Saturday, July 23, 2022

പാന്ഥർ

പാന്ഥർ ................. (T. K ശശികുമാർ പടവുകൾ കയറി ശ്രാദ്ധസ്ഥലത്തേക്ക് തിരയുന്ന വഴിയിലാണ് അയാൾ നടന്ന് എൻ്റെയൊപ്പമെത്തിയത്. ചിരപരിചിതനെപ്പോലെ ചിരിച്ചു കൊണ്ട് അയാൾ ആരാഞ്ഞു. " ഇവിടെ ബലിയിട്ടാൽ പരേതർക്ക് നിത്യശാന്തി കിട്ടുമെന്ന് കേട്ടിട്ടുള്ളത് ശരിയാണോ?" വിട്ടുപോയവരുടെ ഓർമ്മയിൽ മുങ്ങിയും പൊങ്ങിയും നീങ്ങിക്കൊണ്ടിരുന്ന എനിക്ക് ആ ചോദ്യം അലോസരമായാണ് തോന്നിയത്. ഞാൻ അശ്രദ്ധമായി മൂളി, പിന്നെയും ഒഴുക്കു തുടർന്നു. എന്തായാലും അതിനു ശേഷം അയാൾ സംസാരം തുടർന്നില്ല. പക്ഷെ എൻ്റെയൊപ്പം നടപ്പു തുടർന്നു. അസ്ത്മയുടെ പടർമുല്ലകൾ അയാളുടെ ശ്വാസഗതിയെ തടയുന്നതായി തോന്നിച്ചു . കടവിൽ നിന്ന് അത്ര സുഗമമല്ലാത്ത ഒരിറക്കത്തിലാണ് പുഴയുടെ ഒഴുക്ക്. തലമുറകളുടെ പാപങ്ങൾ കഴുകിക്കളഞ്ഞിട്ടും ജലവിരലുകളുടെ ശുഭ്രസുതാര്യതയ്ക്ക് മങ്ങലില്ല. പവിത്രമോതിരങ്ങൾ ചുറ്റിയ സങ്കടങ്ങൾ ഒരു വേള ജലോപരിതലത്തിൽ വട്ടം ചുറ്റിയിട്ട് അപ്രത്യക്ഷമാകുന്നുണ്ട്. മന്ത്രങ്ങളും, പരിദേവനങ്ങളും കലർന്ന പിറുപിറുക്കുന്ന ഒരു ഭാഷയിലാണ് അവിടത്തെ വ്യവഹാരം നടക്കുന്നത്. തിരക്ക് ഒഴിയുന്ന നേരത്താണ് ഞങ്ങൾ അവിടെ എത്തിച്ചേരുന്നത്. എന്നെപ്പോലെ അയാൾക്കും ധൃതിയൊന്നുമില്ലായിരുന്നെന്ന് തോന്നി. കടവിൽ ആളൊഴിഞ്ഞ മുറയ്ക്ക് കൈസഞ്ചി ചാരു ബഞ്ചിൽ വെച്ചിട്ട് ഞാൻ പുരോഹിതരുടെ അടുത്തേക്ക് നീങ്ങി. അവരോട് ഞാൻ ആവശ്യം പറഞ്ഞു " മാതാപിതാക്കൾക്കാണ് " പുരോഹിതൻ എനിക്കു പറഞ്ഞു തന്നു. മാതാപിതാക്കളാണ് പിതൃലോകത്തേക്കുള്ള വാതായനങ്ങൾ. അവരുടെ തിരോഭാവത്തിന് ശേഷമാണ് അതത് വാതിലുകൾ തുറക്കപ്പെടുന്നത്. പിതൃപുണ്യത്തിന് വേണ്ടിയുള്ള അനുജ്ഞ തേടി ഞാൻ കണ്ണടച്ചു നിന്നു.കർമ്മി പറഞ്ഞു തന്നതൊക്കെ ഒരു പാവയുടെ വിധേയത്വത്തോടെ ശ്രദ്ധിച്ചു ചെയ്തു. നാക്കിലയിൽ ഓരോ ഇടങ്ങളിൽ, നിശ്ചിത അളവിൽ, എണ്ണത്തിൽ, സൂചിയോട്ടത്തിൻ്റെ നിഷ്കർഷയോടെ ഓരോന്ന് അനുഷ്ഠിച്ചു ഇപ്പോൾ, മരിച്ചവർ എൻ്റെ ചാരെ വന്നു നിൽപ്പാണ്. അവരെ ഞാൻ പേടിയില്ലാതെ തൊട്ടു നോക്കി. ശവത്തിൻ്റെ കടുശൈത്യത്തിനു പകരം അവർക്ക് മുപ്പത്തേഴു ഡിഗ്രിയുടെ ശരീരോഷ്മാവ് ! തെളിനീരിൽ ആണ്ടുമുങ്ങുമ്പോൾ അമ്മയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു. മുങ്ങി നിവരുന്നേരം, ഉച്ചിയിൽ ധ്യാനപൂർവ്വം പരതുന്നുണ്ട് രാസ്നാദിനുള്ളിൻ്റെ കാണാവിരലുകൾ. എൻ്റെ തൊണ്ടയിടർച്ചയ്ക്ക് മേലെ നദിയുടെ നൂപുരദ്ധ്വനി.വ്യസനത്തിൻ്റെ നീർച്ചാലുകളെ സമർത്ഥമായി കാമുഫ്ലാഷ് ചെയ്യുന്നുണ്ട് ഈറൻ പകർച്ചയത്രയും! ഇപ്പോൾ കടവ് ഏതാണ്ട് നിർജ്ജനമാണ്. വലിയ മരങ്ങളുടെയും വള്ളിപ്പടർപ്പുകളുടെയും ഇടയിൽ ശരീരശൂന്യരായി ഇരുപ്പുറപ്പിച്ചിരുന്ന ചിലർ അവരവരുടെ പിതൃലോക യാത്ര തുടർന്നു. ഇനിയും സന്ധിക്കും വരേക്കും നമസ്ക്കാരം എന്നു പറഞ്ഞ് ആത്മാക്കളും, അവയുടെ ഭൂമിയിലെ അന്വേഷകരും പരസ്പരം പിരിഞ്ഞു. മനുഷ്യരുടെയും ആത്മാക്കളുടെയും മദ്ധ്യേ കാണാപ്പാലം പണിഞ്ഞു കൊടുത്തിരുന്ന പുരോഹിതരിൽ ഒരാൾ മാത്രം കൃതാർത്ഥതയുടെ പുഞ്ചിരിയോടെ അവിടെ ശേഷിച്ചു. നനഞ്ഞ വസ്ത്രങ്ങൾ മാറി ചാരു ബെഞ്ചിലേക്ക് ചെല്ലുന്നേരം അപരിചിതനായ ആ മനുഷ്യൻ എൻ്റെ കൈസഞ്ചി മാറോടടുക്കിപ്പിടിച്ചിരിപ്പുണ്ട്. "മർക്കട ശല്യം! അവർ രണ്ടു മൂന്നു തവണ ഇതിൻ്റെ ഉള്ളടക്കം പരിശോധിക്കാൻ വന്നു. അതാണ് ഞാൻ കൈയിലെടുത്തു പിടിച്ചത് " എനിക്ക് അയാളോട് കൃതജ്ഞതാ ബോധം തോന്നി. വില പിടിപ്പുള്ള പലതും അതിനുള്ളിലുണ്ട്.പ്രത്യുപകാരമെന്നോണം അയാളുടെ തോൾസഞ്ചി കർമ്മങ്ങൾ തീരുന്നത് വരെ സൂക്ഷിച്ചു കൊള്ളാമെന്ന് ഞാൻ പറഞ്ഞു. അയാൾക്കത് സമ്മതമായിരുന്നു. അന്നത്തെ സമയം തീരാറായെന്ന് കർമ്മി ഓർമ്മിപ്പിച്ചു. എന്നിട്ടും അപരിചിതൻ ധൃതി കാട്ടിയില്ല. അയാൾ മെല്ലെ കടവിലേക്കിറങ്ങി നിന്നു. അയാളും അശരീരികളായ ചിലരുമായി നടന്നേക്കാവുന്ന അർത്ഥസമ്പൂർണമായ നാടകം കാണേണ്ടെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ എതിർദിശയിലേക്ക് കണ്ണോടിച്ചിരുന്നു. പുരോഹിതനോട് അയാൾ പറയുന്നത് എനിക്ക് കേൾക്കാം. "സ്ത്രീയാണ്" തുടർന്ന് അവരുടെ പേര് അയാൾ ഉച്ചരിച്ചു. പുരോഹിതൻ ആരാഞ്ഞു "അമ്മയാണോ?" "അമ്മയല്ല ! " അപരിചിതൻ പ്രതിവചിച്ചു. ഒന്നു നിർത്തിയിട്ട് ദൃഢസ്വരത്തിൽ അയാൾ തുടർന്നു. "ആരുമല്ല !! " പെട്ടെന്ന് എങ്ങാണ്ടു നിന്നോ വന്ന നിശ്ശബ്ദതയിൽ കടവ് കനപ്പെട്ടു നിന്നു. എനിയ്ക്കങ്ങോട്ട് നോക്കാതിരിക്കാനായില്ല. ഏതോ ഒരാത്മാവിൻ്റെ പൈദാഹം അകറ്റാൻ ഓരോന്ന് ചമച്ചു കൊണ്ടിരുന്ന കർമ്മി അപരിചിതൻ്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കിയിരുന്നു. അനന്തരം ശ്രാദ്ധത്തിലെ വാതായനങ്ങളുടെ കണക്കുകൾ അയാളോടും പറഞ്ഞു. എന്നിട്ട് ചോദ്യം ആവർത്തിച്ചു. "എന്താണ് അവർക്ക് താങ്കളുമായുള്ള ബന്ധം?" അപരിചിതൻ മറുപടി പറഞ്ഞു " സുന്ദരവും അനിർവചനീയവുമായ ഒന്ന്! രക്തബന്ധത്തിൻ്റെ കെട്ടുപിണച്ചിലിൽ ഒരിടത്തും അവളെ കണ്ടെത്താൻ കഴിയില്ല !" കർമ്മി നിസ്സഹായതയോടെ അയാളെ കേട്ടുകൊണ്ടിരുന്നു. അയാൾ കർമ്മിയോട് ചോദിച്ചു " ഇവിടെ ബലിയിട്ടാൽ ആത്മാവിന് നിത്യത കിട്ടുമെന്ന് കേട്ടിട്ടുണ്ട്, നേരാണോ? " "നേരാണ്! പണ്ട് അമൃതകുംഭവുമായി വൈനതേയൻ പറന്നു പോകുമ്പോൾ അമൃതിൻ്റെ ബിന്ദുക്കൾ ഇവിടെ വീണിട്ടുണ്ട് " അമൃതെന്ന വാക്കുകേട്ട മാത്രയിൽ അയാളുടെ മുഖം തിളങ്ങി. അയാൾ മെല്ലെ എഴുന്നേറ്റു. പുരോഹിതൻ പറഞ്ഞു, " ഉള്ളു നൊന്തു പ്രാർത്ഥിക്കൂ. ഫലമുണ്ടാകാതിരിക്കില്ല." തുടർന്ന് തൻ്റെ ഭാണ്ഡം മുറുക്കി അയാൾ യാത്ര പറഞ്ഞു പോയി. അപരിചിതൻ എന്നോട് ചോദിച്ചു " ഒരഞ്ചു മിനിട്ട് എനിയ്ക്ക് തരാമോ " ഞാൻ പറഞ്ഞു. "തീർച്ചയായും! എനിക്ക് ധൃതിയൊന്നുമില്ല" അയാൾ സഞ്ചി തുറന്ന് അതിൽ നിന്ന് ഒരു പൊതിയെടുത്തു. "യാത്രക്കിടയിൽ ഭക്ഷിക്കാൻ കരുതിയതാണ് " അയാളതു തുറന്നു. ആരോ റൂട്ടിൻ്റെ നിറഞ്ഞ ബിസ്ക്കറ്റ് കൂടും അര ഡസൻ പഴവുമാണ്. രണ്ടു ബിസ്ക്കറ്റും ഒരു പഴവും എടുത്ത് അയാളെനിക്കു നീട്ടി. അനന്തരം കർമ്മി ഉപേക്ഷിച്ചു പോയ നാക്കിലയിൽ അയാൾ രണ്ടു ബിസ്ക്കററും ഒരു പഴവും വെച്ചു. കാര്യം തിരക്കി വന്ന വാനര സംഘത്തിനും ചിലതൊക്കെ കൊടുത്തു. ഏതോ ഒരോർമ്മയിൽ അയാളൊന്നു കൂമ്പി വിടർന്നു. എന്നിട്ട് ഒരു ബിസ്ക്കറ്റെടുത്ത് കടിച്ചു. ഒപ്പം ഞാനും! സഹഭോജനത്തിൻ്റെ നിർവൃതിയിൽ ഞങ്ങളൊന്നായി നിറഞ്ഞു. അയാളുടെ ശ്വാസധാരയുടെ വഴിമുട്ടൽ എത്ര നിയന്ത്രിച്ചിട്ടും പുറത്തു കേൾക്കാമായിരുന്നു. എന്നിട്ടും പാപനാശിനിയുടെ അടിത്തട്ടിലേക്ക് അനേകം തവണ അയാൾ മുങ്ങി നിവർന്നു നിന്നു. ഖേദങ്ങളുടെ ശുദ്ധീകരണ പ്രക്രിയയിൽ അയാൾക്ക് വല്ലാതെ നൊന്തെന്നു തോന്നി.മുറുക്കിക്കെട്ടിയ തന്ത്രിവാദ്യത്തിൽ നിന്ന് വീണ വിലാപശ്രുതി മെല്ലെ മെല്ലെ ഒതുങ്ങി. അയാൾ സംതൃപ്തിയുടെ നിറവോടെ കരയിലേക്ക് നടന്നു.പിന്നെ ബാഗിൽ കരുതിയിരുന്ന പുതുവസ്ത്രങ്ങൾ ധരിച്ച് ഒന്നും മിണ്ടാതെ മുന്നോട്ടു നീങ്ങി. കൂടെ ഞാനും. പടവുകളിറങ്ങവേ,സന്ദേഹത്തിൻ്റെ കടുംകെട്ടഴിക്കാൻ ഞാനയാളോട് ചോദിച്ചു. "അതൊരു പ്രണയിനിയായിരുന്നോ ?" അയാൾ ആ ചോദ്യം കേട്ടതായി ഭാവിച്ചില്ല. പടവുകളിറങ്ങി, പാന്ഥർ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി വിയോഗം വരുമ്പോലെ, ഞങ്ങൾ അവരവരുടെ വഴിയ്ക്ക് പിരിഞ്ഞു പോയി !! 17.07.2022)

2 comments:

സുധി അറയ്ക്കൽ said...
This comment has been removed by the author.
സുധി അറയ്ക്കൽ said...

ഖണ്ഡിക തിരിച്ച് എഴുതുകയായിരുന്നെങ്കിൽ നന്നായേനെ.....