Saturday, July 23, 2022

പാന്ഥർ

പാന്ഥർ ................. (T. K ശശികുമാർ പടവുകൾ കയറി ശ്രാദ്ധസ്ഥലത്തേക്ക് തിരയുന്ന വഴിയിലാണ് അയാൾ നടന്ന് എൻ്റെയൊപ്പമെത്തിയത്. ചിരപരിചിതനെപ്പോലെ ചിരിച്ചു കൊണ്ട് അയാൾ ആരാഞ്ഞു. " ഇവിടെ ബലിയിട്ടാൽ പരേതർക്ക് നിത്യശാന്തി കിട്ടുമെന്ന് കേട്ടിട്ടുള്ളത് ശരിയാണോ?" വിട്ടുപോയവരുടെ ഓർമ്മയിൽ മുങ്ങിയും പൊങ്ങിയും നീങ്ങിക്കൊണ്ടിരുന്ന എനിക്ക് ആ ചോദ്യം അലോസരമായാണ് തോന്നിയത്. ഞാൻ അശ്രദ്ധമായി മൂളി, പിന്നെയും ഒഴുക്കു തുടർന്നു. എന്തായാലും അതിനു ശേഷം അയാൾ സംസാരം തുടർന്നില്ല. പക്ഷെ എൻ്റെയൊപ്പം നടപ്പു തുടർന്നു. അസ്ത്മയുടെ പടർമുല്ലകൾ അയാളുടെ ശ്വാസഗതിയെ തടയുന്നതായി തോന്നിച്ചു . കടവിൽ നിന്ന് അത്ര സുഗമമല്ലാത്ത ഒരിറക്കത്തിലാണ് പുഴയുടെ ഒഴുക്ക്. തലമുറകളുടെ പാപങ്ങൾ കഴുകിക്കളഞ്ഞിട്ടും ജലവിരലുകളുടെ ശുഭ്രസുതാര്യതയ്ക്ക് മങ്ങലില്ല. പവിത്രമോതിരങ്ങൾ ചുറ്റിയ സങ്കടങ്ങൾ ഒരു വേള ജലോപരിതലത്തിൽ വട്ടം ചുറ്റിയിട്ട് അപ്രത്യക്ഷമാകുന്നുണ്ട്. മന്ത്രങ്ങളും, പരിദേവനങ്ങളും കലർന്ന പിറുപിറുക്കുന്ന ഒരു ഭാഷയിലാണ് അവിടത്തെ വ്യവഹാരം നടക്കുന്നത്. തിരക്ക് ഒഴിയുന്ന നേരത്താണ് ഞങ്ങൾ അവിടെ എത്തിച്ചേരുന്നത്. എന്നെപ്പോലെ അയാൾക്കും ധൃതിയൊന്നുമില്ലായിരുന്നെന്ന് തോന്നി. കടവിൽ ആളൊഴിഞ്ഞ മുറയ്ക്ക് കൈസഞ്ചി ചാരു ബഞ്ചിൽ വെച്ചിട്ട് ഞാൻ പുരോഹിതരുടെ അടുത്തേക്ക് നീങ്ങി. അവരോട് ഞാൻ ആവശ്യം പറഞ്ഞു " മാതാപിതാക്കൾക്കാണ് " പുരോഹിതൻ എനിക്കു പറഞ്ഞു തന്നു. മാതാപിതാക്കളാണ് പിതൃലോകത്തേക്കുള്ള വാതായനങ്ങൾ. അവരുടെ തിരോഭാവത്തിന് ശേഷമാണ് അതത് വാതിലുകൾ തുറക്കപ്പെടുന്നത്. പിതൃപുണ്യത്തിന് വേണ്ടിയുള്ള അനുജ്ഞ തേടി ഞാൻ കണ്ണടച്ചു നിന്നു.കർമ്മി പറഞ്ഞു തന്നതൊക്കെ ഒരു പാവയുടെ വിധേയത്വത്തോടെ ശ്രദ്ധിച്ചു ചെയ്തു. നാക്കിലയിൽ ഓരോ ഇടങ്ങളിൽ, നിശ്ചിത അളവിൽ, എണ്ണത്തിൽ, സൂചിയോട്ടത്തിൻ്റെ നിഷ്കർഷയോടെ ഓരോന്ന് അനുഷ്ഠിച്ചു ഇപ്പോൾ, മരിച്ചവർ എൻ്റെ ചാരെ വന്നു നിൽപ്പാണ്. അവരെ ഞാൻ പേടിയില്ലാതെ തൊട്ടു നോക്കി. ശവത്തിൻ്റെ കടുശൈത്യത്തിനു പകരം അവർക്ക് മുപ്പത്തേഴു ഡിഗ്രിയുടെ ശരീരോഷ്മാവ് ! തെളിനീരിൽ ആണ്ടുമുങ്ങുമ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. മുങ്ങി നിവരുന്നേരം, ഉച്ചിയിൽ ധ്യാനപൂർവ്വം പരതുന്നുണ്ട് രാസ്നാദിനുള്ളിൻ്റെ കാണാവിരലുകൾ. എൻ്റെ തൊണ്ടയിടർച്ചയ്ക്ക് മേലെ നദിയുടെ നൂപുരദ്ധ്വനി.വ്യസനത്തിൻ്റെ നീർച്ചാലുകളെ സമർത്ഥമായി കാമുഫ്ലാഷ് ചെയ്യുന്നുണ്ട് ഈറൻ പകർച്ചയത്രയും! ഇപ്പോൾ കടവ് ഏതാണ്ട് നിർജ്ജനമാണ്. വലിയ മരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും ഇടയിൽ ശരീരശൂന്യരായി ഇരുപ്പുറപ്പിച്ചിരുന്ന ചിലർ അവരവരുടെ പിതൃലോക യാത്ര തുടർന്നു. ഇനിയും സന്ധിക്കും വരേക്കും നമസ്ക്കാരം എന്നു പറഞ്ഞ് ആത്മാക്കളും, അവയുടെ ഭൂമിയിലെ അന്വേഷകരും പരസ്പരം പിരിഞ്ഞു. മനുഷ്യരുടെയും ആത്മാക്കളുടെയും മദ്ധ്യേ കാണാപ്പാലം പണിഞ്ഞു കൊടുത്തിരുന്ന പുരോഹിതരിൽ ഒരാൾ മാത്രം കൃതാർത്ഥതയുടെ പുഞ്ചിരിയോടെ അവിടെ ശേഷിച്ചു. നനഞ്ഞ വസ്ത്രങ്ങൾ മാറി ചാരു ബെഞ്ചിലേക്ക് ചെല്ലുന്നേരം അപരിചിതനായ ആ മനുഷ്യൻ എൻ്റെ കൈസഞ്ചി മാറോടടുക്കിപ്പിടിച്ചിരിപ്പുണ്ട്. "മർക്കട ശല്യം! അവർ രണ്ടു മൂന്നു തവണ ഇതിൻ്റെ ഉള്ളടക്കം പരിശോധിക്കാൻ വന്നു. അതാണ് ഞാൻ കൈയിലെടുത്തു പിടിച്ചത് " എനിക്ക് അയാളോട് കൃതജ്ഞതാ ബോധം തോന്നി. വില പിടിപ്പുള്ള പലതും അതിനുള്ളിലുണ്ട്.പ്രത്യുപകാരമെന്നോണം അയാളുടെ തോൾസഞ്ചി കർമ്മങ്ങൾ തീരുന്നത് വരെ സൂക്ഷിച്ചു കൊള്ളാമെന്ന് ഞാൻ പറഞ്ഞു. അയാൾക്കത് സമ്മതമായിരുന്നു. അന്നത്തെ സമയം തീരാറായെന്ന് കർമ്മി ഓർമ്മിപ്പിച്ചു. എന്നിട്ടും അപരിചിതൻ ധൃതി കാട്ടിയില്ല. അയാൾ മെല്ലെ കടവിലേക്കിറങ്ങി നിന്നു. അയാളും അശരീരികളായ ചിലരുമായി നടന്നേക്കാവുന്ന അർത്ഥസമ്പൂർണമായ നാടകം കാണേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ എതിർദിശയിലേക്ക് കണ്ണോടിച്ചിരുന്നു. പുരോഹിതനോട് അയാൾ പറയുന്നത് എനിക്ക് കേൾക്കാം. "സ്ത്രീയാണ്" തുടർന്ന് അവരുടെ പേര് അയാൾ ഉച്ചരിച്ചു. പുരോഹിതൻ ആരാഞ്ഞു "അമ്മയാണോ?" "അമ്മയല്ല ! " അപരിചിതൻ പ്രതിവചിച്ചു. ഒന്നു നിർത്തിയിട്ട് ദൃഢസ്വരത്തിൽ അയാൾ തുടർന്നു. "ആരുമല്ല !! " പെട്ടെന്ന് എങ്ങാണ്ടു നിന്നോ വന്ന നിശ്ശബ്ദതയിൽ കടവ് കനപ്പെട്ടു നിന്നു. എനിയ്ക്കങ്ങോട്ട് നോക്കാതിരിക്കാനായില്ല. ഏതോ ഒരാത്മാവിൻ്റെ പൈദാഹം അകറ്റാൻ ഓരോന്ന് ചമച്ചു കൊണ്ടിരുന്ന കർമ്മി അപരിചിതൻ്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കിയിരുന്നു. അനന്തരം ശ്രാദ്ധത്തിലെ വാതായനങ്ങളുടെ കണക്കുകൾ അയാളോടും പറഞ്ഞു. എന്നിട്ട് ചോദ്യം ആവർത്തിച്ചു. "എന്താണ് അവർക്ക് താങ്കളുമായുള്ള ബന്ധം?" അപരിചിതൻ മറുപടി പറഞ്ഞു " സുന്ദരവും അനിർവചനീയവുമായ ഒന്ന്! രക്തബന്ധത്തിൻ്റെ കെട്ടുപിണച്ചിലിൽ ഒരിടത്തും അവളെ കണ്ടെത്താൻ കഴിയില്ല !" കർമ്മി നിസ്സഹായതയോടെ അയാളെ കേട്ടുകൊണ്ടിരുന്നു. അയാൾ കർമ്മിയോട് ചോദിച്ചു " ഇവിടെ ബലിയിട്ടാൽ ആത്മാവിന് നിത്യത കിട്ടുമെന്ന് കേട്ടിട്ടുണ്ട്, നേരാണോ? " "നേരാണ്! പണ്ട് അമൃതകുംഭവുമായി വൈനതേയൻ പറന്നു പോകുമ്പോൾ അമൃതിൻ്റെ ബിന്ദുക്കൾ ഇവിടെ വീണിട്ടുണ്ട് " അമൃതെന്ന വാക്കുകേട്ട മാത്രയിൽ അയാളുടെ മുഖം തിളങ്ങി. അയാൾ മെല്ലെ എഴുന്നേറ്റു. പുരോഹിതൻ പറഞ്ഞു, " ഉള്ളു നൊന്തു പ്രാർത്ഥിക്കൂ. ഫലമുണ്ടാകാതിരിക്കില്ല." തുടർന്ന് തൻ്റെ ഭാണ്ഡം മുറുക്കി അയാൾ യാത്ര പറഞ്ഞു പോയി. അപരിചിതൻ എന്നോട് ചോദിച്ചു " ഒരഞ്ചു മിനിട്ട് എനിയ്ക്ക് തരാമോ " ഞാൻ പറഞ്ഞു. "തീർച്ചയായും! എനിക്ക് ധൃതിയൊന്നുമില്ല" അയാൾ സഞ്ചി തുറന്ന് അതിൽ നിന്ന് ഒരു പൊതിയെടുത്തു. "യാത്രക്കിടയിൽ ഭക്ഷിക്കാൻ കരുതിയതാണ് " അയാളതു തുറന്നു. ആരോ റൂട്ടിൻ്റെ നിറഞ്ഞ ബിസ്ക്കറ്റ് കൂടും അര ഡസൻ പഴവുമാണ്. രണ്ടു ബിസ്ക്കറ്റും ഒരു പഴവും എടുത്ത് അയാളെനിക്കു നീട്ടി. അനന്തരം കർമ്മി ഉപേക്ഷിച്ചു പോയ നാക്കിലയിൽ അയാൾ രണ്ടു ബിസ്ക്കററും ഒരു പഴവും വെച്ചു. കാര്യം തിരക്കി വന്ന വാനര സംഘത്തിനും ചിലതൊക്കെ കൊടുത്തു. ഏതോ ഒരോർമ്മയിൽ അയാളൊന്നു കൂമ്പി വിടർന്നു. എന്നിട്ട് ഒരു ബിസ്ക്കറ്റെടുത്ത് കടിച്ചു. ഒപ്പം ഞാനും! സഹഭോജനത്തിൻ്റെ നിർവൃതിയിൽ ഞങ്ങളൊന്നായി നിറഞ്ഞു. അയാളുടെ ശ്വാസധാരയുടെ വഴിമുട്ടൽ എത്ര നിയന്ത്രിച്ചിട്ടും പുറത്തു കേൾക്കാമായിരുന്നു. എന്നിട്ടും പാപനാശിനിയുടെ അടിത്തട്ടിലേക്ക് അനേകം തവണ അയാൾ മുങ്ങി നിവർന്നു നിന്നു. ഖേദങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ അയാൾക്ക് വല്ലാതെ നൊന്തെന്നു തോന്നി.മുറുക്കിക്കെട്ടിയ തന്ത്രിവാദ്യത്തിൽ നിന്ന് വീണ വിലാപശ്രുതി മെല്ലെ മെല്ലെ ഒതുങ്ങി. അയാൾ സംതൃപ്തിയുടെ നിറവോടെ കരയിലേക്ക് നടന്നു.പിന്നെ ബാഗിൽ കരുതിയിരുന്ന പുതുവസ്ത്രങ്ങൾ ധരിച്ച് ഒന്നും മിണ്ടാതെ മുന്നോട്ടു നീങ്ങി. കൂടെ ഞാനും. പടവുകളിറങ്ങവേ,സന്ദേഹത്തിൻ്റെ കടുംകെട്ടഴിക്കാൻ ഞാനയാളോട് ചോദിച്ചു. "അതൊരു പ്രണയിനിയായിരുന്നോ ?" അയാൾ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. പടവുകളിറങ്ങി, പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ, ഞങ്ങൾ അവരവരുടെ വഴിയ്ക്ക് പിരിഞ്ഞു പോയി !! 17.07.2022)

Monday, July 4, 2022

 പയോധര ചിന്തകൾ

.............................. (T. K ശശികുമാർ

അമ്മയുടെ മുലപ്പാൽ കുടിച്ചിട്ടുണ്ടെങ്കിൽ ഇറങ്ങി വാടാ എന്ന് നാട്ടിൽ പണ്ട് ചട്ടമ്പികൾ പരസ്പരം വെല്ലുവിളിക്കുമായിരുന്നു. കാരണം, മുലപ്പാൽ ഒരാളുടെ അന്ത:സ്സത്തയിൽ അലിഞ്ഞു ചേർന്ന അഭിമാനമാണ്.
സസ്തനികളുടെ, പിപാസ ബാധിച്ച കുഞ്ഞുങ്ങൾക്ക് സ്രഷ്ടാവ് ഒരുക്കിവെച്ച ഉത്തരമാണത്.


എന്നാലും ത്രേതായുഗത്തിൽ വനവാസം വിധിക്കപ്പെട്ട ഒരു രാജകുമാരൻ നിർദ്ദയം പ്രേമാതുരയായ ഒരുവളുടെ കുചച്ഛേദം നടത്തിയ കഥയുണ്ട്.അതിൻ്റെ അനുരണനങ്ങളിൽപ്പെട്ടാകണം രാമായണയുദ്ധം ഇത്രയധികം കൊടുമ്പിരി കൊണ്ടത്.

ദ്വാപരത്തിൽ, 'മുനികൾ മാനസതളിരിലും ഗോപത്തരുണിമാരുടെ മുലത്തടത്തിലും' മരുവുന്നൊരു മായാമനുഷ്യനെപ്പറ്റി എഴുത്തച്ഛൻ വർണിക്കുന്നുണ്ട്.

ചിലപ്പതികാരത്തിൻ്റെ സംഘകാല താളിൽ ഒരുവൾ പറിച്ചെറിഞ്ഞ മാറിടത്തിൽ നിന്ന് പുരാന്തകനായ പാവകൻ പടർന്നു പൊങ്ങിയതും നാമറിഞ്ഞു.

പിൽക്കാലത്ത് ഒരു നങ്ങേലിയമ്മ  കേരളചരിത്രത്തിലേക്ക് ഇറുത്തിട്ടതും കരം തീരുവയുള്ളൊരു കുചഭംഗി തന്നെയാണ്.

ഇപ്രകാരം വാത്സല്യത്തിൻ്റെയും, പ്രണയത്തിൻ്റെയും, കാമത്തിൻ്റെയും ,പ്രതിഷേധത്തിൻ്റെയും, പകയുടെയും ഇടച്ചങ്ങലയിട്ട് പൊന്നണിഞ്ഞെഴുന്നള്ളിയ ചരിത്രമാണ് പയോധരങ്ങളുടേത്.

എന്നിട്ടും ഇന്നും ''മുല" എന്ന വാക്കിനെ ദൈനംദിന സംസാരഭാഷയിൽ മലയാളികൾ അരുമയോടെ ചേർത്തിട്ടില്ല. അതിപ്പോഴും കേൾക്കുന്നവർക്ക് അസാധാരണവും ഗൂഢവുമായ ഒരു വാക്കാണ്.പെൺമാനത്തിനു നേരെ ഒളിനോട്ടക്കാരൻ ഉന്നി വെച്ചിരിക്കുന്ന തെറിയാണ്.

ഇക്കഴിഞ്ഞ അവധിക്ക് , ആൾത്തിരക്ക് കുറഞ്ഞ വടക്കോട്ടുള്ള  ശബരി എക്സ്പ്രസിൽ ഒരു അമ്മയും കുഞ്ഞും തിരുവല്ലയിൽ നിന്ന് കയറി.അമ്മ ആകെ പരിക്ഷീണയായിരുന്നു. കരഞ്ഞ് അർദ്ധമയക്കത്തിലുള്ള ചിടുങ്ങനെ കങ്കാരുവിൻ്റെ ഏകഗാത്രബോധത്തോടെ അവൾ അടുക്കിപ്പിടിച്ചിട്ടുണ്ട്.തുടർന്ന്, ട്രെയിൻ മുറിയിലെ മുതിർന്ന സ്ത്രീയോട് അവൾ എന്തോ രഹസ്യം പറഞ്ഞു. ജന്മാന്തരങ്ങൾ തന്ന അവബോധത്തിൻ്റെ നുള്ളു കൊണ്ട് അവിടെയിരുന്ന ആൺപിറന്നവൻമാർക്ക് കാര്യം മനസിലായി. മാമൂട്ടാൻ ഒരിടം തേടുകയാണവൾ. ഞങ്ങളൊഴിഞ്ഞു കൊടുത്തു. പത്തനംതിട്ട മുതൽ തിരുവല്ല വരെയുള്ള 30 കി.മി ബസ് യാത്രയിൽ മുലയൂട്ടാനുള്ള സ്വകാര്യത അവൾക്ക് എങ്ങും കിട്ടിയിരുന്നില്ലത്രേ! ആൾപ്പാർപ്പും ജലസാന്നിദ്ധ്യവും പരതി ഇന്ത്യ ഗോളാന്തരയാത്ര നടത്തുന്ന നടപ്പു കാലത്ത്,തൻ്റെ കൈക്കുഞ്ഞിന് നിർവൃതിയുടെ ഗോളസ്പർശമരുളാൻ ഒരുവൾക്ക് ഇത്തിരി മറവ് കിട്ടാനില്ല !!!

കടം കൊണ്ട മുലപ്പാലിൻ്റെ കഥയാണ് എൻ്റെ ശൈശവത്തിൻറേത്. ഞാൻ എട്ടുമാസക്കാരനായിരുന്നപ്പോൾ എൻ്റെ അമ്മയുടെ മുലപ്പാൽ പൊടുന്നനെ നിലച്ചുപോയി. ദാർശനികവും, ജീവശാസ്ത്രപരവുമായ ഈ സന്ദിഗ്ദ്ധാവസ്ഥയെ ഞാനെങ്ങനെ നേരിട്ടു എന്നോർമ്മയില്ല. എന്തായാലും എൻ്റെ അതേ പ്രായക്കാരായ രണ്ടു കൂട്ടുകാരുടെ അമ്മമാർ ആ കർത്തവ്യം ഏറ്റെടുത്തു എന്നാണ് ഞാൻ പിന്നീട് മനസിലാക്കിയത്.നാട്ടിൽ ഒരു കാലത്ത് നിലനിന്നിരുന്ന നന്മയുടെ പരിച്ഛേദമായിരുന്നു ആ അമൃതേത്ത്. ആ അമ്മമാർ എൻ്റെ ബന്ധുക്കളായിരുന്നില്ല. ഞാനുൾപ്പെടുന്ന മതവിഭാഗക്കാരോ ജാതിയുടെ അകക്കണ്ണങ്ങളിൽ പെട്ടവരോ പോലും, ആയിരുന്നില്ല, അവർ. നിരാമയനായ നാഥൻ എൻ്റെ ചരിത്ര പ്രതിസന്ധിയുടെ ആമയം തീർക്കാൻ ഉടലാർന്നതാണ് അവരെന്ന് ഞാനിന്നും വിശ്വസിക്കുന്നു. ജാതി,മത നിരപേക്ഷതയുടെ ആദ്യപാഠം ഞാനറിഞ്ഞത് അവരുടെ ''പൊൽക്കരളിലെ വെള്ളം വെളുത്തവെള്ളം നോക്കി " (സുഫല - ഒളപ്പമണ്ണ) ആയിരിക്കാൻ ന്യായമുണ്ട്. എന്തായാലും അവരുടെ ജീവിതാന്ത്യം വരെ അവരോട് കെട്ടു പോകാത്ത മമതയും കരുതലും സൂക്ഷിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. ഓരോ അവധിയ്ക്കും ആ അമ്മമാരുടെ നാടൻ കരുത്തുള്ള കരച്ചുറ്റുകളിലമർന്ന് വിധേയമാർദ്ദവത്തോടെ നില്ക്കാൻ ഞാൻ ഉത്സാഹത്തോടെ പോകുമായിരുന്നു.

ജയദേവരുടെ അഷ്ടപദിയിലെ പയോധരങ്ങൾ പ്രണയത്തിൻ്റെ കഞ്ചുകം കൊണ്ട് മൂടിയിട്ടതാണ്. ഇതരഭാഷയുടെ ക്ലിഷ്ടതയിൽ പെട്ട്  അവയുടെ ആസ്വാദനം എന്നെപ്പോലുള്ളവർക്ക് ഒരിക്കലും പൂർണമായിരുന്നില്ല.

അദ്വൈതത്തിൻ്റെ മറുകര കണ്ട ആദി ശങ്കരനും ചരിത്രത്തെ അഗാധമാക്കിയ ഗുരുവിനുമാകട്ടെ അവ ലൗകികതയുടെ ശിഖരങ്ങളിൽ കായ്ച്ച കട്വമ്ലഫലങ്ങളായിരുന്നു.


എന്നാൽ കാവ്യഭാവനയുടെ സമ്പന്നതയുള്ള വയലാറും പി.ഭാസ്കരനുമൊക്കെ അവയെ തെളിനീരിൻ്റെ ലാഘവത്തോടെ മലയാളിയുടെ ചുണ്ടിലിറ്റിച്ചു. മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ മുത്തണിക്കുന്നുകൾ കാണുമ്പോൾ ഞാനിന്നും  ക്ഷണദീപ്തി പോലെ മലയാളത്തിലൂടെ കടന്നു പോയ ആ ഗന്ധർവ്വ കവിയെ ഓർക്കാറുണ്ട്.പി.ഭാസ്കരനിലെത്തുമ്പോൾ അത് കുളിരാഴത്തിൻ്റെ സ്വാതന്ത്ര്യത്തിലേക്ക് മുലക്കച്ച മാറ്റി മുങ്ങുന്ന അനഘസങ്കല്പ ഗായികയാണ്.

ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശങ്ങൾ. പശ്ചിമഘട്ടത്തിൻ്റെ  സ്ഥാവര ഗൗരവത്തിനിടയിൽ വയലാർ ഭാവനയിലെ മഞ്ഞുമുലക്കച്ച മുറുക്കിക്കെട്ടിയ അനേകം പർവ്വതങ്ങൾ കാണാനിടവന്നിട്ടുണ്ട്.
അതിലേറ്റവും അത്ഭുതാവഹമായത് രത്നഗിരി ജില്ലയിലെ സാവർദയ്ക്കും ചിപ്ളൂണിനുമിടയ്ക്കുള്ള രണ്ടു മലകളാണ്. ദൂരക്കാഴ്ചയിൽ,പാലൂട്ടിക്കൊണ്ട് ഭയാശങ്കകളേതുമില്ലാതെ അലസശയനം നടത്തുന്ന ഒരുവളാണെന്നേ നമുക്കു തോന്നൂ. അവിടേക്ക്, പകൽച്ചടവിൻ്റെ ചില ഇടനേരങ്ങളിൽ ശിശുസദൃശമായ പരതലോടെ ഇഴഞ്ഞെത്തുന്ന മേഘങ്ങളെ അതിശയത്തോടെ  ഞാൻ കണ്ടിട്ടുണ്ട്. മൺസൂൺ കഴിഞ്ഞ് കടുംപച്ചനിറമുള്ള  റൗക്കയുമണിഞ്ഞു കിടക്കുമായിരുന്ന അവയെ കൊങ്കണിലെ കൊങ്കകൾ എന്നാണ് രഹസ്യമായി ഞാൻ വിശേഷിപ്പിച്ചത്.മനുഷ്യനിൽ ആദിമ തൃഷ്ണകൾ ഉരുവം കൊണ്ടത് പ്രകൃതിയുടെ ഇമ്മാതിരി നിമ്നോന്നത ദൃശ്യങ്ങളുടെ പ്രകോപനങ്ങളിൽ നിന്നായിരിക്കണം.

അന്ന് അവിടെ കൊങ്കൺ റെയിൽവേയുടെ പ്രാരംഭ നടപടി ക്രമങ്ങൾ നടക്കുന്ന കാലമാണ്. പദ്ധതിയുടെ അലൈൻമെൻ്റ് കൊങ്കണിലെ കൊങ്കകൾക്കിടയിലൂടെയാണെന്ന് അറിഞ്ഞപ്പോൾ വന്യമായ ഒരാന്തലിൽപ്പെട്ട് എൻ്റെ ഹൃദയം മുറിഞ്ഞുപോയിരുന്നു. അത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്.

തൊണ്ണൂറുകളുടെ അവസാനം ബോംബെയിൽ നിന്ന് ഗോവയ്‌ക്കുള്ള ഒരു കാർയാത്രയ്ക്കിടയിലാണ് വീണ്ടും ഞാൻ അതിലേ പോകുന്നത്. അപ്പോഴേക്കും കൊങ്കണിലെ കൊങ്കകളിലൊന്ന് മുറിച്ചു മാറ്റപ്പെട്ടിരുന്നു. അതിൻ്റെ ഇല്ലായ്മയുടെ ഇടനാഴിയിലൂടെ, അക്ഷമനായ മനുഷ്യനെയും വഹിച്ച് തീവണ്ടികളോടുന്നുണ്ടായിരുന്നു.

ആ വട്ടം വാർഷിക അവധിയ്ക്ക് നാട്ടിൽ ചെന്നപ്പോൾ അമ്മമാരിലൊരാളെ കാണാൻ ഞാൻ പോയി. ക്ഷീണിതമെങ്കിലും ഉൾക്കരുത്തിൻ്റെ ധ്രുവദീപ്തിയിൽ അവരുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു. പച്ചനിറത്തിലുള്ള ഒരു നീളൻ ഉടുപ്പാണ് അവർ അണിഞ്ഞിരുന്നത്. അങ്ങനെയൊരു വേഷം മുമ്പ് അവരൊരിക്കലും അണിയുമായിരുന്നില്ലല്ലോ എന്നു ഞാനോർത്തു.
കുറെ നേരം നോക്കി നിന്നശേഷം ആ അമ്മ കനിവോടെ എന്നെ ആശ്ലേഷിച്ചു. എനിക്കന്നേരം അത്ഭുതം തോന്നി. പതിവില്ലാത്ത ഒരസാന്നിദ്ധ്യം!! എവിടെയാണ് ഞാൻ പണ്ട് കടം കൊണ്ടിരുന്ന പയോധരങ്ങളിലൊരെണ്ണം? അവിടത്തെ ശുദ്ധശൂന്യതയുടെ തണുപ്പിലേക്ക് ഞാൻ വിറങ്ങലിച്ചു പറ്റിച്ചേർന്നു. പിന്നെ ദുർബ്ബലപ്പെട്ട ഒരാവൃത്തിയിൽ അവർ പറയുന്നതു കേട്ടു നിന്നു.

" മുറിച്ചുമാറ്റി മോനെ!"

ചുറ്റിനും പാർവ്വണങ്ങളെ ഗ്രസിക്കുന്ന രാഹുവിൻ്റെ ഇരുട്ട് !!

അതായിരുന്നു ഞങ്ങൾക്കിടയിലെ അവസാന കാഴ്ച.

Saturday, March 5, 2022

ചിത്രശാല

 

സ്നേഹം വരയ്ക്കാനെന്തെളുപ്പം!


അഞ്ചിതൾ വർണവും
കേസരവും
പച്ചയുടുപ്പിട്ട വീടകവും
കാറ്റിൽക്കുണുങ്ങി
നട്ടുച്ചനൂഴും
വീട്ടുവേലിക്കലെ ചെമ്പരത്തി!

ആരോ കുടഞ്ഞിട്ട സ്നേഹ വായ്പിൻ
ചെഞ്ചായമിററുപകുത്തെടുത്ത്
നീൾവിരൽത്തുമ്പാൽ വരച്ചെടുക്കും
നാട്ടുവഴിയിലെ നന്മരത്തി!

രാവേറി, മഞ്ഞു പുതപ്പിനുള്ളിൽ
വാടിയ സ്വപ്ന വിതാനമായി
മുറ്റത്തു വീണു മറന്നു പോകു,മോർമ്മച്ചെരുവിലെ  നൊമ്പരത്തി !

പൂക്കൾ വരയ്ക്കാനില്ലെളുപ്പം !!

പാതയോരത്തെ വിജനതയിൽ
പൂത്തുനിൽക്കുന്നോരു സൗഹൃദത്തെ

രാവുണരുമ്പോളിതളഴിഞ്ഞു
നെഞ്ചിൽ ത്തൊടുന്നോരു തൂമണത്തെ

രാക്കണ്ണടയ്ക്കാതെ നോക്കിനോക്കി
വാടിക്കൊഴിഞ്ഞ കിനാവുകളെ

വെള്ളകീറുന്നേര, മോർമ്മവാതിൽ
മെല്ലെത്തുറക്കും പരിഭവത്തെ

ഏതു നിറച്ചാർത്തിലേതടുക്കിൽ
എത്രയാവർത്തി വരയ്ക്കേണ്ടു ഞാൻ !!



Friday, July 9, 2021

ഓർമകളുടെ റിപ്പബ്ളിക്

കടലു കാണുമ്പോളോർമ്മ വരുന്നുണ്ട്

തിരകൾ പോലെ നാം പണ്ടു പുണർന്നതും
കദന വഞ്ചിയിലേറിയാഴങ്ങളിൽ
വലയിടാൻ പണ്ടു രാവു തുഴഞ്ഞതും
ഇനിയുമെത്താത്ത കൂട്ടുകാർക്ക, ക്ഷമം
തുറമുഖങ്ങളിൽ രാത്രി കഴിച്ചതും
അകലെ മിന്നിക്കറങ്ങും വിളക്കിൻ്റെ
ചരമരശ്മികൾ നമ്മെപ്പൊതിഞ്ഞതും
മണലുകൊണ്ടു പണിഞ്ഞ കൊട്ടാരങ്ങൾ
കടലെടുത്തു മറഞ്ഞു പൊയ്പോയതും
ചാറി വീഴും നിലാവിൻ്റെ പൊൻതരി
കോർത്തു നിന്നെ ചിലമ്പണിയിച്ചതും

കാടു കാണുമ്പോളോർമ്മ വരുന്നുണ്ട്
കനിവണിഞ്ഞു നാം  പണ്ടു പൂക്കുന്നതും
കനികൾ കൊത്താൻ കിളികളണഞ്ഞതും
മാമരങ്ങൾക്കിടയിൽ
നിന്നന്നു നീ
പ്രണയ നീർ ചുണ്ടിലിറ്റി
നിൽക്കുന്നതും

പകലണഞ്ഞുപോയ്
നേർത്ത നിലാവിൻ്റെ
നിഴലു തുന്നിയ
കമ്പളം നീർന്നതും
അതു പുതച്ചു കിടന്നു വിദൂരമാം
ക്ഷണിക താരങ്ങളെണ്ണി രസിച്ചതും

വഴികൾ കാണുമ്പോളോർമ്മ വരുന്നുണ്ട്
വരികൾ ചേർന്ന് മരങ്ങൾ പെയ്യുന്നതും
കുടമറന്ന് നനഞ്ഞുതോൾ ചേർന്ന്
മഴ മുറിച്ചു പകുത്തു നിൽക്കുന്നതും
വരണമാലകൾ കോർത്തു
മിഴിപ്പൂക്കളിടവഴിയിൽ പതുങ്ങി നിൽക്കുന്നതും

കഠിനകാലം പൊഴിച്ച
കരീലയിൽ
വഴികളോരാതെയോർമ്മ
ചുറ്റുന്നതും

കടവുകാണുമ്പോളോർമ്മ വരുന്നുണ്ട്
മറുകര തൊട്ട് നീന്തി വരുന്നതും
ജലസമൃദ്ധിയിൽ നിന്നെ- ത്തൊടുന്നേരം
തളിരു പോലെ നീ ചേർന്നു നിൽക്കുന്നതും
പരുഷവേനലിൽ നമ്മൾ
പരസ്പരം കുളിരു ചേർത്ത്
ഞൊറിഞ്ഞു നിൽക്കുന്നതും
ഒടിവിലീരടിവെള്ളമായ് കരകളെ
മൃദുല ദാവണി ചുറ്റി നിൽക്കുന്നതും


എന്നിട്ടും
.......
........



വ്രണിതവാസരം തീർന്നു നീ
വന്നെൻ്റെ പടിയിൽ നിന്നു
ചിരിച്ചു നിറയുമ്പോൾ
ചിറകുവീശാതെ
മായുന്നതെന്താവാം
സ്മൃതിപതാകയുയർത്തിയ
മന്മനം ??

Sunday, September 6, 2020

നിലക്കണ്ണാടി

 വീണുകിട്ടിയോരിടവേളയിൽ

നിലക്കണ്ണാടി നോക്കുന്നേരം
വീണപൂവുപോലൊരുവൾ
നോക്കി നിൽപ്പാണെന്നെ!

ചിരിച്ചിട്ടും
ചിരി മടക്കാതെ
പേരു ചോദിച്ചിട്ടുമോരാതെ
തോരാതൊഴിയാതൊരു ബാധപോൽ !

ഞാനതിൻ മഷിയെഴാമിഴിയിൽ
വിരൽ ചേർക്കെ-
യാഴത്തിലതിതീവ്രകാലങ്ങൾ വരഞ്ഞിട്ട
പാടുകൾക്കുള്ളിൽ തോരാ-
മഴതൻ ഗാനം കേൾക്കാം.

ആ മഴച്ചാർത്തിലൊറ്റക്കുടയിൽ
നടക്കുമ്പോൾ തോൾവരമ്പുകൾ
ഭേദിച്ചെന്നെ നീ നിറയ്ക്കുന്നു

സ്വച്ഛമാം ജലനൂലിന്നിഴകൾ
ചാർത്തിച്ചാർത്തി
നാം പരസ്പരം നോക്കി
നിൽക്കവേ വരവായി

റൊട്ടിയും നിലാവിൻ്റെ വെണ്ണയും
വീഞ്ഞും താങ്ങി
സ്നേഹത്തിൻ കരകാണാ-
ക്കടലായ് മഹാകാലം!'

Sunday, August 23, 2020

പൊതിച്ചോറ്


പൊതി തുറക്കുമ്പോൾ
മുറിയാകെ പടരുന്നുണ്ട്
രുചിയുടെ കൂട്ടുമണം !

വഴന്ന പച്ചയ്ക്കുള്ളിൽ
അടങ്ങിയിരിപ്പാണ്
വിടർന്ന ചിരി പോലെ
ജീവൻ്റെ വറ്റ്

ഇത്തിരിത്തോരൻ
(കനിവോ കായോ മറ്റോ)
മുളകിൽ നീറി
രസക്കടലാഴങ്ങൾ
താണ്ടും കണ്ണിമാങ്ങ തൻ ജന്മം!

നീ,യതു സമർത്ഥമായനുപാതങ്ങൾ
ചേർത്ത്
ഉരുളച്ചമയത്തിലൂട്ടി നിൽക്കവേ

നാവിൽ
നിറയുന്നില്ലാ
രസപ്പെരുമ

പകരമോ ,
ജീവനിൽ ജീവൻ ചേർത്തു
നീയെന്നെ തുന്നുന്നപോലിത്തിരി -
ക്കണ്ണീർച്ചേലും ചിരിയും
സ്വാദും മാത്രം.

Tuesday, June 23, 2020

പ്രവാസം

ഒന്നര ദിവസത്തെ പറക്കൽ
കഴിഞ്ഞ്, വീടെത്തി
വിമാനക്കടച്ചിൽ *
മാറ്റുന്നേരം

തൊടിയിലാരവം!

അമ്മ പറഞ്ഞു
ദേശാടനക്കിളികളാണ്.

ശൈത്യം പൊറാഞ്ഞ്
പത്തയ്യായിരം മൈൽ പറന്ന്
വിരുന്നെത്തിയവരാണ്.

ഓരോ വർഷവും
ഒരുൾവിളിയുടെ പിൻപറ്റി
ഒരിഞ്ചുപോലും തെറ്റാതെ
അവർ വരാറുണ്ടു പോലും

അവരുടെ ചിറകിനുതാഴെ
പെയ്യാമഴകളുടെ ഈർപ്പവും
കവിതയുടെ പ്രവേഗവും
കൊരുത്തു വെച്ചിട്ടുണ്ടു പോലും.

നാട്ടിടവഴികളിൽ പൂത്തും
മഴത്തണുപ്പിൽ കാത്തും

ചില നേരമൊറ്റയായ്
ചിലപ്പോൾ കൂട്ടരോടൊത്തൊരിമ്പമായ്
അവരങ്ങനെ കഴിയും.

അങ്ങനെയിരിക്കെ
കൃത്യാനന്തര ബഹുലത
തുടരെ വിളിക്കുന്ന ഒരു നാൾ
അവർ തിരിച്ചു പറന്നു പോകും.

മരക്കൊമ്പുകളിൽ നിന്ന്
തൻ്റെ ചിറകുകളടർത്തിയെടുത്ത്
കാവുകളുടെ ധ്യാനം തിരിച്ചേകി
പകലിനോടൊരു വെള്ളി കടം പറ്റി
അവർ കൂടൊഴിയും.

അമ്മയുടെ വിവരണം കേട്ട്
എനിക്ക് ചിരി വന്നു.
താദാത്മ്യപ്പെടലിൻ്റെ സമുദ്രവേഴ്ചയിൽ
ഞാൻ തണുത്തു പനിച്ചു.

അന്നു വൈകിട്ട് പാനോപചാരത്തിനിടെ
പുറത്ത് വെടിയൊച്ച!

ഉറ്റ സ്നേഹിതനാശ്വസിപ്പിച്ചു.

പേടിക്കേണ്ട ചങ്ങാതി !
ഇവറ്റകളുടെ ഇറച്ചിയിലുണ്ട്
ഉത്തേജനത്തിൻ്റെ തുരഗം!

ഒറ്റപ്പെടലിൻ്റെ നരകത്തീയിൽ വീണ്
ഞാൻ വെന്തുതിർന്നു .

* Jet lag