Monday, October 20, 2014

പേര്




കുഞ്ഞുമോൾക്കിടാൻ
ഒരു പേര് വേണമായിരുന്നു.

വെറും പേരല്ല.

നീട്ടിവിളിയ്ക്കുമ്പോൾ
പാട്ടുപോലെ വിടരുകയും
അല്ലാത്ത നേരം,
നാവോരമലിയുകയും ചെയ്യുന്ന
ഒന്ന്.

ചില നദികളുടെയും
നക്ഷത്രങ്ങളുടെയും
പൂക്കളുടെയുമായി
ഒരു കൂട്ടം
മനസ്സിലുണ്ട്.
എന്നാലുമൊരു
തൃപ്തി തോന്നിയില്ലെനിക്ക്.

ഒരുവേള,
വൃഷ്ടിയില്ലാതെ വന്നെങ്കിലോയെന്ന്
വീണപൂക്കളായെങ്കിലോയെന്ന്
ചിലപ്പോൾ ചക്രവാതങ്ങളിൽ‌പ്പെട്ട്
തിരിയെങ്ങാനുമണഞ്ഞെങ്കിലോയെന്ന്
പേടിച്ച്
ഞാനതൊക്കെ മാറ്റിവച്ചു.

എനിക്കുവേണ്ടത്,
ഓർക്കുന്തോറുമർത്ഥമേറുന്ന
കനമെഴാത്തതാമൊന്ന്

മറന്നുപോകിലു-
മാൾക്കൂട്ടവഴിയിൽ വച്ച്
തോളിൽത്തൊടുന്ന പോലൊന്ന്

മരിച്ചുപോകിലു-
മോർമ്മകളിറ്റിറ്റ്
പ്രാണൻ തിരിച്ചേകുമൊന്ന്.

കുഞ്ഞുമോൾക്കിടാനൊരു
പേരുവേണമായിരുന്നു,
നിന്റെ പേരുപോലൊന്ന് !

6 comments:

Salim kulukkallur said...

തിരയാം...നിന്റെ പേര് പോലൊന്ന് കിട്ടുന്നത് വരെ ..

Anonymous said...

"കവിത" മധുര തരം.!!

Vinodkumar Thallasseri said...

മറന്നുപോകിലു-
മാൾക്കൂട്ടവഴിയിൽ വച്ച്
തോളിൽത്തൊടുന്ന പോലൊന്ന്

മരിച്ചുപോകിലു-
മോർമ്മകളിറ്റിറ്റ്
പ്രാണൻ തിരിച്ചേകുമൊന്ന്.

Good.

AnuRaj.Ks said...

അവള്ക്ക് നമുക്ക് അനാമിക എന്ന് പേരിട്ടാലോ.....

Bipin said...

ആ പേര് പോയല്ലോ. നല്ല കവിത.

സൗഗന്ധികം said...

പേരാറ്റിന്നക്കരെ,യക്കരെ,യക്കരെയേതോ,
പേരറിയാക്കടവിൽ നിന്നൊരു പൂത്തുമ്പി.. :)

നല്ല കവിത. കണ്ടെത്തുന്ന പേരും നന്നാവട്ടെ... :)


ശുഭാശംസകൾ......