Sunday, May 22, 2011

ഗൾഫ് സ്കെച്ച്- ഒരകവിത

(ആർക്കോ വേണ്ടി എന്നും പൂവിട്ടുനിന്ന് അകാലത്തു കൊഴിയുന്ന ചില മരങ്ങളുണ്ടിവിടെ, അവരെയോർത്ത്)

ഷാർജയിലെ ഞങ്ങളുടെ
എണ്ണൂറു ചതുരശ്രയടി സ്വർഗത്തിൽ
ഒരു വസന്തത്തിനും കൂടി ഇടം പോരായിരുന്നു.

എന്നിട്ടും സമൃദ്ധമായി മഞ്ഞപ്പൂക്കൾ വിടരുന്ന
ഒരു വള്ളിച്ചെടി
ബാൽക്കണിയിൽ ഞാൻ നട്ടുവച്ചു.

വിദൂര ദേശങ്ങളിലെ വസന്തചിന്തകളുമായി
അത് സർഗവിനിമയം നടത്തുന്നത്
ഞങ്ങൾ കിനാവ് കാണുമായിരുന്നു.

പൂവിടുന്നവയുടെ വംശവഴിയിലെ-
യപൂർവജനുസ്സായതിനാലാകാം
നിറവും തൃഷ്ണയുമേറിയ പൂക്കൾ കൊണ്ട്
ഞങ്ങളുടെ പുലർച്ചകളലങ്കരിക്കപ്പെട്ടു.

ഇതരലോകങ്ങളിൽ
മഞ്ഞും
മഴയും
വെയിലുമേറ്റ്
ഋതുവിചാരങ്ങൾ കിറുണിപ്പെടുമ്പോൾ

ഞങ്ങളുടെ വീട്ടിൽ മാത്രം
പൂക്കാലത്തിന്റെ
പ്രസാദമധുരമായ തുടർച്ച.

വാതിൽപ്പടിയിൽ നിന്ന്
'വന്നോട്ടെ'യെന്ന് ചോദിക്കുന്ന സൗഹൃദം.
മരുഭൂക്കളുടെ പുഷ്പവേണി.


ഒടുക്കം
നാട്ടിലേക്കു മടങ്ങേണ്ടിവന്ന അനിവാര്യതയിൽ
ഞങ്ങളൊന്നു തീരുമാനിച്ചുറച്ചു.

സ്നേഹോൽക്കടമായ-
ഈ സസ്യ ശരീരത്തെക്കൂടി
സസൂക്ഷ്മം പൊതിഞ്ഞെടുത്ത്
കൂടെക്കൂട്ടിയേക്കാമെന്ന്.

നാട്ടിൽ
കോളാമ്പിയുടെയും
കൊന്നപ്പൂവിന്റെയും കൂടെ
ഒരേ സ്ഥായിയിൽ
അതു തുടർന്നും സ്പന്ദിക്കട്ടെയെന്നു കരുതി

പ്രവാസത്തിന്റെ
ധൂസരവർഷങ്ങളിലുടനീളം
മമതയും മഞ്ഞപ്പൂവും സൂക്ഷിച്ചുവച്ചതിനൊരു
തെളിവാകട്ടെയെന്നും കരുതി

എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്.
പുനരധിവാസത്തിന്റെ ആദ്യവാർത്തയിൽത്തന്നെ
അതിന്റെ ചേതോഹരമായ മഞ്ഞനിറം മാഞ്ഞുപോയി.

അടുത്ത പുലർച്ചയ്ക്ക്
പൂക്കളഴിഞ്ഞുപോയ പച്ചപ്പർദ്ദയിലൊതുങ്ങി-
യതു ഞങ്ങളെ വിളിച്ചുണർത്തി.

"സുപ്രഭാതം സുകൃതികളേ !
ജീനുകളുടെയസാധാരണ വഴികൾ
നിങ്ങൾക്കറിയില്ല.

ഞാൻ മണലിലെഴുതപ്പെട്ടു പോയ ധ്യാനം.
കഠിനവസന്തത്തിൽ മാത്രം പൂക്കുന്നവൾ.
ഏകാകിയുടെ പീതവസനം."

അനന്തരം നരച്ചു തൂവിയ
തെരുവിലേക്കതപ്രത്യക്ഷമായി.

ഇന്നും വഴിയോര നഴ്സറികളിലെങ്ങാനും
ഒരു മഞ്ഞപ്പൂവള്ളികണ്ടാൽ
ഞാനെന്തൊക്കെയോ ഓർത്തുപോകാറുണ്ട്.

4 comments:

Ranjith Chemmad / ചെമ്മാടന്‍ said...

"ഞാൻ മണലിലെഴുതപ്പെട്ടു പോയ ധ്യാനം.
കഠിനവസന്തത്തിൽ മാത്രം പൂക്കുന്നവൾ.
ഏകാകിയുടെ പീതവസനം."
!!!......ഇഷ്ടം.

ശ്രീനാഥന്‍ said...

കവിത തന്നെ, സംശയമില്ല! ഇഷ്ടപ്പെട്ടു.

രാമൊഴി said...

ഞാൻ മണലിലെഴുതപ്പെട്ടു പോയ ധ്യാനം.
കഠിനവസന്തത്തിൽ മാത്രം പൂക്കുന്നവൾ.
ഏകാകിയുടെ പീതവസനം..
e varikalodoru ishtam thonni..

alpam koodi edit cheythirunnenkil kavitha kooduthal nannayene ennum thonni..

SASIKUMAR said...

രഞ്ജിത്‌,ശ്രീനാഥൻ,രാമൊഴി !! നന്ദി, ഹൃദയത്തിൽ തൊട്ട വായനക്കും വാക്കിനും.