(ഭ്രൂണത്തിലേ നുള്ളിയെടുത്തുകളയുന്ന പെൺപൂക്കൾക്ക്)
വവ്വാലിനെപ്പോലെ-
യധോമുഖിയാ-
യർദ്ധതാര്യമാമൊരുറക്കത്തിലാടി
അമ്മയോടിടയ്ക്കിടെക്കൊഞ്ചി
കാലമെണ്ണുന്ന കുഞ്ഞിനോട്
ഒരാൾ ചോദിച്ചു.
വരുന്നുണ്ടോ ?
പ്രശാന്തമായ തെരുവുകളിലേക്ക്
ധ്യാനസുന്ദരമായ മലമടക്കുകളിലേക്ക്
കിളികളും പൂക്കളും നിറഞ്ഞൊരതിശയ ലോകത്തേക്ക്.
അതൊന്നും പറഞ്ഞില്ല.
തന്റെയഞ്ചാം പിറന്നാളിന്
മഴയുടെ വഴിയും
വളവുകളും കടന്ന്
പാഠശാലയിൽ പോകുന്നതും
തന്റെ കുടക്കീഴിലേക്ക്
ആദ്യമായൊരു സൗഹൃദമൊഴുകിയെത്തുന്നതും
മുൻകൂട്ടിയറിഞ്ഞ്
അതിനു രസംപിടിച്ചു തുടങ്ങി.
ഏതാണ്ട് അതേ സമയത്തു തന്നെയാണ്
അയാൾ വീണ്ടും വന്നത്.
ഇത്തവണ കനിവിന്റെ ഒലിവിലച്ചില്ല
കയ്യിലില്ല.
പകരം ഒളിച്ചുപിടിച്ചൊരു ചുവപ്പുകാർഡ്
അതിൽ അനാമിക(മൂന്നുമാസ) മെന്നൊരു പേര്.
3 comments:
മനസ്സില്‍ തട്ടി. കുരുന്നിന്റെ സ്വപ്നങ്ങള്‍ക്ക് കത്തിയുടെ വായ്ത്തല...
(മലയാളത്തില്‍ എഴുതുമ്പോള്‍ ഇംഗ്ലീഷിലെ ഈ വെരിഫിക്കേഷന്‍ പ്രയാസമാണെ, മാറ്റിയാല്‍ നന്നായിരുന്നു)
ശശികുമാര്‍,ചുവപ്പുകാര്‍ഡ് ജാലകത്തില്‍ കണ്ട് വന്നതാണ്,ക്ഴുയ്കി കളയാനാകാത്ത കറകളുള്ള കൈകളും, കശാപ്പുകാരെയും ഓര്‍മ്മ വരുന്നു. .നന്നായിരിക്കുന്നു കവിത.തിരക്കിനിടയിലെഴുതിതീര്‍ത്ത പോലെ തോന്നി .ആശയം കവിതയെ നിഴലിലാക്കിയപോലെ.. ഒരു പക്ഷെ എല്ലാം ഒരേ പാത്രത്തിലളന്ന് നൊക്കുന്ന എന്റെ അല്പത്തമാവാം,ആശംസകള്‍..
നന്ദി, സോണി,വഴിമരങ്ങൾ വായനയ്ക്കും സൂക്ഷ്മനേത്രങ്ങൾക്കും.സർഗപരമായ ഇത്തരം കൂടിക്കാഴ്ചകളിലൂടെ ഭാഷയുടെ കൊടി നമുക്കുയർത്താം.
ഞാനതേ ലക്ഷ്യം വയ്ക്കുന്നുള്ളൂ.
Post a Comment