Tuesday, June 23, 2020

പ്രവാസം

ഒന്നര ദിവസത്തെ പറക്കൽ
കഴിഞ്ഞ്, വീടെത്തി
വിമാനക്കടച്ചിൽ *
മാറ്റുന്നേരം

തൊടിയിലാരവം!

അമ്മ പറഞ്ഞു
ദേശാടനക്കിളികളാണ്.

ശൈത്യം പൊറാഞ്ഞ്
പത്തയ്യായിരം മൈൽ പറന്ന്
വിരുന്നെത്തിയവരാണ്.

ഓരോ വർഷവും
ഒരുൾവിളിയുടെ പിൻപറ്റി
ഒരിഞ്ചുപോലും തെറ്റാതെ
അവർ വരാറുണ്ടു പോലും

അവരുടെ ചിറകിനുതാഴെ
പെയ്യാമഴകളുടെ ഈർപ്പവും
കവിതയുടെ പ്രവേഗവും
കൊരുത്തു വെച്ചിട്ടുണ്ടു പോലും.

നാട്ടിടവഴികളിൽ പൂത്തും
മഴത്തണുപ്പിൽ കാത്തും

ചില നേരമൊറ്റയായ്
ചിലപ്പോൾ കൂട്ടരോടൊത്തൊരിമ്പമായ്
അവരങ്ങനെ കഴിയും.

അങ്ങനെയിരിക്കെ
കൃത്യാനന്തര ബഹുലത
തുടരെ വിളിക്കുന്ന ഒരു നാൾ
അവർ തിരിച്ചു പറന്നു പോകും.

മരക്കൊമ്പുകളിൽ നിന്ന്
തൻ്റെ ചിറകുകളടർത്തിയെടുത്ത്
കാവുകളുടെ ധ്യാനം തിരിച്ചേകി
പകലിനോടൊരു വെള്ളി കടം പറ്റി
അവർ കൂടൊഴിയും.

അമ്മയുടെ വിവരണം കേട്ട്
എനിക്ക് ചിരി വന്നു.
താദാത്മ്യപ്പെടലിൻ്റെ സമുദ്രവേഴ്ചയിൽ
ഞാൻ തണുത്തു പനിച്ചു.

അന്നു വൈകിട്ട് പാനോപചാരത്തിനിടെ
പുറത്ത് വെടിയൊച്ച!

ഉറ്റ സ്നേഹിതനാശ്വസിപ്പിച്ചു.

പേടിക്കേണ്ട ചങ്ങാതി !
ഇവറ്റകളുടെ ഇറച്ചിയിലുണ്ട്
ഉത്തേജനത്തിൻ്റെ തുരഗം!

ഒറ്റപ്പെടലിൻ്റെ നരകത്തീയിൽ വീണ്
ഞാൻ വെന്തുതിർന്നു .

* Jet lag

No comments: