Friday, June 4, 2010

എനിക്കു വേണ്ടത്‌

വീടു പൊളിച്ചുമാറ്റുമ്പോൾ
കിഴക്കോട്ടു തുറക്കുന്ന ആ വാതിൽ
നില നിർത്തണം.

വെള്ളകീറുംമുമ്പേ
അച്ഛനിറങ്ങിപ്പോയ വഴിയാണത്‌

തെക്കോട്ടെടുത്ത വാൽസല്യങ്ങളുടെ
ഓർമ്മയ്ക്ക്‌
ആ അറവാതിൽ പൊളിയ്ക്കരുത്‌

നമ്മെ നോക്കിച്ചിരിച്ച നിലക്കണ്ണാടിയും
കൗതുകങ്ങളുടെ കളിവണ്ടികൾ നിറഞ്ഞ
മച്ചിൻ പുറവും
വേണമെനിക്ക്‌..

വേണം, വേണം

തുലാവർഷം തുടംതോരാതെ
കോരിയ
സാന്ത്വനത്തിൻ നടുമുറ്റം

നേരിയ
നിലാപ്പൊന്തയിൽ
നമ്മെക്കാണാതായ പൂമുഖം,
നവരസമാളിയ അടുക്കള.

സ്വാതന്ത്ര്യമെന്നു നാം വിളിപ്പേരിട്ട
കിടപ്പുമുറി.


(ഡി.സി ബുക്സ്‌ പ്രസാധനം ചെയ്യുന്ന 'നാലാമിടം-ബ്ലോഗ്കവിതകൾ' എന്ന കവിതാസമാഹാരത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതായി അറിഞ്ഞു )

ഗതിമാറുന്ന നദി

ഗതി മാറുകയെന്നത്‌
നദികളെ സംബന്ധിച്ച്‌
ദുഷ്കരമായ ഒന്നാണ്‌

വർഷമായാലും
വേനലായാലും
വെറുതെ ഒഴുകുക എന്ന
സാധാരണതയിൽ നിന്ന്
തികച്ചും വ്യത്യസ്തം.

പുതിയ
നിമ്നോന്നതങ്ങൾ
കണ്ടെത്തണം

പുതിയ ആഴങ്ങളും
ചിന്തകളും
കണ്ടെത്തണം

പുതിയൊരു
കടൽ മുഖം വേണം

ഒന്നോർക്കണം
നദിയെന്നത്‌
ലളിതമായ
ഒരു പ്രക്രിയയല്ല

ഭൂപടങ്ങളിൽ കാണുമ്പോലെ
നീല നീലമായ
സാന്ത്വനമല്ല

കവികൾ വരച്ചിട്ട
വരവർണിനിയുമല്ല

അല്ലെങ്കിൽ
മറുകരയെത്താതെ
പോയവരോടു ചോദിയ്ക്കൂ

തിരിച്ചെടുക്കാനാവാത്ത
ഒരു വാക്കു പോലെ
അത്‌
എന്നെന്നേക്കുമായി
രേഖപ്പെടുത്തിയിരിക്കുന്നു

അനുവാചകരുടെ മുൻവിധി പോലെ
നിർവചിക്കപ്പെടുന്നെന്നു മാത്രം.

നദികൾക്കു
ഗതി മാറുകയെന്നതു
ദുഷ്കരമായ ഒന്നാണ്‌

സ്വീകാര്യതയാണു പ്രധാനം.

പുതിയ കുളിപ്പടവുകളിലെ
ലജ്ജയും
സംശയവുമൊക്കെ തീർന്നു വരാൻ സമയമെടുക്കും

അടിയൊഴുക്കുകൾ
അളന്നു തീരും വരെ
ഝഷകുലമോ
ജലപിശാചുക്കൾ പോലുമൊ
കടന്നു വരില്ല

എന്നാലും ചരിത്രത്തിന്റെ
ചില വിളികളിലേക്ക്‌ കാതു ചേർത്ത്‌
നദി ഗതിമാറിയൊഴുകിത്തുടങ്ങും.