Wednesday, December 14, 2011

ഡിസംബര്‍

രാത്രിവണ്ടിയുടെ അവസാനത്തെ മുറിയാണു നീ.

പകുതിയിലേറെയിടം ആശംസാക്കാര്‍ഡുകള്‍ക്കും
ബാക്കി യാത്രികര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു.

ഓടിക്കിതച്ച്‌ വണ്ടിയൊരിടത്തു വന്നുനില്‍ക്കുന്നുണ്ട്‌.

മഹാകവിയുടെ പേരുള്ള അതേ സ്റ്റേഷന്‍.
അതെ പുഴ.

ആവര്‍ത്തനം പോലെ,
പ്രാര്‍ത്ഥനയുടെ മുഖലാവണ്യമുള്ളൊരുവള്‍
ഇരുളിലേക്കിറങ്ങുന്നുണ്ട്‌.

പിന്‍പറ്റിയൊരുവനും.

മുറിഞ്ഞുപോയൊരു വിളി കേള്‍ക്കാന്‍
കാത്തിരുന്നവരോട്‌
ഞാന്‍ പറഞ്ഞു.

ഇക്കുറി മരണത്തിന്റെ പെരുക്കമില്ല.
പകരം പിറവിയുടെ കരച്ചില്‍.

അവസാനമുറിയിലേക്ക്‌ രശ്മി വിതാനിച്ച്‌
അത്യുന്നതങ്ങളിലൊരേക താരം.

Monday, December 12, 2011

ഒന്നാമന്‍

(ഏഴു ബില്ല്യണ്‍ കഴിഞ്ഞും കുതിയ്ക്കുന്ന ജനനമെന്ന മഹാത്ഭുതത്തിന്‌)വെടിയൊച്ചയുടെ ഞെട്ടലില്‍
ചിതറിയോടിയതറിയാം.

നീണ്ടുമെലിഞ്ഞ കാലുകളില്‍ക്കുതിച്ച്‌
ഓടിയോടി
മറുകരയെത്തുമ്പോള്‍

ഒന്നാമനെക്കാത്ത്‌
നീ നില്‍പ്പുണ്ട്‌.

'എന്റെ പൊന്നേ'യെന്ന്
മാറോടണച്ചലിയിക്കും മുമ്പ്‌
നീ പറയുന്നതെനിക്കു കേള്‍ക്കാം.

'പിറവിയുടെ നിമിഷമാണ്‌'.

Sunday, December 11, 2011

ജപ്തി

ജപ്തി ചെയ്യാന്‍ വന്നവരോട്‌
കട്ടിലുകള്‍ പറയുകയാണ്‌.

"നിദ്രയുടെ കണക്കുകള്‍ കൂടിയെടുത്തോണം.
എത്രയാഴത്തിലെത്ര
നിലയിലെത്ര
യടുക്കുകളിലെന്ന് മറക്കാതെ കുറിയ്ക്കണം"

കസേരകളും പറയുന്നുണ്ട്‌ ചിലതൊക്കെ.

" കാത്തിരുന്ന നിമിഷങ്ങളെപ്പറ്റി
ചില വിവരങ്ങളൊക്കെ വേണം.
കൂട്ടിരുന്ന പകലിന്റെ-
യേതു മരത്തില്‍
ഏതു ചില്ലയില്‍
ഏതിലയിലെന്നു ഹൃദയം തൊട്ടെഴുതണം".


ഇരുള്‍ച്ചുവരുകള്‍ക്കകത്ത്‌
നിറഞ്ഞും കിലുങ്ങിയും നിന്ന്
തുളുമ്പുന്നുണ്ട്‌
ചില ജംഗമങ്ങള്‍.

" എത്ര കിണര്‍ തേകിയെന്ന്
എത്ര കടല്‍ കുടിച്ചെന്ന്
ഏതു കിനാച്ചെടികള്‍ക്കെത്രനേരം പകര്‍ന്നെന്ന്
വിശദമായിട്ടെഴുതണേ".

ജപ്തി ചെയ്യുന്നവര്‍ വന്ന്
വീടകങ്ങളഴിച്ചിട്ട്‌
മുറ്റത്തടുക്കി മടങ്ങിയിട്ടും
മുറികള്‍ പിന്നെയും നിറഞ്ഞുതന്നെ.

ചുമലില്‍ ചേര്‍ത്തുപിടിച്ചും
വിരല്‍തൊട്ടു ഞെരിച്ചും
മുട്ടിയുമുരുമ്മിയും
നിറകണ്ണാല്‍ കൊളുത്തിയും
മുറികളങ്ങനെ നിറഞ്ഞുതന്നെ.

Monday, November 28, 2011

ആവശ്യമുണ്ട്

കരുണാർദ്രമായ ചിലതിന്റെ
ചിത്രങ്ങൾ വേണമായിരുന്നു.

നഗരഹാളിൽ,
നഷ്ടപ്പെട്ടവയെക്കുറിച്ചു നടക്കുന്ന
പ്രദർശനത്തിലേക്കാണ്.

കറുപ്പുവെളുപ്പിൽ മിഴിഞ്ഞതോ
നിറം തീരെപ്പൊഴിഞ്ഞതോ
ആയാലും സാരമില്ല.

വ്യാകുലപ്പെടുന്നൊരു മിനുക്കം മതി നമുക്ക്.

മഴയിൽ തീരെയലിഞ്ഞതോ
മൌനത്തിൽ പൊലിഞ്ഞതോ
ആകട്ടെ, സാരമില്ല.

പിടഞ്ഞമരുന്നൊരു നടുക്കം മതി നമുക്ക്.

മനസ്സിൽ നിന്നെങ്ങാനും
തിടുക്കത്തിലടർത്തുമ്പോൾ
അരികുകൾ പൊട്ടി-
ച്ചോര വാർന്നതായാലും മതി.

അതല്ല,
കിനാക്കളിലെത്തി നോക്കവേ
നമ്മളിടംകൈച്ചുരികയ്ക്കു്
മുറിച്ചതായാലും മതി.

വേണം,
കരുണാർദ്രമായ ചിലതിന്റെ ചിത്രങ്ങൾ.

നഷ്ടപ്പെട്ടവയെക്കുറിച്ചുള്ളൊരു
പ്രദർശനത്തിലേക്കാണ്.

Sunday, November 27, 2011

തിമിരം

(Dam or Damn ??? The debate goes on........)

ഒരിക്കൽ
പാച്ചോറു വാരിത്തന്ന പോറ്റമ്മ.

ജലദർപ്പണത്തിന്റെ മിനുസത്തിലേക്ക്
മക്കളെപ്പിടിച്ചുയർത്തി,
മുഖംകാട്ടി കൊടുത്തിരുന്നവൾ.

പിച്ചവച്ച് പടിയിറങ്ങുവോരെ നോക്കി
വിചാരപ്പെട്ടുനിന്ന കരുണ.

ഇപ്പോൾ
താഴ്വരയിലേക്കുള്ള തീവണ്ടി കാത്ത്
അക്ഷമമിരിക്കുമൊരു പെൺചാവേർ.


'മൃത്യുവിലേക്ക് മൂന്നുമൈലെ'ന്ന ചൂണ്ടുപലക.

Sunday, November 20, 2011

കവിതയുടെ നാൾവഴി

കല്ലച്ചിൽ വാർത്തെടുത്തൊരു
വിപ്ലവകവിതയുമായി
പുഴകടക്കുമ്പോഴാണ്‌
കവിയ്ക്ക്‌ വെടിയേറ്റത്‌.

കവി നിശ്ചലനായിട്ടും
കവിത മരിച്ചില്ല.

പിടഞ്ഞ്‌ പിടഞ്ഞ്‌
പുഴയുടെ ആത്മഹർഷത്തിലേക്ക്‌ വീണ്‌
അതപ്രത്യക്ഷമായി.

വിപ്ലവാനന്തരം പുഴയോരത്ത്‌
കവിയുടെ സ്മാരകം തുറക്കുന്ന വേളയിലാണ്‌
വീണ്ടുമതിനെക്കാണുന്നത്‌.

അവശിഷ്ടപ്രവാഹത്തിലെ
ദുർലഭസ്ഫടികത്തിലൊന്നിൽ
പാടിയും പറഞ്ഞും കോതിയും മെടഞ്ഞും
അതങ്ങനെതന്നെ.

ഝഷകുലത്തോടൊത്തുള്ള
ഒളിച്ചിരുപ്പിനാലാകണം
സംശയത്തിന്റെ കരിമഷി
ലേശം പടർന്നുപോയെന്നു മാത്രം.

ഒരുക്കങ്ങൾ

വൃദ്ധാലയത്തിൽ
ആയിടെപ്പണിത ബ്ലോക്കിന്‌
ഇരുപതുകളുടെ ചുറുചുറുക്കാണ്‌.

റിസപ്ഷനിൽ പുതുമവിടാത്തൊരു ലില്ലി.

ഇടനാഴിയിലാകെ തലയാട്ടിയും തൊഴുതും
ആസ്റ്ററും ഡാലിയയും.

സുവർണനൂലിഴ പാകിയ വിരിപ്പിലെ
അവസാന ജരയുമഴിച്ചുമാറ്റി-
യലസമൊരോർക്കിഡ്‌.

വൃദ്ധാലയത്തിൽ
ആയിടെപ്പണിത ബ്ലോക്കിന്‌
ഇറക്കുമതിചെയ്യപ്പെട്ടൊരു വസന്തത്തിന്റെ ചേലാണ്‌.

ശ്രദ്ധയോടെയലങ്കരിച്ചു വച്ച
അത്താഴമുറിയിൽ
എത്രയെത്ര വിഭവങ്ങളെന്നോ.

ഉപ്പുനീരിൽ കുഴഞ്ഞും
വേനലിൽനിന്നു മൊരിഞ്ഞും
മധുരാർണവം നീന്തിയും ചിലതൊക്കെ.

തോട്ടത്തിൽനിന്ന് നിലാപ്പച്ചയ്ക്കൊപ്പം
അടർത്തിയെടുത്ത ചിലതൊക്കെ.

വൃദ്ധാലയത്തിൽ
ആയിടെപ്പണിത സ്വപ്നത്തിന്‌
പ്രാർത്ഥനയുടെ പിയാനോമുഖമാണ്‌.

നിരാസത്തിന്റെ
വെയിൽതിന്നുശീലിച്ച ചിലരൊക്കെ
വരും
വരുമെന്ന പ്രതീക്ഷയാണ്‌.

Sunday, October 23, 2011

ഒരു പുലിക്കഥ

(എ.അയ്യപ്പന്, സാദരം)

കവിതയിലെപ്പുലിക്ക്
ജീവൻ കൊടുത്തത് അയ്യപ്പനാണ്.

എന്തായാലും ഇത്തവണ അതു കരുണ കാട്ടി,
അയാളെപ്പിടിച്ചു തിന്നില്ല.

പകരം ദണ്ഡനമസ്കാരം ചെയ്ത് കൂടെക്കൂടി.

വരികൾ അടുക്കിവച്ചും
വാക്കുകൾ നിറച്ചുകൊടുത്തും

ബിംബങ്ങളെയും അലങ്കാരങ്ങളെയും
മൃഗസഹജമായ കൊതിയോടെ നോക്കി
നുണഞ്ഞുനിന്നും
അതങ്ങനെ കാലം കഴിച്ചു.

ഇടയ്ക്കിടെ
അയാളുടെ കവിതകളിലെ ഗർജ്ജനങ്ങൾക്ക്
ശബ്ദം കൊടുത്തും

കിനാവഴികളിൽ തീക്കണ്ണുരുട്ടി മുരണ്ടും

അതൊരു തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും
ശ്രദ്ധിക്കപ്പെടാതെ പോയി.

ഏകാന്തത്തിൽ എത്രയും രമിച്ചും
ആൾക്കൂട്ടപ്പെരുവഴിയിൽ ഉപ്പുപോലലിഞ്ഞും

ഇരകളിലേക്കുള്ള വഴിയെല്ലാം മറന്ന്
ദയാസിന്ധുവായ് വർത്തിയ്ക്കുകയാണ്
തന്റെ ശൈലിയെന്നറിഞ്ഞും

പുലി വിനീതവിധേയനായി.

അങ്ങനെയിരിക്കെ ഒരുനാൾ
തൃഷ്ണയാലലംകൃതമായ നിലാപ്പച്ച കണ്ടപ്പോൾ
അതിന് തന്റെ കാടോർമ്മ വന്നു.

ആമരമീമരം നിരന്നു നിന്ന വഴികൾ കടന്നു്
അതു തന്റെ
ഉളിപ്പല്ലുകൾ വീണ്ടെടുത്തു.

അനന്തരം
തന്റെ യജമാനനു മേൽ കാവ്യനീതി നടത്തി
തെരുവുപേക്ഷിച്ച്
കാട്ടിലേക്ക് മടങ്ങി

Tuesday, October 18, 2011

ഇടപ്പള്ളി

ഇടപ്പള്ളി-

ആലുവായ്ക്കും കൊച്ചിയ്ക്കുമിടയിലുള്ള
ഒരു സ്ഥലനാമമാണെന്നു പറഞ്ഞാൽ
തെറ്റി.

സാധാരണയിൽക്കവിഞ്ഞ്
നിറം മുക്കിയെടുത്തൊരു
നീലകണ്ഠമായിരുന്നത്.

പ്രണയവഴികളെക്കുറിച്ച്
പഠനക്കുറിപ്പു തയ്യാറാക്കിക്കൊണ്ടിരുന്ന
രാത്രിയിൽ

ഒരു മണിയൊച്ചയുടെ പിൻപറ്റി
പരകായപ്രവേശത്തിനു
പോയതാണ്.

ഒമ്പതടിയുയരത്തിൽ,
ഓവർക്കോട്ടിൽപ്പൊതിഞ്ഞ
ശരീരം തൂക്കി

'മടങ്ങിവരും, പ്രത്യേകം സൂക്ഷിയ്ക്കണേ' യെന്ന്
കുറിപ്പുമെഴുതി ലക്കോട്ടിലിട്ട്
ഇരുട്ടിലേക്കിറങ്ങിയതാണ്.

കുറിപ്പും കവിതയും തമ്മിൽ
തിരിച്ചറിയാതിരുന്ന ചിലരുടെ
കൈയബദ്ധത്തിൽപ്പെട്ട്

അശരീരിയായിപ്പോയി.

Sunday, October 16, 2011

ദംശനം

കുളപ്പടവുകളിലേക്കു തിരിയുന്നേരത്താണ്,
കാലിലെന്തോ തൊട്ടത്.

തിടുക്കത്തിൽ വീട്ടിലെത്തി
റാന്തലിന്റെ ബോധത്തിൽ നോക്കുമ്പോളുണ്ട്,
നീലിച്ച രണ്ടു വിരാമചിഹ്നങ്ങൾ
കണങ്കാലിൽ പറ്റിച്ചേർന്നിരിക്കുന്നു.

ജീവിതത്തിലേക്ക് നോക്കിപ്പേടിപ്പിച്ച്.

കോൾവായ്ക്ക് രണ്ടിഞ്ചുമുകളിൽ
മുറുക്കിക്കെട്ടി ചോരവാർത്തിട്ടും
ഒഴിഞ്ഞുപോകുന്നില്ല വേവലാതിയുടെ പെരുമഴ.

ഹൃദയത്തിലേക്കിടയ്ക്കിടെ ചൂട്ടുവീശി
മിന്നലിന്റെ കൊടിമരം.

ഇടംകണ്ണിലേക്ക് വിളക്കുതെളിച്ചുനോക്കി
നാഡിയുഴിഞ്ഞ്
നാട്ടുവൈദ്യനൊടുക്കം പറഞ്ഞു.

'ആദ്യപ്രണയത്തിന്റെ ദംശനമാണ്.
മരുന്നില്ലാത്ത ഇതിന്റെ ജ്വരസന്ധികളിൽപ്പെട്ട്
താങ്കളൊരു പക്ഷേ നഷ്ടപ്പെട്ടു പോയേക്കാം.'

ആശയറ്റ്
തിരിച്ചുനടക്കവെ കാണുന്നുണ്ട്.

ഗഗനനിശ്ശബ്ദതയിൽ നിന്നുൽപ്പതിച്ചൊരു
മഞ്ഞൾക്കല
മുറിവുകളുടെ പുഷ്കരിണിയിലേക്ക്
സ്വയംതൂകിപ്പരക്കുന്ന ദൃശ്യം.

Tuesday, October 4, 2011

തുന്നൽക്കാരൻ

കവിതയെഴുത്തിനിരിക്കുമ്പോൾ
അലോസരപ്പെടുത്തി ചിലർ വരും.

മറന്നുപോയ ചില വാക്കുകൾ
വ്യാകരണപ്പച്ച മാഞ്ഞ ചില മുഴക്കങ്ങൾ
എണ്ണയോടാതെ കിടന്ന്
കിരുകിരുത്തുപോയ ചില പ്രശസ്ത സന്ധികൾ

എന്നിങ്ങനെ നിരവധി.

കവിതയിൽ ഒരവസരം തേടിവരുന്നതാണ്.

ആൾക്കൂട്ടത്തിന്റെ ചൂടിലേക്ക് ഒരിക്കൽക്കൂടി
ഒരലിയൽ.

തീരെ വെളിച്ചമില്ലാത്ത ആദിയിലോ
ധൃതിപ്പെട്ടിറങ്ങുന്ന അന്ത്യവാക്യങ്ങളിലോ
എവിടെയായാലും വേണ്ടില്ല.

അപ്രധാനമായ ഒരു പറ്റിക്കൂടൽ.

അത്രമാത്രം.

'നോക്കട്ടെ'യെന്നു മൂളി
സഹജാവബോധത്തിന്റെ വെട്ടത്തിലേക്ക്
ഞാനൊന്നു പൂത്തിറങ്ങാൻ
തുടങ്ങുമ്പോഴേക്കും

അയാൾ കടന്നു വരവായി.

'കവിത വേണ'മെന്നു പറഞ്ഞ്
വിശ്രുതപത്രാധിപരുടെ വിശ്വസ്ത സുഹൃത്ത്.

അയാളുടെ തോൾസഞ്ചിയിൽക്കാണും
വാക്കുകളുടെ സഞ്ചയം
വരികളുടെ കടൽ
വികാരങ്ങളുടെ വേനൽ.

ഒക്കെ
വടിവഴകുകളൊപ്പിച്ച്
പശകൊണ്ടുചേർത്ത്
അയക്കോലിലിട്ടാൽ മതി.

പുറത്ത്
വിളികാത്തുനിന്ന ചിലരോട്
ആവഴിപോയൊരു മഴയാണതു പറഞ്ഞത്.

'കവി വീടുമാറികേട്ടോ,ഇപ്പോളൊരു തുന്നൽക്കാരൻ'.

Saturday, October 1, 2011

ഗാന്ധിനിലാവ്

വെള്ളനൂൽ നൂറ്റ്
തൊണ്ണുകാട്ടിച്ചിരിച്ച്
മണ്ണിലിഴിയും നിലാവിനെ നോക്കി
മുത്തശ്ശി പറഞ്ഞു.
"ഗാന്ധിയെപ്പോലുണ്ട്."

മൂക്കുകണ്ണട ലേശം താഴ്ത്തി
കിനാക്കണ്ട്
നഗ്നമാർവിടത്തെ-
യലസം പുതപ്പിച്ച്
ദ്രുതഗമനം നടത്തുമൊരു നിഴലൊരുവേള
കണ്ടുവോ ഞാനും?

തൊഴുകൈകളോടൊരു പുരുഷാരം
പിൻപറ്റി വരുന്നുണ്ടെന്നും തോന്നി.

അതിശീഘ്രം
തിരിയും ചർക്കയിൽ
നിസ്വഗ്രാമങ്ങൾ ചേർത്ത
പരുത്തിക്കഴികൾ മെല്ലെ-
ക്കടയുന്നെന്നും തോന്നി.

പുരുഷാർത്ഥങ്ങൾ രണ്ടുചുവടാല-
ള'ന്നിനിയെവിടെയെന്നു'
ശാന്തം
ഹരിയോടാരാഞ്ഞിട്ട്

ഞങ്ങൾക്കു മുന്നിൽ
തെല്ലകലത്തവിടുന്നു
ധ്യാനനിഷ്ഠനെപ്പോൽ കൂമ്പി
മെല്ലെയൊന്നമരുമ്പോൾ

ആരുമേകാണുന്നീല

വാനിലമ്പിളിത്തെല്ലിൻ
മുന്നിലേക്കെത്തും രാഹു !

ചോരവീണുവോ മണ്ണിൽ.

അഗ്നിപീഠത്തിൽ നിന്നു
മുക്തമായ് പറക്കുന്ന
കുഞ്ഞുപ്രാർത്ഥന മാത്രം ഞങ്ങൾ കേൾക്കുന്നൂ.

'ഹേ ! റാം'

Saturday, August 6, 2011

വീഞ്ഞ്

തീരെ മറന്നുകളഞ്ഞ
ഒന്നുരണ്ടു സൗഹൃദങ്ങൾ

വിരസമായ് പോയെങ്കിലും
മധുരം വിടാത്തൊരു പ്രണയം

രസമുന്തിരികളുടെ ബാക്കിവന്ന ശരീരം

വീടുപൂട്ടിയിറങ്ങുമ്പോൾ
ഇത്രയുമാണകത്തുണ്ടായിരുന്നത്.

വ്യാഴവട്ടത്തെ പ്രവാസം കഴിഞ്ഞ്
ഇന്നു വീണ്ടും മുറിതുറന്നുകയറുമ്പോൾ

കഴുത്തോളം ലഹരിപതയുന്നൊരു
വനവഹ്നി-
യെതിരേൽക്കുകയാണെന്നെ.

അനേകം വേനലുകളിലും
മഴയിലും
വസന്തത്തിലുമഭിരമിച്ച്

അടക്കംവന്ന
വീഞ്ഞിന്റെ മണം
പൊതിഞ്ഞുപിടിക്കയാണെന്നെ.

ഹണി

മകരന്ദമെന്നായിരുന്നു പൂർവ്വാശ്രമത്തിലെ നാമം.

ഇപ്പോൾ
സുതാര്യവസനങ്ങളിലിറുകിയും
തുളുമ്പിയും

ഹണിയെന്നുവിളിപ്പേരുള്ള കറുത്തവർഗ്ഗക്കാരി.

ആംഗലപ്പെട്ട്
പതിവുചഷകങ്ങൾ ചുണ്ടോടടുപ്പിച്ചു കൊടുക്കുന്ന
പെയ്യാമഴ.

ആളുമിരമ്പവുമൊഴിഞ്ഞപ്പോൾ
ഞാനാരാഞ്ഞു.

'ഓർമ്മയുണ്ടോ
ആദ്യകൊഞ്ചലിന്റെ അവ്യക്തപദത്തിനുമേൽ
വെളിച്ചപ്പെട്ടിരുന്നത്.

കിളിപ്പാട്ടുമുറിച്ച്
പൂവുകളിലേയ്ക്ക് തിരിച്ചുനീന്തിയത്

കാടിന്റെയാദ്യ ഗന്ധം.
കടന്നലുകളുടെ ഉള്ളലിയുന്ന പ്രാർത്ഥന.
പ്രണയലേഖനത്തിൽ വിട്ടുപോയ
എന്തോ ഒന്ന്.’

അവൾക്കൊന്നുമോർമ്മയില്ല പോലും.

ഓർമ്മയിലാകെയുള്ളത്

അടിമവേലക്കാരുടെ കപ്പലിലിരുന്ന്
നന്നേചെറുപ്പത്തിൽ
അമ്മയോടൊപ്പം നിലാമധുവുണ്ടതും

മുന്തിയത്
മേൽത്തരം എന്നിങ്ങനെ
കമ്പോളങ്ങളിൽ നിരന്നിരുന്ന്

വിറ്റഴിഞ്ഞുപോയതും മാത്രം.

Wednesday, August 3, 2011

പോക്ക്

ശ്വാസധാര വിങ്ങി
അസ്വസ്ഥനായ മുത്തച്ഛനോട്
ദൈവം പറഞ്ഞു.

'കാറ്റുവിതച്ചിരുന്നവനെ
എനിയ്ക്കോർമയുണ്ട്.
ഇനി നീ
കൊടുങ്കാറ്റുകളുടെ ഇരിപ്പിടം
കാണുക.'

ബോധത്തിന്റെ ചെറുമേഘങ്ങളെ
കൂട്ടിലേക്ക് തിരിച്ചയച്ച്
ആകാശം പറഞ്ഞു.

'ഒരിക്കൽ എന്നോടൊപ്പം
വളർന്നു പൊങ്ങിയവനല്ലേ?
അന്നു മറന്നു വച്ച
കിരീടമിതു കാണുക.'

അനന്തരം
അഗ്നിമുഖനായ പകൽ
അയാളെ സ്ഫുടം ചെയ്തെടുത്തു.

മഴത്തളിരുകൾ പൊഴിയുന്ന
നീർമാതളച്ചോട്ടിൽ
മണ്ണ്
വിവസ്ത്രയായ് കാത്തുകിടന്നു.

പതിവുപോലെ ജലത്തിനു മാത്രം
ഉരിയാട്ടമില്ല.

ഞാൻ നോക്കുമ്പോൾ

നാവിൽ നിന്നടർന്ന്
തൊണ്ടയിലേക്കെങ്ങനെയെത്തുമെന്ന്
ചിന്തിച്ചു വിയർക്കയാണ്, ഭാഗീരഥി.

Wednesday, July 20, 2011

കർക്കിടകം

നടപ്പായിരുന്നു നാം
രാവിലെ മുതൽ തന്നെ.

അന്യോന്യം വിവർത്തനം ചെയ്ത്
മതിവരാതെ,
വീണ്ടും വീണ്ടും തിരുത്തിയുമെഴുതിയു-
മുറക്കെ വായിച്ചും

നടപ്പായിരുന്നു നാം
ഇന്നലെ മുതൽ തന്നെ.

ചരിഞ്ഞും ചാഞ്ഞും
പിന്നെ മരമായ് പെയ്തും

ചിലവേള

മഴനൂൽ കെട്ടിയൊറ്റ-
ക്കുടയെ വരിഞ്ഞിട്ടും

പനിയു-
മിറവെള്ളക്കുളിരും
പകുത്തിട്ടും

നടപ്പായിരുന്നല്ലോ നാം
എന്നെന്നേ മുതൽ തന്നെ.

ഇനിയൊരു
പുഴകൂടി-
( നിറഞ്ഞിരു-
തീരവും മറച്ചെങ്കിലും
സ്നേഹോദ്യുക്ത)
യതുതുഴഞ്ഞപ്പുറ-
മെത്തണമിന്നേ നമ്മൾ.

അക്കരെക്കാട്ടിൻ
വഴിത്താരയിൽ വിളിദൂരം
നടന്നേറിയാലെത്തും
രാത്രിവണ്ടി തന്നിടം.
(സ്വാസ്ഥ്യമെന്നു പേരുള്ള ദൂരനഗരത്തിലേക്കുള്ള)

ഇടറും തീര-
മാടിസ്സന്ധ്യ തൻ
തിരോഭാവം.

കടവിൽ മെരുങ്ങാതെ
വഞ്ചിയും കിനാക്കളും

'എങ്ങനെകടക്കുമീ സാഗരോന്മുഖി'യെന്നു
പ്രജ്ഞയും പ്രതീക്ഷയു
മുറക്കെച്ചോദിക്കുമ്പോൾ

ചുമലിൽവീണ്
ശാന്ത-
മലിഞ്ഞേ പടരുന്നൂ
പുതുസ്വപ്നത്തിൻ പർപ്പിൾ
വീണ നിൻ ചിരിമുഖം.

ചോദ്യബാക്കി

ഉറക്കത്തിൽ മരിച്ചുപോയ
ഉറ്റസുഹൃത്തിന്റെ
മുഖം കാണുകയായിരുന്നു ഞാൻ.

പ്രശാന്തിയുടെ ജലമുഖത്തെ-
യുടയാതെ കോരിയെടുക്കുന്ന
കൈക്കുമ്പിൾ കണക്കെ,
അതെത്ര ദീപ്തം.

സ്തോഭലേശമില്ലാതെ
വഴിഞ്ഞ്
പ്രാർത്ഥനയുടെ പരൽരൂപം പോലെ.

'വിശദമായി പിന്നെപ്പറയാമെ'ന്ന
പതിവു വാചകം
പുഞ്ചിരിവരകളിൽ കൊരുത്തിട്ട്, അവൻ.

അടുക്കും
ഉപചാരങ്ങളും കഴിഞ്ഞ്
അവനെപ്പിരിഞ്ഞിറങ്ങുമ്പോൾ

അത്ഭുതമെന്നെ വിട്ടുപോയിരുന്നില്ല.

ആളൊഴിഞ്ഞൊറ്റയ്ക്കായപ്പോൾ
ഞാൻ ദൈവത്തോടു ചോദിച്ചു.

കടങ്ങളും
തിരിച്ചടവും
കവിതയും

നിരന്തരം കാവൽ നിൽക്കുമായിരുന്ന
അവന്റെ വാതിലുകൾ
തുറക്കാതെ,
അവിടുന്നെങ്ങനെ-
യാണകത്തുകടന്നത് ?

ശമനവേദത്തിലെ-
യേതുദ്ധരണി വീശിക്കൊണ്ടാണ്
നീയവനെയണച്ചുകളഞ്ഞത് ?

വിളിച്ചിറക്കും മുമ്പ്
ഒപ്പു വച്ചിട്ടുള്ള
ആ ഉടമ്പടിയുടെ കാതലെന്തായിരിക്കും ?

Tuesday, June 28, 2011

ജനകൻ

പിറക്കാതെ പോയവൾ
ഇന്നലെ ചോദിച്ചതാണ്.

'ചന്ത തോറും നടന്ന്
ചായവും ചമയവും വാങ്ങി
ചന്തമിയറ്റിച്ച്

കൈയളന്ന്
കാലളന്ന്
മഴ കാട്ടിത്തന്നതാണോ

അതോ

മഴക്കാഴ്ചയിൽ നിന്ന്
മടക്കിവിളിച്ച്

ഉടലുയർച്ചകൾ നുണഞ്ഞ്
ചന്തമഴിച്ച്
ചമയവും ചായവുമുരിഞ്ഞ്

ചന്ത തോറും നടന്ന് വിറ്റതാണോ
നിന്റെ ശരിക്കുള്ള ജന്മം?'

Monday, June 27, 2011

പൊതി

പ്രവാസത്തിൽ നിന്ന് അടുത്തിടെ
അവധിക്കു വന്ന സുഹൃത്ത്
പോകാൻ നേരം
വർണക്കടലാസ്സിൽ പൊതിഞ്ഞ
കുറെ കാരയ്ക്ക* തന്നു.

'പന്ത്രണ്ടു കൊല്ലം വൃഷ്ടിയില്ലാതിരുന്ന ഒരിടത്തു കായ്ച്ചതാണ്.

ഏകാന്തതയിലേക്ക് ഇലകൂപ്പിയുയർന്ന്
വേനൽ മാത്രം കുടിച്ച്
അഹർന്നിശം
ധ്യാനിച്ചുനിന്ന ഒരു മരത്തിൽ നിന്ന്
അടർത്തിയെടുത്തതാണ്.

നുണഞ്ഞു നോക്കുമ്പോൾ
രുചിയുടെ ഒരു സൂര്യകിരണം നാവിൽത്തൊടുന്നതറിയാം.
പ്രാർത്ഥനയുടെ ചന്ദ്രവീഥികളിലേക്ക്
മരുക്കടൽ മൂർച്ഛിക്കുന്നതറിയാം.'

യാത്രചൊല്ലിപ്പിരിയാൻനേരം
ഞാനവനോടു പറഞ്ഞു.

'ഉരുകിയടർന്നു പോയിട്ടും
നിന്റെവിരലുകൾക്കിപ്പോഴുമുണ്ട്
അതേ മുറുക്കം'

അവൻ ചിരിച്ചു മറഞ്ഞു.

മുറിയിൽ വന്ന് പൊതിയഴിച്ചപ്പോഴുണ്ട്
അവന്റെ അതേ വിരൽത്തുമ്പുകൾ
അതുപോലെ തന്നെ-
യുരുകിയടർന്ന്
മധുരം കിനിഞ്ഞ്, നിലാവു പരതുന്നു.

ഞാനതു ഭക്ഷിച്ചില്ല.


* ഉണക്കിയ ഈന്തപ്പഴം

Thursday, June 16, 2011

ലത

ഉണ്ട്, ചില വള്ളികൾ
നെഞ്ചകത്തേക്കിറ്റ് ചാഞ്ഞു പടർന്ന്
'കിനാവിന്റെ രസനിലയുയർന്നോ
പനികുറഞ്ഞോ’യെന്ന്'
കുശലം നിവർത്തിടും നീൾവിരൽത്തുമ്പുകൾ.

ഉണ്ട്, ചില വള്ളികൾ
ഹരിതസരീസൃപം പോലെ-
യിഴഞ്ഞ്
അഴൽപരത്തി ചിലപ്പോൾ
നിദ്രതൻ മേൽമൂടി തെല്ലുമാറ്റി
നമ്മെയാകെ ഭ്രമിപ്പിക്കു-
മാടിമഴപ്പൂക്കൾ.

ഇനിയുണ്ട്, മറ്റുചിലർ
പച്ചവേനൽ പോലെ
നമ്മെദ്ദഹിപ്പിച്ച്
എത്രപുണർന്നിട്ടുമെത്രയോ
കണ്ടിട്ടുമൊഴിയാതെ തുള്ളുന്ന ബാധകൾ.

എത്രപുനർജ്ജനി നൂഴ്ന്നിട്ടുമു-
ള്ളിനെ ചുറ്റിവരിഞ്ഞുകിടക്കുന്ന നൂലുകൾ.

ഏതുഹൃദന്തത്തിൽ നിന്നാണിവയുടെ
വരവെന്നു-
മേതു ഗദ്ഗദത്തികവാണിവയുടെ
യിത്തിരിപ്പൂങ്കുലയെന്നും

നാമത്ഭുതം കൊണ്ടുതുളുമ്പുന്നനേരവും

വേലിത്തലപ്പിനെ-
യരമതിൽക്കോണിനെ-
യാനന്ദനിർഝരി കൊണ്ടുപൊതിഞ്ഞിവർ.

Wednesday, June 15, 2011

ചുവപ്പുകാർഡ്

(ഭ്രൂണത്തിലേ നുള്ളിയെടുത്തുകളയുന്ന പെൺപൂക്കൾക്ക്)

വവ്വാലിനെപ്പോലെ-
യധോമുഖിയാ-
യർദ്ധതാര്യമാമൊരുറക്കത്തിലാടി
അമ്മയോടിടയ്ക്കിടെക്കൊഞ്ചി
കാലമെണ്ണുന്ന കുഞ്ഞിനോട്

ഒരാൾ ചോദിച്ചു.

വരുന്നുണ്ടോ ?
പ്രശാന്തമായ തെരുവുകളിലേക്ക്
ധ്യാനസുന്ദരമായ മലമടക്കുകളിലേക്ക്
കിളികളും പൂക്കളും നിറഞ്ഞൊരതിശയ ലോകത്തേക്ക്.

അതൊന്നും പറഞ്ഞില്ല.

തന്റെയഞ്ചാം പിറന്നാളിന്
മഴയുടെ വഴിയും
വളവുകളും കടന്ന്
പാഠശാലയിൽ പോകുന്നതും
തന്റെ കുടക്കീഴിലേക്ക്
ആദ്യമായൊരു സൗഹൃദമൊഴുകിയെത്തുന്നതും
മുൻകൂട്ടിയറിഞ്ഞ്

അതിനു രസംപിടിച്ചു തുടങ്ങി.

ഏതാണ്ട് അതേ സമയത്തു തന്നെയാണ്
അയാൾ വീണ്ടും വന്നത്.

ഇത്തവണ കനിവിന്റെ ഒലിവിലച്ചില്ല
കയ്യിലില്ല.

പകരം ഒളിച്ചുപിടിച്ചൊരു ചുവപ്പുകാർഡ്‌
അതിൽ അനാമിക(മൂന്നുമാസ) മെന്നൊരു പേര്‌.

Monday, June 6, 2011

വീടുപോയ വഴി

പണ്ടൊക്കെ വീടുകൾ

ഓർമകൾ കണക്കെ-
യടുക്കി വയ്ക്കാതെ
നദിയിലേക്കു തുറന്നും
മഴ നോക്കിനിന്നും

വേനലുച്ചകൾക്ക്
കുടിനീരൊഴിച്ചും കടുമാങ്ങ പകർന്നും
അടക്കം പറഞ്ഞും
അയൽവഴക്കുകൂടിയും
ആകാശനീലത്തെ
യടുത്തുമ്മ വച്ചും

തീരാത്ത കൗതുകക്കെട്ടുകളഴിച്ചിട്ട്
കൂൺ പോലെ
കുട പോലെ
നിരനിര നിന്നവർ.

ചാഞ്ഞും ചരിഞ്ഞും
നാട്ടിടവഴിയിലൊട്ടെത്തിനോക്കിയും
നുണ കൊറിച്ചും
നിന്നവർ.

നിലാപ്പൊന്തയിലലിഞ്ഞ്
രാവുതിരുവോളം
വെള്ളിനൂൽ നൂറ്റവർ.

ഉദയരവിയോടൊത്തു വിളക്കുപകർന്നവർ.

വഴിക്കണ്ണുചാരാതെ
പടിയടക്കാതെ
പറഞ്ഞും കരഞ്ഞും
പരിഭവം പുണർന്നും
'മഷി കൂടിയോ'യെന്നു കൺകോണെറിഞ്ഞും

നിലയെഴാ സ്നേഹത്തിനക്കരെയിക്കരെ-
യൊരുപാടുകാലം നിലപാടുകൊണ്ടവർ.

ഇന്ന്

ചതുരങ്ങൾ
അർദ്ധവൃത്തങ്ങൾ
സ്തൂപികകൾ എന്നിങ്ങനെ
ക്ഷേത്രഗണിതപ്രധാനമായ സൂചകങ്ങൾ കൊണ്ട്
കൃത്യമായടയാളപ്പെടുത്തി

ഇരുപതു ഡിഗ്രിയൂഷ്മാവില-
ടക്കം ചെയ്ത ദീർഘനിശ്ശബ്ദത.

വീടെവിടെപ്പോയിരിക്കും ?

Saturday, June 4, 2011

കൈത്തൊഴിലുകൾ

ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നതു നല്ലതാണ്.

നടുപ്പാതിരയ്ക്ക്
പിഞ്ഞിപ്പോയ മേൽവസ്ത്രവുമായൊരുവൾ
പൂമുഖവാതിൽ തള്ളിത്തുറന്ന്
ഉപചാരത്തിനോ
അനുവാദത്തിനോ
സമയം കളയാതെ
പരോശപ്പെട്ടു കടന്നുവന്നെന്നിരിക്കും.

മറ്റുചില സന്ദിഗ്ദ്ധഘട്ടങ്ങളിൽ
പാതിവെന്ത മുഖമുള്ളൊരു
ചാരുകവിത
നഗ്നയായോടിക്കിതച്ച്
എന്റെ പേരുവിളിച്ച്
പേർത്തും പേർത്തും കരഞ്ഞ്
കിടപ്പുമുറിയിലോ സ്വാസ്ഥ്യത്തിലേക്കു തന്നെയോ
വന്നുവീണെന്നിരിക്കും.

പ്രാചീനമുഖമുള്ള ചില സന്ധ്യകളിൽ
കാവേരി കടന്ന്
ഒറ്റപ്പൊൻചിലമ്പിട്ടൊരു വസൂരിമാല-
യുറഞ്ഞു വന്നെന്നിരിക്കും.

സഹശയനോദ്യുക്തയായി
ത്രികാലങ്ങളുടെ വാതിൽ ചാരി-
യവൾ കാഴ്ച മറച്ചെന്നുമിരിക്കും.

ഏതു പൗരുഷവും സ്തബ്ധമായ് പോകുന്ന
ഈവിധ വേളകളിൽ
ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കരുണയോടെ നൂറ്റ പരുത്തിനൂൽ കൊണ്ട്
ഹൃദയം ചേർത്തൊന്നു തുന്നിക്കൊടുക്കാൻ

തൊടിയിൽ നിന്നിറ്റ് കുഴമണ്ണെടുത്തൊരു
പാതിമുഖരൂപം ചമയിച്ചെടുക്കാൻ

വിസ്മൃതമായൊരു പൂത്താലിത്തിളക്കത്തെ-
യുമിയടുപ്പൂതിയൂതി തെളുതെളെ വിളക്കാൻ

ചില കൈത്തൊഴിലുകളറിഞ്ഞിരിക്കുന്നത് നല്ലതു തന്നെയാണ്.

Monday, May 30, 2011

ഡീൽ

ശുദ്ധമായ സ്വർണത്തിൽ തീർത്ത
ഈ പഞ്ജരം
വിൽപനയ്ക്കാണ്.

മുത്തച്ഛന്റെ കാലത്തേ ഉള്ളത്.

പുതിയ വീട്ടിലെ സ്ഥലപരിമിതി കാരണം
വിൽക്കാമെന്നു വച്ചു.

ശിൽപചാരുതയുടെ പൂർണത കൈവന്ന ഇതിന്
മോഹവിലയൊന്നുമില്ല.

സ്വർണത്തൂക്കത്തിന്റെ,
നടപ്പുനിരക്കു പ്രകാരമുള്ള
വില തന്നാൽ മതി.

ഒന്നുപറയാൻ വിട്ടു.

രാമായണം ഹൃദിസ്ഥമാക്കിയൊരു
പെൺകിളി ഇതിലുണ്ട്.

അതു തികച്ചും സൗജന്യമാണു നിങ്ങൾക്ക്.

ഒരിടപാടായാൽ ചില നീക്കുപോക്കുകൾ വേണ്ടേ ?

Sunday, May 22, 2011

വീട്ടമ്മ

(മയങ്ങാറുണ്ടാവില്ലവളോളം വൈകിയൊരു നക്ഷത്രവും
ഒരൊറ്റ സൂര്യനുമവളേക്കാൾ നേർത്തേ പിടഞ്ഞെണീറ്റീലാ.

-ആറ്റൂർ)വർഷങ്ങൾക്കു മുമ്പ്
ലളിതപദവിന്യാസയായവൾ വന്നുകയറിയപ്പോൾ
വീട്ടിലെല്ലാവർക്കും സന്ദേഹമായിരുന്നു,
എനിയ്ക്കൊഴിച്ച്.

അവളെ,യോരോ കാൽവെയ്പ്പിലും
വഴുകി വീഴ്ത്താൻ ശ്രമിച്ചിരുന്നു,
ചുറ്റുവരാന്ത.

അവളുടെ മണമുൾക്കൊള്ളാൻ മടിച്ച്
കരിമ്പനയുടെ ധാർഷ്ട്യം പോലെ നിന്നു,
കുളിപ്പുര.

അവളുടെ പാടവങ്ങളെ പരീക്ഷിക്കാനൊരുങ്ങാതെ
കരിച്ചും തൂവിയും കളഞ്ഞു
പൊട്ടിച്ചിരുത, ഞങ്ങളുടെ അടുക്കള.

ഭൂതാവിഷ്ടരെപ്പോലെ ചറപറ പറഞ്ഞ്
തൊടി.

അവളുടെ നീർപ്പാളയിൽ നിറഞ്ഞുതുളുമ്പാതെ-
യൊഴിഞ്ഞൊഴിഞ്ഞ്
കിണർവട്ടം.

അശാന്തമായ ഈ വിലോപങ്ങളുടെ
പരിണതിയെന്താകുമെന്നു ഭയന്ന്
ഞാനവൾക്ക്
മഴയുടെ മൂലമന്ത്രമുപദേശിച്ചു.

അന്നുതുടങ്ങിയതാണ്
വീടകങ്ങളിൽ നിന്ന് തൊടിയോളവും
തിരിച്ചും
അഞ്ചടിപ്പൊക്കം പോന്നൊരു മഴയുടെ പെരുമാറ്റം.

നട്ടിട്ടും നനച്ചിട്ടും മതിവരാതെ
ജലത്തിന്റെ തിരസ്കരിണി വകഞ്ഞ്
എപ്പോൾ വേണമെങ്കിലും വിടരാവുന്നൊ-
രഭിജാതകുശലം.

ഗൾഫ് സ്കെച്ച്- ഒരകവിത

(ആർക്കോ വേണ്ടി എന്നും പൂവിട്ടുനിന്ന് അകാലത്തു കൊഴിയുന്ന ചില മരങ്ങളുണ്ടിവിടെ, അവരെയോർത്ത്)

ഷാർജയിലെ ഞങ്ങളുടെ
എണ്ണൂറു ചതുരശ്രയടി സ്വർഗത്തിൽ
ഒരു വസന്തത്തിനും കൂടി ഇടം പോരായിരുന്നു.

എന്നിട്ടും സമൃദ്ധമായി മഞ്ഞപ്പൂക്കൾ വിടരുന്ന
ഒരു വള്ളിച്ചെടി
ബാൽക്കണിയിൽ ഞാൻ നട്ടുവച്ചു.

വിദൂര ദേശങ്ങളിലെ വസന്തചിന്തകളുമായി
അത് സർഗവിനിമയം നടത്തുന്നത്
ഞങ്ങൾ കിനാവ് കാണുമായിരുന്നു.

പൂവിടുന്നവയുടെ വംശവഴിയിലെ-
യപൂർവജനുസ്സായതിനാലാകാം
നിറവും തൃഷ്ണയുമേറിയ പൂക്കൾ കൊണ്ട്
ഞങ്ങളുടെ പുലർച്ചകളലങ്കരിക്കപ്പെട്ടു.

ഇതരലോകങ്ങളിൽ
മഞ്ഞും
മഴയും
വെയിലുമേറ്റ്
ഋതുവിചാരങ്ങൾ കിറുണിപ്പെടുമ്പോൾ

ഞങ്ങളുടെ വീട്ടിൽ മാത്രം
പൂക്കാലത്തിന്റെ
പ്രസാദമധുരമായ തുടർച്ച.

വാതിൽപ്പടിയിൽ നിന്ന്
'വന്നോട്ടെ'യെന്ന് ചോദിക്കുന്ന സൗഹൃദം.
മരുഭൂക്കളുടെ പുഷ്പവേണി.


ഒടുക്കം
നാട്ടിലേക്കു മടങ്ങേണ്ടിവന്ന അനിവാര്യതയിൽ
ഞങ്ങളൊന്നു തീരുമാനിച്ചുറച്ചു.

സ്നേഹോൽക്കടമായ-
ഈ സസ്യ ശരീരത്തെക്കൂടി
സസൂക്ഷ്മം പൊതിഞ്ഞെടുത്ത്
കൂടെക്കൂട്ടിയേക്കാമെന്ന്.

നാട്ടിൽ
കോളാമ്പിയുടെയും
കൊന്നപ്പൂവിന്റെയും കൂടെ
ഒരേ സ്ഥായിയിൽ
അതു തുടർന്നും സ്പന്ദിക്കട്ടെയെന്നു കരുതി

പ്രവാസത്തിന്റെ
ധൂസരവർഷങ്ങളിലുടനീളം
മമതയും മഞ്ഞപ്പൂവും സൂക്ഷിച്ചുവച്ചതിനൊരു
തെളിവാകട്ടെയെന്നും കരുതി

എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്.
പുനരധിവാസത്തിന്റെ ആദ്യവാർത്തയിൽത്തന്നെ
അതിന്റെ ചേതോഹരമായ മഞ്ഞനിറം മാഞ്ഞുപോയി.

അടുത്ത പുലർച്ചയ്ക്ക്
പൂക്കളഴിഞ്ഞുപോയ പച്ചപ്പർദ്ദയിലൊതുങ്ങി-
യതു ഞങ്ങളെ വിളിച്ചുണർത്തി.

"സുപ്രഭാതം സുകൃതികളേ !
ജീനുകളുടെയസാധാരണ വഴികൾ
നിങ്ങൾക്കറിയില്ല.

ഞാൻ മണലിലെഴുതപ്പെട്ടു പോയ ധ്യാനം.
കഠിനവസന്തത്തിൽ മാത്രം പൂക്കുന്നവൾ.
ഏകാകിയുടെ പീതവസനം."

അനന്തരം നരച്ചു തൂവിയ
തെരുവിലേക്കതപ്രത്യക്ഷമായി.

ഇന്നും വഴിയോര നഴ്സറികളിലെങ്ങാനും
ഒരു മഞ്ഞപ്പൂവള്ളികണ്ടാൽ
ഞാനെന്തൊക്കെയോ ഓർത്തുപോകാറുണ്ട്.

Monday, May 16, 2011

നരി

ശിക്ഷയുടെ വിരസമായ പുസ്തകം
ഒരാവർത്തി
വായിച്ചു കേൾപ്പിച്ച്

ദൈവത്തിന്റെ അതേ ഛായയുള്ള
ന്യായാധിപൻ ചോദിച്ചു.

എന്തെങ്കിലും ?
ഇതു വരെ വായിച്ചറിയാത്ത ഒരു പുസ്തകം
ഒരു സിനിമ
ഇന്നേവരെ നനയാത്ത ഒരു പ്രാർത്ഥന
ഒരു രുചി
എന്തെങ്കിലും ?

എത്രയും ശമിച്ച്
ഗർജ്ജനങ്ങളുടെ അവസാന കാടും വെടിഞ്ഞ്
നരി പറഞ്ഞു.

മൈലോർഡ് !
വേട്ടക്കാരനുമായുള്ള മാരത്തണിന്റെ
അവസാന ലാപ്പിൽ
തോറ്റുപോയൊരു മാലാഖയുണ്ട്.

അതിന്റെ നേർത്തഭുജങ്ങൾക്കിടയിൽ
ഇനിയുമോടിത്തീരാത്തൊരു
കുഞ്ഞുപേശി കാണും.

അതു നിഷ്കർഷയൊടെ വേർപെടുത്തി
അത്താഴത്തിനു വിളമ്പണം.

കരുണയുടെ സ്വർഗവാതിൽ തുറക്കുന്ന
രഹസ്യവാക്കൊന്നു രുചിച്ചറിയാനാണ് .

Monday, May 9, 2011

നീലകണ്ഠം

( വടക്കൻ കേരളത്തിലെ 'വിഷം തീനി'കൾക്ക് ഹൃദയപൂർവം.)


കുറച്ചു ദിവസങ്ങളായി
കൂട്ടുകാർ ചോദിക്കുന്നതാണ്
'നിനക്കതിനെക്കുറിച്ചെന്തെങ്കിലുമെഴുതിക്കൂടേ'യെന്ന്.

പതിവുപോലെ
ഞാനവരോട് കടലുകളുടെ വൈഭവത്തെക്കുറിച്ചും
ശർമിഷ്ടയെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നു.

'അതിനെ'ക്കുറിച്ചു പറയാൻ തുടങ്ങുമ്പോൾ
ആരെങ്കിലും പിൻവിളിക്കും
അതുമാത്രം നടന്നില്ല.

ഇന്നു വീണ്ടുമവരോർമ്മിപ്പിച്ചപ്പോൾ
ഞാൻ പറഞ്ഞു

"ഇഴഞ്ഞിഴഞ്ഞെത്തി സൂക്ഷ്മതയോടെ പതിയ്ക്കുന്ന
സ്നേഹഫണങ്ങളെ-
ക്കുറിച്ചെഴുതുക വയ്യ.

ശ്വാസകോശങ്ങളിൽ വീണ്
വീണ്ടെടുക്കാനാകാതെ പോയ
വാക്കുകളെക്കുറിച്ചെഴുതുക വയ്യ.

ഞാൻ ജന്മം കൊണ്ടു ഭീരുവായവൻ.
പേടിയുടെ പവിഴദ്വീപിലെ
വിശ്രുത കവി

മഴ സ്നേഹം പ്രതീക്ഷ
ഇതാണെന്റെ മിക്സ് ".

പുലയാട്ടിക്കൊണ്ട് കൂട്ടുകാർ മറഞ്ഞപ്പോൾ
മുറിയിൽ നിറയുന്നുണ്ട്
കവിതയുടെ ദർപ്പണം.

അതിൽ നിറയുന്നുണ്ട്-
മായ്ക്കുന്തോറും ചന്തമേറുന്ന
നീലകണ്ഠവുമായൊരാൾ.

എന്നെത്തന്നെ നോക്കിനോക്കി.

Saturday, May 7, 2011

മൊഴി

ആത്മകഥാപരമായ ചിലതൊക്കെ
എഴുതിത്തുടങ്ങുമ്പോൾ
വളർത്തുപൂച്ചയുടെ മെരുക്കത്തോടെ
പറ്റിച്ചേർന്നിരുന്ന്
'ഞാൻ ഞാനെന്നു'
കുറുകാറുള്ള അയാളെ എനിക്കറിയാം.

എന്റെ ഹൃദയം സ്ഥിതി ചെയ്യുന്ന
അതേ അക്ഷാംശരേഖാംശങ്ങളിൽത്തന്നെ
അയാൾക്കും ഒരു വീടുണ്ട്.

ഒഴുകിത്തീരാൻ മടിച്ചിരുന്ന
ചില അസ്തമയങ്ങളിലെ
കടൽത്തീരയാത്രകളിൽ ഒപ്പം നടന്ന്
തികച്ചും സ്വകാര്യമായ ചിലതൊക്കെ പങ്കിട്ടെന്നതും..

പ്രണയത്തിന്റെ അധിനിവേശകാലത്ത്-
മാറത്തടുക്കിവച്ച
മധുരനാരങ്ങകളും മുന്തിരിയുമായി
നിശാനിയമം മുറിച്ച്
അയാൾ പതിവായ് വന്നിരുന്നെന്നതുമൊക്കെ
ശരി തന്നെ.

എന്നെപ്പോലെ പാടുകയും
പ്രണയിക്കുകയും
ക്ഷോഭിക്കുകയുമൊക്കെ
ചെയ്യുന്ന
അവന്റെ ശരീരഭാഷ കണ്ട്
അവൾപോലും പറഞ്ഞിട്ടുണ്ട്,
'അവൻ ഞാൻ തന്നെയെന്ന്'.

ഒക്കെ ശരിതന്നെ,ഞാനൊന്നും നിഷേധിക്കുന്നുമില്ല.

എന്നാലിപ്പോൾ-
അയാളുടെ തിരോധാനത്തെപ്പറ്റി
നിങ്ങളെത്ര കുത്തിക്കുത്തിച്ചോദിച്ചാലും
എനിക്കൊന്നും പറയാനില്ല.

എന്നെ
എത്ര തുരന്നു തുരന്നു നോക്കിയാലും
അയാളുടെ ശേഷിപ്പുകൾ കണ്ടെത്താനും കഴിയില്ല.


(കൃതി പബ്ലിക്കേഷൻസിന്റെ 'കാ വാ രേഖ?' എന്ന കവിതാസമാഹാരത്തിൽ ഇടം നേടി.)

Sunday, May 1, 2011

അൽഷീമേഴ്സ്

നമ്മുടെ പടിഞ്ഞാറേ മുറിയിലിരിക്കുന്ന
വീട്ടിയലമാരിയില്ലേ?
അതിന്റെ കള്ളറയിൽ പൂട്ടിവച്ച
'അതീവപ്രധാന'മെന്നു മേലെഴുത്തുള്ള
ഫയൽ കാണുന്നില്ല.

അതേ !
നീലച്ചട്ടയ്ക്കുമേൽ
എന്റെ പേരും വിലാസവും സുവർണാങ്കിതമായ
അതു തന്നെ.

ഇന്നലെ മുതൽ അതുകാണുന്നില്ല.

നിത്യേന
പെരുമീൻ പൊട്ടുന്നേരം
ദൈവം പുതുക്കിയെഴുതുമായിരുന്ന
നിന്റെ വിളിപ്പേരാണതിലുള്ളത്.

കോമാളിവണ്ടി

ഒരുവണ്ടികൂടി മാറിക്കയറണം,
വീടെത്താൻ.

ക്ഷുത്തൃഡാദി മേഘങ്ങളിൽപ്പെട്ടുപോയ
ഓമനത്തിങ്കളിനോട്
സ്വഗതമെന്നോണം അമ്മപറഞ്ഞു..

"വരുന്നുണ്ട്
ഓറഞ്ചുകായ്ച്ച നഗരത്തിൽനിന്ന്
മധുരം നിറച്ചുതൂകി നമുക്കുള്ള തീവണ്ടി.

തീക്ഷ്ണഗഹ്വരങ്ങളിൽ നിന്ന് മുക്തിനേടി
നെറ്റിയിലൊരു ദയാസൂര്യനുമായി
നമ്മുടെ പുലരിവണ്ടി."

'ഉപേക്ഷിത' മെന്നെഴുതിവച്ച സ്റ്റേഷനിലെ
വെറുംതിണ്ണയിലിരുന്ന്
അമ്മ പറഞ്ഞുകൊണ്ടിരുന്നു.

"വാടരുത് !
കൂടാരങ്ങളഴിച്ചടുക്കി
‘സ്വാതന്ത്ര്യം
പകൽ
സ്വാതന്ത്ര്യ’മെന്നു കുടുകുടെച്ചിരിച്ച്
വരുന്നുണ്ടു നമ്മുടെ കോമാളിവണ്ടി."

Sunday, April 24, 2011

നിത്യകന്യകയും ഗന്ധർവനും

(തുഞ്ചൻപറമ്പിൽ ഈയിടെ ഭാഷാ സ്നേഹികളായ ഒട്ടേറെപ്പേരൊത്തുകൂടി 'മലയാളത്തെ മരിക്കാൻ വിടില്ലെന്നു' പറയുമ്പോൾ, ഇങ്ങു ഷാർജയിലിരുന്ന് ആ അക്ഷരക്കൂട്ടായ്മ ഞാൻ നനയാതെ നനഞ്ഞു.
അതിനിടെ കയറിവന്നവരാണ്, ഈ നിത്യകന്യകയും ഗന്ധർവനും.)മാതൃവംശാവലി-
യെഴുതിത്തുടങ്ങുകയായിരുന്നു,
ഞാനപ്പോൾ.

'അമ്മ മരിച്ചുപോയവനാണു ഞാൻ
അതിനുമുമ്പേ പോയി
അക്ഷരമൂട്ടിയ മുത്തശ്ശി...'

എന്നിങ്ങനെ-
യൊഴുകിപ്പടരാൻ തുടങ്ങുമ്പോൾ
പൂമുഖത്തൊരാളനക്കം.

പകലിനെ മുറിച്ചെടുത്തപോലെ
ചിരിച്ചുകൊണ്ടേ
രണ്ടുപേർ.

ഒരാളെയെനിക്കറിയാം.

അച്ഛനെഴുത്തച്ഛന്റെയും
അപ്പനയ്യപ്പന്റെയും
താവഴിയിൽപ്പെട്ടതാണ്.

പേരോർമ്മ വരുന്നില്ല,
കളിയച്ഛനായിരുന്നു പോലും.

കൂടെയുണ്ടൊരുവൾ.
ക്ഷീണിതയെങ്കിലും
സ്വയംപ്രഭ.
അടിമുടിതൊഴാൻ തോന്നും.

അപരിചിതത്ത്വം കണ്ട്
അയാളൊടുക്കം പറഞ്ഞു.

“നീയറിയും !
നിന്റമ്മയുടെ മൂത്തവൾ
പണ്ടേതന്നെ പരിത്യക്ത.

‘മലയാള’മെന്നുവിളിച്ചിരുന്നു, ചില മാതുലർ”.

Saturday, April 23, 2011

ലോകാവസാനം

( കവിതകണ്ടാലറിയാത്ത കടുവകൾക്കും,കൃഷ്ണമൃഗങ്ങൾക്കും,മയിലിനും,വയൽക്കൊറ്റിയ്ക്കും..)വംശനാശം ഭവിക്കുന്നവയുടെ പട്ടികയിൽ
എന്തായാലും മൃഗങ്ങളൊന്നുമില്ല.

എന്നാലുണ്ട്-
വനരഹസ്യമടക്കം ചെയ്ത ചില ഗർജ്ജനങ്ങൾ.
വിസ്മയങ്ങളിലേക്ക് വിക്ഷേപിച്ച ചില വേഗങ്ങൾ.
മാംസനിബദ്ധമെങ്കിലും വിശുദ്ധമായ ചില കിതപ്പുകൾ.

ഇരകൾക്ക് മോക്ഷപദം നൽകുമായിരുന്ന നഖചാരുതയും
പ്രാർത്ഥന പോലെയുള്ള ചില ചെവിയോർക്കലുകളുമുണ്ട്.

വംശനാശം ഭവിക്കുന്നവയുടെ പട്ടികയിൽ
പക്ഷികളൊന്നുപോലുമില്ല.

എന്നാലുണ്ട്.

ഉദീരണം ചെയ്യപ്പെടുന്ന ചില പഴമകൾ.
മേഘങ്ങളിൽ വിരിച്ചിട്ട്
എടുക്കാൻ മറന്നു പോയ ചില നൃത്തസാദ്ധ്യതകൾ.
ദിശാസൂചികൾ ഘടിപ്പിച്ച ചില കൃത്യതകൾ.

പ്രണയികൾക്കിഷ്ടപ്പെട്ട ചില ഉപമാനങ്ങളും
പ്രഖ്യാതമായ ചില ധ്യാനങ്ങളുമുണ്ട്.

ഉണ്ട്.
അടുത്ത മുറിയിൽ
ലേലത്തിനൊരുങ്ങി,
സലീമലിയുടെ കണ്ണടയും
മൃഗശിക്ഷകന്റെ കരുണയും.

Wednesday, April 20, 2011

വരൻ

കെട്ടുപ്രായം കഴിഞ്ഞ പെങ്ങളെ
പൂർണമോദത്തോടെ വരിച്ച്
കയർ പറഞ്ഞു.

" പ്രണയമെന്തെന്നറിയാത്തവൾക്ക്
കരുതിയിട്ടുണ്ടൊരു മുറി.

പര്യങ്കത്തിന്റെ കിറുകിറുക്കലിൽ
ആടിത്തളരാനഞ്ചാറു നിമിഷങ്ങൾ.

അർത്ഥവത്താമൊരു ഞെട്ടലിൻ പരകോടി".

തെക്കൻ

തൃശൂരുകാരന്റെ സ്നേഹം കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കിൽ അടുത്ത തവണ ശ്രദ്ധിക്കണം
ഒരാൾപ്പൊക്കം കൂടുതലാണ് !

കുടമാറ്റം കാണാൻ തോളിലേറി
നിൽപ്പുറച്ചതാണെന്ന്
ചിരിച്ചുകൊണ്ടവൻ പറയും.

എത്രപിഴിഞ്ഞെടുത്താലും ശേഷിക്കും
കണ്ണൂരിലൊരു ചെമ്പരത്തി!
കൗതുകത്തിന്റെ പൂർണകായം.

സ്നേഹത്തിനിനിയും
ചുവപ്പേറുമെന്ന-
തടക്കം പറഞ്ഞെന്നിരിക്കും.

സ്നേഹത്തിനു ചില
തിരൂരുപൊന്നാനി
വഴക്കങ്ങളുമുണ്ട്.

നദിയുടെ ഭാഷയേ തിരിയൂ.
മൺസൂണിൽ കരകവർന്ന്,
ചിലപ്പോൾ മെലിഞ്ഞ്.

പുലർന്നിട്ടുമാടുമൊരു പദം.
ഓളങ്ങളേറ്റു വാങ്ങിയ
ഭ്രഷ്ടകാമുകഹൃദയം.

ഞങ്ങൾ തെക്കരൽപ്പം
പരുക്കരാണു കേട്ടോ.

ഞങ്ങൾക്കു സ്നേഹത്തെ-
യിടിച്ചിടിച്ചു നുറുക്കണം !

പിന്നെ
ആയിരം കണ്ണാടിച്ചിറകുകളുള്ള-
കലൈഡോസ്കോപ്പിലിട്ട്
തിരിച്ചു തിരിച്ചു കാണണം !!

Saturday, April 16, 2011

മൈക്കലാഞ്ജലോ

മൈക്കലാഞ്ജലോയ്ക്ക് പ്രിയപ്പെട്ട മീഡിയം
മരമോ
കല്ലോ
മാർബിളോ അല്ല.
ഇരുട്ടാണ്.

അകാലങ്ങളിൽ നിന്ന്
ഇറക്കുമതി ചെയ്ത
കാതലൂറ്റമുള്ളത്.

അതാകുമ്പോൾ
ഓരോ ഉളിച്ചീന്തലിലും,
വിനീതനായ അടിമയെപ്പോലെ
സമരസപ്പെട്ടു നിന്നുകൊടുക്കും.

തന്നെയുമല്ല, തനിക്കിഷ്ടപ്പെട്ട
ആനയുടെ ശിൽപ്പങ്ങൾ വിരചിക്കാൻ
അതാണു കൂടുതൽ സൗകര്യവും

ഇരുളിന്റെ വലിയൊരു മല തുരന്ന്
ആനയല്ലാത്തതിനെയൊക്കെ
തിരഞ്ഞുപിടിച്ച്
പറഞ്ഞയക്കുകയാണ്
അയാളുടെ വിശ്രുതമായ ശൈലി.

ഒടുക്കം
പണിക്കുറവുതീർന്ന ഗജഭംഗികൾ
അന്ധഗ്രാമങ്ങൾ കടക്കുമ്പോഴാണ്
അത്ഭുതം സംഭവിക്കുന്നത്.

അതുവരെ-
തുമ്പിയോ
കാലുകളോ
ചെവിയോ
വാലോ മാത്രം
തൊട്ടറിഞ്ഞിരുന്ന കുരുടർ
ആനയുടെ വിശ്വരൂപം കണ്ട്
വിസ്മയിച്ചുനിൽക്കും.

അവരുടെ ഉള്ളലിവുകളിലൂടെ
ചരിത്രവും പ്രാർത്ഥനയും
ഒഴുകാൻ തുടങ്ങും.

മൈക്കലാഞ്ജലോ ! താങ്കൾ പുരുഷാർത്ഥങ്ങളുടെ
ശിൽപിയാണ്.

Tuesday, April 12, 2011

വീടുപണി

വീടുപണിയും
കവിതയെഴുത്തുമൊക്കെ
പ്രയാസം കുറഞ്ഞ ജോലികളാണ്.

ഊൺമുറിയും തളവുമിവിടെ
മഴജാലകമവിടെ
സൂര്യനെദ്ധ്യാനിക്കുമൊരു മനസ്സതാ-
ആ ചുവരിൽ

എന്നിങ്ങനെ
അളന്നും
പറഞ്ഞും

അനായാസേന നാം
പണിയാറുണ്ട് കവിതകൾ.
എഴുതാറുണ്ട് വീടുകളും.

എഡിറ്റ് ചെയ്ത്,
ലേശം ഭാവമാറ്റം വരുത്താൻ
നോക്കുമ്പോഴാണു പ്രശ്നം.

ഛന്ദസ്സുകൾ ക്ഷോഭിക്കും.
അടുക്കുകളുമർത്ഥങ്ങളും
അലമുറയിടും.

ചിറ്റുളികളടർത്തുന്നത്
വാക്കോ
ചുവരോ
മച്ചോ
മസൃണമനസ്സോ ആയിരിയ്ക്കില്ല.

എന്നെത്തന്നെയാണ്.

അംഗോപാംഗങ്ങളുടെ
തുടിക്കുന്ന പൊട്ടുകൾ
വീണ്
മുറിയിൽ ചോര മണക്കും.

ഒടുക്കം
മുറവിളിയുടെ ഗസൽവെട്ടത്തിലേക്ക്
കവിതയുടെ ഭവനം
അവക്ഷിപ്തപ്പെടും.

വീടുപണിയുന്നതും
കവിതയെഴുതുന്നതും
എളുപ്പമാണ്,
ഹൃദ്യമല്ലെന്നു മാത്രം.

Sunday, April 10, 2011

ബയോഡാറ്റ

ബയോഡാറ്റ
കുടിച്ചുവറ്റിച്ച സമുദ്രങ്ങളേയും
അമ്പരന്നുമാത്രം ദർശിച്ച മിന്നൽപ്പെരുക്കങ്ങളേയും
സമഗ്രമായി വിവരിച്ച്

ഒപ്പിട്ടുനിർത്തിയ
സത്യവാങ്മൂലമായിരുന്നു,
ചിലനാൾ മുമ്പുവരെ.

ഒരിക്കലും തുളുമ്പാതെ,
മഴയെ നിരന്തരം ധ്യാനിച്ച്
അത്-
ഭവസാഗരം നീന്തിക്കടന്നു.

ഇപ്പോളതൊക്കെ മാറി.

മഴയിരമ്പത്തിലേക്ക്
മനസ്സുപകർത്തി
മന്ത്രമൂതുകയാണ് പതിവ്.

അനന്തരം
നിലാവിലൊലിച്ചൊലിച്ച്
അത്
കടൽകടന്നുപോകും.

കന്യാകുമാരി

കടലിൽപ്പോയവനെക്കാത്ത്
നീണ്ടുനീണ്ടുപോയ വഴിക്കണ്ണിന്
കര കൊടുത്തയച്ചതാണ്
ഈ മുനമ്പ്.

നിസ്വനായ ഒരു മുക്കുവൻ
തന്റെ ധ്യാനവും

ഒരു കടൽക്കാക്ക
തന്റെയീർപ്പം വിടാത്ത
ചിറകുകളും
തുടർന്നു നൽകി.

നിലാവുകൊടുത്തതോ
ഇച്ഛാനുസാരിയായ ഉടുപുടവ.

പ്രണയദാർഢ്യം കണ്ട്
സവിതാവ് കൊടുത്തതാണ്
ഉദയാസ്തമയങ്ങളുടെ
ഈ കരിമ്പുവില്ല്.

Saturday, April 9, 2011

ഷാർജയിലെ മഴക്കാലം

(മഴക്കാഴ്ചകൾ കാണാതെ മഴയുടെ ഓർമകൾ പോലും മുറിച്ചുമാറ്റപ്പെട്ട പ്രവാസിക്ക്.)

ഷാർജയിലെ മഴ
മയൂര കൗതുകങ്ങളോട്
സംവദിക്കാറില്ല.

ഇറവെള്ളത്തിന്റെ തരംഗഘോഷത്തിൽ
കടലാസ്സുതോണിയിറക്കാറില്ല.

പെയ്തുതീർന്നിട്ടും
പരിഭവിച്ചുകരയുന്ന
മരങ്ങളാകാറേയില്ല.

ആസക്തമാം
വടിവഴകുകളിൽ
കിറുകൃത്യതയോടെ വീണ്
വരഞ്ഞുതീരുകയാണ് അതിന്റെ രീതി.

ക്ലിന്നതയുടെ പരമപദത്തിൽ
ഉഷ്ണിപ്പിച്ചെടുത്ത
ത്വരിതരതിയോടാണതിനു സാമ്യം !!

ഡോബർമാൻ

വാലുണ്ടായിരുന്നാദ്യം.

ഇരയെക്കടിച്ചുകീറുമ്പോഴുമി-
ണയോടുരുമ്മുമ്പോഴു-
മിതര ശരീരഭാഷകളോടലിയാതെ,
വാൽ തന്റെ വഴി തെരഞ്ഞെടുത്തിരുന്നു.

ചിലപ്പോൾ പഞ്ചപുച്ഛമടക്കി-
മറ്റുപലപ്പോഴും നേരെയാക്കാൻ കഴിയാത്ത
തന്റെ ദുർവ്വിധിയെപ്പഴിച്ച്..

അവസാനം-
യാഥ‍ാർത്ഥ്യത്തോടിടപഴകാതെ,
കലഹിച്ചു നിന്ന വാലിനെ
വേട്ടക്കാരനായ യജമാനൻ
മോചിപ്പിച്ചു.

സ്വതന്ത്രവും നിഷ്പക്ഷവുമായ
മറ്റൊരു രാജ്യത്തേക്ക്.

നിഘണ്ടു

അപ്രിയമായതിനാൽ
പറയാതെപോയ വാക്കുകൾ
സ്വപ്നത്തിൽ
വെളിപ്പെട്ടു പറഞ്ഞു.

"പ്രഭോ! വേണ്ട,
ഈ ഏകാന്ത വിപിനം.

ഒന്നുകിൽ മൃതിയുടെ കടുംചഷകം
അല്ലായ്കിൽ
പ്രതീക്ഷയുടെ സ്വരാജ്.
അതുമതി".

നിസ്സഹായനെങ്കിലും
ഞാനൊന്നുചെയ്തു.

അവരെ
അകാരാദി ക്രമത്തിലടുക്കി
നിർഭയരുടെ നിഘണ്ടുവാക്കി.

എന്തുചെയ്യാൻ !
പിറ്റേന്നു തന്നെ
മോചകരുടെ ശബ്ദം
നിലച്ചു പോയി.

നിന്നെക്കുറിച്ചുള്ള പുസ്തകം

നീയെഴുതപ്പെട്ടത്
എനിക്കുമാത്രമറിയാവുന്ന
ഒരു മൃതഭാഷയിലാണു്.

പണ്ട്
പ്രണയശാസനങ്ങൾ എഴുതിവയ്ക്കാൻ
വിശുദ്ധർ കണ്ടുപിടിച്ച ലിപികൾ.

അങ്കുശമോ
വിരാമങ്ങളോ ഇല്ലാത്ത ഒന്ന്.

താളുകളിലേക്ക്
മഴപോലെ ലംബമായ്
വിന്ന്യസിക്കപ്പെട്ടവ.

വായിച്ചുതുടങ്ങിയാൽ
പ്രവേഗതീക്ഷ്ണതയിൽപ്പെട്ട്
കാണാതായെങ്കിലോ എന്നുപേടിച്ചു.

നിന്നെക്കുറിച്ച്
നാളെമുതൽ
നാളെനാളെ മുതൽ
വായിച്ചുതുടങ്ങാമെന്നു വച്ചു.

Friday, April 1, 2011

അടയാളങ്ങൾ

ഇതാ ഇവിടെയൊരു നദിയുണ്ടായിരുന്നു
ഈ ഞെട്ടിൽ ഒരു പൂവുണ്ടായിരുന്നതു പോലെ.

ഒരക്കരെയും ഒരിക്കരെയുമുണ്ടായിരുന്നു
പത്രകിരീടവും
ശലഭധ്യാനവും പോലെ.

ഒരിക്കൽ
വൃഷ്ടിഭംഗം വന്ന മനസ്സുകളിൽ നിന്ന്
നദി പിൻവാങ്ങി,
വീണപൂവിനെപ്പോലെ.

പതുക്കെ-
ഭൂപടങ്ങളിൽ നിന്ന്
അവളുടെ സുനീലമായ സ്നേഹവരകൾ
എഡിറ്റ് ചെയ്യപ്പെട്ടു.

നദി തിരോഭവിച്ചെങ്കിലും
പൂവിനൊരു ഭാഗ്യമുണ്ടായി.

സസ്യശാസ്ത്രപ്പരീക്ഷയിലെ
ഉത്തരക്കടലാസ്സുകളിൽ
നെടുകെ ഛേദിച്ച ഒരുടലായ്
പുനർജ്ജനിക്കാനും

ഇതൾ
കേസരം
പ്രണയനാളം

എന്നിങ്ങനെ
അടയാളം കൊള്ളാനും.

Saturday, March 5, 2011

മഴക്കവിതകളെപ്പറ്റി

മഴയെക്കുറിച്ചുള്ള
നീണ്ടകവിതകളെഴുതിയത്‌
എന്റെ അമ്മയാണ്‌

നിരക്ഷരയായ അവരുടെ വിരലുകൾക്ക്‌
വഴങ്ങാതെ പോയ അക്ഷരങ്ങൾ
മേഘരൂപങ്ങളായിത്തീന്നു.

ഒടുക്കം, സ്വർഗസ്ഥയായതിനു ശേഷവും
എന്റെചില ഏകാന്തസന്ധ്യകളെ
അപ്രതീക്ഷിതമായ പെരുമഴ കൊണ്ട്‌
അവർ അമ്പരപ്പിയ്ക്കാറുണ്ട്‌.

മഴയെപ്പറ്റി
ഏറ്റവും അർത്ഥപൂർണമായ
കവിതകളെഴുതിയത്‌
എന്റെ സുഹൃത്തുക്കൾ തന്നെ.

ഛന്ദോമുക്തമെങ്കിലും
അവതരണപ്രിയകളായിരുന്നു
അവയെല്ലാം.

ഒരിക്കൽ
സ്നേഹത്തിന്റെ ഒരാഗോള പര്യടനത്തിനിടയ്ക്ക്‌
അവരെക്കാണാതായി.

കാൽപ്പനികതയിലേക്ക്‌
കടൽപൂത്തിറങ്ങുന്ന രാത്രികളിൽ
ഞാനിപ്പോഴും
വാതിൽ തുറന്നിട്ടു കാത്തിരിക്കും

സൗഹൃദമെന്ന മഴ
എപ്പോൾ വേണമെങ്കിലും വരാമല്ലോ.

എന്നാലും എനിയ്ക്കേറ്റമിഷ്ടപ്പെട്ട മഴക്കവിത-
യൊരുക്കിയത്‌ നീയാണ്‌
ഒറ്റക്കുടയുടെ തരളനിമിഷങ്ങളിലൊന്നിൽ
എഴുതാൻ മറന്നുപോയ ഒന്ന്.

അതിന്റെ പിറക്കാതെ പോയ ചമൽക്കാരങ്ങളിൽപ്പെട്ട്‌
ഞാനിന്നും മഴനനയാറുണ്ട്‌.

Monday, February 14, 2011

എരിവ്‌

വൈകിട്ട്‌-
ആഘോഷങ്ങൾക്കൊപ്പം
നാവിൽ ചേർത്ത ഉപദംശത്തിന്‌
പതിവിൽക്കവിഞ്ഞ എരിവ്‌

അശരീരിയെങ്കിലും
പൂർവ്വജന്മസ്മൃതിയുള്ള
മുളകുപറഞ്ഞു.

"ശുഭസന്ധ്യ ! സഖാവേ, നീയെന്നെയറിയും!
നാമൊരേ വേനൽ തിന്നവർ
ഒരേമഴനൂലുനൂറ്റവർ
ഒരേസ്വപ്നത്തിന്നഴിയാക്കുരുക്കി-
ന്നക്കരെയിക്കരെ രാപോക്കിയോർ.

ഓർമ്മയുണ്ടാകും-
നീ നിറം കുറഞ്ഞവൻ
ധ്യാനം ശീലിച്ചവൻ
കവി

കർഷകൻ നിന്നോടുപറഞ്ഞു
മണ്ണിന്നടിയിൽ മഴവേരുകൾ തേടി
പ്രാർത്ഥിച്ചുകൊണ്ടേയിരിക്കാൻ

നിറവും കരുത്തുമുള്ള
എന്റെ ഉടലും
അമ്ലരസമൂറുന്ന ചിന്തകളും
രുചിരസികർക്കിടയിൽ
ദീർഘനാൾ ചർച്ച ചെയ്യപ്പെടുമെന്നും
അയാൾ പ്രവചിച്ചു.

അങ്ങനെയാണു ഞാൻ മോക്ഷപദം നേടിയത്‌

ഇത്‌ സൗഹൃദത്തിന്റെ രസവൈഭവം
ഇതു നീ തൊട്ടെടുത്താലും."

സ്വകാര്യം

കവിയാകുന്നതിനു മുൻപ്‌
മോഷണമായിരുന്നു തൊഴിൽ

പ്രണയം വീണുനനഞ്ഞ കവിതകൾ..
ചെമ്പരത്തിപോലെ തുടുത്തവ..
ഇടിമുഴക്കി പെയ്യുന്നവ..

ഒക്കെയൊക്കെ
ഓരോരോ കവിമനസ്സിന്റെയും
പിൻ വാതിൽ തുറന്നു
കവർന്നെടുക്കും

അനന്തരം...
കാണാതായ സുഹൃത്തുക്കൾക്കു വേണ്ടി
മഷിയുടെ സാന്ത്വനം പുരട്ടി
സൂക്ഷിച്ചുവയ്ക്കും.

വെളിച്ചം കാണാതിരുന്ന കവിതകൾ
ആദ്യമൊന്നും മെരുങ്ങിയിരുന്നില്ല.

ഉടമസ്ഥനിലേക്കു മടങ്ങി പോകാനാകാതെ
നിർന്നിദ്രം
അവർ ഗർജ്ജിച്ചു കൊണ്ടിരുന്നു.

ഒരുനാൾ
സ്മരണകളിൽനിന്നു വേർപെട്ട്‌
അന്ധരായ പൂച്ചക്കുട്ടികളെപ്പോലെ
അവർ ശാന്തരായി.

എന്നിട്ടും
ഇന്നും ഞാൻ പേടിച്ചുകൊണ്ടിരിക്കുന്നു.

കവിത നഷ്ടപ്പെട്ടവർ
ഒരുനാൾ എന്നെക്കണ്ടെത്തുമെന്നും
വിചാരണയ്ക്കു ശേഷം
അവരുടെ ഹൃദയങ്ങളിലേക്കു
നാടുകടത്തുമെന്നും.