Sunday, December 19, 2010

ഒറ്റപ്പെട്ട കവി

എനിക്കു കവിതയെഴുതാൻ
വാക്കുകളുടെ വലിയ പ്രപഞ്ചമോ
ബിംബങ്ങളുടെ ദുരൂഹസൌന്ദര്യമോ
ഒന്നും വേണ്ട.

സ്നേഹം
മഴ
പ്രതീക്ഷ
അത്ര മാത്രം മതി..

കവിതയുടെ
സുന്ദരമായ ഒരുടൽ
ഞാൻ വരച്ചെടുക്കും.

ചൊൽക്കാഴ്ചകളുടെ
ഘനഗംഭീരമായ സദസ്സുകളിൽ
സവിനയം
അതു മുൻനിരയിൽത്തന്നെ
വന്നിരിക്കും.

അർത്ഥമില്ലാത്ത
നെടുനീളൻ പ്രകടനങ്ങൾ കണ്ട്
അതിന്റെ പേലവമനസ്
നൊന്തു വിങ്ങും.

സദസ്സുവിടാൻ ഒരുങ്ങുന്ന
അതിനെ പിൻപറ്റി
അനുവാചകരാരും വരില്ല.
നീയും വരില്ല.

ചെറുതെങ്കിലും ക്രമബദ്ധമായ
കാൽവെയ്പ്പുകളോടെ
നിരത്തു മുറിച്ച്
വിശ്വാസമെന്നു പേരുള്ള
തെരുവിൽ
അത്
അപ്രത്യക്ഷമാകും

പെൺകടൽ

പെൺകടൽ അങ്ങനെയാണ്

കടൽക്കാക്കകൾക്കൊപ്പം
രഹസ്യങ്ങളിൽ നുരഞ്ഞ്
കാലക്ഷേപം ചെയ്തുകൊണ്ടിരിക്കും

ചില ഏകാന്തസന്ധ്യകളിൽ
കാൽപ്പനികതയിലേക്കൊന്നു പൂത്തിറങ്ങിയാലായി.
വിസ്മയിപ്പിക്കുന്ന ചില ചന്ദ്രോദയങ്ങളിൽ
പ്രണയകാവ്യങ്ങളിലേക്കൊന്ന്
ഒളിനോട്ടം നടത്തിയാലായി.

അത്ര തന്നെ.

തിരനോട്ടങ്ങളില്ലാതെ-
വൻകരകളുടെ സ്നേഹപ്പകർച്ചയ്ക്ക്
വശംവദമാകാതെ
അരൂപിയുടെ ആത്മാവിഷ്ക്കാരമായി
നിലകൊള്ളുകയാണ്
അതിന്റെ രീതി.

എന്നാലും
കറുപ്പുവെളുപ്പു ചിത്രങ്ങളുടെ കാലം
ഒരിക്കൽ അവസാനിക്കും.

വർണചിത്രങ്ങളൊപ്പുന്ന
പുത്തൻ ഛായാഗ്രഹണയന്ത്രവുമായി
പ്രണയാതുരനായ ഒരാൾ
അതിലേ വരും.

അയാളുടെ കരകൌശലത്തിന്റെ
സൂക്ഷ്മവ്യാപാരത്തിൽപ്പെട്ട്
ഒരായിരം ഉദയാസ്തമയചിത്രങ്ങളിലേക്ക്
പെൺകടൽ വിച്ഛിന്നമാകും.

പിന്നെ-
വ്രതഭംഗത്തിന്റെ
രക്തസ്നാതമായ നദികളിലൂടെ
അതു തിരിച്ചൊഴുകാൻ തുടങ്ങും.

Friday, June 4, 2010

എനിക്കു വേണ്ടത്‌

വീടു പൊളിച്ചുമാറ്റുമ്പോൾ
കിഴക്കോട്ടു തുറക്കുന്ന ആ വാതിൽ
നില നിർത്തണം.

വെള്ളകീറുംമുമ്പേ
അച്ഛനിറങ്ങിപ്പോയ വഴിയാണത്‌

തെക്കോട്ടെടുത്ത വാൽസല്യങ്ങളുടെ
ഓർമ്മയ്ക്ക്‌
ആ അറവാതിൽ പൊളിയ്ക്കരുത്‌

നമ്മെ നോക്കിച്ചിരിച്ച നിലക്കണ്ണാടിയും
കൗതുകങ്ങളുടെ കളിവണ്ടികൾ നിറഞ്ഞ
മച്ചിൻ പുറവും
വേണമെനിക്ക്‌..

വേണം, വേണം

തുലാവർഷം തുടംതോരാതെ
കോരിയ
സാന്ത്വനത്തിൻ നടുമുറ്റം

നേരിയ
നിലാപ്പൊന്തയിൽ
നമ്മെക്കാണാതായ പൂമുഖം,
നവരസമാളിയ അടുക്കള.

സ്വാതന്ത്ര്യമെന്നു നാം വിളിപ്പേരിട്ട
കിടപ്പുമുറി.


(ഡി.സി ബുക്സ്‌ പ്രസാധനം ചെയ്യുന്ന 'നാലാമിടം-ബ്ലോഗ്കവിതകൾ' എന്ന കവിതാസമാഹാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു )

ഗതിമാറുന്ന നദി

ഗതി മാറുകയെന്നത്‌
നദികളെ സംബന്ധിച്ച്‌
ദുഷ്കരമായ ഒന്നാണ്‌

വർഷമായാലും
വേനലായാലും
വെറുതെ ഒഴുകുക എന്ന
സാധാരണതയിൽ നിന്ന്
തികച്ചും വ്യത്യസ്തം.

പുതിയ
നിമ്നോന്നതങ്ങൾ
കണ്ടെത്തണം

പുതിയ ആഴങ്ങളും
ചിന്തകളും
കണ്ടെത്തണം

പുതിയൊരു
കടൽ മുഖം വേണം

ഒന്നോർക്കണം
നദിയെന്നത്‌
ലളിതമായ
ഒരു പ്രക്രിയയല്ല

ഭൂപടങ്ങളിൽ കാണുമ്പോലെ
നീല നീലമായ
സാന്ത്വനമല്ല

കവികൾ വരച്ചിട്ട
വരവർണിനിയുമല്ല

അല്ലെങ്കിൽ
മറുകരയെത്താതെ
പോയവരോടു ചോദിയ്ക്കൂ

തിരിച്ചെടുക്കാനാവാത്ത
ഒരു വാക്കു പോലെ
അത്‌
എന്നെന്നേക്കുമായി
രേഖപ്പെടുത്തിയിരിക്കുന്നു

അനുവാചകരുടെ മുൻവിധി പോലെ
നിർവചിക്കപ്പെടുന്നെന്നു മാത്രം.

നദികൾക്കു
ഗതി മാറുകയെന്നതു
ദുഷ്കരമായ ഒന്നാണ്‌

സ്വീകാര്യതയാണു പ്രധാനം.

പുതിയ കുളിപ്പടവുകളിലെ
ലജ്ജയും
സംശയവുമൊക്കെ തീർന്നു വരാൻ സമയമെടുക്കും

അടിയൊഴുക്കുകൾ
അളന്നു തീരും വരെ
ഝഷകുലമോ
ജലപിശാചുക്കൾ പോലുമൊ
കടന്നു വരില്ല

എന്നാലും ചരിത്രത്തിന്റെ
ചില വിളികളിലേക്ക്‌ കാതു ചേർത്ത്‌
നദി ഗതിമാറിയൊഴുകിത്തുടങ്ങും.

Friday, May 28, 2010

നഗരം പറഞ്ഞത്‌

പണ്ടൊക്കെ-
സ്നേഹം നാട്ടിൻപുറങ്ങളിൽ മാത്രം
സമൃദ്ധമായിപ്പടർന്നിരുന്നു.

നഗരങ്ങൾ വളർന്നപ്പോൾ
ഗ്രാമീണരായ ചിലർ
ഉപ്പേരിക്കും ഉപ്പിലിട്ടതിനുമൊപ്പം
സ്നേഹത്തിന്റെ നടുതലകളും
വിരുന്നുകാർക്കു കൊടുത്തു.

പലരും
മടക്കയാത്രയിലെ
ട്രെയിൻമുറികളിൽ തന്നെ
അതു മറന്നുകളഞ്ഞു.

എന്നാൽ
ജിജ്ഞാസുക്കളായ ചിലരൊക്കെ
ടെറസ്സിന്റെ കുഞ്ഞിച്ചതുരത്തിൽ
അതു നട്ടുവച്ചു.

ഓരോ പുലർച്ചയ്ക്കും
ഓരില-
യീരില
വിരിയുന്നുണ്ടോ എന്നു
നോക്കി
നോക്കി
അതൊരു ശീലമായി.

ഇന്ന്
ഓർക്കിഡുകൾക്കൊപ്പം
സ്നേഹത്തിന്റെ വിവിധ വർണങ്ങളും
നഗരതുറമുഖങ്ങളിൽ നിന്ന്
കയറ്റിയയയ്ക്കപ്പെടുന്നു.


(ഡി.സി ബുക്സ്‌ പ്രസാധനം ചെയ്യുന്ന 'നാലാമിടം-ബ്ലോഗ്കവിതകൾ' എന്ന കവിതാസമാഹാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു)

അസ്തമയക്കാഴ്ചകൾ

വൃദ്ധസദനത്തിലെ മേശമേൽ
അസ്തമയത്തിന്റെ ഒരു കിരണം
അരും കാണാതെ കിടന്നു

പേലവമായ
അതിന്റെ പുറന്തോടിനു മേൽ
കാലത്തിന്റെ സ്വർണ്ണനൂലുകൾ

ഒടുക്കം
ചായപ്പാത്രം എടുക്കാൻ വന്ന
പരിചാരകനാണതു കണ്ടെത്തിയത്‌.

വികാരഭേദമേതുമില്ലാതെ
അയാളതു
ചവറ്റു വീപ്പയിലിട്ടു.

കാഴ്ചയുടെ പ്രശ്നങ്ങൾ

വിശദാംശങ്ങളാണ്‌ ആദ്യം നഷ്ടപ്പെട്ടത്‌..
നിന്റെ സ്നേഹത്തിന്റെ അരികുകളിൽ
ഭംഗിയായി തുന്നിച്ചേർത്തിരുന്ന
കസവുനൂലിഴ കാണാതായി.
എന്നാലും സാരമാക്കിയില്ല..

പിന്നൊരിക്കൽ
നാനാർത്ഥങ്ങളുടെ ശേഖരത്തിൽ നിന്ന്
നമുക്കുള്ളതു കാണാനാകാതെ കണ്ണു കടഞ്ഞു.
ചില പ്രശ്നങ്ങളുണ്ടെന്നു തോന്നി..

ശരിക്കും ഗൗരവമാർന്നതു പിന്നീടാണ്‌..
ഭൂമിശാസ്ത്ര പഠനത്തിനുള്ള നോട്ടു തയ്യാറാക്കുമ്പോൾ
സാന്ത്വനത്തിന്റെ പച്ചത്തുരുത്തുകൾ കണ്ണിൽപ്പെട്ടില്ല !!

അങ്ങനെയിരിക്കെ
കടലാഴങ്ങൾ കടന്ന്
കണ്ണീരുമുപ്പും മണക്കുന്ന
കൈകളുള്ളൊരാൾ
വീട്ടിൽ വന്നു.

പ്രശ്നം കേട്ടു കഴിഞ്ഞ്‌
'എത്ര നിസ്സാര'മെന്നു ചിരിച്ചിട്ട്‌
അയാളൊരു കുഴമ്പു തന്നു.

കാഴ്ച തിരിച്ചുകിട്ടിയെങ്കിലും
ഓരോ ദൃശ്യങ്ങളിലും കടലിരമ്പുന്നുണ്ടെന്ന്
എനിക്കു്
തോന്നിത്തുടങ്ങിയതന്നു തൊട്ടാണ്‌

നിന്റെ കത്തുകൾ

നിന്റെ കത്തുകൾ
വസന്തകാലത്തു വന്നവ...

പൂത്തുലഞ്ഞ രാജമല്ലി...
മൃദുലഭാവങ്ങളുടെ ഉമിനീരിൽ
അലിഞ്ഞു പോയ ലിപികൾ


നിന്റെ കത്തുകൾ
വർഷകാലത്തു വന്നവ...

സദാ പെയ്യുന്ന പ്രണയമരം...
സാന്ത്വനത്തിന്റെ കടലേറ്റങ്ങളിൽ
കാണാതാകുന്ന വാക്കുകൾ


ശിശിരത്തിൽ വന്നവയ്ക്കൊക്കെ
കുഞ്ഞിന്റെ മുഖം...

ഒളിഞ്ഞുനോക്കുമൊരോമനത്തിങ്കൾ..
കമ്പിളി നൂൽ പുതച്ച്‌
അലസഗമനം നടത്തുന്ന നാനാർത്ഥങ്ങൾ


വേനലിൽ അപൂർവമായെത്തിയ കത്തുകൾ
ഹൈകു പോലെ ഹൃദ്യം

നിനക്ക്‌..
സ്വന്തം...
പിന്നെ പകുതിയെരിഞ്ഞ കൈയൊപ്പും..

ആലില

ആലിലയ്ക്കുള്ളിൽ
നേർത്ത പച്ച ഞരമ്പിൽ പൊതിഞ്ഞ്‌...
പേടിയുടെ നൂലുകൾ.

കണ്മുനയേറ്റാൽ..
ആരാനും വിരൽ ഞൊടിച്ചാൽ...
ഓരില-
യീരില-
മൂവില
വിരിച്ച്‌
ആലിലയാടിത്തളരും

എന്നിട്ടും
പ്രളയാന്ധകാരത്തിൻ
നീലനീലമാം വിരിപ്പിനുള്ളിൽ
വിരലുണ്ടുമയങ്ങാൻ
പേടിയുടെ ആലില വട്ടമല്ലാതെ
ഒന്നുമേ കണ്ടില്ലല്ലോ.

തികച്ചും സാധാരണം

പ്രണയത്തിന്റെ വലിയ ഭംഗികൾ എന്നെ ആകർഷിച്ചിട്ടില്ല..
കടൽ പോലെന്നോ
ആകാശം പോലെന്നോ
ഒക്കെപ്പറഞ്ഞ്‌ നിങ്ങൾ നിരത്തിയ ബിംബങ്ങൾ
ഏന്റെ പ്രജ്ഞയുടെ പരിമിതികൾക്കപ്പുറത്ത്‌
വീണുകിടന്നു.

കാഴ്ചവട്ടത്തെത്തിയ ചെറിയ ചെറിയ കാര്യങ്ങളിൽ മാത്രമായി എന്റെ ശ്രദ്ധ

പരിഭവിച്ചു നിന്നു പൊഴിഞ്ഞു പോയ രാജമല്ലിയോ
ഒറ്റക്കുടയെപ്പൊതിഞ്ഞ നിറമഴയോ
പോലെ ഋജുവാർന്നത്‌.

ഇല്ല..
ഒരു പുസ്തകത്തിലും എന്റെ പേരു ചുവന്നു തുടുക്കുകയില്ല
അസ്തമയത്തിന്റെ ഒരു വീഥിയ്ക്കും
എന്റെ പേരു വീഴുകയില്ല.
വീണപൂവുകളെക്കുറിച്ചെഴുതുന്ന ഒരാൾ
ഒരുവേള അസ്വസ്ഥനാകാമെന്നുമാത്രം.

Wednesday, May 26, 2010

പേടി

സമർപ്പണം: ഉപയോഗം കുറഞ്ഞ്‌ അനുദിനം മരിക്കുന്ന അമ്മ മലയാളത്തിന്‌)


അക്ഷരപ്പിച്ച വച്ച ആദ്യനാൾ തന്നെ
'അ' എന്ന കിനാവള്ളി
കണ്ടു പേടിച്ചു കരഞ്ഞു

പിന്നെ..
അമ്മ
അമ്മിഞ്ഞ
അമ്പിളിക്കലയിലൂടൂർന്ന്
കൗതുകത്തിന്റെ തിരനോട്ടം

പൊന്നുണ്ണിയുടെ തിടമ്പേറി
'ആ'യുടെ ഗജമസ്തകം
ആലവട്ടപ്പെരുമ

ഇല
ഈച്ച
ഉരൽ
ഊഞ്ഞാലിലാടുമ്പോഴേക്കും
വിരലിൽ വരമൊഴിയുടെ
വഴക്കം

അക്ഷരത്തെറ്റില്ലാതെ അച്ഛനെഴുതിയ ആദ്യ കത്ത്‌
കവിതയുടെ ആദ്യ വല്ലരി
ഇടപ്പള്ളിയെ സന്നിവേശിപ്പിച്ച ആദ്യത്തെ പ്രണയ ലേഖനം

അമ്മയ്ക്കെഴുതിയ തോരാമഴക്കത്തുകൾ
നിലാവിൽ ജീവൻ വയ്ക്കുന്ന ഒരോർമ്മക്കുറിപ്പ്‌
പരിഭവത്തിന്റെ നിറമഞ്ഞ...

ഒക്കെ
ഒടുക്കം
സംജ്ഞകളുടെയും
ചുരുക്കെഴുത്തുകളുടെയും
മുട്ട വിരിയുന്ന
ദിനോസർ ഗ്രാമങ്ങളിൽ
വിസ്മൃതമായേക്കാമെന്ന്
ഞാൻ പേടിച്ചു.

മൺസൂൺ

ഓർമ്മകൾ അയക്കോലിൽ
തോരാനിട്ടതേയുള്ളൂ

കുഞ്ഞുങ്ങളും ഗൃഹപാഠവും
തൊടിയിലെവിടെയൊ ആണ്‌

അപ്പോഴാണ്‌...
ജാരനെപ്പോലെ
പതുങ്ങി പതുങ്ങി വന്ന്‌
ആസക്തിയുടെ
കൂർമ്പൻ വിരലുകൾ
കൊണ്ട്‌

ഓരോ ഞൊറിവുകളിലും ശ്രദ്ധയോടെ
പരതി
തൊണ്ടയിൽ കുറുകിയ ഒരാശങ്കയെ
നുള്ളിമാറ്റി

മണ്ണടരുകൾക്കടിയിൽ
പണ്ടെങ്ങോ
മറന്നുവച്ച പ്രിയമുള്ള
ഒരു മുഖം
കഴുകി മിനുക്കി
എനിക്കു നേരെ നീട്ടി

മൺസൂൺ വരുന്നത്‌...

മണൽ ഘടികാരം

സ്ഫടിക സുതാര്യമായ
ഒരർദ്ധഗോളത്തിൽ നിന്നു
മണൽത്തരികൾ
വേപഥു പൂണ്ട്‌

അപാരമായ ഒരു മൗനത്തിലേക്കു
വീണു
നിശ്ചലമാകുന്നു

ഓരോ മണൽപ്പൊട്ടിന്റെയും
സൂക്ഷ്മഹൃദയത്തിനുള്ളിൽ
സമയത്തിന്റെ
ഏകകോശം

പ്രദർശനശാലയിലെ
തിരക്കിനിടയിൽ വച്ചുപോലും
എന്റെ ഹൃദയം
സ്വന്തം രക്തത്തെ തിരിച്ചരിഞ്ഞ്‌
പ്രണയഭരിതമായ ഒരു ഗസൽ
പാടിത്തുടങ്ങി