Sunday, April 24, 2011

നിത്യകന്യകയും ഗന്ധർവനും

(തുഞ്ചൻപറമ്പിൽ ഈയിടെ ഭാഷാ സ്നേഹികളായ ഒട്ടേറെപ്പേരൊത്തുകൂടി 'മലയാളത്തെ മരിക്കാൻ വിടില്ലെന്നു' പറയുമ്പോൾ, ഇങ്ങു ഷാർജയിലിരുന്ന് ആ അക്ഷരക്കൂട്ടായ്മ ഞാൻ നനയാതെ നനഞ്ഞു.
അതിനിടെ കയറിവന്നവരാണ്, ഈ നിത്യകന്യകയും ഗന്ധർവനും.)



മാതൃവംശാവലി-
യെഴുതിത്തുടങ്ങുകയായിരുന്നു,
ഞാനപ്പോൾ.

'അമ്മ മരിച്ചുപോയവനാണു ഞാൻ
അതിനുമുമ്പേ പോയി
അക്ഷരമൂട്ടിയ മുത്തശ്ശി...'

എന്നിങ്ങനെ-
യൊഴുകിപ്പടരാൻ തുടങ്ങുമ്പോൾ
പൂമുഖത്തൊരാളനക്കം.

പകലിനെ മുറിച്ചെടുത്തപോലെ
ചിരിച്ചുകൊണ്ടേ
രണ്ടുപേർ.

ഒരാളെയെനിക്കറിയാം.

അച്ഛനെഴുത്തച്ഛന്റെയും
അപ്പനയ്യപ്പന്റെയും
താവഴിയിൽപ്പെട്ടതാണ്.

പേരോർമ്മ വരുന്നില്ല,
കളിയച്ഛനായിരുന്നു പോലും.

കൂടെയുണ്ടൊരുവൾ.
ക്ഷീണിതയെങ്കിലും
സ്വയംപ്രഭ.
അടിമുടിതൊഴാൻ തോന്നും.

അപരിചിതത്ത്വം കണ്ട്
അയാളൊടുക്കം പറഞ്ഞു.

“നീയറിയും !
നിന്റമ്മയുടെ മൂത്തവൾ
പണ്ടേതന്നെ പരിത്യക്ത.

‘മലയാള’മെന്നുവിളിച്ചിരുന്നു, ചില മാതുലർ”.

Saturday, April 23, 2011

ലോകാവസാനം

( കവിതകണ്ടാലറിയാത്ത കടുവകൾക്കും,കൃഷ്ണമൃഗങ്ങൾക്കും,മയിലിനും,വയൽക്കൊറ്റിയ്ക്കും..)



വംശനാശം ഭവിക്കുന്നവയുടെ പട്ടികയിൽ
എന്തായാലും മൃഗങ്ങളൊന്നുമില്ല.

എന്നാലുണ്ട്-
വനരഹസ്യമടക്കം ചെയ്ത ചില ഗർജ്ജനങ്ങൾ.
വിസ്മയങ്ങളിലേക്ക് വിക്ഷേപിച്ച ചില വേഗങ്ങൾ.
മാംസനിബദ്ധമെങ്കിലും വിശുദ്ധമായ ചില കിതപ്പുകൾ.

ഇരകൾക്ക് മോക്ഷപദം നൽകുമായിരുന്ന നഖചാരുതയും
പ്രാർത്ഥന പോലെയുള്ള ചില ചെവിയോർക്കലുകളുമുണ്ട്.

വംശനാശം ഭവിക്കുന്നവയുടെ പട്ടികയിൽ
പക്ഷികളൊന്നുപോലുമില്ല.

എന്നാലുണ്ട്.

ഉദീരണം ചെയ്യപ്പെടുന്ന ചില പഴമകൾ.
മേഘങ്ങളിൽ വിരിച്ചിട്ട്
എടുക്കാൻ മറന്നു പോയ ചില നൃത്തസാദ്ധ്യതകൾ.
ദിശാസൂചികൾ ഘടിപ്പിച്ച ചില കൃത്യതകൾ.

പ്രണയികൾക്കിഷ്ടപ്പെട്ട ചില ഉപമാനങ്ങളും
പ്രഖ്യാതമായ ചില ധ്യാനങ്ങളുമുണ്ട്.

ഉണ്ട്.
അടുത്ത മുറിയിൽ
ലേലത്തിനൊരുങ്ങി,
സലീമലിയുടെ കണ്ണടയും
മൃഗശിക്ഷകന്റെ കരുണയും.

Wednesday, April 20, 2011

വരൻ

കെട്ടുപ്രായം കഴിഞ്ഞ പെങ്ങളെ
പൂർണമോദത്തോടെ വരിച്ച്
കയർ പറഞ്ഞു.

" പ്രണയമെന്തെന്നറിയാത്തവൾക്ക്
കരുതിയിട്ടുണ്ടൊരു മുറി.

പര്യങ്കത്തിന്റെ കിറുകിറുക്കലിൽ
ആടിത്തളരാനഞ്ചാറു നിമിഷങ്ങൾ.

അർത്ഥവത്താമൊരു ഞെട്ടലിൻ പരകോടി".

തെക്കൻ

തൃശൂരുകാരന്റെ സ്നേഹം കണ്ടിട്ടുണ്ടോ ?
ഇല്ലെങ്കിൽ അടുത്ത തവണ ശ്രദ്ധിക്കണം
ഒരാൾപ്പൊക്കം കൂടുതലാണ് !

കുടമാറ്റം കാണാൻ തോളിലേറി
നിൽപ്പുറച്ചതാണെന്ന്
ചിരിച്ചുകൊണ്ടവൻ പറയും.

എത്രപിഴിഞ്ഞെടുത്താലും ശേഷിക്കും
കണ്ണൂരിലൊരു ചെമ്പരത്തി!
കൗതുകത്തിന്റെ പൂർണകായം.

സ്നേഹത്തിനിനിയും
ചുവപ്പേറുമെന്ന-
തടക്കം പറഞ്ഞെന്നിരിക്കും.

സ്നേഹത്തിനു ചില
തിരൂരുപൊന്നാനി
വഴക്കങ്ങളുമുണ്ട്.

നദിയുടെ ഭാഷയേ തിരിയൂ.
മൺസൂണിൽ കരകവർന്ന്,
ചിലപ്പോൾ മെലിഞ്ഞ്.

പുലർന്നിട്ടുമാടുമൊരു പദം.
ഓളങ്ങളേറ്റു വാങ്ങിയ
ഭ്രഷ്ടകാമുകഹൃദയം.

ഞങ്ങൾ തെക്കരൽപ്പം
പരുക്കരാണു കേട്ടോ.

ഞങ്ങൾക്കു സ്നേഹത്തെ-
യിടിച്ചിടിച്ചു നുറുക്കണം !

പിന്നെ
ആയിരം കണ്ണാടിച്ചിറകുകളുള്ള-
കലൈഡോസ്കോപ്പിലിട്ട്
തിരിച്ചു തിരിച്ചു കാണണം !!

Saturday, April 16, 2011

മൈക്കലാഞ്ജലോ

മൈക്കലാഞ്ജലോയ്ക്ക് പ്രിയപ്പെട്ട മീഡിയം
മരമോ
കല്ലോ
മാർബിളോ അല്ല.
ഇരുട്ടാണ്.

അകാലങ്ങളിൽ നിന്ന്
ഇറക്കുമതി ചെയ്ത
കാതലൂറ്റമുള്ളത്.

അതാകുമ്പോൾ
ഓരോ ഉളിച്ചീന്തലിലും,
വിനീതനായ അടിമയെപ്പോലെ
സമരസപ്പെട്ടു നിന്നുകൊടുക്കും.

തന്നെയുമല്ല, തനിക്കിഷ്ടപ്പെട്ട
ആനയുടെ ശിൽപ്പങ്ങൾ വിരചിക്കാൻ
അതാണു കൂടുതൽ സൗകര്യവും

ഇരുളിന്റെ വലിയൊരു മല തുരന്ന്
ആനയല്ലാത്തതിനെയൊക്കെ
തിരഞ്ഞുപിടിച്ച്
പറഞ്ഞയക്കുകയാണ്
അയാളുടെ വിശ്രുതമായ ശൈലി.

ഒടുക്കം
പണിക്കുറവുതീർന്ന ഗജഭംഗികൾ
അന്ധഗ്രാമങ്ങൾ കടക്കുമ്പോഴാണ്
അത്ഭുതം സംഭവിക്കുന്നത്.

അതുവരെ-
തുമ്പിയോ
കാലുകളോ
ചെവിയോ
വാലോ മാത്രം
തൊട്ടറിഞ്ഞിരുന്ന കുരുടർ
ആനയുടെ വിശ്വരൂപം കണ്ട്
വിസ്മയിച്ചുനിൽക്കും.

അവരുടെ ഉള്ളലിവുകളിലൂടെ
ചരിത്രവും പ്രാർത്ഥനയും
ഒഴുകാൻ തുടങ്ങും.

മൈക്കലാഞ്ജലോ ! താങ്കൾ പുരുഷാർത്ഥങ്ങളുടെ
ശിൽപിയാണ്.

Sunday, April 10, 2011

ബയോഡാറ്റ

ബയോഡാറ്റ
കുടിച്ചുവറ്റിച്ച സമുദ്രങ്ങളേയും
അമ്പരന്നുമാത്രം ദർശിച്ച മിന്നൽപ്പെരുക്കങ്ങളേയും
സമഗ്രമായി വിവരിച്ച്

ഒപ്പിട്ടുനിർത്തിയ
സത്യവാങ്മൂലമായിരുന്നു,
ചിലനാൾ മുമ്പുവരെ.

ഒരിക്കലും തുളുമ്പാതെ,
മഴയെ നിരന്തരം ധ്യാനിച്ച്
അത്-
ഭവസാഗരം നീന്തിക്കടന്നു.

ഇപ്പോളതൊക്കെ മാറി.

മഴയിരമ്പത്തിലേക്ക്
മനസ്സുപകർത്തി
മന്ത്രമൂതുകയാണ് പതിവ്.

അനന്തരം
നിലാവിലൊലിച്ചൊലിച്ച്
അത്
കടൽകടന്നുപോകും.

കന്യാകുമാരി

കടലിൽപ്പോയവനെക്കാത്ത്
നീണ്ടുനീണ്ടുപോയ വഴിക്കണ്ണിന്
കര കൊടുത്തയച്ചതാണ്
ഈ മുനമ്പ്.

നിസ്വനായ ഒരു മുക്കുവൻ
തന്റെ ധ്യാനവും

ഒരു കടൽക്കാക്ക
തന്റെയീർപ്പം വിടാത്ത
ചിറകുകളും
തുടർന്നു നൽകി.

നിലാവുകൊടുത്തതോ
ഇച്ഛാനുസാരിയായ ഉടുപുടവ.

പ്രണയദാർഢ്യം കണ്ട്
സവിതാവ് കൊടുത്തതാണ്
ഉദയാസ്തമയങ്ങളുടെ
ഈ കരിമ്പുവില്ല്.