Friday, June 4, 2010

ഗതിമാറുന്ന നദി

ഗതി മാറുകയെന്നത്‌
നദികളെ സംബന്ധിച്ച്‌
ദുഷ്കരമായ ഒന്നാണ്‌

വർഷമായാലും
വേനലായാലും
വെറുതെ ഒഴുകുക എന്ന
സാധാരണതയിൽ നിന്ന്
തികച്ചും വ്യത്യസ്തം.

പുതിയ
നിമ്നോന്നതങ്ങൾ
കണ്ടെത്തണം

പുതിയ ആഴങ്ങളും
ചിന്തകളും
കണ്ടെത്തണം

പുതിയൊരു
കടൽ മുഖം വേണം

ഒന്നോർക്കണം
നദിയെന്നത്‌
ലളിതമായ
ഒരു പ്രക്രിയയല്ല

ഭൂപടങ്ങളിൽ കാണുമ്പോലെ
നീല നീലമായ
സാന്ത്വനമല്ല

കവികൾ വരച്ചിട്ട
വരവർണിനിയുമല്ല

അല്ലെങ്കിൽ
മറുകരയെത്താതെ
പോയവരോടു ചോദിയ്ക്കൂ

തിരിച്ചെടുക്കാനാവാത്ത
ഒരു വാക്കു പോലെ
അത്‌
എന്നെന്നേക്കുമായി
രേഖപ്പെടുത്തിയിരിക്കുന്നു

അനുവാചകരുടെ മുൻവിധി പോലെ
നിർവചിക്കപ്പെടുന്നെന്നു മാത്രം.

നദികൾക്കു
ഗതി മാറുകയെന്നതു
ദുഷ്കരമായ ഒന്നാണ്‌

സ്വീകാര്യതയാണു പ്രധാനം.

പുതിയ കുളിപ്പടവുകളിലെ
ലജ്ജയും
സംശയവുമൊക്കെ തീർന്നു വരാൻ സമയമെടുക്കും

അടിയൊഴുക്കുകൾ
അളന്നു തീരും വരെ
ഝഷകുലമോ
ജലപിശാചുക്കൾ പോലുമൊ
കടന്നു വരില്ല

എന്നാലും ചരിത്രത്തിന്റെ
ചില വിളികളിലേക്ക്‌ കാതു ചേർത്ത്‌
നദി ഗതിമാറിയൊഴുകിത്തുടങ്ങും.

3 comments:

Vayady said...

ഗതി മാറുകയെന്നത്‌ മനുഷ്യനെ സംബന്ധിച്ചും ദുഷ്കരമായ ഒന്നാണ്‌...ഒരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മളും ഒരു പുഴ തന്നെ..

അജിത് said...

നദികൾക്കു
ഗതി മാറുകയെന്നതു
ദുഷ്കരമായ ഒന്നാണ്‌
....like

LiDi said...

നല്ല ചിന്തകൾ