത്രം നടന്നില്ല.

ഇന്നു വീണ്ടുമവരോർമ്മിപ്പിച്ചപ്പോൾ
ഞാൻ പറഞ്ഞു

"ഇഴഞ്ഞിഴഞ്ഞെത്തി സൂക്ഷ്മതയോടെ പതിയ്ക്കുന്ന
സ്നേഹഫണങ്ങളെ-
ക്കുറിച്ചെഴുതുക വയ്യ.

ശ്വാസകോശങ്ങളിൽ വീണ്
വീണ്ടെടുക്കാനാകാതെ പോയ
വാക്കുകളെക്കുറിച്ചെഴുതുക വയ്യ.

ഞാൻ ജന്മം കൊണ്ടു ഭീരുവായവൻ.
പേടിയുടെ പവിഴദ്വീപിലെ
വിശ്രുത കവി

മഴ സ്നേഹം പ്രതീക്ഷ
ഇതാണെന്റെ മിക്സ് ".

പുലയാട്ടിക്കൊണ്ട് കൂട്ടുകാർ മറഞ്ഞപ്പോൾ
മുറിയിൽ നിറയുന്നുണ്ട്
കവിതയുടെ ദർപ്പണം.

അതിൽ നിറയുന്നുണ്ട്-
മായ്ക്കുന്തോറും ചന്തമേറുന്ന
നീലകണ്ഠവുമായൊരാൾ.

എന്നെത്തന്നെ നോക്കിനോക്കി.

Saturday, May 7, 2011

മൊഴി

ആത്മകഥാപരമായ ചിലതൊക്കെ
എഴുതിത്തുടങ്ങുമ്പോൾ
വളർത്തുപൂച്ചയുടെ മെരുക്കത്തോടെ
പറ്റിച്ചേർന്നിരുന്ന്
'ഞാൻ ഞാനെന്നു'
കുറുകാറുള്ള അയാളെ എനിക്കറിയാം.

എന്റെ ഹൃദയം സ്ഥിതി ചെയ്യുന്ന
അതേ അക്ഷാംശരേഖാംശങ്ങളിൽത്തന്നെ
അയാൾക്കും ഒരു വീടുണ്ട്.

ഒഴുകിത്തീരാൻ മടിച്ചിരുന്ന
ചില അസ്തമയങ്ങളിലെ
കടൽത്തീരയാത്രകളിൽ ഒപ്പം നടന്ന്
തികച്ചും സ്വകാര്യമായ ചിലതൊക്കെ പങ്കിട്ടെന്നതും..

പ്രണയത്തിന്റെ അധിനിവേശകാലത്ത്-
മാറത്തടുക്കിവച്ച
മധുരനാരങ്ങകളും മുന്തിരിയുമായി
നിശാനിയമം മുറിച്ച്
അയാൾ പതിവായ് വന്നിരുന്നെന്നതുമൊക്കെ
ശരി തന്നെ.

എന്നെപ്പോലെ പാടുകയും
പ്രണയിക്കുകയും
ക്ഷോഭിക്കുകയുമൊക്കെ
ചെയ്യുന്ന
അവന്റെ ശരീരഭാഷ കണ്ട്
അവൾപോലും പറഞ്ഞിട്ടുണ്ട്,
'അവൻ ഞാൻ തന്നെയെന്ന്'.

ഒക്കെ ശരിതന്നെ,ഞാനൊന്നും നിഷേധിക്കുന്നുമില്ല.

എന്നാലിപ്പോൾ-
അയാളുടെ തിരോധാനത്തെപ്പറ്റി
നിങ്ങളെത്ര കുത്തിക്കുത്തിച്ചോദിച്ചാലും
എനിക്കൊന്നും പറയാനില്ല.

എന്നെ
എത്ര തുരന്നു തുരന്നു നോക്കിയാലും
അയാളുടെ ശേഷിപ്പുകൾ കണ്ടെത്താനും കഴിയില്ല.


(കൃതി പബ്ലിക്കേഷൻസിന്റെ 'കാ വാ രേഖ?' എന്ന കവിതാസമാഹാരത്തിൽ ഇടം നേടി.)

Sunday, May 1, 2011

അൽഷീമേഴ്സ്

നമ്മുടെ പടിഞ്ഞാറേ മുറിയിലിരിക്കുന്ന
വീട്ടിയലമാരിയില്ലേ?
അതിന്റെ കള്ളറയിൽ പൂട്ടിവച്ച
'അതീവപ്രധാന'മെന്നു മേലെഴുത്തുള്ള
ഫയൽ കാണുന്നില്ല.

അതേ !
നീലച്ചട്ടയ്ക്കുമേൽ
എന്റെ പേരും വിലാസവും സുവർണാങ്കിതമായ
അതു തന്നെ.

ഇന്നലെ മുതൽ അതുകാണുന്നില്ല.

നിത്യേന
പെരുമീൻ പൊട്ടുന്നേരം
ദൈവം പുതുക്കിയെഴുതുമായിരുന്ന
നിന്റെ വിളിപ്പേരാണതിലുള്ളത്.

കോമാളിവണ്ടി

ഒരുവണ്ടികൂടി മാറിക്കയറണം,
വീടെത്താൻ.

ക്ഷുത്തൃഡാദി മേഘങ്ങളിൽപ്പെട്ടുപോയ
ഓമനത്തിങ്കളിനോട്
സ്വഗതമെന്നോണം അമ്മപറഞ്ഞു..

"വരുന്നുണ്ട്
ഓറഞ്ചുകായ്ച്ച നഗരത്തിൽനിന്ന്
മധുരം നിറച്ചുതൂകി നമുക്കുള്ള തീവണ്ടി.

തീക്ഷ്ണഗഹ്വരങ്ങളിൽ നിന്ന് മുക്തിനേടി
നെറ്റിയിലൊരു ദയാസൂര്യനുമായി
നമ്മുടെ പുലരിവണ്ടി."

'ഉപേക്ഷിത' മെന്നെഴുതിവച്ച സ്റ്റേഷനിലെ
വെറുംതിണ്ണയിലിരുന്ന്
അമ്മ പറഞ്ഞുകൊണ്ടിരുന്നു.

"വാടരുത് !
കൂടാരങ്ങളഴിച്ചടുക്കി
‘സ്വാതന്ത്ര്യം
പകൽ
സ്വാതന്ത്ര്യ’മെന്നു കുടുകുടെച്ചിരിച്ച്
വരുന്നുണ്ടു നമ്മുടെ കോമാളിവണ്ടി."